Advertisement

പാലിയം ഇന്ത്യ; മരവിച്ച മനസ്സുകൾക്ക് സാന്ത്വനം

October 21, 2016
Google News 1 minute Read
pallium

വേദനയുടെയും ഒറ്റപ്പെടലിന്റെയും ലോകത്ത് സാന്ത്വനവുമായെത്തുന്ന പാലിയേറ്റീവ് കെയർ യൂണിറ്റുകൾ ലോകത്ത് ഉടനീളമുണ്ട്. പാലിയേറ്റീവ് കെയർ എന്നാൽ രോഗത്തെ ചികിത്സിക്കലല്ല, രോഗാനുബന്ധമായി എത്തുന്ന അസ്വസ്ഥതകളിൽനിന്ന് രോഗിയെ രക്ഷിച്ചെടുക്കലാണ്. രോഗികൾക്ക് സാന്ത്വനവുമായി തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാലിയം ഇന്ത്യ ചെയ്തു വരുന്നതും അതുതന്നെ.

ക്യാൻസർ, എയിഡ്‌സ്, മറ്റ് എന്ത് ഗുരുതര രോഗമായാലും ഒപ്പം മറ്റനേകം അസുഖങ്ങളും ഓടിയെത്തും. മിക്ക രോഗികൾക്കും വേദന, മാനസിക സമ്മർദ്ദം, ഏകാന്തത എല്ലാമായികരിക്കും കൂട്ട്. ഇത്തരം കൂട്ടുകളെ ഒഴിവാക്കി അവർക്കൊരു വലിയ കൂട്ടുകെട്ടായി, സാന്ത്വനമായി എത്തുകയാണ് പാലിയം ഇന്ത്യ.

രോഗിയ്ക്ക് നൽകുന്ന വൈകാരിക ചികിത്സയെന്നും ഇതിനെ വിളിക്കാം. ചികിൽസയുടെ ഉയർന്ന പണച്ചെലവ്, സാമ്പത്തിക പ്രയാസം, തൊഴിൽ നഷ്ടമാകൽ എന്നിവയും രോഗത്തോടൊപ്പം രോഗിയെ മാനസികമായി അലട്ടും. ഈ പ്രശ്‌നങ്ങൾക്കെല്ലാം ആശ്വാസവും ഉത്തരവുമാകുക കൂടിയാണ് ഇവിടം.

നട്ടെല്ലിനു പരിക്കേറ്റ് അരയ്ക്കു താഴെ തളർന്ന് പാലിയം ഇന്ത്യയിലെത്തിപ്പെട്ട ജ്യോതി കുമാറിന് പറയാനുണ്ട് ചിലത്. പാലിയം ഇന്ത്യ സമ്മാനിക്കുന്ന പുതിയ വീക്ഷണവും സ്വപ്‌നങ്ങളെ പറത്തിവിടാനുള്ള മനസ്സും, തുറന്ന് പറയുകയാണ് അദ്ദേഹം.

ജ്യോതിഷ് കുറിക്കുന്നു…

ജന്മസാഫല്യം എന്നത് ആശിച്ചതൊക്കെയും നിറവേറാൻ കഴിയുമ്പോഴുള്ള പൂർത്തീകരണവും ആശിക്കാത്തവ പ്രതീക്ഷിക്കാതെ സംഭവിക്കുന്ന യാഥാർത്ഥ്യവും ചേർന്ന സുഖദുഃഖസമ്മിശ്രണം അനുസരിച്ചിരിക്കുന്നു. ഇന്ന്, ഇപ്പോൾ ഒരു ദശാബ്ദകാലത്തെ തിരിഞ്ഞുനോട്ടത്തിൽ ഓർമ്മയിൽ സൂക്ഷിക്കുന്ന കുറെ സന്ദർഭങ്ങൾ ഞാൻ ഇവിടെ കുറിക്കട്ടെ. ആദ്യമായി, ‘പാലിയേറ്റീവ് കെയർ’ എന്ന പദം എൻറെ ഹൃദയത്തോട് ചേർത്തു വയ്ക്കാൻ നിമിത്തമായ നിലമ്പൂർ പാലിയേറ്റീവ് കെയർ. 2003ൽ എൻറെ കുടുംബത്തിലെ നെടുംതൂണായിരുന്ന ആർ. പി. ശാരദ എന്ന ശാരദച്ചേച്ചി. അവരുടെ വേർപാടിനു മുൻപ് വേദനയുടെ രൂപത്തിൽ അവരെ കാർന്നുതിന്ന കാൻസർ. അതു ഞങ്ങളെ എല്ലാവരെയും കരയിച്ചു കടന്നു പോയ നിമിഷങ്ങളിൽ സാന്ത്വനമായി, സ്‌നേഹസ്പർശമായി കരുണാർദ്രമായി ഞങ്ങൾക്കൊപ്പം കൂടെ നിന്ന നിലമ്പൂർ പാലിയേറ്റീവ് കെയർ ക്ലിനിക്കിലെ ഹമീദ് സാറും വോളൻറിയർമാരും നൽകിയ സേവനങ്ങൾ എത്ര തന്നെ സ്മരിചാലും തീർന്നു പോകുന്നതല്ലെന്നറിയിക്കട്ടെ.

