Advertisement

ചെറിയ വരകളിലെ വലിയ അർത്ഥങ്ങൾ നജീബിന് വേണ്ടി

October 30, 2016
Google News 2 minutes Read
justicefornajeeb

നാട്ടുംപുറത്തെ ഒരു സ്‌കൂളിൽ ഏതെങ്കിലും ഒരു വിദ്യാർത്ഥിയെ കാണാതായാൽ അവിടെ ആകെ ഒരു ബഹളമായിരിക്കും. അധ്യാപകർ തന്റെ കുഞ്ഞെന്ന പോലെ ആ വിദ്യാർത്ഥിയ്ക്ക് വേണ്ടി ഉള്ളുരുകി തെരഞ്ഞുകൊണ്ടിരിക്കും. കൂട്ടുകാരനെയോ കൂട്ടുകാരിയെയോ കാണാത്ത ആവലാതിയിൽ മറ്റ് കുട്ടികൾ അവർക്ക് വേണ്ടി പ്രാർത്ഥനയിലായിരിക്കും, തലേനാൾ വരെ തല്ലു കൂടിയവരായിരിക്കും ആദ്യം കരഞ്ഞുകൊണ്ട് തെരച്ചിലിനിറങ്ങുക.

ചുറ്റുമുള്ള കുളവും പൊട്ടക്കിണറും വേണ്ട, കുടത്തിൽ വരെ നോക്കും. ഇതെല്ലാം കണ്ട് നാട്ടുകാരും ഒപ്പം കൂടും. ഒടുവിൽ എവിടെ നിന്നെങ്കിലും ആ കുട്ടിയെ കണ്ടെത്തും. ആദ്യം എവിടെയായിരുന്നെടാ എന്ന് ചോദിച്ച് ശാസന, പിന്നെ കെട്ടിപ്പിടിച്ച് നെഞ്ചോട് ചേർക്കും. ഇതെല്ലാം ഒരു സാധാരണ നാട്ടുംപുറത്തെ സ്‌കൂളിൽനിന്ന് വിദ്യാർത്ഥിയെ കാണാതാകുമ്പോഴുണ്ടാകുന്ന അവസ്ഥ, നിപിൻ നാരായണന്റെ ഓർമ്മയിൽ.

എന്നാൽ ഇങ്ങനെയൊന്നുമല്ല ഇന്ന്. നജീബെന്ന വിദ്യാർത്ഥിയെ ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽനിന്ന് കാണാതായിട്ട് രണ്ടാഴ്ച കഴിഞ്ഞു. ആർക്കും ആവലതികളില്ല, ആരും തെരഞ്ഞിറങ്ങുന്നില്ല. ഒരു അധ്യാപകന്റെയും അധ്യാപികയുടെയും ഉള്ള് അവന് വേണ്ടി ഉരുകുന്നില്ല. തൊട്ടടുത്തിരുന്നു പഠിച്ച, ഇന്നലെ വരെ അടികൂടിയ ഒരു കൂട്ടുകാരനും അവനെ വേണമെന്നില്ല….

വരകൾകൊണ്ടും വർണങ്ങൾകൊണ്ടും വാചാലമാകുന്ന നിബിൻ നാരായണൻ എന്ന കലാകാരൻ നജീബ് അഹമ്മദ് എന്ന വിദ്യാർത്ഥിയുടെ തിരോധാനത്തിൽ പ്രതിഷേധിക്കുന്നത് വലിയ അർത്ഥമുള്ള കുഞ്ഞു വാചകങ്ങളിലൂടെ. നാട്ടുംപുറത്തിന്റെ, ചെറിയ ക്ലാസുകളിലെ നന്മ വളർച്ചയിൽ എപ്പോഴോ നഷ്ടപ്പെടുന്‌നുവെന്ന ആവലാതിയുണ്ട് ആ വരികളിൽ. വലിയ കെട്ടിടങ്ങളിൽ ഇടുങ്ങിയ മനസ്സുമായി പഠിക്കാനും പഠിപ്പിക്കാനുമായി ഇറങ്ങുന്നവർ അറിയണം ഗ്രാമത്തിലെ സർക്കാർ സ്‌കൂളുകളെ, കണ്ടെത്തണം നജീബിനെ…

ഒക്ടോബർ 15 ശനി മുതലാണ് ബയോടെക്‌നോളജി വിദ്യാർത്ഥിയായ നജീബ് അഹമ്മദിനെ ജെഎൻയുവിൽനിന്ന് കാണാതാകുന്നത്. ഒക്ടോബർ 14ന് രാത്രി നജീബും എബിവിപി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായതായും തുടർന്നാണ് നജീബിനെ കാണാതാകുന്നത് എന്നുമാണ് ജഎൻയുവിലെ ഇടത് ആക്ടിവിസ്റ്റുകൾ ആരോപിക്കുന്നത്. എന്നാൽ അധികൃതർക്കോ പോലീസിനോ നജീബിനെ ഇതുവരെയും കണ്ടെത്താനായില്ല. ഇതിൽ പ്രതിഷേധിച്ച് ജെഎൻയു സ്റ്റുഡൻസ് യൂണിയൻ വിസിയെ ഉപരോധിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here