നീറ്റായി നീറ്റ്

മെഡിക്കൽ ഡെന്റൽ പ്രവേശനത്തിന് നീറ്റ് മാത്രമേ പരിഗണിക്കാവൂ എന്ന് സുപ്രീം കോടതി. സംസ്ഥാനങ്ങളോ മറ്റ് സ്ഥാപനങ്ങളോ നടത്തുന്ന പരീക്ഷകൾക്ക് സാധുത ഇല്ലെന്നും കോടതി വ്യക്തമാക്കി. ഈ വർഷത്തേക്കെങ്കിലും സംസ്ഥാനങ്ങളുടെ പരീക്ഷകൾ നടത്തണമെന്ന ആവശ്യവും ജസ്റ്റിസ് ആർ ദവെ അധ്യക്ഷനായ ബഞ്ച് തള്ളി.
ഇതോടെ ഇനിമുതൽ മെഡിക്കൽ-ഡെന്റൽ പ്രവേശനത്തിന് നീറ്റ് മാത്രമാണ് മാനദണ്ഡം.
നീറ്റ് സംബന്ധിച്ച് രണ്ട് കാര്യങ്ങളിൽ മാത്രം ഇളവ് നൽകാൻ കോടതി തയ്യാറായി. മെയ് ഒന്നിലെ ആദ്യ ഘട്ടം എഴുതിയവർക്ക് അതിന്റെ ഫലം ഉപേക്ഷിക്കാൻ തയ്യാറാണെങ്കിൽ രണ്ടാം ഘട്ടത്തിൽ പങ്കെടുക്കാമെന്നതാണ് ഒന്ന്. രണ്ടാമതായി ജൂലായ് 24 ന് നടത്താൻ തീരുമാനിച്ചിരുന്ന നീറ്റിന്റെ രണ്ടാം ഘട്ടം വേണമെങ്കിൽ വേറെ തീയ്യതിയിൽ സർക്കാറിന് നടത്താം.
ഇതോടെ ഒന്നാം ഘട്ടം എഴുതിയവരെ രണ്ടാം ഘട്ടത്തിൽ പങ്കെടുപ്പിക്കില്ലെന്ന ആശങ്കയ്ക്ക് അറുതിയായി. ന്യൂനപക്ഷങ്ങളുടെ അവകാശത്തേയും നീറ്റ് ബാധിക്കില്ല. പ്രവേശനത്തിന് യോഗ്യത നിശ്ചയിക്കാനുള്ള പരീക്ഷ മാത്രമാണ് നീറ്റ്.

NO COMMENTS

LEAVE A REPLY