Advertisement

യുഡിഎഫിന് ഉന്നയിക്കാനുള്ളത് അടിത്തറയില്ലാത്ത ആരോപണങ്ങൾ; മുകേഷ്

May 7, 2016
Google News 0 minutes Read

മുകേഷ് എന്ന സ്ഥാനാർത്ഥിയെ കാണുമ്പോഴുള്ള ജനങ്ങളുടെ പ്രധാന ആവശ്യങ്ങൾ ?

അവർക്ക് ആവശ്യങ്ങൾ ഒരുപാടുണ്ട്. ആദ്യത്തെ ഒന്ന് രണ്ട് ദിവസം ഒരു സിനിമാ നടനായാണ് ആളുകൾ കണ്ടിരുന്നത്. അതുകൊണ്ടുതന്നെ ഒരകലം പാലിച്ചിരുന്നു. എന്നാൽ പിന്നീട് ഒരു മൂന്നാം ദിവസം മുതൽ ഇടതുപക്ഷ സ്ഥാനാർത്ഥി എന്ന നിലയിലും കൊല്ലംകാരനെന്ന നിലയിലും അത്രമാത്രം അടുത്തു കഴിഞ്ഞു. ഇപ്പോൾ പരാതിയാണ് അവരുടെ ആവശ്യങ്ങളും പരാതികളും കേൾക്കണം എന്ന്. ഞാൻ അവരെ ഓർമ്മിപ്പിക്കാറുണ്ട്, ഞാൻ ഒരു സ്ഥാനാർത്ഥിയാണ്. അല്ലാതെ ജയിച്ച് എംഎൽഎ ആയിട്ടില്ലെന്ന്.

ഒരു എംഎൽഎയോടോ മന്ത്രിയോടൊ പറയുന്നത് പോലെയാണ് അവർ എന്നോട് അവരുടെ പരാതികൾ പറയുന്നത്. എനിക്ക് അതിനുള്ള അവകാശമില്ല. അപ്പോൾ അവർ പറയുന്നത് ഞാൻ വിചാരിച്ചാൽ നടക്കും എന്നാണ്. അത് ഞാൻ സിനിമാ നടൻ ആയതുകൊണ്ടൊന്നും അല്ല. അത്രമാത്രം അവർ പൊറുതി മുട്ടിയിരിക്കുന്നു. അവരുടെ ആവശ്യമാണത്. അത് അവർക്ക് വിശ്വാസമുള്ള ആളുമായി പങ്കുവെക്കുന്നു. രാഷ്ട്രീയം മറന്ന് എല്ലാ രാഷ്ട്രീയക്കാരും എല്ലാ ജാതി മതസ്ഥരും ഒന്നിക്കുന്നു. രാഷ്ട്രീയക്കാരെന്നാൽ സജീവ രാഷ്ട്രീയമുള്ളവരല്ല. നിക്ഷ്പക്ഷ മതികളായ രാഷ്ട്രീയക്കാർ. കൊല്ലത്തുടനീളം അവർ വളരെ ആവേശകരമായ സ്വീകരണമാണ് നൽകികൊണ്ടിരിക്കുന്നത്.

രണ്ട് സ്ഥാനാർത്ഥികളും പിതാവിന്റെ പാരമ്പര്യം അവകാശപ്പെടാവുന്ന വരാണ്. ഇത് തെരഞ്ഞെടുപ്പിൽ സഹായകമാകുമെന്ന് കരുതുന്നുണ്ടോ ?

വലിയ ശതമാനമില്ലെങ്കിലും അങ്ങനെ വിലയിരുത്തുന്ന ആളുകളും കാണും.

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞപ്പോൾ പത്രങ്ങളിലൊക്കെ വന്നു താരങ്ങളെ കെട്ടിയിറക്കുന്നു എന്ന്. എന്നാൽ പ്രചാരണത്തിന് ഇറങ്ങിയതോടെ അവർക്ക് മനസിലായി ഇത് കയറിൽ കെട്ടിയിറക്കിയതല്ല. താഴേ തട്ടിൽ നിന്ന് നടനായി കയറി പോയതാണെന്ന്.

