Advertisement

നേരിന്റെ മണമുള്ള ഹ്രസ്വ ചിത്രങ്ങളൊരുക്കുകയാണ് ഈ ഓട്ടോക്കാരൻ

July 20, 2016
Google News 3 minutes Read

ജോബി ചുവന്നമണ്ണ്, പേരുപോലെ തന്നെ മണ്ണിന്റെ മണമുള്ള കലാകാരനാണ്. ഓട്ടോ ഡ്രൈവറായി ഉപജീവനം നടത്തുമ്പോഴും ഉയിർ മുഴുവൻ സിനിമയാണ് ജോബിയ്ക്ക്. കുട്ടിക്കാലം മുതൽ അഭിനയമോഹം മനസ്സിൽ കൊണ്ടുനടന്ന ഇദ്ദേഹം ഇന്നൊരു സംവിധായകനാണ്. കേരളം മുഴുവൻ വിറപ്പിക്കുന്ന പോലീസുകാരെവരെ തന്റെ സ്റ്റാർട്ട് കട്ടുകൾക്ക് കാത്തുനിർത്തിയ നന്മയുള്ള കലാകാരൻ.

പതിനൊന്നോളം ഷോർട്ട് ഫിലുമുകൾ, പരസ്യ ചിത്രങ്ങൾ എന്നിവ ഇതിനോടകം ഈ കലാകാരൻ ഒരുക്കി. ചെയ്ത ഷോർട്ട് ഫിലിമുകളെല്ലാം സമൂഹത്തോടുള്ള സന്ദേശം കൂടിയാണ്. സ്ത്രീ സുരക്ഷയെന്ന വിഷയത്തെ ആസ്പദമാക്കി ഒടുവിലായി പുറത്തിറക്കിയ കാണാമറയത്ത് എന്ന വീഡിയോ ആൽബം ഏറെ ശ്രദ്ധ നേടുകയും ചുരുങ്ങിയ നാൾകൊണ്ട് 30 ലക്ഷത്തിലേറെ പേരിലേക്കെത്തുകയും ചെയ്തു.

 

അഭിനയമോഹവുമായി നടന്ന ജോബി എന്ന ഓട്ടോ ഡ്രൈവർ സംവിധായകനാവാൻ തീരുമാനിക്കുന്നത് ?

സിനിമയിൽ ഒന്നു മുഖം കാണിക്കണം എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം. അതിനായി ഞാൻ കാണാവുന്ന സംവിധായകരെയെല്ലാം കണ്ടു. പോകാവുന്നിടത്തെല്ലാം പോയി. സത്യൻ അന്തിക്കാട് സാറിനെ കാണാൻ പലവട്ടം അദ്ദേഹത്തിന്റെ വീട്ടിൽ പോയി. ലാൽ ജോസിനടക്കം പലർക്കും കത്തുകളെഴുതി. എന്നെ അവരുടെ കൂടെ ഒന്നു നിർത്താൻ ആവശ്യപ്പെട്ടുകൊണ്ട്. പക്ഷേ ഒന്നും ഉണ്ടായില്ല.

ആ കാലത്ത് അതായത് 15 വർഷങ്ങൾക്ക് മുമ്പ്, പത്രത്തിൽ പുതുമുഖങ്ങളെ തേടുന്നതായിവാർത്തകൾ വരുമ്പോൾ അവർക്കെല്ലാം കത്തെഴുതുമായിരുന്നു. ഒടുവിൽ സിനിമ പഠിക്കാനും അഭിനയിക്കാനു മൊക്കെയായി മദ്രാസിൽ പോകാൻ തീരുമാനിച്ചു. പക്ഷേ വീട്ടിലെ സാഹചര്യങ്ങൾ അനുവദിച്ചില്ല.

അവസരങ്ങൾ ചോദിച്ച് നടന്ന് മടുത്തപ്പോൾ എനിക്ക് മനസ്സിലായി ആരും ആരെയും ഒന്നുമാക്കില്ല. നമുക്ക് എന്തെങ്കിലുമാകണമെങ്കിൽ നമ്മൾ തന്നെ ചെയ്യണം. അങ്ങനെയാണ് ഒരു പരിചയവുമില്ലാത്ത, എന്നാൽ ഏറെ ആഗ്രഹമുള്ള ഷോർട്ട് ഫിലിം സംവിധാന രംഗത്തേക്ക് ഇറങ്ങുന്നത്.


