Advertisement

ആറ്റിങ്ങൽ ഇരട്ടക്കൊല; പ്രചോദനം ഹോളിവുഡ് ത്രില്ലറുകൾ.

April 15, 2016
Google News 0 minutes Read

ഹോളിവുഡ് ത്രില്ലർ സിനിമ പോലൊരു കൊലപാതകം. പ്ലാനിങിന്റെ അപാകതമൂലം മാത്രം പൊതു സമൂഹം അറിയുന്നു. ഇതാണ് ആറ്റിങ്ങൽ ഇരട്ടക്കൊല. ഭർത്താവിനെയും കുഞ്ഞിനേയും ഭർതൃമാതാവിനേയും കൊന്ന് ഒരുമിച്ച് ജീവിക്കാനുള്ള ടെക്‌നോപാർക്ക് യുവതിയുടെയും കാമുകന്റെയും ശ്രമങ്ങൾക്കപ്പുറം കുടുംബ ബന്ധങ്ങളിലെ വിള്ളലുകളും ടെക്കി ജീവിതവും ഈ കൊലപാതകം സമൂഹത്തിൽ ചർച്ചയ്ക്കിടയാക്കി.

ഹോളിവുഡ് ത്രില്ലറുകളെ ഇഷ്ടപ്പെട്ടിരുന്ന കാമുകൻ നിനോ മാത്യു കാമുകിയായ അനുശാന്തിയുടെ ഭർത്താവിനേയും കുടംബത്തേയും കൊല്ലാൻ ശ്രമിക്കുന്നതും ഇത്തരത്തിലായിരുന്നു. എന്നാൽ ഭർത്താവ് രക്ഷപ്പെടുകയും ഭർതൃമാതാവും മൂന്ന് വയസ്സുള്ള കുഞ്ഞും കൊലചെയ്യപ്പെടുകയും ചെയ്തു. കൊലപാതകത്തിനായി നിനോ മാസങ്ങൾക്ക് മുമ്പേ പ്ലാനിങ് നടത്തിയിരുന്നതായാണ് തെളിവുകൾ.

കൊല ചെയ്യാനുപയോഗിച്ച ബേസ്‌ബോൾ ബാറ്റ് ആഴ്ചകൾക്ക് മുമ്പേ വാങ്ങി സൂക്ഷിച്ചിരുന്നു. ബാഗിൽ സൂക്ഷിക്കാനായി ബാറ്റ് മുറിച്ച് ചെറുതാക്കി. ഹോളിവുഡ് ത്രില്ലറുകളിൽ നിന്ന് തന്നെയാണ് നിനോയ്ക്ക് ബേസ്‌ബോൾ ബാറ്റ് ഒരു നല്ല ആയുധമാണെന്ന തിരിച്ചറുവുണ്ടാകുന്നത്. വിരലടയാളം പതിയാതിരിക്കാൻ ഗ്ലൗസ് നേരത്തേ വാങ്ങിവെച്ചിരുന്നു. പോലീസ് നായയ്ക്ക് ഗന്ധം ലഭിക്കാതിരിക്കാൻ മുളക് പൊടിയും കരുതി. വീട് കയറിയുള്ള ആക്രമണമാണ് പദ്ധതി ഇട്ടിരുന്നത് എന്നതിനാലും വസ്ത്രത്തിൽ രക്തം വീഴാൻ സാധ്യത ഉള്ളതിനാലും കൊലപാതകം നടത്തിയതിന് ശേഷം ധരിക്കാനുള്ള വസ്ത്രം കൂടി കരുതിയിരുന്നു. പുതിയ ചെരുപ്പും നിനോ വാങ്ങിയിരുന്നു.

attingal-3കൊലപാതകത്തിന് ശേഷം രക്ഷപ്പെടാനുള്ള വഴികൾ വാട്‌സ് ആപ് വഴി അനുശാന്തി അയച്ചുകൊടുത്തിരുന്നു. എന്നാൽ ഭർത്താവ് ലിജീഷിനെ കൊലചെയ്യാൻ കഴിയാതിരുന്നതാണ് ഇരുവരും പെട്ടന്ന് പിടിക്കപ്പെടാൻ ഇടയാക്കിയത്. വെട്ടേറ്റ ലിജീഷ് പുറത്തേക്കിറങ്ങി ആളുകളെ കൂട്ടിയതോടെയാണ് ഇരട്ട കൊലപാതകവും ഒരു കൊലപാതക ശ്രമവും സമൂഹം പെട്ടന്ന് അറിയുന്നത്.

ആറ്റിങ്ങലിൽ സംഭവിച്ചത്.

ടെക്‌നോ പാർക്കിൽ ജോലിക്കാരായിരുന്ന അനുശാന്തിയും നിനോ മാത്യുവും തമ്മിലുണ്ടായിരുന്ന ബന്ധമാണ് നാടിനെ നടുക്കിയ ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത്. 2014 ഏപ്രിൽ 16 ന് ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു സംഭവം. മൂന്നര വയസ്സുകാരി മകൾ സ്വസ്തികയേയും ഭർതൃമാതാവ് ഓമനയേയും തലക്കടിച്ചും വെട്ടിയും മൃഗീയമായാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ പരിക്കേറ്റ ഭർത്താവ് ലിജീഷ് രക്ഷപ്പെട്ടു. കൊലപാതകം മോഷണ ശ്രമമാണെന്ന് വരുത്തിത്തീർക്കാൻ ഇവരുടെ ശരീരത്തിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിക്കുകയും ചെയ്തിരുന്നു പ്രതി.

