Advertisement

മനുഷ്യത്വം പൊട്ടിച്ചിതറുമ്പോൾ

June 15, 2016
Google News 1 minute Read
പി. പി. ജയിംസ് / മുഖം നോക്കാതെ 

ഹൃദയവും മസ്തിഷ്‌കവുമില്ലാത്ത പൊള്ളയായ ആധുനിക മനുഷ്യനെ കുറിച്ച് വിലപിച്ചത് പ്രശസ്ത ആംഗലേയ കവി ടിഎസ് എലിയറ്റാണ്. വേസ്റ്റ് ലാൻഡ് (തരിശുഭൂമി) എന്ന തന്റെ പ്രശസ്തമായ കവിതയിൽ. വടക്കേ അമേരിക്കയിലെ ഓർലാൻഡോ നിശാക്ലബിലെ വെടിവെയ്പും, അഫ്ഗാനിസ്ഥാനിൽ യുവാവിനെ താലിബാൻ തീവ്രവാദികൾ ജീവനോടെ തൊലിയുരിഞ്ഞ് കൊലപ്പെടുത്തിയതും ഹൃദയമില്ലാത്ത മനുഷ്യന്റെ ക്രൂരതകളാണ് ഓർമ്മപ്പെടുത്തിയത്. വൃക്കയും കരളും പകുത്തുനൽകുന്ന മനുഷ്യ നന്മ കാണാതെയല്ല ഈ കുറ്റപ്പെടുത്തൽ. പാക്കിസ്ഥാനിൽ മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പോരാടിയ മലാലയെ വെടിവെച്ച താലിബാൻ ഇതിലപ്പുറം ചെയ്താലും അത്ഭുതപ്പെടാനില്ല.

ആഫ്രിക്കയിൽ മനുഷ്യരെ തൊലിയുരിഞ്ഞ് കൊല്ലുന്ന പ്രാകൃത ശിക്ഷാ രീതി നിലവിലുണ്ട്. ഇങ്ങനെ തൊലി ഉരിയാൻ പ്രത്യേക പരിശീലനം നേടിയ കൊലയാളികളുണ്ടിവിടെ. തൊലി ഉരിയുന്നതിൽ പിഴവുപറ്റിയാൽ കൊലയാളിക്കും ശിക്ഷാ വിധിയെന്ന കാട്ടുനീതിയുമുണ്ടിവിടെ. താലിബാൻ ആ ശിക്ഷാ രീതിയാണ് എടുത്തുപയറ്റിയത്. മരുഭൂമിയിൽ കൊണ്ടുപോയി കുനിച്ചു നിർത്തി വെടിവെച്ചുകൊല്ലുന്നതിൽ താലിബാനും ഐഎസും കാണിക്കുന്ന വൈകൃതം മറ്റുരൂപത്തിൽ പുനർജനിച്ചിരിക്കുകയാണ്.

താലിബാൻ ഭീകരതക്കെതിരെ ഹൃദയത്തിൽ കാരുണ്യം അവശേഷിക്കുന്ന ലോകജനത എന്തു ചെയ്യണം എന്നതു ആഴത്തിൽ ചിന്തിക്കേണ്ട വസ്തുതയാണ്. തോക്കേന്തിയ ഭീകരൻ അമേരിക്കയിൽ കൂട്ടക്കൊല നടത്തുന്നത് ഇതാദ്യമല്ല. നേരത്തെ സർവകലാശാല വളപ്പിലും സ്‌ക്കൂൾ ക്യാമ്പസിലും കയറി വിദ്യാർത്ഥികളെ നിഷ്‌കരുണം വെടിവച്ചുകൊന്ന ചരിത്രമുണ്ട്. യഥേഷ്ടം തോക്ക് കൈവശം വയ്ക്കാൻ അനുമതി നൽകുന്ന അമേരിക്കൻ ഭരണകൂടം തന്നെയാണ് ഈ സംഭവങ്ങളിൽ ഒന്നാം പ്രതി. ഐ.എസ് പോലുള്ള ഭീകര സംഘടനകൾ നൽകുന്ന വെറുപ്പിന്റെ രാഷ്ട്രീയ കുപ്പായമണിഞ്ഞവരെ തിരഞ്ഞുപിടിയ്ക്കാൻ അമേരിക്കൻ പോലീസിനോ ഇന്റലിജൻസിനോ കഴിയുന്നുമില്ല.