ആദ്യ ഷോർട്ട് ഫിലിം ചെയ്യുമ്പോൾ ടെക്‌നിക്കൽ സൈഡ് എങ്ങനെ കൈകാര്യം ചെയ്തു സംവിധാനം പഠിക്കുകയോ കാണുകയോ പോലും ചെയ്തിട്ടില്ലാത്ത ഒരാൾ എന്ന നിലയിൽ ?

ഒരു നല്ല ക്യാമറ പോലും ഉണ്ടായിരുന്നില്ല എട്ട് ഒമ്പത് വർഷം മുമ്പ് ബലിപ്രാവുകൾ എന്ന എന്റെ ആദ്യ ഷോർട്ട് ഫിലിം ചെയ്യുമ്പോൾ. ഫിന്നി ജോസഫ് എന്ന എന്റെ സുഹൃത്തിന്റെ കയ്യിലുള്ള ഊരി വീഴാറായ ഒരു പഴയ ക്യാമറയിലാണ് ആ ചിത്രം എടുക്കുന്നത്. ആ സുഹൃത്തിന്റെ സഹായവും ടെക്‌നിക്കൽ സപ്പോർട്ടുമാണ് പിന്നീടും ഷോർട്ട് ഫിലിമുകൾ തയ്യാറാക്കാൻ എന്നെ സഹായിച്ചത്.

തുടർന്ന് ഒരോ ഷോർട്ട് ഫിലിം ചെയ്യുമ്പോഴും പരിചയ സമ്പന്നരായ ആളുകളെയാണ് ഞാൻ ടെക്‌നിക്കൽസായി ഉപയോഗിച്ചത്. ക്യാമറയ്ക്കായാലും എഡിറ്റിങ്ങിനായാലും എല്ലാം. ഇത് എനിക്ക് സംവിധായകനെന്ന നിലയിൽ ഏറെ കാര്യങ്ങൾ പഠിക്കാൻ സഹായകമായി.

മൂന്നുമിനിട്ടിലൊതുങ്ങുന്ന ഷോർട്ട് ഫിലിം ചെയ്യാനിറങ്ങി ഓടുവിലത് നാൽപ്പത് മിനുട്ടോളമായി. അന്ന് സ്‌ക്രിപ്റ്റില്ല, സിനിമയെക്കുറിച്ച് യാതൊരു ധാരണയുമില്ല. കൈവിരലിലടക്കം എഴുതിവെച്ചായിരുന്നു ഷൂട്ട് ചെയ്തിരുന്നത്.

ആദ്യ ഷോർട്ട് ഫിലിം നിർമ്മിക്കാനുള്ള പണം എങ്ങനെയാണ് കണ്ടെത്തിയത് ?

ആദ്യ ഷോർട്ട് ഫിലിം ആയിരുന്ന ബലിപ്രാവുകൾ നിർമ്മിച്ചത് 300 രൂപയ്ക്കാണ്. അത് ഉണ്ടാക്കാൻ തന്നെ ഞാൻ ഏറെ പ്രയാസപ്പെട്ടിട്ടുണ്ട്. ബാലഭിക്ഷാടനത്തിനെതിരെയുള്ളതായിരുന്നു ആ ഷോർട്ട് ഫിലിം. അന്ന് സെറ്റിൽ കുട്ടികൾക്ക് ഭക്ഷണം കൊടുക്കാൻവരെ ഏറെ പാടുപെട്ടിട്ടുണ്ട്.

കുട്ടികൾ മാത്രമല്ലെ ഉള്ളൂ എന്നുകരുതി ആകെയുള്ള കാശുകൊണ്ട് ഒരു കിലോ ബീഫ് വാങ്ങി. എങ്ങനെയെങ്കിലും അവർക്ക് നല്ല ഭക്ഷണം കൊടുക്കാമെന്ന് കരുതിയപ്പോഴല്ലേ കുട്ടികളുടെ കൂടെ അവരുടെ കുടുംബം മുഴുവൻ എത്തിയിരിക്കുന്നു. അവസാനം എന്ത് ചെയ്യണമെന്നറിയാതായി. കയ്യിൽ ആകെ ഉള്ളത് ഒരു കിലോ ബീഫ് മാത്രം. എന്റെ സങ്കടം അമ്മയോട് പറഞ്ഞപ്പോൾ വീട്ടിലുണ്ടായിരുന്ന വാഴക്കുല വെട്ടി പച്ചക്കായ കൂടി ചേർത്ത് കായക്കറിയാണ് ബീഫ് അന്ന് ഊണിന് വിളമ്പിയത്.

