Advertisement

ഇത്തവണത്തെ അസംബ്ലി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ പേരിന് പ്രസക്തി ഇല്ല : ശോഭാ സുരേന്ദ്രന്‍.

May 11, 2016
Google News 1 minute Read

ബി ജെ പിയുടെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. വിജയപ്രതീക്ഷ എത്രത്തോളമാണ്?
വിജയിച്ച് കഴിഞ്ഞ മട്ടില്‍ തന്നെയാണ് ഞങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്നത്. കാരണം കഴിഞ്ഞ അഞ്ച് തവണ ഇലക്ഷനില്‍ മത്സരിച്ച ഒരു എക്സ്പീരിയന്‍സ് ഞങ്ങളുടെ മുന്നില്‍ ഉണ്ട്. എല്ലാ മേഖലയിലും ഉള്ളവരുമായി ഹൃദയ ബന്ധം പുലര്‍ത്താന്‍ ഭാരതീയ ജനതാ പാര്‍ട്ടിയ്ക്ക് സാധിച്ചിട്ടുണ്ട്.
ജീവിതത്തിലെ ഓരോ മണിക്കൂറും പൊതു ജനങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ സാധിക്കുന്ന, ചെലവഴിക്കുന്ന ആ നിമിഷങ്ങള്‍ കൊണ്ട് ഭാരതത്തിനെ ഉയര്‍ച്ചയിലേക്കെത്തിക്കാന്‍ കഴിയുന്ന ഒരു പ്രധാനമന്ത്രി ഭാരതം ഭരിക്കുന്നു എന്നുള്ളതും ആ പ്രധാനമന്ത്രിയുടെ  പാര്‍ട്ടി ഭാരതീയ ജനതാ പാര്‍ട്ടി ആണെന്നുള്ളതും ഞങ്ങളുടെ വിജയസാധ്യതയ്ക്ക് ആക്കം കൂട്ടുന്നുണ്ട്. രണ്ട് വര്‍ഷക്കാലം കൊണ്ട് കാര്‍ഷിക,സാമ്പത്തിക വര്‍ദ്ധനവ് അടക്കമുള്ള കാര്യങ്ങള്‍ ,ജനങ്ങളെ സ്വയം പര്യാപ്തമാക്കാന്‍ മുന്നോട്ട് കൊണ്ടു വന്ന സ്റ്റാര്‍ട്ട് അപ്പ് പോലുള്ള നിരവധി പദ്ധതികള്‍ പാലക്കാട്ടെ ജനങ്ങളില്‍ വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്.

മത്സരത്തെ ഒരുസ്ഥാനാർഥിയെന്ന നിലയിൽ എങ്ങനെ കാണുന്നു?
ഞാന്‍ മത്സരരംഗത്തെത്തിയത് ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഒരു പ്രതീകം മാത്രമായാണ്.

കേരളത്തില്‍ ഇത്തവണയുള്ള തെരഞ്ഞെടുപ്പില്‍ പേരിന് പ്രസക്തിയില്ല. ഞങ്ങള്‍ വോട്ട് ചോദിക്കുന്നത് ‘വോട്ട് ഫോര്‍ ഇന്ത്യ വോട്ട് ഫോര്‍ മോഡി’ എന്നാണ്. ഇന്ത്യന്‍ പ്രധാനമന്ത്രയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വോട്ട് ഇതാണ് ഞങ്ങളുടെ മുദ്രാവാക്യം.

ഞാന്‍ ഒരു മെഡിക്കല്‍ കോളേജ് കൊണ്ടവന്നു എന്നാണ് ഇവിടെ ഷാഫി പറയുന്നത്. എന്നാല്‍ അവിടെ നടന്ന എല്ലാ നിയമനങ്ങളും അഴിമതിയിലൂടെയായിരുന്നു എന്ന് വിജിലന്‍സ് ഡയറക്ടര്‍ തന്നെ അദ്ദേഹത്തിന് കുറ്റപത്രം നല്‍കിയിരിക്കുകയാണ് എന്നതാണ് സത്യം. ഈ കുറ്റപത്രം തന്നെയാണ് ജനങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ വയ്ക്കുന്നത്. എനിക്ക് കൃത്യമായി പറയാനാകും വലിയ അഴിമതിയും സ്വജനപക്ഷപാതവും ഇക്കഴിഞ്ഞ എം.എല്‍.എ യിലൂടെ പാലക്കാട്ടുകാര്‍ അനുഭവിച്ചിട്ടുണ്ട്. രണ്ടാമത്തെ എതിരാളി എന്‍.എന്‍ കൃഷ്ണദാസ്, ഇരുപത് കൊല്ലം പാര്‍ലമെന്റില്‍ ജനങ്ങളെ പ്രതിനിധീകരിച്ച ആളാണ് എന്നിട്ടും പാലക്കാട്ടുകാരെ രക്ഷിക്കാനായിട്ടില്ലെങ്കില്‍ ഇനിയും അവസരം കൊടുക്കേണ്ടതുണ്ടോ എന്നാണ് ഞങ്ങള്‍ ജനങ്ങളോട് ചോദിക്കുന്നത്.
തെരഞ്ഞെടുപ്പ് രംഗത്തെ മുൻപരിചയത്തെക്കുറിച്ച്‌?