വ്യക്തികളുടേയും സംഘടനകളുടേയും ഭീകരതപോലെയോ അതിനേക്കാളേറെയോ ഭീകരമാണ് ഒരു ഭരണകൂടത്തിന്റെ ഭീകരത(സ്റ്റേറ്റ് ടെററിസം). ലോക പോലീസ് ചമയുന്ന അമേരിക്ക, ഇറാക്കിലും അഫ്ഗാനിസ്ഥാനിലും മറ്റു മൂന്നാം ലോക രാഷ്ട്രങ്ങളിലും നടത്തിയ കിരാതമായ ആക്രമണം ഐ.എസിന്റെയും താലിബാന്റേയും വളർച്ചയ്ക്ക് കാരണമായി എന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്. വാളെടുത്തവൻ വാളാൽ എന്ന ബൈബിൾ വാക്യം അമേരിക്കയ്ക്കും ബാധകമാണ്. ഒസാമ ബിൻ ലാദനെ വളർത്തിയതും പിന്നെ നിഗ്രഹിച്ചതും അമേരിക്ക തന്നെ. പഞ്ചാബിൽ ഭിന്ദ്രൻ വാലയെ വളർത്തിയ ഇന്ദിരാഗാന്ധിയ്ക്ക് അതിന്റെ ദുരന്ത ഫലമായി സ്വന്തം ജീവൻ നൽകേണ്ടി വന്നു. കൗബോയ് സംസ്‌കാരമുള്ള ഹോളിവുഡ് നടൻ റൊണാൾഡ് റീഗൻ മുതൽ ജോർജ്ജ് ബുഷ് വരെ പ്രസിഡന്റ് കസേരയിൽ ഇരുന്നപ്പോൾ അമേരിക്കയിൽ തോക്ക് സംസ്‌കാരം വ്യാപിച്ചത് സ്വാഭാവികം. എന്നാൽ ഇതിനെയൊക്കെ എതിർത്ത് അധികാരത്തിലേറിയ ബറാക്ക് ഒബാമയെപ്പോലുള്ളവർ തോക്കിന്റെയും മറ്റ് ആയുധങ്ങളുടേയും വ്യാപനം തടയാൻ ചെറുവിരൽ അനക്കിയില്ല. അതുകൊണ്ടാണ് ഭരണകൂടത്തെ ഒന്നാമതായി പ്രതിക്കൂട്ടിൽ നിർത്തേണ്ടി വരുന്നത്.

ഒർലാന്റോ വെടിവെപ്പിൽ തോക്ക് ലൈസൻസ് കൈവശം വച്ച കൊലയാളി രണ്ട് തോക്ക് കൂടി നിഷ്പ്രയാസം കഴിഞ്ഞ ദിവസം വാങ്ങി എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഈ വെടിവയ്പ്പിന്റെ പേരിൽ അമേരിക്കയിലെ മുഴുവൻ മുസ്ലീം സമുദായക്കാരേയും പുറത്താക്കണമെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടത് വർഗീയ വിഷം കുത്തിവെക്കാനാണ്. എലിയെ കൊല്ലാൻ ഇല്ലം ചുടണമെന്ന് പറയുന്ന ഇക്കൂട്ടരെയാണ് അമേരിക്ക പുറത്താക്കേണ്ടത്.

ലോകമെമ്പാടും മാധ്യമ പ്രവർത്തകരെ കൊലപ്പെടുത്തുന്നതും മർദ്ദിക്കുന്നതും നിത്യ സംഭവമായി മാറിയിരിക്കുകയാണ്. നൂറു കണക്കിന് മാധ്യമ പ്രവർത്തകരാണ് ഓരോ വർഷവും ഈ ഭൂമിയിൽ കൊല്ലപ്പെടുന്നത്. കേരളത്തിലേക്ക് വരുമ്പോൾ ഇന്നലെ ഒറ്റപ്പാലത്തെ മാധ്യമ പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച ആർ.എസ്.എസ് പ്രവർത്തകരുടെ ധാർഷ്ട്യം ജനാധിപത്യ കേരളത്തോടുള്ള വെല്ലുവിളിയാണ്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്മേലാണ് ഈ കാട്ടാളന്മാർ മുഷ്ടി ചുരുട്ടിയിരിക്കുന്നത്. കാരിരുമ്പിന്റെ ബലമുള്ള ചങ്കുറപ്പോടെ മാധ്യമലോകവും പൊതുസമൂഹവും ഇത്തരം അക്രമങ്ങളെ നേരിടണം. ഒറ്റപ്പാലം കോടതി വളപ്പിലാണ് ഇന്നലെ മാധ്യമ പ്രവർത്തകർക്ക് മർദ്ദനം നേരിട്ടതെങ്കിൽ, ഇന്ന് കൊല്ലത്ത് കോടതി വളപ്പിൽ പൊട്ടിത്തെറി നടന്നിരിക്കുന്നു.

മലയാളത്തിന്റെ പ്രിയ കവിയായിരുന്ന എൻ.വി. കൃഷ്ണവാരിയരുടെ ‘ആഫ്രിക്ക’ എന്ന കവിതയിലെ മനുഷ്യസ്‌നേഹത്തിന്റെ വരികൾ ഓർത്തു പോവുന്നു.

‘ എങ്ങോ ചങ്ങല കൈകളി
ലങ്ങെൻ കൈയ്യുകൾ നൊന്തീടുകയാ
ണെങ്ങോ മർദ്ദനമവിടെ പ്രഹരം
വീഴുവതെന്റെ പുറത്താകുന്നു. ‘

അമേരിക്കൻ വെടിവയ്പ്പിൽ ചിതറിയ രക്ത തുള്ളികൾ വീണത് എന്റെ ശരീരത്തിലാണെന്നും ഒറ്റപ്പാലത്ത് മാധ്യമ പ്രവർത്തകന് ഏറ്റ മർദ്ദനം വന്നു വീഴുന്നത് എന്റെ പുറത്താണെന്നും എന്നാണ് നമ്മൾ തിരിച്ചറിയുക !

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here