എന്റെ അമ്മൂമ്മ കശുവണ്ടി തൊഴിലാളി ആയിരുന്നു. ആ കശുവണ്ടി തൊഴിലാളിയുടെ കൂലികൊണ്ടാണ് അമ്മയേയും കുഞ്ഞമ്മയേയും വളർത്തിയത്. പിന്നെ കമ്മ്യൂണിസ്റ്റുകാരനായ അച്ഛൻ വന്നതോടെ തൊഴിലാളി കുടുംബം കുറച്ചുകൂടി ദൃഢമായ കമ്മ്യൂണിസ്റ്റ് കുടുംബമായി. അച്ഛൻ 17 വർഷം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. രാത്രി മുഴുവൻ കലാ പ്രകടനങ്ങളും നാടകാഭിനയവും പകൽ രാഷ്ട്രീയ പ്രവർത്തനവും പ്രസിഡന്റ് പദവിയും ഒരേ സമയം കൊണ്ടുപോയി. വേറെ ഒരു നാടാണെങ്കിൽ ഇതിനൊക്കെ സമയം എടുക്കും കൊല്ലം ആയതുകൊണ്ട് അവർ അതെല്ലാം പെട്ടന്ന് ഓർക്കുന്നു. നാടകത്തിലോ ടിവിയിലോ സജീവമായി പ്രവർത്തിക്കുന്ന തരത്തിലേക്ക് ഉയരണമെങ്കിൽ വലിയ പശ്ചാത്തലത്തിന്റെയോ പിൻബലത്തിന്റെയോ ആവശ്യമില്ലെന്ന മെസ്സേജ് ആണ് അവർക്ക് നൽകുന്നത്. ഇത് ഞാൻ പറയുന്നതല്ല. കൂടെ ഉള്ള സഖാക്കൾ പറയുന്നതാണ്. അതോടെ ആ സംശയം മാറി.

വിജയ പ്രതീക്ഷയുടെ അടിസ്ഥാനം എന്താണ് അത് രാഷ്ട്രീയമോ പ്രാദേശികമോ ?

ഇടതുപക്ഷത്തിന്റെ ഒരു വലിയ വേവ് ഉണ്ട്. വ്യക്തമായ ഒരു ആരോപണം പോലും ഇടതുപക്ഷത്തിനെതിരെ കൊണ്ടുവരാൻ യുഡിഎഫിന് ആകുന്നില്ല. എന്നാൽ യുഡിഎഫിനെതിരെ ഉന്നയിക്കാൻ ആരോപണങ്ങളുടെ ഒരു ശൃംഖലതന്നെ ഉണ്ട്. ഓരോ ദിവസവും ഓരോ ആരോപണം എടുത്ത് ചർച്ച ചെയ്യാൻ യുഡിഎഫ് തന്നെ വഴി ഒരുക്കിയിട്ടുണ്ട്. അവസാനം വന്ന ആരോപണം എന്നുള്ളത് സഖാവ് വിഎസ് അച്യുതാനന്തൻ ജനങ്ങളുടെ മുന്നിൽ തേജോവധം ചെയ്യാൻ ഒരുപാട് അഴിമതി ആരോപണങ്ങൾ ഉമ്മൻചാണ്ടിക്കെതിരെ വലിച്ചിഴക്കുന്നു എന്നാതാണ്. അതുതന്നെ ഇങ്ങനെയുള്ള കാര്യങ്ങൾ കോടതിയിലേക്ക് വലിച്ചിഴക്കേണ്ട എന്ന കോടതി പരാമർശത്തോടെ അവസാനിച്ചു. ആരോപണങ്ങൾക്കെല്ലാം അടിത്തറയില്ലാതെ പോയി. അതുകൊണ്ടുതന്നെ യുഡിഎഫിന് മുകളിലാണ് എന്തുകൊണ്ടും എൽഡിഎഫ്.

കൊല്ലത്തെ സംബന്ധിച്ചിടത്തോളം കശുവണ്ടി തൊഴിലാളികളെ, തൊഴിലാളികൾ എന്നുപറയാൻ പറ്റില്ല. കാരണം അവർക്ക് തൊഴിലില്ല. തൊഴിലുള്ളവരെ അല്ലേ തൊഴിലാളികൾ എന്ന് പറയാൻ പറ്റൂ… 15 മാസമായി അവർ പട്ടിണിയിലാണ്. ഒരു മാസം പോലും വേതനം കിട്ടാതെ കൊടും പട്ടിണിയിൽ.

