ക്രീമിയയിലെ മാലാഖ

ആതുര ശുശ്രൂഷാ മേഖലയ്ക്ക്് പുതിയ മുഖം നൽകിയത്, വിളക്കേന്തിയ വനിതയെന്ന് അറിയപ്പെടുന്ന ഫ്‌ളോറൻസ് നൈറ്റിംഗേലാണ്. നേഴ്‌സിങ്ങ് എന്ന തൊഴിലിന് അന്തസ്സും ആഭിജാത്യവും ലഭിച്ചത് ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ പ്രവർത്തനങ്ങളിലൂടെയാണ് എന്ന നിസ്സംശയം പറയാം. ആധുനിക അതുരശുശ്രൂഷ പ്രവർത്തനങ്ങളുടെയും നഴ്‌സിംഗിൻറെയും, ആശുപത്രി നവീകരണത്തിൻറെയും തുടക്കക്കാരിയായിരുന്നു ഇവർ. ആശുപത്രി ശുചിത്വം ഒന്നുകൊണ്ടു മാത്രം മരണനിരക്ക് ഗണ്യമായി കുറയ്ക്കാം എന്ന ഫ്‌ളോറൻസിൻറെ സിദ്ധാന്തം പിന്നീട് ലോകമൊട്ടാകെയുള്ള ആശുപത്രികളിൽ പ്രാവർത്തികമാക്കുകയും, മനുഷ്യരാശിയുടെ ഗതി തന്നെ മാറ്റി മറിക്കുകയും ചെയ്തു.

1854 ൽ ബ്രിട്ടനിലെ യുദ്ധകാര്യ സെക്രട്ടറി സിഡ്‌നി ഹെർബർട്ട്ട് ക്രിമിയൻ യുദ്ധകാലത്ത് സ്‌കട്ടാരിയിൽ സേവനമനുഷ്ഠിക്കാൻ ഫ്‌ളോറൻസടക്കം 38 നഴ്‌സുമാരെ ജോലിക്കെടുത്തു.

Florence_Nightingale_three_quarter_length

ഇതോടെയാണ് ഫ്‌ളോറൻസ് ആതുരസേവനത്തിൻറെപാതയിലേക്ക് തിരിഞ്ഞത്. അക്കാലത്ത് സൈനികാശുപത്രിയിൽ ചികിത്സയ്‌ക്കെത്തുന്നവരിൽ 40 ശതമാനത്തിലേറെ പേർ മരിക്കുകയായിരുന്നു പതിവ്. ഫ്‌ളോറൻസ് ആശുപത്രി ശുചിത്വ പദ്ധതി നടപ്പാക്കിയതോടെ മരണ നിരക്ക് ഗണ്യമായി കുറഞ്ഞു. ഇതും ചികിത്സാ രംഗത്തെ വലിയൊരു നേട്ടമായാണ് ലോകം കണക്കാക്കുന്നത്. ക്രിമിയൻ യുദ്ധത്തിലെ തടവുകാരെ പരിചരിച്ചതിലൂടെയാണ് ഫ്‌ളോറൻസ് നൈറ്റിംഗേൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ആ കാലത്ത് സ്ഥിതിവിവരക്കണക്കുകളുടെ പരീക്ഷണങ്ങൾ സ്വന്തം നിലയിൽ അവർ നടത്തി. തൻറെ 90 വർഷ ജീവിതത്തിൻറെ മുക്കാൽ ഭാഗവും ബ്രിട്ടീഷ് സൈന്യത്തിന്റെ ആരോഗ്യരക്ഷാ സന്നാഹങ്ങൾ നന്നാക്കാനും പരിഷ്‌കരിക്കാനും അവർ യത്‌നിച്ചു.

1860 ൽ സെന്റ് തോമസ് ഹോസ്പിറ്റലിൽ ഒരു നേഴ്‌സിങ്ങ് സ്‌കൂളിൽ സ്ഥാപിച്ചതോടെ, അവർ പ്രൊഫഷ്ണൽ നേഴ്‌സിങ്ങിന്റെ അടിത്തറ പാകി. ആതുരസേവനത്തിലേക്ക് ചുവട് വയ്ക്കുന്ന പുതിയ നേഴ്‌സുകൾ എടുക്കുന്ന നൈറ്റിംഗേൽ ഓത്ത് എന്ന പ്രതിക്ഞ ആ പേരിൽ അറിയപ്പെടുന്നതും അവരോടുള്ള ആതരസൂചകമായാണ്. 1820 മെയ് 12 ന് ജനിച്ച ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ ഓർമയ്ക്കായാണ് എല്ലാ വർഷവും ഇന്നേ ദിവസം അന്താരാഷ്ട്ര നേഴ്‌സസ് ദിനമായി ആചരിക്കുന്നത്.

നേഴ്‌സിങ്ങ് എന്ന ഒറ്റ മേഖലയിൽ ഒതുങ്ങുന്നതായിരുന്നില്ല അവരുടെ ജീവിതം. സാമൂഹ്യ പ്രവർത്തകയും, എഴുത്ത് കാരിയും കൂടിയായിരുന്നു അവർ. ജനങ്ങളുടെ മെച്ചപ്പെട്ട് ആരോഗ്യം, ഇന്ത്യയിലെ പട്ടിണി നിയന്ത്രിക്കൽ, വേശ്യാവൃത്തി നിയമത്തിനെതിരെയുള്ള പോരാട്ടം എന്നിവ കൈവരിക്കാനും ഈ അത്ഭുത വനിത പോരാടിയിട്ടുണ്ട്. 1910 ഓഗസ്റ്റ് 13 ന് ഫ്‌ളോറൻസ് നൈറ്റിംഗേൽ ഈ ലോകത്തുനിന്നും പറന്നകന്നു .

NO COMMENTS

LEAVE A REPLY