സംഭവ ദിവസം വെട്ടുകത്തി, പ്രത്യേകം തയാറാക്കിയ കനമുള്ള ബേസ്ബാൾ ബാറ്റ്, മുളകുപൊടി, കൈയുറ എന്നിവയുമായി ഉച്ചയ്ക്ക് 12.15 ഓടെ നിനോ അനുശാന്തിയുടെ വീട്ടിലത്തെി. നിനോയ്ക്ക് വാതിൽ തുറന്ന് നൽകിയത് ഭർതൃമാതാവ് ഓമനയാണ്. കതക് തുറന്നുവന്ന ഓമനയോട് മകൻ ലിജീഷിനെ ഫോണിൽ വിളിച്ച് വരുത്താൻ സുഹൃത്തെന്ന വ്യാജേനെ നിനോ തന്ത്ര പൂർവ്വം ആവശ്യപ്പെട്ടു. ലിജീഷിനെ കാത്തിരുന്ന നിനോ തുടർന്ന് അടുക്കളയിൽ വെച്ച് ബാഗിൽ കരുതിയിരുന്ന ബേസ്ബാൾ ബാറ്റ് ഉപയോഗിച്ച് ഓമനയെ തലക്കടിച്ച് വീഴ്ത്തി. തലക്കടിയേറ്റ് വീണ ഓമനയെ കഴുത്ത് വെട്ടിമുറിച്ചാണ് കൊലപ്പെടുത്തിയത്. അമ്മമ്മയുടെ നിലവിളികേട്ട് ഓടിയത്തെിയ അനുശാന്തിയുടെ മൂന്നര വയസ്സുള്ള മകൾ സ്വാസ്തികയെ തലക്കടിച്ചും വെട്ടിയും നിനോ കൊന്നു. ഇരുവരും മരിക്കുന്നത് കണ്ടുകൊണ്ടിരുന്ന നിനോ, അനുശാന്തിയുടെ ഭർത്താവ് ലീജീഷ് വീട്ടിലെത്തുന്നത് വരെ അവിടെ തന്നെ തുടർന്നു.

attingal-2മരിക്കുന്നതിന് മുമ്പ് ഓമന വിളിക്കുന്നതനുസരിച്ച് അരമണിക്കൂറിന് ശേഷമാണ് ലിജീഷ് വീട്ടിലെത്തുന്നത്. വീട്ടിലത്തെിയ ലിജീഷ് വാതിൽ തുറന്ന് അകത്ത് കയറാൻ ശ്രമിക്കവേ വാതിലിന് പുറകിൽ മറഞ്ഞു നിന്ന നിനോ അയാളുടെ മുഖത്തേക്ക് മുളക് പൊടി എറിഞ്ഞു. എന്നാൽ നിനോയുടെ ശ്രമം ലക്ഷ്യം കണ്ടില്ല.

ലിജേഷ് തന്നെ തിരിച്ചറിഞ്ഞെന്ന് മനസിലാക്കിയ നിനോ വെട്ടുകത്തികൊണ്ട് അയാളുടെ തലയിൽ ആഞ്ഞുവെട്ടി. വെട്ടിന്റെ ആഘാതത്തിൽ ലിജീഷിന്റെ ഇടത് ചെവി അറ്റുവീണു. ആഴത്തിൽ വെട്ടേറ്റ ലിജീഷ് രക്ഷപ്പെടാൻ വീട്ടിൽ നിന്ന് ഇറങ്ങിയോടി. മുൻവശത്തെ വാതിലിലൂടെ ഇറങ്ങി ഓടിയ ഇയാൾ നാട്ടുകാരെ വിളിച്ചുകൂട്ടി. ഇതോടെ ലിജീഷിനെ വകവരുത്താനാകാതെ നിനോ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ഫോട്ടോയിലൂടെയും വിഡിയോയിലൂടെയും അനുശാന്തി നൽകിയ വിവരങ്ങൾ പ്രകാരം വീട്ടിൽ നിന്ന് രക്ഷപ്പെടാനുള്ള വഴികൾ മനസിലാക്കിയ നിനോ പിറകുവശത്തെ വഴിയിലൂടെയാണ് രക്ഷപ്പെട്ടത്.

എന്നാൽ ഇത്രയേറെ കരുതലുകൾ ഉണ്ടായിട്ടും മാസങ്ങൾ നീണ്ട പ്ലാനിങ്ങുകൾ നടത്തിയിട്ടും അന്നുതന്നെ നിനോയും കൊലപാതകത്തിന് മൗനസമ്മതം നൽകിയ അനുശാന്തിയും പോലീസ് പിടിയിലായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here