Advertisement

സ്നേഹം മാത്രം നിറഞ്ഞ വരികള്‍ ഒരിക്കല്‍ കൂടി വായിക്കാം. ഒരു കത്തെഴുതാം!

November 3, 2016
Google News 0 minutes Read
letter-pen

പ്രിയപ്പെട്ട കൂട്ടുകാരീ,

നിന്റെ കത്തുകിട്ടി. അവിടെ എല്ലാവർക്കും സുഖമെന്നറിഞ്ഞതിൽ സന്തോഷം. ഇവിടെയും എല്ലാവർക്കും സുഖം തന്നെ………..

ഓർമ്മയിലുണ്ടോ ഇങ്ങനെ നീണ്ടുപോവുന്ന അക്ഷരങ്ങൾ കോർത്തിണക്കിയ ചില സ്‌നേഹവിശേഷങ്ങൾ. സ്‌കൂൾ അവധിക്കാലത്ത് തേടിയെത്തിയിരുന്ന നീല നിറമുള്ള ആ ഇൻലന്റിൽ അക്ഷരങ്ങൾ കുനുകുനെ എഴുതിപ്പിടിപ്പിച്ചിരുന്നത്. എഴുതിത്തീർക്കാൻ ഇടയില്ലാത്തതിനാൽ ചിലപ്പോഴൊക്കെ വിശേഷങ്ങൾ അതിനുള്ളിൽ കടലാസിലും എഴുതിനിറച്ചിരുന്നു.പോസ്റ്റ്മാന്റെ വരവും കാത്ത് മുറ്റത്തേക്ക് കണ്ണുംനട്ടിരുന്ന ആ കാലം ചിലർക്ക് സൗഹൃദത്തിന്റെ സ്‌നിഗ്ധതയാണെങ്കിൽ മറ്റ് ചിലർക്ക് പ്രണയത്തിന്റെ സുഗന്ധം നിറഞ്ഞതാണ്.

ആദ്യത്തെ കത്ത്

അക്ഷരങ്ങൾ കൂട്ടിയെഴുതാൻ പഠിച്ചുതുടങ്ങിയ കാലത്ത് ക്രിസ്മസ് ആശംസാ കാർഡുകളിലൂടെയായിരുന്നു നമ്മളിൽ ഭൂരിഭാഗവും പോസ്റ്റ്ഓഫീസുകളെക്കുറിച്ചറിഞ്ഞത്. ക്രിസ്മസിനും പുതുവത്സരത്തിനും പ്രിയപ്പെട്ടവർക്ക് ആശംസകളയയ്ക്കാൻ അച്ഛനോ അമ്മയോ നമുക്കൊപ്പം ഇരുന്ന് വിലാസങ്ങൾ പറഞ്ഞുതന്നു. പെറുക്കിപ്പെറുക്കിയെഴുതി അക്ഷരങ്ങൾ കൂട്ടിച്ചേർത്തെഴുതി അന്ന് അയച്ചിരുന്ന ആ ആശംസകൾ കയ്യിൽകിട്ടുമ്പോൾ അത് ലഭിക്കുന്നവർക്കുണ്ടാവുന്ന സന്തോഷമായിരുന്നു നമ്മുടെ ഏറ്റവും വലിയ തൃപ്തി. തിരികെവരുന്ന ആശംസാകാർഡുകൾ നിധി പോലെ സൂക്ഷിച്ചുവയ്ക്കാത്തവർ ചുരുക്കമായിരിക്കും. സ്‌കൂൾ കോളേജ് ഓട്ടോഗ്രാഫുകൾ സൂക്ഷിച്ചുവച്ചിരിക്കുന്ന അലമാരയോ കാൽപ്പെട്ടിയോ ഒക്കെ തിരഞ്ഞു നോക്കൂ,ഇപ്പോഴുമുണ്ടാവും അമൂല്യസമ്പത്തായി കരുതുന്ന ചില ആശംസാകാർഡുകൾ.

നിന്നോടെനിക്കു പറയാനുള്ളത്…

അച്ഛനുമമ്മയ്ക്കുമൊപ്പമിരുന്ന് അപ്പൂപ്പനോ അമ്മൂമ്മയ്‌ക്കോ ഒക്കെ കത്തെഴുതിയിരുന്ന പ്രായം മെല്ലെ കടന്നു പോയി. സ്‌കൂളിലെ കൂട്ടുകാരായിരുന്നു പിന്നെയെല്ലാം. ഓണം,ക്രിസ്മസ് അവധികൾ പെട്ടന്നങ്ങ് കടന്നുപോവും. പക്ഷേ,വല്യ അവധി അങ്ങനെയല്ല. രണ്ടുമാസം നീങ്ങാൻ വലിയ പ്രയാസമാണ്. ഫോണുകൾ അങ്ങുമിങ്ങും ചിരുക്കും വീടുകളിലേ ഉണ്ടാവൂ. വിളിക്കാമെന്ന് വച്ചാൽ പോലും എന്തോരം വിശേഷങ്ങൾ പറയാനാവും!!