ആറ് പതിറ്റാണ്ട് കേരളത്തെ ഭരിച്ച് മുടിച്ച മുന്നണികള്‍ തമ്മില്‍ അഴിമതിയുടെ കാര്യത്തില്‍ ഒത്ത് തീര്‍പ്പ് രാഷ്ട്രീയമാണ് നടത്തി വരുന്നത്. ഞങ്ങള്‍ക്ക് ഉറപ്പുണ്ട് ഒരുമാറ്റത്തിന് വേണ്ടി കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ആ ആഗ്രഹം ഭാരതീയ ജനതാപാര്‍ട്ടിയ്ക്ക് ഗുണകരമാകും എന്നാണ് വിശ്വാസം. 2004 മുതലാണ് ഞാന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങുന്നത്. അന്ന് മുതല്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും ഉള്ള വോട്ട് ഇരട്ടിയായി കൊണ്ടുപോകാന്‍ എനിക്കായിട്ടുണ്ട്.

ഹൈദ്രാബാദ് സര്‍വകലാശാല സംഭവങ്ങള്‍ പോലെ ബീഫ് വിഷയം പോലെ ദേശീയ തലത്തില്‍ സര്‍ക്കാറിനെതിരെ നടന്ന സംഭവങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയം ആകുമോ?
അങ്ങനെ ആക്കാനുള്ള ശ്രമം ഇരുമുന്നണികളുടേയും ഭാഗത്ത് നിന്ന് ഉണ്ടെങ്കിലും ഇവിടുത്തെ ജനങ്ങള്‍ക്ക് ഒരു കാര്യം ബോധ്യം ഉണ്ട്.

കോണ്‍ഗ്രസ് നേതൃത്വം ഇന്ത്യ ഭരിക്കുമ്പോഴാണ് ഗോവധ നിരോധനം ഉണ്ടായത്. അപ്പോള്‍ ഗോവധ നിരോധനം എന്ന വിഷയം അല്ല ഇവിടെ ചര്‍ച്ചാ വിഷയം ആയത്. ബീഫ് നിരോധനം എവിടെയും ഇല്ല. അങ്ങനെ എവിടെയും നിരോധനം ഇല്ലാത്ത ഒരു ബീഫിന്റെ പേരില്‍ എങ്ങനെയങ്കിലും ഇവിടെ ചിലരെ പ്രകോപിപ്പിക്കാന്‍ ആകുമോ എന്ന രാഷ്ട്രീയശ്രമം ഉണ്ടായി.

എന്നാല്‍ ഇത് ഒരു ഇലക്ഷന്‍ സ്റ്റണ്ട് ആണെന്ന് തിരിച്ചറിഞ്ഞ പാലക്കാട്ടെ ജനങ്ങള്‍ക്ക് ഇതൊന്നും ഒരു വിഷയമല്ല.

സത്യത്തില്‍ ദേശീയ തലത്തില്‍ അസഹിഷ്ണുത എന്ന് വരുത്തിത്തീര്‍ക്കാന്‍ ഇരു മുന്നണികളും ശ്രമിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ ഈ അസഹിഷ്ണുത ഇരു പാര്‍ട്ടിയ്ക്കും ഉണ്ട്. അത് മോഡിയോടാണ്. അതുകൊണ്ടാണല്ലോ അദ്ദേഹം ഇട്ട ഒരു കോട്ടിനെക്കുറിച്ച് പോലും ചര്‍ച്ച വരുന്നതും ഒരു വിദേശ രാജ്യം സന്ദര്‍ശിച്ചാല്‍ അത് വന്‍ ചര്‍ച്ചാവിഷയം ആകുന്നതും.സിപിഎമ്മുകാരന്റേയും കോണ്‍ഗ്രസുകാരന്റേയും വീട്ടില്‍ ഉള്ള കുട്ടികള്‍ വരെ മോഡിയുടെ ഫാന്‍ ആയി മാറിയിരിക്കുകയാണ്. അതിന് മോഡിയോടോ, ബി.ജെപിയോടെ അസഹിഷ്ണുത ഉണ്ടായിട്ട് കാര്യമില്ല. രാജ്യത്തെ ജനങ്ങള്‍ മോഡിയോടും ബി.ജെ.പിയോടും അടുക്കുകയാണ്.

