Advertisement

ഈ മാലാഖമാർ ഇപ്പോഴും കരയാറുണ്ട്;അത് നമ്മളെന്തേ അറിയാതെ പോവുന്നു

May 12, 2016
Google News 1 minute Read

ആതുരസേവനരംഗത്തെ വെള്ളരിപ്രാവുകളുടെ ദിനമാണ് ഇന്ന്,നഴ്‌സസ് ദിനം. കഴിഞ്ഞവർഷം ഇതേ ദിവസം സോഷ്യൽമീഡിയയിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ഒരു പോസ്റ്റുണ്ടായിരുന്നു. എല്ലാ മാലാഖമാർക്കും നഴ്‌സസ് ഡേ ആശംസിക്കുന്നു എന്ന് തുടങ്ങുന്ന ഒരു പോസ്റ്റ്. മലയാളി നഴ്‌സുമാരെ വാനോളം പുകഴ്ത്തിയ, അവരുടെ കഷ്ടപ്പാടുകൾ നാം കാണാതെ പോവുന്നു എന്ന് ഓർമ്മപ്പെടുത്തിയ ആ ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞയിടയ്ക്ക് നമ്മെ വിട്ടുപിരിഞ്ഞ പ്രിയ നടൻ ജിഷ്ണു രാഘവന്റേത് ആയിരുന്നു. ചികിത്സയ്ക്കിടെ തന്നെ പരിചരിച്ച നഴ്‌സുമാർക്കൊപ്പമുള്ള ഫോട്ടോയും ആ പോസ്റ്റിലുണ്ടായിരുന്നു.Capture

ഒരു വർഷം കടന്നുപോയി. വേദനകളില്ലാത്ത ലോകത്തേക്ക് ജിഷ്ണു നടന്നകന്നു. എങ്കിലും അന്ന് ജിഷ്ണു പറഞ്ഞ വാക്കുകൾക്ക് പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. സ്വന്തം പ്രയാസങ്ങൾ കടലാഴമോളം ഉണ്ടെങ്കിലും മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ അവയൊക്കെ മറന്ന് പുഞ്ചിരിക്കുന്ന ആ മാലാഖമാർക്ക് ഇനിയും വേണ്ട വിധം പരിഗണന ലഭിച്ചിട്ടില്ല. ലോകമെങ്ങും വീണ്ടുമൊരു നഴ്‌സസ് ദിനം ആഘോഷിക്കുമ്പോൾ ജിഷ്ണുവിന്റെ ആ വാക്കുകൾ ഒരിക്കൽ കൂടി…

”നമുക്ക് വേണ്ടി നൂറുശതമാനത്തിലധികം സേവനം നല്കുന്ന നഴ്‌സുമാരുടെ മിക്കവരുടെയും അവസ്ഥ നാം മനസ്സിലാക്കുന്നില്ല.കൃത്യനിഷ്ഠയോടെ കഠിനാധ്വാനം ചെയ്യുന്നവരാണ് ഈ മാലാഖമാർ.എന്നിട്ടും,അർഹിക്കുന്ന പരിഗണന ഇവർക്ക് ആശുപത്രിയുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നില്ല.വേതനം ലഭിക്കാത്ത അവസ്ഥയിൽ പോലും ആത്മാർഥതയോടെ ജോലിചെയ്യാൻ ഇവർ തയ്യാറാവുന്നു.അതാണ് ഇവരുടെ മഹത്വവും.ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 20 ലക്ഷം നഴ്‌സുമാരിൽ 18 ലക്ഷവും മലയാളികളാണ്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ജോലി ചെയ്യുന്ന മലയാളിനഴ്‌സുമാരിൽ എത്രയോ പേർ പലവിധത്തിലുമുള്ള മാനസികപീഢനങ്ങൾക്ക് വിധേയരാകുന്നുണ്ട്. വൻ തുകനല്കി വിദേശരാജ്യങ്ങളിൽ ജോലിതേടിപ്പോകുന്നവർക്ക് മാനേജ്‌മെന്റിന്റെ പീഡനം സഹിക്കേണ്ടിവരുന്നു.ജോലിസ്ഥിരത ഇല്ലാ താനും. കേരളത്തിൽ ഒരുപാട് മികച്ച നഴ്‌സിംഗ് സ്ഥാപനങ്ങളുണ്ട്. എന്നാൽ, സ്വകാര്യനഴ്‌സിംഗ് സ്ഥാപനങ്ങൾ ആദ്യവർഷങ്ങളിൽ ശമ്പളം നല്കാതെ നഴ്‌സുമാരെ പീഡിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു നഴ്‌സിനോട് ഒരിക്കൽ മോശമായി പെരുമാറേണ്ടിവന്നതിൽ ഖേദം തോന്നുന്നു. നഴ്‌സുമാർ ചെയ്തുതന്ന സേവനങ്ങൾക്ക് അവർക്ക് ആശംസകൾ നല്‌കേണ്ടത് മദേഴ്‌സ് ഡേയിലാണ്. കാരണം അത്രയ്ക്ക് കരുതലും സ്‌നേഹവും അവർ നല്കുന്നു.”

ഇത്തരം കാര്യങ്ങൾ സമൂഹത്തിന്റെ ശ്രദ്ധയിൽ വരണമെന്നും നഴ്‌സുമാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും അന്ന് ജിഷ്ണു പറഞ്ഞിരുന്നു. വായിച്ചുമറന്ന ഏതൊരു പോസ്റ്റും പോലെ ഇതും ഏവരും മറന്നു.എന്നാൽ, വേദനയിലും രോഗദുരിത്തിലും നമുക്ക് സാന്ത്വനമാകുന്ന ആ മനസ്സുകൾ ഇപ്പോഴും നൊമ്പരത്തിന്റെ കടലുകളാണ്.അത് ഉള്ളിലൊളിപ്പിച്ച് അവർ പങ്കുവയ്ക്കുന്ന പുഞ്ചിരിയിൽ ആശ്വാസം കണ്ടെത്തുമ്പോൾ ഇനിയെങ്കിലും ഓർമ്മിക്കണം ആ പുഞ്ചിരിക്ക് കണ്ണീരിന്റെ നനവുണ്ടെന്ന്…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here