Advertisement

നോട്ടുപിൻവലിക്കൽ: തോട്ടം മേഖലയിലെ കൂലി ജില്ലാ കളക്ടർമാർ വഴി- മുഖ്യമന്ത്രി

November 17, 2016
Google News 1 minute Read
pinarayi vijayan fb post
  • ശമ്പളത്തുക പൂർണമായി പിൻവലിക്കാൻ ബാങ്കുകൾ സൗകര്യമൊരുക്കണം
  • ശബരിമല തീർഥാടകർക്കായി പ്രത്യേക എക്‌സ്‌ചേഞ്ച് കൗണ്ടറുകൾ പരിഗണനയിൽ
  • തീർഥാടകർക്കായി കൂടുതൽ എ.ടി.എം സൗകര്യമൊരുക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ടു.

നോട്ടുപിൻവലിക്കലിനെത്തുടർന്ന് തോട്ടം തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിക്കാൻ കൂലിയായി നൽകേണ്ട തുക ജില്ലാ കളക്ടർ വഴി വിതരണത്തിന് സംവിധാനമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തോട്ടം മാനേജ്‌മെൻറ് ജില്ലാ കളക്ടർക്ക് തുക കൈമാറും. തുടർന്ന് കളക്ടർ മുഖേന തൊഴിലാളികൾക്ക് കൊടുക്കാൻ സജ്ജീകരണമൊരുക്കും.

നോട്ടുപിൻവലിക്കലിന് ശേഷമുള്ള സ്ഥിതിഗതികൾ റിസർവ് ബാങ്കിന്റെയും മറ്റു ബാങ്കുകളുടേയും മേധാവികളുമായി ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ സഹകരണമേഖലക്കും ട്രഷറി സേവിംഗ്‌സ് ബാങ്കിനും ഇപ്പോഴുള്ള പ്രതിസന്ധി പരിഹാരത്തിന് നല്ല പങ്ക് വഹിക്കാനാകുമെന്നത് റിസർവ് ബാങ്കിന്റെയും കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെയും ശ്രദ്ധയിൽ കൊണ്ടുവരണമെന്നും സർക്കാർ ജീവനക്കാർക്കും അല്ലാത്തവർക്കും ശമ്പളം ഉൾപ്പെടെ ബാങ്കിൽ ഈ മാസം അവസാനം ലഭ്യമാകുന്ന തുക പൂർണമായി പിൻവലിക്കാൻ ആവശ്യമായ ക്രമീകരണമുണ്ടാക്കണമെന്നും ബാങ്കുകളോട് യോഗത്തിൽ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.

ജോലി ചെയ്ത കൂലി കിട്ടാതെ തൊഴിലാളികൾ പ്രതിസന്ധിയിലായത് പരിഹരിക്കാൻ നടപടി വേണമെന്നും ബാങ്ക് മേധാവികളോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. ജൻധൻ യോജന പ്രകാരമുള്ള ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തനക്ഷമമാക്കി പരിഹാരം ഉണ്ടാക്കണമെന്ന അവരുടെ നിർദേശം ലക്ഷക്കണക്കിന് തൊഴിലാളികളുള്ള തോട്ടം മേഖലയിലുൾപ്പെടെ പ്രായോഗികമല്ല. ഇതേത്തുടർന്ന്, ഇക്കാര്യം മന്ത്രിസഭ ചർച്ച ചെയ്തശേഷമാണ് ജില്ലാ കളക്ടർ വഴി കൂലി ലഭ്യമാക്കാൻ ആലോചിച്ചത്. ജില്ലാ കളക്ടറുടെ പേരിൽ കൂലിയായി ലഭിക്കേണ്ട തുക തോട്ടം മാനേജ്‌മെൻറ്് കൈമാറണമെന്ന് നിർദേശിച്ചിട്ടുണ്ട്. ആ തുക കളക്ടർ മുഖേന തൊഴിലാളികൾക്ക് കൊടുക്കുമെന്നും മുഖ്യമന്ത്രി. സീസൺ ആരംഭിച്ചതിനാൽ ശബരിമല റൂട്ടിലെ പ്രധാന കേന്ദ്രങ്ങളിലെ എ.ടി.എമ്മുകൾ എപ്പോഴും പണം നിറഞ്ഞ അവസ്ഥയിലാണെന്ന് ഉറപ്പാക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതരസംസ്ഥാന തൊഴിലാളികൾ അധ്വാനിച്ചുണ്ടാക്കുന്ന പണം അവരുടെ നാട്ടിലുള്ള ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് ഇടുന്നതിലും ബാങ്കുകൾ കൂടുതൽ നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. കാലങ്ങളായി നിക്ഷേപിക്കുന്ന അക്കൗണ്ടുകളിൽ ഇത്തരം തൊഴിലാളികൾക്ക് തുടർന്നും പണമിടാൻ അവസരമൊരുക്കണമെന്ന ആവശ്യവും കൂടാതെ, സന്നിധാനം, പമ്പയുൾപ്പെടെയുള്ള മേഖലകളിൽ കൂടുതൽ എ.ടി.എമ്മുകളും എക്‌സ്‌ചേഞ്ച് കൗണ്ടറുകളും ബാങ്കുകൾ ഏർപ്പെടുത്താമെന്നും ബാങ്ക് മേധാവികൾ സമ്മതിച്ചതായും അദ്ദേഹം വ്യക്തമാക്കി.

തീർഥാടകർക്ക് സൗകര്യമൊരുക്കാനായി എല്ലാ ട്രഷറികളിലും 25 ഓളം കറൻസി എക്‌സ്‌ചേഞ്ച് കൗണ്ടറുകൾ തുറക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി റിസർവ് ബാങ്കിന്റെ അംഗീകാരം ചോദിച്ചിട്ടുണ്ട്. നോട്ട് പിൻവലിക്കലിനെത്തുടർന്ന് സഹകരണമേഖലയിലെ ബുദ്ധിമുട്ടുകൾ കേന്ദ്രമന്ത്രിയെക്കണ്ട് സംസാരിച്ച ശേഷം, മറ്റ് ബാങ്കുകൾക്ക് ലഭിച്ച അനുമതി സഹകരണ ബാങ്കുകൾക്കും നൽകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, നിലവിലുള്ള അനുമതികൾ കൂടി പിൻവലിക്കുന്ന അവസ്ഥയാണുണ്ടായത്. ഇതിന്റെ പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് സംശയം.

സഹകരണ ബാങ്കുകൾ കള്ളപ്പണകേന്ദ്രങ്ങളെന്ന് അസംബന്ധം പ്രചരിപ്പിക്കുകയാണ്. സഹകരണസ്ഥാപനങ്ങൾ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് അവിടെ നടക്കുന്ന ജനസേവനപരമായ കാര്യങ്ങളുടെ ഭാഗമായാണ്. ചരിത്രം പരിശോധിച്ചാൽ അറിയാം ജനങ്ങളുടെ പങ്കാളിത്തത്തിന്റെ ഭാഗമായാണ് പടിപടിയായി സഹകരണമേഖല വളർന്നത്. നിയമപരമായ പരിശോധന ആർക്കും നടത്താം. കേരള നിയമസഭ പാസ്സാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ മാനദണ്ഡങ്ങളോടെയാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. സഹകരണമേഖലക്കെതിരായ നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻവാങ്ങണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here