ബി.ജെ.പി മുന്നോട്ട് വയ്ക്കുന്ന ഒരു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയത്തില്‍ തന്നെ നിന്നു കൊണ്ട് മറ്റ് മതവിഭാഗങ്ങളുടെ വോട്ട് എങ്ങനെ ബാലറ്റുപെട്ടിയില്‍ എത്തിക്കാന്‍ പറ്റും?
ഇവിടെ എതിര്‍സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ ഫ്ലക്സ് ബോര്‍ഡില്‍ ഒരിടത്തും ഒരു മുസ്ലീം കുട്ടികള്‍ നില്ക്കുന്ന ഫ്ലക്സ് ഞങ്ങള്‍ കണ്ടില്ല. ഇതൊരു സൂചനയാണ്. ഈ പാലക്കാട് അസംബ്ലി മണ്ഡലത്തില്‍ ചില പ്രത്യേക ആളുകള്‍ക്കിടയില്‍ ഷാഫിയ്ക്ക് സ്വാധീനക്കുറവ് ഉണ്ട്. അത് ബി.ജെ.പി സ്ഥാന്ര‍ത്ഥിയ്ക്ക് അനുകൂലമാകുമോ എന്ന ഭയം ഷാഫിയ്ക്കും ഉണ്ട്. മുസല്‍മാനേയോ, ക്രിസ്ത്യാനിയേയോ ഹിന്ദുക്കളെയോ പ്രത്യേകം ടാര്‍ഗറ്റ് ചെയ്തു കൊണ്ട് ഒരു ശ്രമം നടത്തണം എന്ന് പാര്‍ട്ടിയ്ക്കില്ല.

ഹിന്ദു പ്രീണനമാണ് ബിജെപിയുടെ പൊതു മുദ്രാവാക്യം എന്നാണല്ലോ വിമര്‍ശിക്കപ്പെടുന്നത്?
ഹിന്ദു എന്ന വാക്ക് തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ്. യഥാര്‍ത്ഥ ഹിന്ദുത്വം എന്ത് എന്ന് മനസിലാക്കാതെയാണ് ഇന്ന് രാജ്യം ഇത് ചര്‍ച്ച ചെയ്യുന്നത്. ഹിന്ദു എന്നത് ഒരു മതം അല്ല. ഓരോ രാഷ്ട്രത്തിനും അവരുടേതായ പൈതൃകവും ഗ്രന്ഥസംഹിതകളും ഉണ്ട്. വത്തിക്കാനും ഇസ്ലാമിക രാജ്യങ്ങള്‍ക്കും അതുണ്ട്. അതുപോലെ ഭാരതത്തിനും ഉണ്ട്. ഭാരതം ആര്‍ഷഭാരത സംസ്കാരം ഉറങ്ങുന്ന ഒരു സനാതന ഭൂമിയാണ്. ഹിന്ദുത്വം നമ്മുടെ രാജ്യത്തിന്റെ സംസ്കൃതിയാണ്.
ആദ്യം രാജ്യം പിന്നെ മതം എന്നതാണ് ഞങ്ങള്‍ മുന്നോട്ട് വയ്കകുന്ന പോയന്റ്.

