Advertisement

സോണിയയ്‌ക്കെതിരെ തെളിവ് നല്‍കിയാല്‍ കടല്‍ക്കൊലക്കേസിലെ പ്രതികളെ വിട്ടയക്കാമെന്ന് പ്രധാനമന്ത്രി

February 2, 2016
Google News 0 minutes Read

സോണിയയ്‌ക്കെതിരെ തെളിവ് നല്‍കിയാല്‍ കടല്‍ക്കൊലക്കേസിലെ പ്രതികളെ വിട്ടയക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇറ്റാലിയന്‍ പ്രധാനമന്ത്രിയോട് പറഞ്ഞതായി വെളിപ്പെടുത്തല്‍. ബ്രിട്ടീഷ് ആയുധ ഏജന്റായ ക്രിസ്റ്റിയന്‍ മിഷേല്‍ കടല്‍ക്കൊലക്കേസ് പരിഗണിക്കുന്ന അന്താരാഷ്ട്ര കോടതിയ്ക്ക് എഴുതിയ കത്തിലാണ് മോഡിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഡിസംബര്‍ 23നാണ് അഭിഭാഷകന്‍ മുഖേനെ കടല്‍ക്കൊലക്കേസ് പരിഗണിക്കുന്ന ഹാംബര്‍ഗിലെ അന്താരാഷ്ട്ര ട്രിബ്യൂണലിനും ഹേഗിലെ പെര്‍മെനന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷനും ക്രിസ്റ്റിയന്‍ മിഷേല്‍ കത്ത് നല്‍കിയത്.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിക്കിടെ ന്യൂയോര്‍ക്കില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റെവോ റെന്‍സിയുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ച്ചയിലാണ് മോഡി, സോണിയയ്‌ക്കെതിരായ തെളിവ് നല്‍കിയാല്‍ പകരമായി ഇറ്റാലിയന്‍ നാവികരെ മോചിപ്പിക്കാമെന്ന് ഉറപ്പുനല്‍കിയത്.

യുപിഎ ഭരണകാലത്തെ വിവാദ ആയുധ ഇടപാടുകളായ ഫിന്‍മെക്കാനിക്ക, അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് എന്നിവയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കോ കുടുംബത്തിനോ എതിരായ തെളിവുകള്‍ ഇറ്റലി കൈമാറിയാല്‍ പകരം നാവികരെ മോചിപ്പിച്ച് നല്‍കാമെന്ന് മോഡി വാഗ്ദാനം ചെയ്തതായി കത്തില്‍ ക്രിസ്റ്റിയന്‍ മിഷേല്‍ പറയുന്നു. ഫിന്‍മെക്കാനിക്കയിലെ മൂന്ന് ഉന്നത വൃത്തങ്ങളില്‍ നിന്നാണ് ഇക്കാര്യമറിഞ്ഞതെന്നും അന്താരാഷ്ട്ര കോടതിക്ക് മുന്നില്‍ രഹസ്യമായി ഉറവിടം വെളിപ്പെടുത്താമെന്നും കത്തില്‍ പറയുന്നു.

നാവികരുടെ മോചനത്തിന് ഇറ്റലിയും ഇന്ത്യയും തമ്മില്‍ രഹസ്യ ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് മിഷേലിന്റെ വെളിപ്പെടുത്തല്‍. സോണിയാ ഗാന്ധിയുമായോ കുടുംബവുമായോ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും മിഷേല്‍ വ്യക്തമാക്കി. ദുബായില്‍ വെച്ച് കൊല്‍ക്കത്തയിലെ ദി ടെലഗ്രാഫ് പത്രത്തിനോടാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി മോഡി രഹസ്യ കൂടിക്കാഴ്ച്ച നടത്തിയതിനെ കുറിച്ച് പ്രതികരിക്കാന്‍ ഇന്ത്യയും ഇറ്റലിയും തയ്യാറായിട്ടില്ല. എന്നാല്‍ കൂടിക്കാഴ്ച്ച നടന്നുവെന്ന വാദം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം നിഷേധിച്ചിട്ടില്ല.

കൊല്ലം തീരത്തിനടുത്ത് ഇന്ത്യന്‍ സമുദ്രാദിര്‍ത്തിയില്‍വെച്ച് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ കപ്പലായ എന്റിക ലക്‌സിയിലെ നാവികര്‍ വെടിവെച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. തുടര്‍ന്ന് രണ്ട് നാവികരെ കേരളാ പൊലീസ് അറസ്റ്റ് ചെയ്തതും വിചാരണയും ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിച്ചിരുന്നു. ഇതില്‍ ഒരാള്‍ ഇപ്പോള്‍ ഇറ്റലിയിലാണ്. കേസില്‍ വിചാരണ നടപടികള്‍ കടല്‍ നിയമം കൈകാര്യം ചെയ്യുന്ന അന്താരാഷ്ട്ര ട്രിബ്യൂണല്‍ സ്റ്റേ ചെയ്തിരുന്നു.

രാഷ്ട്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് സഞ്ചരിക്കാവുന്ന അത്യാധുനിക ഹെലികോപ്റ്ററുകള്‍ക്കായി ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍മെക്കാനിക്കയുമായി നടത്തിയ 3600 കോടിയുടെ ഇടപാടണ് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട്. യുപിഎ സര്‍ക്കാര്‍ ആണ് 2010ല്‍ ഈ ഇടപാട് നടത്തിയത്. എന്നാല്‍ ഇന്ത്യയില്‍ നിന്നും കരാര്‍ നേടാന്‍ ഫിന്‍മെക്കാനിക്ക, മുന്‍ എയര്‍ഫോഴ്‌സ് മേധാവി എസ്പി ത്യാഗി അടക്കമുള്ളവര്‍ക്ക് കൈക്കൂലി നല്‍കിയെന്ന് ഇറ്റാലിയന്‍ പ്രോസിക്യൂഷന്‍ കണ്ടെത്തിയിരുന്നു. ബ്രിട്ടീഷ് ആയുധ ഏജന്റായ ക്രിസ്റ്റ്യന്‍ മിഷേലും റാല്‍ഫ് ഹാസ്‌കെയുമാണ് ഇടനിലക്കാരായി പ്രവര്‍ത്തിച്ചതെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇറ്റാലിയന്‍ കോടതി ഇവരെ വെറുതെ വിട്ടു. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാട് കേസില്‍ ഇന്ത്യ അന്വേഷിക്കുന്ന പ്രതികളിലൊരാളാണ് ക്രിസ്റ്റ്യന്‍ മിഷേല്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here