പിന്നെ ഒരേ ഒരു മാർഗമേ ഉള്ളൂ,എഴുതിയെഴുതി വിശേഷങ്ങൾ നിറച്ച് കത്തയയ്ക്കുക. അവധിക്കാല വിശേഷങ്ങളെഴുതിയും അടുത്ത അധ്യയനവർഷത്തെക്കുറിച്ചുള്ള ആശങ്കകളും ആകുലതകളും പങ്കുവച്ചും അതങ്ങനെ നീണ്ടുപോവും.ഹൈസ്‌കൂൾ കാലഘട്ടത്തിലെ എഴുത്തിനിടയിൽ ആ വരികൾക്കിടയിൽ ഒളിപ്പിച്ച വേറെയും ചില വിശേഷങ്ങളുണ്ടാവും. പ്രിയപ്പെട്ട കൂട്ടുകാരിക്ക് അല്ലെങ്കിൽ കൂട്ടുകാരന് മാത്രം അറിയാവുന്ന ഒരു രഹസ്യത്തെക്കുറിച്ച്.സ്വപ്‌നങ്ങളിൽ വന്ന് ഒരാൾ പങ്കുവച്ച വിശേഷങ്ങളെക്കുറിച്ച്.വീട്ടുകാരുടെ കയ്യിലാണ് കത്ത് കിട്ടുന്നതെങ്കിലും തട്ടുകേട് കൂടാതിരിക്കാൻ ഒപ്പിയ്ക്കുന്ന ചില സൂത്രപ്പണികളുമുണ്ടാവും.വിളിപ്പേരുകൾ,കോഡ് ഭാഷകൾ ഒക്കെ. ഇത് വായിക്കുമ്പോൾ മനസ്സിൽ നിന്ന് ചുണ്ടിലേക്ക് പടരുന്ന ആ പുഞ്ചിരി ഓർമ്മിപ്പിക്കുന്നതും അത്തരമൊരു കുസൃതിയെക്കുറിച്ചല്ലേ!!

പ്രണയം നിറഞ്ഞ ആ വരികൾ…

കൗമാരം പ്രണയത്തിന്റെ കൊടിയേറ്റകാലമാണ്. അതുകൊണ്ടു തന്നെ എഴുത്തുകൾക്കും ഉത്സവച്ഛായ ഉണ്ടാവും. പ്രിയപ്പെട്ട ആ ആൾക്കു വേണ്ടി ഹൃദയം തുറക്കുമ്പോൾ എഴുതിയാലും മതി വരില്ല. ആഴ്ച തോറും മുടങ്ങാതെ പോസ്റ്റ് ഓഫീസിലേക്ക്. ഉറക്കമിളച്ചിരുന്ന് കോറിയിടുന്ന അക്ഷരങ്ങൾക്ക് ഹൃദയത്തിന്റെ ഭാഷയായിരുന്നു.എത്ര കാലം കഴിഞ്ഞാലും ആർദ്രത നഷ്ടപ്പെടാത്ത എന്തോ ഒരു മാന്ത്രികത ആ കത്തുകൾക്കുണ്ടായിരുന്നു.

ഇന്നിപ്പോ അത്തരം കത്തുകളില്ല. ഇൻലന്റും കാർഡും പോസ്റ്റ് കവറും നമ്മുടെയൊന്നും ജീവിതത്തിന്റെ ഭാഗമല്ലാതായിക്കഴിഞ്ഞു. പകരം ഇന്റർനെറ്റും ജി മെയിലും വാട്‌സ് ആപും ഫേസ്ബുക്കും ട്വിറ്ററുമൊക്കെ വന്നു. എത്ര അകലെയുള്ള ആളെയും ഞൊടിയിടപോലും വൈകാതെ നമ്മളിലേക്ക് എത്തിക്കുന്ന ഈ സംവിധാനങ്ങൾക്ക് ദിവസങ്ങൾ കാത്തിരുന്ന് കിട്ടുന്ന കത്ത് സമ്മാനിക്കുന്ന സ്‌നേഹവും സന്തോഷവും നല്കാനാവുമോ? അതുകൊണ്ടു തന്നെയല്ലേ നമ്മളൊക്കെ ഇടയ്ക്ക് അറിയാതെ ആഗ്രഹിച്ചു പോവുന്നത്,കളങ്കമില്ലാത്ത സ്‌നേഹത്തിന്റെ ഊഷ്മളതയുമായി ഒരു കത്ത് നമ്മളെ തേടിയെത്തിയിരുന്നെങ്കിലെന്ന്!!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here