Advertisement

നടനകലയുടെ സൗകുമാര്യം

October 6, 2016
Google News 1 minute Read

അഭിനയിച്ച സിനിമകളുടെ എണ്ണത്തിൽ റെക്കോർഡ് നേടിയെങ്കിലും സുകുമാരിയമ്മ എന്ന സർഗ്ഗപ്രതിഭയെക്കുറിച്ചാലോചിക്കുന്പോൾ ആർക്കെങ്കിലും ഒരു പ്രത്യേക കാറ്റഗറിയിലുള്ള റോളുകൾ മനസിലേക്ക് ഓടിയെത്തുമോ? ഇല്ല എന്നു കണ്ണടച്ച് തന്നെ പറയാം. എവിടെയും പിടിതരാതെ തന്റേടവും ,മിടുക്കും, ഉശിരും ദൈന്യതയും, ഹാസ്യവും നിറഞ്ഞ ഒരു പിടി കഥാപാത്രങ്ങളങ്ങനെ മുന്നിൽ വന്നു തെളിഞ്ഞു നിൽക്കും. അതാണ് സുകുമാരിയമ്മ.. എത്ര തവണ അഭിനയിച്ചതരം വേഷങ്ങളാണെങ്കിലും ഓർമ്മിക്കപ്പെടാൻ കഥാപാത്രത്തിൽ എന്തെങ്കിലുമൊക്കെ ബാക്കിവച്ചിരിക്കും

ഒരിക്കലും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാത്ത നടിയായിരുന്നു സുകുമാരി. കഥാപാത്രത്തോടുള്ള ആത്മാര്‍ത്ഥത, അഭിനയത്തോടുള്ള അര്‍പ്പണബോധം. ഇവ രണ്ടുമായിരിക്കും ഒരിക്കല്‍ പോലും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാതിരിക്കാന്‍ സുകുമാരിയെ സഹായിച്ചത്.

അതുകൊണ്ടാണല്ലോ കലാലോകത്ത് സുകുമാരിയമ്മയുടെ വിടവ് ഇന്നും നികത്തപ്പെടാതെ അവശേഷിക്കുന്നത്.. മൂന്നു വർഷം മുന്പ് ഇതേ ദിവസമാണ് സർഗ്ഗജീവിതം നമ്മെ വിട്ടുപിരിഞ്ഞത്. പൂജാമുറിയിലെ വിളക്കിൽ നിന്നും തീ പൊള്ളലേറ്റ് ഒടുക്കം വൃക്കകൾ തകരാറിലായി മരണപ്പെട്ടപ്പോൾ 60 വർഷം നീണ്ട അഭിനയ സപര്യയയാണ് അണഞ്ഞുപോയത്.

എട്ടാം വയസ്സിൽ സിനിമയിൽ എത്തിയതു മുതൽ 73 ാം വയസ്സിൽ മരണത്തിനു കീഴടങ്ങുന്നത് വരെ സിനിമ വിട്ടൊരു ജീവിതം ഇല്ലാതിരുന്ന ഒരേ ഒരു നടിയായിരുന്നു സുകുമാരി. ഇന്ത്യൻ സിനിമയിൽ തമിഴ് നടി മനോരമ മാത്രമാണ് ചിത്രങ്ങളുടെ എണ്ണത്തിൽ സുകുമാരിയമ്മയ്ക്ക് ഒപ്പമെത്തിയിട്ടുള്ളത്.

1940 ഒക്ടോബർ ആറിന് നാഗർകോവിലിലാണ് സുകുമാരി ജനിക്കുന്നത്.
തിരുവിതാംകൂർ സഹോദരിമാരെന്നറിയപ്പെട്ട ലളിത പത്മിനി രാഗിണി മാരുടെ ബന്ധുവായിരുന്നു സുകുമാരിയമ്മ.  എട്ടാം വയസ്സിൽ നേരറിവ് എന്ന തമിഴ് സിനിമയിലൂടെയായിരുന്നു വെള്ളിത്തിരയിലെ അരങ്ങേറ്റം. തസ്കരവീരനാ യിരുന്നു ആദ്യ മലയാളചിത്രം.

കുസൃതിക്കുട്ടൻ, തച്ചോളി ഒതേനൻ, യക്ഷി, അരപ്പട്ടകെട്ടിയ ഗ്രാമം എന്നു തുടങ്ങി അവസാന ചിത്രം 2012 3ജി ചെയ്യുന്പോഴേക്കും സിനിമകളുടെ എണ്ണം രണ്ടായിരത്തി അഞ്ഞൂറു കഴിഞ്ഞു. മലയാളം തമിഴ് ഭാഷകൾക്കു പുറമെ തെലുങ്ക്, കന്നട, ബംഗാളി, ഹിന്ദി, ഒറിയ എന്നീഭാഷകളിൽ അഭിനയിക്കുകയും അതിൽ കഥാപാത്രങ്ങൾക്കെല്ലാം സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തു എന്ന പ്രത്യേകതകൂടിയുണ്ട്‌.

സത്യൻ, പ്രേം നസീർ എന്നിവരുടെകൂടെ അറുപത് കാലഘട്ടത്തിലെ ബ്ലാക്ക് ആന്റ്
 വൈറ്റ് ചിത്രങ്ങളിൽ നിന്ന് കളർ
ഡിജിറ്റൽ യുഗത്തിൽ പുതുതലമുറയോടൊപ്പം അഭിനയിക്കുന്പോൾ സിനിമയിലെ എല്ലാ മാറ്റങ്ങൾക്കുമൊപ്പം സമാന്തരമായി സഞ്ചരിച്ചുവെന്ന ഒരു അപൂർവ്വതകൂടി ലഭിച്ചു സുകുമാരിയമ്മയക്ക്.

2003 ല്‍ ലഭിച്ച പദ്മശ്രീ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ സുകുമാരിയ്ക്ക് ലഭിച്ചട്ടുണ്ട്. 1974,1979, 1983, 1985 വര്‍ഷങ്ങളില്‍ മികച്ച സഹനടിയ്ക്കുള്ള കേരള സര്‍ക്കാറിന്റെ പുരസ്‌കാരങ്ങള്‍ ലഭിച്ചു. നമ്മ ഗ്രാമം എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് 2011 ല്‍ സഹനടിയ്ക്കുള്ള ദേശീയ അംഗീകാരംവും ലഭിച്ചു. മിഴികള്‍ സാക്ഷി എന്ന സിനിമയിലെ അഭിനയത്തിന് തലനാരിഴയ്ക്കാണ് സുകുമാരിയ്ക്ക് മലയാളത്തിലെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നഷ്ടമായത്.

പൂജാമുറിയിലെ വിളക്കിൽനിന്ന് തീ പടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയവേ ഹൃദയാഘാതം വന്ന് 2013 മാർച്ച് 26ന് സുകുമാരിയമ്മ സിനിമാ ലോകത്തോട് വിടപറഞ്ഞു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here