അങ്ങനെ ഏറെകഷ്ടപ്പെട്ടാണ് ഓരോ ഷോർട്ട് ഫിലിമും തയ്യാറാക്കിയത്. ഒരു പുതുമുഖത്തിന് അതും സംവിധാനത്തിൽ ഒരു പരിചയവുമില്ലാത്ത ആൾക്ക് നിർമ്മാതാവിനെ കിട്ടുന്നതെങ്ങനെ ! എന്തിന് ഏറ്റവും ഒടുവിൽ പുറത്തിറ കാണാമറയത്ത് എന്ന ആൽബം ചെയ്യാൻ നിർമ്മാതാവിനെ തേടി എൺപതോളം പേരെയാണ് ഞാൻ ചെന്നുകണ്ടത്. ഒടുവിലാണ് ഇസാഫ് ചാരിറ്റബിൾ ട്രസ്റ്റ് ആൽബം നിർമ്മിക്കാൻ തയ്യാറായത്.

ജോബി ചെയ്ത ഷോർട്ട് ഫിലിമുകളെല്ലാം ആദ്യാവസാനം സാമൂഹ്യ പ്രതിബദ്ധത പുലർത്തിപ്പോരുന്നുണ്ട്. എന്തുകൊണ്ടാണ് കഥ എപ്പോഴും സമൂഹത്തിനുള്ള സന്ദേശമാവുന്നത് ?

എന്റെ എല്ലാ ഷോർട്ട് ഫിലിമുകളും സമൂഹത്തിനുള്ള സന്ദേശം തന്നെയാണ് ബലിപ്രവുകൾ ബാലഭിക്ഷാടനത്തിനെതിരെയായിരുന്നു. നൂറ്റിമുപ്പതോളം പോലീസുകാരെ ഉൾപ്പെടുത്തി ഒരുക്കിയ ഉണർവ് കുറ്റകൃത്യങ്ങൾക്കെതിരെയും. മദ്യപാനത്തിനെതിരെ സാത്താന്റെ വികൃതികൾ, നന്മയുള്ള ഓട്ടോ ഡ്രൈവറുടെ കഥ പറയുന്ന നന്മ. ഒടുവിൽ പുറത്തിറങ്ങിയ കാണാമറയത്തും സാമൂഹത്തിനുള്ള സന്ദേശമാണ്. സ്ത്രീ സുരക്ഷയെ വിഷയമാക്കിയാണ് ഈ ആൽബവും തയ്യാറാക്കിയത്.

നമ്മൾ എന്ത് ചെയ്യുമ്പോഴും അതിൽ മറ്റുള്ളവർക്ക് പ്രയോജനമുണ്ടാകണം. ആ സന്ദേശം അവരിലേക്ക് എത്തുമെങ്കിൽ അത് അവരിൽ മാറ്റമുണ്ടാക്കുമെങ്കിൽ അതുമതി.

പോലീസുകാർ കഥാപാത്രങ്ങളായി എത്തിയതുകൊണ്ടുതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നല്ലോ ഉണർവ്. എന്തുകൊണ്ടാണ് പോലീസുകാരെതന്നെ കഥാപാത്രങ്ങളാക്കാൻ തീരുമാനിച്ചത്. അതും നൂറിലേറെ പേരെ ?

ഒരു ഷോർട്ട് ഫിലിമിൽ അഭിനയിക്കാൻ സൂപ്പർസ്റ്റാറുകളെ എന്തായാലും കിട്ടില്ല. അവരില്ലാതെ മാധ്യമ ശ്രദ്ധയും ഉണ്ടാകില്ല. അങ്ങനെ ചിന്തിച്ചപ്പോഴാണ് പോലീസുകാരെ ഉൾപ്പെടുത്തിയാൽ വ്യത്യസ്തമാകുമെന്നു തോന്നിയത്. ചിത്രം വ്യത്യസ്തമാവുകയും ഏറെ മാധ്യമ ശ്രദ്ധ ലഭിക്കുകയും ചെയ്തു.

ഇത്രയും പോലീസുകാരെ ഉൾപ്പെടുത്തി ആദ്യമായാണ് ഒരു ഷോർട്ട് ഫിലിം ഇറങ്ങുന്നത് തന്നെ. മാത്രമല്ല കുറ്റകൃത്യങ്ങൾക്കെതിരെയുള്ള ചിത്രം കൂടിയാണ് ഉണർവ്വ്. ഐജി വിജയൻ സർ അടക്കമുള്ള പോലീസ് മേധാവികൾ ചിത്രത്തിൽ അണിനിരന്നിരുന്നു.