‘ലോക സമസ്താ സുഖിനോ ഭവന്തു’ എന്ന് പ്രാര്‍ത്ഥിക്കാന്‍ കഴിയുന്ന ഒരു പൈതൃകത്തെ ഉള്‍ക്കൊള്ളുന്ന ഒരു പാര്‍ട്ടിയാണ് ബി.ജെ.പി. അതുകൊണ്ട് തന്നെ ബി.ജെ.പിയ്ക്ക് ആരോടും പ്രീണനം ഇല്ല . എല്ലാവര്‍ക്കും തുല്യ നീതി എന്ന് ബി.ജെപി രൂപം കൊണ്ട അന്ന് മുതല്‍ ബി.ജെ.പി പറയുന്നതും ഇതാണ്. മണ്ണ്, കുടിവെള്ളം, വീട്,ജോലി,തുല്യ നീതി,സമഗ്ര വികസനം എന്നിവയാണ് ബി.ജെപി മുന്നോട്ട് വയ്ക്കുന്നത്. അതില്‍ ജാതി,മതം,വര്‍ഗ്ഗം എന്നിവയൊന്നും ഇല്ല. രാഷ്ട്രീയം പോലും ഇല്ല അതില്‍. ഈ വികസന അജണ്ട മാത്രമാണ് ബിജെപിയ്ക്ക് മുന്നോട്ട് വയ്കാനുള്ളത്.

എം.എല്‍എ യായി ‍ഞാന്‍ ജയിച്ചാല്‍ എന്റെ ശമ്പളം ഞാന്‍ ഉപയോഗിക്കില്ല. അത് കുട്ടികളുടെ വിദ്യാഭ്യാസ ചെലവിനായി ഞാന്‍ ചെലവഴിക്കും എന്നാണ് ഞാന്‍ പാലക്കാട്ട്കാര്‍ക്ക് നല്‍കിയിരിക്കുന്ന വാക്ക്. പഠിക്കുന്ന സമയത്ത് ഉടുതുണിയ്ക്ക് മറുതുണിയില്ലാതെ. പഠിക്കാന്‍ പുസ്തകങ്ങള്‍ വാങ്ങിക്കാന്‍ കഴിയാതെ ഞാന്‍ ബുദ്ധി മുട്ടിയിട്ടുണ്ട്. അത് കൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്.

ഭൂരിപക്ഷ ഹിന്ദു പ്രീണനം എന്ന അരോപണം ബി.ജെപിയ്ക്ക് എതിരെ ശക്തമായി വന്നത് ഹൈദ്രാബാദ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ,ജെ.എന്‍യു വില്‍നിന്നും ഇത് ബി.ജെ.പി.യ്ക്കെതിരെയുള്ള ആയുധമായിട്ടുണ്ട്. എങ്ങനെ കാണുന്നു?
ഹൈദ്രാബാദ് യൂണിവേഴ്സിറ്റിയില്‍ പന്ത്രണ്ടോളം ആത്മഹത്യകള്‍ മുമ്പ് നടന്നിട്ടുണ്ട്. ദളിത് പീഢനമായി ഇതിനെ മാത്രം ചിത്രീകരിക്കുകയാണുണ്ടായത്.

സമൂഹത്തില്‍ നടക്കുന്ന ദളിത് പീഢനങ്ങള്‍ അപ്പാടെ മറച്ച് വച്ച് കൊണ്ട് ചില സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് കൃത്യമായ മാനത്തില്‍ ചര്‍ച്ച ചെയ്യാതെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ഒരു ശ്രമമാണ് ആ യൂണിവേഴ്സിറ്റിയില്‍ നടന്നത്.

ജെ.എന്‍യുവില്‍ മിടുക്കന്മാരായ കുട്ടികള്‍ക്കാണ് പഠിക്കാന്‍ അവസരം ലഭിക്കുന്നത്. മുപ്പത് രൂപ ചെലവഴിച്ച് കൊണ്ട് പതിനായിരം രൂപചെലവഴിക്കേണ്ട ഹോസ്റ്റലിലാണ് ഇവര്‍ താമസിക്കുന്നത്. ഈ കുട്ടികളില്‍ ഒരു വിഭാഗം പേര്‍ മനസ്സില്‍ വച്ചത് അഫ്സല്‍ ഗുരു എന്ന ഭീകരവാദിയെയാണ്. അയാള്‍ക്ക് അനുകൂലമായി ക്യാമ്പസിനകത്ത് എസ്എഫ്ഐ നേതൃത്വം കൊടുക്കുന്ന ചെറുപ്പക്കാര്‍ പ്രവര്‍ത്തിക്കുന്നു. രാഹുല്‍ന്ധി അതിന് പിന്തുണകൊടുക്കുന്നു. ഭരണഘടനയെ വെല്ലുവിളിക്കുന്ന സംഭവമാണിത്. വെങ്കയ്യ നായിഡു എടുത്ത അതേ സമീപനം ആണ് പാര്‍ട്ടിയുടേത്. ഭീകരന്മാരെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന വരെ നമുക്ക് വേണ്ട. നമുക്ക് വേണ്ടത് രാജ്യമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here