സ്ക്കൂള്‍ തുറക്കല്‍: വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രത്യേകം കരുതല്‍ നല്‍കി പോലീസ്

അവധിക‍ഴിഞ്ഞ് തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിനികളുടെ സുരക്ഷയ്ക്ക് പ്രത്യേകം ഊന്നല്‍ നല്‍കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം. അപകടങ്ങള്‍ തീര്‍ത്തും ഒഴിവാക്കുക, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുക, സ്ക്കൂള്‍ പരിസരത്ത് പുകയില ഉല്പന്നങ്ങള്‍, ലഹരി വസ്തുക്കള്‍ എന്നിവയുടെ ലഭ്യത പൂര്‍ണമായും ഇല്ലായെന്ന് ഉറപ്പു വരുത്തുക എന്നിവയ്ക്കാണ് പ്രത്യേകം ഊന്നല്‍ നല്‍കേണ്ടത് എന്നാണ് ജില്ലാ പോലീസ് മേധാവികള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.
ഒപ്പം സ്ക്കൂള്‍ പരിസരങ്ങളില്‍ പ്രത്യേകമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കും, കുട്ടികള്‍ അപകടത്തില്‍പ്പെടാതിരിക്കുവാന്‍ ട്രാഫിക് ഡ്യൂട്ടിയ്ക്കായി പോലീസുദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്യും.
വിദ്യാലയ പരിസരങ്ങളില്‍ മയക്കുമരുന്ന് വില്പന, ഉപഭോഗം, കൈമാറ്റം എന്നിവ ശക്തമായി നിരീക്ഷിക്കും. വെള്ളം കൊണ്ടുവരുന്ന കുപ്പികളില്‍ ലഹരിപാനീയങ്ങള്‍ കൊണ്ടുവരുന്നുണ്ടെങ്കില്‍ കണ്ടെത്താന്‍ കര്‍ശനമായ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തുന്നുണ്ട്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ ഏര്‍പ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനായി സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് (ANS), ഷാഡോ പോലീസ് എന്നിവയുടെ സേവനവും പ്രയോജനപ്പെടുത്തും.
സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുമായി വരുന്ന വാഹനങ്ങള്‍ മോട്ടോര്‍ വാഹനചട്ടപ്രകാരമുള്ള നിബന്ധനകള്‍ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. വാഹനങ്ങളില്‍ കുട്ടികളെ നിയമവിരുദ്ധമായി കുത്തിനിറച്ച് കൊണ്ടുപോകുന്നില്ലായെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. നിയമവിരുദ്ധമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ക്‌ളാസുകളില്‍ കയറാതെ കറങ്ങിനടക്കുന്ന കുട്ടികളുണ്ടെങ്കില്‍ അവരെ കണ്ടെത്തി വിവരം മാതാപിതാക്കളെയും, സ്‌ക്കൂള്‍ അധികൃതരെയും അറിയിക്കുന്നതിനായി ഷാഡോ പോലീസിന്റെ സേവനം പ്രയോജനപ്പെടുത്തും എന്നിവയാണ് പുതിയ അധ്യയന വര്‍ഷത്തില്‍ പോലീസ് തലത്തില്‍ കൈക്കൊണ്ട നടപടികള്‍.

NO COMMENTS

LEAVE A REPLY