തൃശ്ശൂരിലെ രാംധാസ് തിയേറ്ററിൽ ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനം തോനുന്ന നിമിഷമാണ്. എല്ലാ ചിത്രവും തിയേറ്ററിൽ പോയി കാണാറുള്ള ആളാണ് ഞാൻ. രാംധാസിൽ ഇരുന്ന് സിനിമ കാണുമ്പോൾ, സംവിധായകന്റെ പേരെഴുതി കാണിക്കുമ്പോൾ എന്റെ പേര് ഇതുപോലെ ഒന്നു വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ഉണർവ്വ് തിയേറ്ററിൽ പ്രദർശിപ്പിച്ചതോടെ എന്റെ സ്വപ്‌ന സാക്ഷാത്കാരമായിരുന്നു. എല്ലാവരും കയ്യടിച്ചപ്പോൾ നിറഞ്ഞത് എന്റെ മനസ്സാണ്.

അടുത്ത ഷോർട്ട് ഫിലിം ?

ഒരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. രണ്ടുമാസത്തിനുള്ളിലെ ഏതെന്ന് തീരുമാനമാകൂ. എന്തായാലും ചിത്രം ഒരുക്കുന്നത് മലയാളത്തിലല്ല. തമിഴിലാണ്. മലയാളം സിനിമകൾ ഓടണമെങ്കിൽ താരമൂല്യമുള്ള അഭിനേതാക്കൾ വേണം. തമിഴിൽ അങ്ങിനയില്ല. സബ്ജക്ട് നന്നായാൽ സിനിമയ്ക്ക് പ്രേക്ഷകരെ ലഭിക്കും. സൂപ്പർ സ്റ്റാർ കഴിഞ്ഞാൽ അവർ നോക്കുന്നത് പുതുമുഖങ്ങൾ ആണോ എന്നാണ്.
പത്ത് ആൾ കൂടുന്നിടത്തായാലും ഒന്നു മുഖം കാണിച്ചാൽ മതിയെന്നായിരുന്നു ആഗ്രഹം. എന്നാലിപ്പോൾ ഒരു സൂപ്പർ സ്റ്റാറിനെ വെച്ച് പടം ചെയ്യാമെന്ന ധൈര്യമുണ്ട്.

ഇപ്പോഴും അഭിനയമോഹമുണ്ടോ ?

ഇല്ല. ഇപ്പോൾ അഭിനയിക്കണമെന്നല്ല, ഞാൻ ചെയ്യുന്ന ചിത്രങ്ങൾ എല്ലാവരിലേക്കും എത്തിക്കണമെന്നതാണ് എന്റെ ആഗ്രഹം. ഏറ്റവും നന്നായി അത് ഒരുക്കുക എന്നതിനെപറ്റിമാത്രമാണ് മനസ്സിൽ.

കുടുംബത്തിൽനിന്നുള്ള സപ്പോർട്ട് ?

എന്റെ അച്ഛൻ പാറമടയിൽ പണി ചെയ്യുകയാണ്. അമ്മയും ഭാര്യയും രണ്ടര വയസ്സുള്ള ഒരു മകളുമുണ്ട്. സത്യത്തിൽ അവർക്കൊന്നും എന്താണ് സിനിമ എന്നൊന്നും അറിയില്ല. പിന്നെ എതിർപ്പുകളില്ല. വീട്ടിലെ കാര്യങ്ങൾക്കെല്ലാം ഓട്ടോ ഓടിത്തന്നെ പണമുണ്ടാക്കണം. ഇപ്പോഴും അതുതന്നെയാണ് വരുമാന മാർഗ്ഗം. ചിത്രീകരണം ഇല്ലാത്ത സമയങ്ങളിൽ വണ്ടി ഓടിക്കും പണമുണ്ടാക്കും കുടുംബം നോക്കും.

പത്താം ക്ലാസിൽ തോറ്റവനാണ് ഞാൻ. ഒമ്പതാം ക്ലാസിലും തോറ്റിട്ടുണ്ട് രണ്ടുവട്ടം. പഠിക്കാൻ ഭയങ്കര മടിയനായിരുന്നു. അത് എനിക്ക് പറ്റിയ പണിയേ അല്ല. അന്ന് എന്നെ പഠിപ്പിച്ചിരുന്ന അധ്യാപകൻ പറയുമായിരുന്നു നീ ഒരിക്കലും നന്നാവില്ലെന്ന്. അദ്ദേഹം തന്നെ ഈ അടുത്ത കാലത്ത് എന്നെ ഒരു ഉദ്ഘാടനത്തിന് ക്ഷണിച്ചു. അവിടെ വെച്ച് പറയുകയും ചെയ്തു ഞങ്ങൾക്ക് ഒരു സംവിധായകനെ കിട്ടി എന്ന്. അതൊക്കെ വലിയ സന്തോഷമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here