മത്സ്യ ബന്ധനം, തൊഴിലുറപ്പ് പദ്ധതി, കുടിവെള്ളം ഏത് മേഖല എടുത്താലും എല്ലാവരും ബുദ്ധിമുട്ടിലാണ്. വരൾച്ച ആണെങ്കിൽ ആ തരത്തിലുള്ള പ്രശ്‌നങ്ങൾ. മഴ പെയ്യണേ എന്ന് ആഗ്രഹിക്കാൻ വയ്യ. രണ്ട് ദിവസം മഴ പെയ്താൽ വീട് വെള്ളത്തിനടിയിലാകുമെന്ന സങ്കടം.

ഞാൻ മനസിലാക്കുന്നത് കൊല്ലം ഒരു എൽഡിഎഫ് ചായ്‌വുള്ള ജില്ലയാണ്. അതുകൊണ്ടുതന്നെ യുഡിഎഫ് ഭരിച്ചപ്പോൾ വേണ്ട ശ്രദ്ധ നൽകിയില്ല എന്ന് തോന്നും ഇവരുടെ പരാതികൾ കേൾക്കുമ്പോൾ.

പ്രദേശത്ത് ആർ.എസ്.പി. വിട്ടുപോയതിന്റെ കേട് തീർക്കാൻ കഴിഞ്ഞിട്ടുണ്ടോ ?

ആർ.എസ്.പി. വിട്ടു പോയതിന്റെ കേട് എന്നൊക്കെ ചിന്തിച്ചേക്കാം. പക്ഷേ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പോടെ അത് നാമാവശേഷമായി നിൽക്കുകയാണ്. അങ്ങനെ എന്തെങ്കിലും തരത്തിലുള്ള ഭീഷണിയോ കേടോ ഉള്ളതായി തോന്നുന്നില്ല. ചിലപ്പോൾ ഉണ്ടാകുമായിരിക്കും അത് തെളിയേണ്ട കാര്യമാണ്. ഇപ്പോൾ അതിനെ പറ്റി ചിന്തിക്കേണ്ട ആവശ്യമില്ല.

ജനപ്രതിനിധി ആയാൽ കലാകാരൻ എന്ന നിലയിൽ കലാകാരൻമാരെ
പ്രതിനിധീകരിക്കുന്നത് എങ്ങനെ ആയിരിക്കും ?

എനിക്ക് എപ്പോഴും ഒരു ജനപ്രതിനിധി ആയി വരുമ്പോൾ മറ്റെല്ലാം പോലെ തന്നെ അല്ലെങ്കിൽ അതിനപ്പുറം കലാകാരൻമാരോട് താൽപര്യമുണ്ട്. കൊല്ലം കലാകാരൻമാരുടെ ഈറ്റില്ലമായിരുന്നു. നൂറിലേറെ വിജയകരമായി പ്രവർത്തിച്ചിരുന്ന നാടക ട്രൂപ്പുകൾ, കഥാപ്രസംഗം, ബാലെകൾ എല്ലാം ഉണ്ടായിരുന്നു. കൊല്ലത്ത് അൻസാർ ലോഡ്ജ് ഉണ്ടായിരുന്നു. ഒരു ബുക്കിങ് സെന്റർ. കേരളത്തിലെ എല്ലാ വരും കൊല്ലത്താണ് വന്നിരുന്നത്. അതിന്റെ റൂട്ട്‌സിൽ പിടിക്കണം. എന്ത് സംഭവിച്ചെന്നറിയണം.

സംഗീത നാടക അക്കാദമി ചെയർമാനായിരുന്നപ്പോൾ നാടക വേദികൾ ഉണ്ടാക്കി. ജന പങ്കാളിത്തം വളരെ കുറഞ്ഞു തുടങ്ങിയിരിക്കുകയാണ്. പണ്ട് നമുക്ക് ഉത്സവ പറമ്പുകളും പള്ളി പറമ്പുകളും ഉണ്ടായിരുന്നു. അവിടെ ജന പങ്കാളിത്തം ഉണ്ടായിരുന്നു. അത് തിരിച്ച് ലഭിക്കണം അതിന് ലോകത്തുള്ള പല കലകളും നമ്മൾ അറിയണം. കലാകാരൻമാരുടെ കലാ പ്രകടനങ്ങളും നമ്മൾ കാണണം. അതിനൊരു വലിയ വേദി ഉണ്ടാക്കുക എന്നതാണ് എന്റെ സ്വപ്നം. അതിന് വേണ്ടി ഒരു ജനപ്രതിനിധി അല്ലെങ്കിലും ഞാൻ ശ്രമിക്കുകയും അത്‌ പ്രാവർത്തികമാക്കുകയും ചെയ്യും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here