അഴിമതി ആരോപണം; കാപെക്‌സിൽ അഴിച്ചുപണി

ആർ. ജയചന്ദ്രനെ കശുവണ്ടി തൊഴിലാളി വ്യവസായ സഹകരണ സംഘം (കാപെക്‌സ്) എംഡി സ്ഥാനത്തുനിന്ന് നീക്കി. അഴിമതി ആരോപണത്തെ തുടർന്ന് വിജിലൻസ് അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് എംഡി സ്ഥാനത്തുനിന്ന് ജയചന്ദ്രനെ നീക്കിയത്.

കാപെക്‌സിന്റെ പുതിയ എംഡിയായി ആർ രാജേഷിനെ നിയമിച്ചു. നിലവിൽ ഓട്ടോകാസ്റ്റ് എംഡിയാണ് രാജേഷ്. മാനദണ്ഡങ്ങൾ മറികടന്ന് കശുവണ്ടി വാങ്ങി എന്നതാണ് ജയചന്ദ്രനെതിരെ ഉയർന്ന ആരോപണം.

ജെ എം ജെ എന്ന കമ്പനിക്ക് അനധികൃതമായി ടെണ്ടർ അനുവദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഗുണനിലവാരമില്ലാത്ത കശുവണ്ടി വാങ്ങിയതിന്റെ പേരിൽ കാപെക്‌സിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന് മറ്റൊരു കേസും ഇയാൾക്കെതിരെ നിലവിലുണ്ട്.

കഴിഞ്ഞ അഞ്ച് വർഷംകൊണ്ട് കാപെക്‌സിന് 100 കോടിയോളം രൂപയുടെ നഷ്ടം വരുത്തിവെച്ചെന്ന ആരോപണമാണ് ജയചന്ദ്രനെ എംഡി സ്ഥാനത്തുനിന്ന് നീക്കാൻ പ്രധാന കാരണം. സംസ്‌കരിച്ച കശുവണ്ടി, കയറ്റുമതി ചെയ്യുന്നതിന് പകരം സ്വകാര്യ കമ്പനികൾക്ക് നഷ്ടത്തിൽ വിറ്റുവെന്ന മറ്റൊരു കേസും ജയചന്ദ്രനെതിരെ റെജിസ്റ്റർ ചെയ്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY