Advertisement

മാണിസാർ എൻഡിഎയിലേക്ക് പോവാത്തത് ഇഷ്ടക്കേട് കൊണ്ടല്ല!!

August 7, 2016
Google News 1 minute Read

 
കേരളാ കോൺഗ്രസിനെയും കൊണ്ട് കെ.എം.മാണി ഏത് പാളയത്തിലേക്കാണ് ചേക്കേറുക എന്ന ചോദ്യത്തിന് ഉത്തരം അറിയാൻ ഇനി നിമിഷങ്ങൾ മാത്രം. സമദൂരസിദ്ധാന്തം എന്ന് പ്രഖ്യാപിച്ചെങ്കിലും അത് മാണി സാറിന്റെ രാഷ്ട്രീയതന്ത്രം മാത്രമെന്ന് എല്ലാവർക്കുമറിയാം.എടുത്തുചാടി ഇടതിനൊപ്പമോ എൻഡിഎയിലേക്കോ ഇറങ്ങിത്തിരിക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിലാവില്ല.എങ്കിലും രണ്ടില എങ്ങോട്ടാണ് ചാഞ്ഞു തുടങ്ങുന്നതെന്ന് ഇന്ന് അറിയാം.
സമദൂര നിലപാട് സ്വീകരിച്ച് നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാമെന്ന തീരുമാനം ഒരു മറ മാത്രമാണ്. അടുത്ത തെരഞ്ഞെടുപ്പ് വരെ അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടി ഇടതുപക്ഷത്തെയും എൻഡിഎയെയും മോഹിപ്പിക്കാനുള്ള തന്ത്രം.ബാർ കോഴക്കേസിന്റെ കറ പുരണ്ട ഇമേജാണ് മാണിയെ സ്വീകരിക്കുന്നതിൽ നിന്ന് ഇടുപാളയത്തെ തടയുന്നത്. മാണിയെയും കൂട്ടരെയും ഇപ്പോൾ സ്വാഗതം ചെയ്താൽ അത് സർക്കാരിന്റെ പ്രതിച്ഛായ പോലും അപകടത്തിലാക്കും. അതേസമയം,സമദൂരസിദ്ധാന്തമെന്ന മാണി തന്ത്രത്തെ കൂട്ടുപിടിച്ച് യുഡിഎഫിനെ ആക്രമിക്കാമെന്ന മനക്കോട്ട ഇടതുപക്ഷം മെനയുന്നുണ്ടെന്ന് ഉറപ്പ്.ചെമ്പട മുമ്പ് മാണിയുമായി പലവട്ടം ചർച്ച നടത്തിയിരുന്നു എന്ന രഹസ്യം പരസ്യമായതുമാണല്ലോ. മാണിയെ ഉപദേശിച്ചുകൊണ്ടുള്ള കോടിയേരി ബാലകൃഷ്ണന്റെ കഴിഞ്ഞ ദിവസത്തെ ലേഖനം കൂടി കൂട്ടിവായിച്ചാൽ ഇടതുനയം വ്യക്തം.

എൻഡിഎയ്‌ക്കൊപ്പം പോവാൻ മാണിസാറിനും ജോസ്‌മോനും പൊന്നുംമനസ്സാണ് എന്നത് സത്യം. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി ജോസ് കെ മാണി ചർച്ച നടത്തി കാര്യങ്ങൾ ഏകദേശ ധാരണയിലെത്തിച്ചതുമാണല്ലോ. ഒരു കേന്ദ്രസഹമന്ത്രിസ്ഥാനത്തിൽ കുരുക്കി കേരളാ കോൺഗ്രസിനെ ഒപ്പം കൂട്ടാനുള്ള എൻഡിഎ നീക്കം ഇവിടുത്തെ നസ്രാണിവോട്ടുകൾ കണ്ടുകൊണ്ടുള്ളതു തന്നെ. എൻഡിഎയ്ക്ക് അതിലൂടെ മതേതരച്ഛായ കൈവരികയും ചെയ്യുമല്ലോ. കഴിഞ്ഞ കുറച്ചുകാലങ്ങളായി മാണിസാർ ബിജെപിയോട് സ്വീകരിച്ചിരുന്ന മൃദുസമീപനത്തിന്റെ കാതലും ഇതുതന്നെ.

പിന്നെ എന്തുകൊണ്ട് എൻഡിഎയിലേക്ക് പോവില്ല എന്ന മാണി സാറിന്റെ പ്രഖ്യാപനം? അതിന് കാരണക്കാരൻ പിജെ ജോസഫ് തന്നെ. പാർട്ടിയുടെ എൻഡിഎ പ്രവേശത്തെ ജോസഫിന് മേൽക്കൈയ്യുള്ള മൂന്ന് ജില്ലാക്കമ്മിറ്റികൾ നഖശിഖാന്തം എതിർക്കുകയാണ്. എൻഡിഎയിലേക്ക് പോവാൻ തീരുമാനിച്ചാൽ മാണിയും ജോസഫും വീണ്ടും രണ്ടാവും. ആ സമ്മർദ്ദത്തിനു വഴങ്ങി തല്ക്കാലം സമദൂരസിദ്ധാന്തം സ്വീകരിച്ചിരിക്കുകയാണ് മാണിസാർ.

എന്തായാലും യുഡിഎഫിനെ പൂർണമായും ഉപേക്ഷിച്ച് പ്രത്യേക ബ്ലോക്കാവുന്നതിനോടോ രണ്ടിലയിൽ താമര വിരിയിക്കുന്നതിനോടോ ജോസഫ് ഗ്രൂപ്പിന് താല്പര്യമില്ല. ജോസഫിനെ പിണക്കണമെന്ന് മാണിക്ക് ആഗ്രഹവുമില്ല. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാവും ആ ചരിത്രപരമായ ചരൽക്കുന്ന് തീരുമാനം പുറത്തുവരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here