ആ ബന്ധം വീണ്ടും ഞാൻ അറിയുന്നത് 2006ൽ നട്ടെല്ലിനു പരിക്കേറ്റ് അരയ്ക്കു താഴെ തളർന്ന് എല്ലാവർക്കും ഒരു ശാപമായി ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലത്തിൽ വച്ചാണ്. ഇനി എന്തിനാണ് നീ ജീവിക്കുന്നത് എന്ന സന്ദർശകർക്കിടയിലെ ചിലരുടെ മൊഴിയും എൻറെ എല്ലാമെല്ലാമായവരുടെ ആത്മനിന്ദാപൂർണ്ണമായ സമീപനവും എന്നെ വല്ലാതെ തളർത്തിയ നേരങ്ങളിൽ എൻറെ ചികിത്സാഭാരം ഏറ്റെടുത്ത് എൻറെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിച്ച് ജീവിതത്തിൻറെ ചുമടുതാങ്ങിയായി നിർണ്ണായക സ്ഥാനം വഹിക്കുന്ന എൻറെ പാലിയം ഇന്ത്യ. ഞാൻ എവിടെ ആയിരുന്നാലും നിങ്ങളോടെല്ലാം ആദരവും നന്ദിയും ഉണ്ടായിരിക്കും. നിത്യവും നിങ്ങൾക്ക് ക്ഷേമമുണ്ടാകട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു.

jyothikumar

2010ൽ നിലമ്പൂരിൽ നിന്നും തിരുവനന്തപുരത്ത് എത്തി ചികിത്സാർത്ഥം മോർച്ചറിക്കു സമീപം സ്‌ട്രെച്ചറിൽ കിടക്കുമ്പോൾ ഒരിക്കലും ഞാൻ ഓർത്തില്ല ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റെഷൻ (പി.എം.ആർ.) വിഭാഗത്തിൽ എത്തിപ്പെടുമെന്ന്.

ഇന്ന് എൻറെ മെച്ചപ്പെട്ട അവസ്ഥയ്ക്കു കാരണഭൂതരായ എത്രയോ പേർ! അവരിൽ ചിലർ, പി. എം. ആർ. പ്രൊഫസർ ശ്രീകലാമാഡം, ഡോ. സെൽവൻസാർ, ഡോ. ജോർജ് സക്കറിയ സാർ, ഡോ. ഉണ്ണികൃഷ്ണൻ, ബാലരാമപുരം പ്രാഥമിക ആരോഗ്യവിഭാഗം സ്റ്റാഫ് അംഗങ്ങൾ, ബാലരാമപുരം പാലിയേറ്റീവ് കെയർ പ്രവർത്തകർ.

dsc00863-1

2013ൽ ചെഷയർ ഹോം എന്ന മഹത് സ്ഥാപനത്തിൻറെ സെക്രട്ടറി വിമലമാഡത്തിൻറെ മുൻപിൽ ശ്രീകല മാഡത്തിൻറെ നിർദ്ദേശാനുസരണം എത്തിപ്പെട്ടു. എത്രയോ മഹത് വ്യക്തികളുടെ പാദസ്പർശമേറ്റ ഈ പുണ്യഭവനത്തിൽ ഒരു അംഗമാവാൻ കഴിഞ്ഞതിൽ അഭിമാനം കൊള്ളുന്നു. കലയെയും കലാകാരന്മാരെയും അന്നോളം ഇന്നോളം പരിപോഷിച്ച് അവരുടെ ക്ഷേമത്തിന് ഇവർ ശ്രമിക്കുന്നു. കൂട്ടത്തിൽ നിരാലംബരും അവശരും അശരണരുമായ എന്നെപ്പോലെ പരസഹായത്തിൽ വീൽചെയറിൽ ജീവിക്കുന്നവർക്ക് ആശ്വാസവും അഭയകേന്ദ്രവുമാണ് ഈ സ്ഥാപനം.

