Advertisement

കോട്ടയത്തെത്ര മത്തായിമാർ പോലൊരു ഇത്!

August 31, 2016
Google News 0 minutes Read

അതിഭയങ്കരമായ ആ ദുരന്തം നടന്നത് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ്. തുറന്നുവെച്ച ടി വി ചാനലിന്റെ വാർത്തനേരത്തു താഴെ ഒഴുകി നീങ്ങുന്ന വാർത്ത ശകലങ്ങളെ കീറിനുണഞ്ഞുകൊണ്ടിരിക്കുമ്പോളാണ് ഒരു ഭ്രാന്തു എന്നെ പിടികൂടുന്നത്. ഏതോ അഭിശപ്ത നിമിഷത്തിൽ പഴയ പ്രധാനമന്ത്രി പി വി നരംസിംഹ റാവുവിനെ ഓർമ്മ വന്നു. മുനിയേപ്പോലെ മിണ്ടാണ്ടിരുന്ന അങ്ങേരുടെ ആത്‌മകഥയുടെ പേര് എത്ര ശ്രമിച്ചിട്ടും കിട്ടുന്നില്ല.

ഗുഗിളിൽ പരതി നോക്കി. പി സ്പെയ്സ് അടിച്ചപ്പോഴേ വന്നു പി വി സിന്ധു കാസ്റ്റ് …. ങേ ! എന്നാൽ ഒന്നറിയണമല്ലോ . ഞാനും നോക്കി. ഓ മ്മക്കറിയാത്ത ഒരു ജ്ജാതി പേര്. ഈ നിമിഷമാണ് അത് കേറി പിടിച്ചത്. പ്രാന്ത്.

അവതാരകൻ ചട്ടമ്പി സ്വാമികളെ പകുത്ത് ഇരു ചേരിക്കുമായി ആഘോഷിക്കുവാൻ വീതം വെച്ച് കലിപ്പ് തീർത്തു. ഒരു കൂട്ടർ ചട്ടമ്പിയെയും മറു കൂട്ടർ സ്വാമികളെയും കൊണ്ട് വണ്ടിവിട്ടു.

നാല് അണ്ണമ്മാര് ടി വീടെ നെഞ്ഞുംമേ കേറിനിന്ന് നമ്മളെ കുറിച്ച് വാതോരാതെ സംസാരിക്കുന്നു. കോട്ടയത്തു എത്ര മത്തായിമാർ എന്ന് തോന്നിയപോലൊരു തോന്നൽ എന്റെ അടി നാഭീന്നു ഉയർന്നുവന്നു. ലവന്മാർ ഏതു ജാതി മനുഷ്യന്മാരാ. നോക്കണേ കാര്യങ്ങടെ ഒരു പോക്കേ. അവതാരകനേ അറിയാം. കു‌ടെ ജോലിചെയ്തതാ. ആള് ക്രിസ്ത്യാനി, സുറിയാനി. ജാതിയില്ല. രണ്ടാളുടെ ജാതി അല്പം ബുദ്ധി ഉപയോഗിച്ചു കണ്ടെത്തി. മോന്ത പുസ്‌തകത്തിൽ നിന്ന്. മൂന്നാമത്തേവന്റെ കാര്യത്തിൽ സംഗതി ഗുരുതരമാ. അപ്പന്റെ പേരിലും മക്കടെ പേരിലും വാലില്ല. കുടുബം മുഴുവൻ ദേശീയ പ്രസ്ഥാനത്തിൽ മുഴുകിയവരാ. ഒരു സെക്കുലർ ലൈൻ. തിരുവനന്തപുരത്തു പഠിക്കാൻ വന്ന കാലത്തു പരിചയപെട്ടവർ അച്ഛന്റെ പേര് ചോദിച്ചു സംതൃപ്തി അടഞ്ഞത് എന്തരാണെന്നു ഇപ്പോഴാ മനസിലായത്. ഇവന്റെ പേരോ ഒരുമാതിരി യൗഗന്ധരായണൻ മട്ടിലുള്ളതും.

ജനിക്കുന്ന പിള്ളാർക്ക് ജാതിയും വാലുമുള്ള പേരിടണം

ഇതിനിടെ അവതാരകൻ ചട്ടമ്പി സ്വാമികളെ പകുത്ത് ഇരു ചേരിക്കുമായി ആഘോഷിക്കുവാൻ വീതം വെച്ച് കലിപ്പ് തീർത്തു. ഒരു കൂട്ടർ ചട്ടമ്പിയെയും മറു കൂട്ടർ സ്വാമികളെയും കൊണ്ട് വണ്ടിവിട്ടു. ഇപ്പോഴാണ് എന്റെ ജീവിതത്തിൽ നിന്ന് ഒരു മണിക്കൂർ മാഞ്ഞു പോയത് ഞാനറിഞ്ഞത്. 20 ലക്ഷം പേര് ഇങ്ങനെ ജാതി തെരഞ്ഞു ഊർജം കളഞ്ഞെങ്കിൽ വിഷയം സീരിയസ്സാ. ഇതിനു ഒരു പരിഹാരമേ കാണുന്നുള്ളൂ. നിയമനിർമാണം. ജനിക്കുന്ന പിള്ളാർക്ക് ജാതിയും വാലുമുള്ള പേരിടണം. ഇത്തരത്തിൽ അല്ലാതെയും സെക്കുലർ പേര് ഇടുന്നവരിൽനിന്നും വരുമാന നികുതി സെസ്സായി 5000 രൂപ ഈടാക്കണം. ജെയ്റ്റിലി അവറുകൾ നടപ്പാക്കും. നോക്കിക്കോ.

ജാതി നിലനിൽക്കുന്നെങ്കിൽ എന്തിനാ ഒളിച്ചോടുന്നത്. നേരിടണം, വിശേഷിച്ചു രാഷ്ട്രീയ പാർട്ടികൾ. ഇതു തന്നെയാ കന്തൻപുലയൻ ഇതു നേരത്തെ പറഞ്ഞതാണ്. ഹത ഹന്തത ഹന്തത എന്ന്. ബഷീർ ഇതു തെറ്റിച്ചു “അതവിടെതന്നെ ഉണ്ട്” എന്ന് മൊഴിമാറ്റി . യഥാർത്ഥ അർഥം ഇങ്ങനെ ആണ് “വർഗ വ്യവസ്‌ഥയും ജാതിവ്യവസ്ഥയും ഒന്നാണ് “. അല്ലെങ്കിൽ തന്നെ ബിരിയാണി തിന്നുന്നവൻ അറിയണ്ടേ അത് മട്ടൻ ആണോ ബിഫ് ആണോ എന്ന്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here