Advertisement

പനി ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജില്‍ പ്രത്യേക സംവിധാനം

July 24, 2016
Google News 1 minute Read

വര്‍ധിച്ചുവരുന്ന പനി ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട്, മെഡിസിന്‍-കാര്‍ഡിയോളജി വിഭാഗം മേധാവികള്‍, നഴ്‌സിംഗ് സൂപ്രണ്ട്, ഇന്‍ഫെക്ഷ്യസ് ഡീസീസ് ടീം, പീഡ് സെല്‍, ഹൗസ് കീപ്പിംഗ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന അവലോകന യോഗത്തെ തുടര്‍ന്നാണ് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയത്. പനി ചികിത്സയ്ക്കുള്ള ദേശീയ പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സകളാണ് മെഡിക്കല്‍ കോളേജില്‍ ക്രമീകരിക്കുന്നത്.

പനി ബാധിച്ചവരുടെ ചികിത്സയ്ക്കായി പ്രത്യേകം പനി വാര്‍ഡ് തുറന്നിട്ടുണ്ട്. 22ാം വാര്‍ഡാണ് ഇതിനായ് സജ്ജമാക്കിയത്. ഗുരുതരമായ രോഗികളെ ചികിത്സിക്കാനായി ആറ് കിടക്കകളുള്ള ഫീവര്‍ ഐ.സി.യു.യും തുടങ്ങി. ആവശ്യമെങ്കില്‍ മറ്റ് ഐ.സി.യു.വില്‍ നിന്നും ഈ ഐ.സി.യു.വിലേക്ക് വെന്റിലേറ്റര്‍ സൗകര്യവും ഏര്‍പ്പെടുത്തും. കൂടുതല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി നിലവിലെ പനി ക്ലിനിക് ശക്തിപ്പെടുത്തി. ക്ലിനിക്കല്‍ പത്തോളജി, ബയോ കെമിസ്ട്രി, മൈക്രോ ബയോളജി തുടങ്ങിയ മെഡിക്കല്‍ കോളേജിലെ സെന്‍ട്രല്‍ ലാബിലെ പനിക്കു വേണ്ടിയുള്ള അടിസ്ഥാന പരിശോധനകള്‍ (പ്ലേറ്റ്‌ലെറ്റ് കൗണ്ട് ഉള്‍പ്പെടെയുള്ളവ) സൗജന്യമാക്കി. ആരോഗ്യ വകുപ്പിന് കീഴിലുള്ള താലൂക്കാശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയെ ബന്ധിപ്പിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടെലി മെഡിസിന്‍ സംവിധാനവും ഏര്‍പ്പെടുത്തി. മെഡിക്കല്‍ കോളേജിലേക്ക് പനി ബാധിച്ചവരെ റഫര്‍ ചെയ്യുന്നതിനും ഇത്തരം ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് വിദഗ്‌ധോപദേശം നല്‍കുന്നതിനും വേണ്ടിയുള്ളതാണ് ഈ ടെലി മെഡിസിന്‍ സംവിധാനം. മഴയെത്തുടര്‍ന്ന് പനി ബാധിച്ച് ചികിത്സയ്ക്കായി എത്തുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് പനിക്കായി പ്രത്യേക സംവിധാനം ഒരുക്കുന്നതെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ് പറഞ്ഞു. പ്ലേറ്റ്‌ലെറ്റും മറ്റു രക്ത ഘടകങ്ങളും ആവശ്യത്തിനുള്ള അളവില്‍ ബ്ലഡ് ബാങ്കില്‍ ഉണ്ടെന്നുറപ്പു വരുത്തിയിട്ടുണ്ട്. പനി നിയന്ത്രണ വിധേയമാണെന്നും പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഏതുസാഹചര്യവും നേരിടാന്‍ മെഡിക്കല്‍ കോളേജ് സജ്ജമാണെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. പനിയുടെ ലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തി ചികിത്സ തേടണമെന്നും അധികൃതര്‍ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here