ജീവിതം ചിലപ്പോഴൊക്കെ ഇങ്ങനെയാണ്. എല്ലാം അവസാനിക്കുന്നിടത്ത് നിന്നു തുടങ്ങി, എല്ലാം തുടങ്ങുന്നിടത്ത് അവസാനിക്കുന്നു. അല്ലെങ്കിൽ ഒരു ഉറവയായി ഒഴുകി ഒരു പുഴയായി തീരുന്നു. അങ്ങനെ കാണാനാണ് എനിക്കിഷ്ടം. അനുഭവങ്ങൾ എന്നെ പഠിപ്പിച്ചതും അതാണ്. ദുഃഖത്തിൻറെയും വേദനയുടെയും രോഗത്തിൻറെയും പ്രതികൂലഘട്ടങ്ങളിൽ ചിത്രം എഴുതിയും വ്യത്യസ്തതയാർന്ന സൃഷ്ടികളിൽ മുഴുകിയും കവിതാസ്വാദനവും ചില രചനകളും നിത്യവൃത്തിയാക്കി ഞാൻ കഴിയുന്നു. ഏകാന്തതയുടെ വിരസതമാറ്റുവാൻ എന്നെക്കാൾ ശാരീരിക വൈഷമ്യങ്ങൾ ഉള്ളവർ നേടിയ വിജയത്തിൻറെ നേർക്കാഴ്ചകളിൽ ഞാൻ മുഴുകുന്നു. അവരെ എൻറെ റോൾ മോഡൽ ആക്കാൻ കഴിഞ്ഞു എന്നതിലും ഞാൻ അഭിമാനിക്കുന്നു.

img_0155

2013ന് ശേഷം എനിക്ക് എൻറെ കുഞ്ഞനുജൻ സമീറിനെ ലഭിച്ചു. ഞങ്ങൾ ഒരുമിച്ച് പല കാര്യങ്ങളും ചെയ്യാൻ അവസരം ലഭിച്ചു. പാലിയം ഇന്ത്യയിലെ പ്രവർത്തകരായ ബാബുസാറും ഷിബുസാറും മറ്റു മഹത് വ്യക്തികളും മുഖാന്തരം എനിക്കും സമീറിനും അവരുടെ സേവനങ്ങൾ ലഭിച്ചു. അതിൽ നിന്നും ഞങ്ങൾക്കു ലഭിച്ച ആനന്ദാനുഭൂതി കൂടെ ഇവിടെ പങ്കുവച്ചില്ലായെങ്കിൽ എന്നെപ്പോലെ പരസഹായം കൂടാതെ ജീവിക്കുന്നവർക്ക് എന്താണിതിൽ കാര്യമെന്നേ തോന്നൂ.
പ്രിയ സുഹൃത്തുക്കളെ, ഏതെങ്കിലും പരിമിതികളുടെ അതിർത്തിയിൽ അവയെ താലോലിച്ചും വൈകല്യങ്ങളെ പരിപോഷിപ്പിച്ചും വിങ്ങിക്കഴിയുന്നനേരം അരികിലെത്തി ‘ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ’ എന്ന ആപ്തവാക്യം യാഥാർത്ഥ്യമാക്കിയപ്പോൾ ആ സൗഭാഗ്യം അനുഭവിക്കുകയാണ് ഞാനും എൻറെ അനുജൻ സമീറും.

നീണ്ട പത്തുവർഷങ്ങൾക്കു ശേഷം ഒരു കൂട്ടായ്മയിൽ പങ്കു ചേരുക എന്നത് വെറും സ്വപ്നമായേ കരുതിയിരുന്നുള്ളൂ. എന്നാൽ പാലിയം ഇന്ത്യ അവരുടെ എല്ലാ വിശേഷങ്ങളിലും പങ്കെടുപ്പിക്കുവാൻ നടത്തിയ ക്ലേശകരമായ ശ്രമം ഞങ്ങളെ ധന്യരാക്കി. അനന്തതയുടെ വിഹായസ്സിൽ പാറിപ്പറക്കാൻ തുടിക്കുന്ന ഞങ്ങളുടെ സ്വപ്നങ്ങളെയും സങ്കടങ്ങളെയും കുടുംബസംഗമങ്ങളിലും എക്‌സിബിഷനും പങ്കെടുപ്പിച്ച് നിങ്ങൾ തൊട്ടറിഞ്ഞു. പണ്ട് എഴുന്നേറ്റു നടന്ന് എന്തൊക്കെയോ നേടിയെന്നു ഞങ്ങൾ കരുതിയിരുന്ന മിഥ്യാധാരണ എത്ര ശൂന്യമായിരുന്നുവെന്ന് അറിഞ്ഞ് ശംഖുമുഖം കടലിൽ ഞങ്ങൾ അനുഭവിച്ച സ്വർഗീയ മഹത്വം.

അതേ കൂട്ടുകാരെ, മരവിച്ച മനസ്സും വേദനിക്കുന്ന അവയവങ്ങളിൽ നെടുവീർപ്പിൻറെ ശാപവും പേറുന്ന ഒന്നു ചലിപ്പിക്കാൻ കഴിയാത്ത ശരീരം ആ മഹാപ്രവാഹിനിയിൽ സ്പർശിച്ചപ്പോൾ അലിഞ്ഞില്ലാതായത് എന്താണ്? ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അതു മനസ്സിലാകുമെന്ന് ഞാൻ കരുതുന്നു.

Pallium India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here