വി. കെ. മാധവൻകുട്ടി മാധ്യമപുരസ്ക്കാരം കെ. എ. ബീനയ്ക്ക്

ഗ്ളോബൽ കേരള ഇനിഷ്യേറ്റീവ് കേരളീയം ഏർപ്പെടുത്തിയ വി. കെ. മാധവൻകുട്ടി മാധ്യമപുരസ്ക്കാരത്തിന് കെ. എ. ബീന അർഹയായി. കേരളകൗമുദിയിൽ എഴുതിയ ‘നൂറ് നൂറ് കസേരകൾ’ എന്ന ലേഖന പരമ്പരയാണ് കെ.എ ബീനയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.

30001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാർഡ്. ജനുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യുമെന്ന് അവാർഡ് കമ്മിറ്റി മെംബർ സെക്രട്ടറി എസ്.ആർ. ശക്തിധരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുൻ അംബാസഡർ ടി. പി. ശ്രീനിവാസൻ, ട്വന്റിഫോര്‍ ന്യൂസ് ചാനൽ വാർത്താ വിഭാഗം മേധാവി പി.പി. ജെയിംസ്, മാധ്യമ പ്രവർത്തകരായ ജേക്കബ് ജോർജ്ജ്, സജി ഡൊമിനിക് എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങൾ.

ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിനും സ്ത്രീ ദളിത് സമത്വത്തിനും എതിരെ നടക്കുന്ന പ്രവണതകളെ നിരീക്ഷണ ബുദ്ധിയോടെ തുറന്നുകാട്ടുന്നതായിരുന്നു പരമ്പരയെന്ന് ജൂറി വിലയിരുത്തി. എറണാകുളത്ത് ഫീൽഡ് പബ്ളിസിറ്റി ഡയറക്ട്രേറ്റിൽ അസി. ഡയറക്ടറാണ് ബീന. ദൂരദർശൻ(നാഷണൽ)ഡെപ്യൂട്ടി ഡയറക്ടറായ ബൈജുചന്ദ്രനാണ് ഭർത്താവ്.ഋത്വിക് മകനാണ്.
അച്ചടി വിഭാഗത്തിൽ ദേശാഭിമാനി മലപ്പുറം ലേഖകൻ ആർ.സാംബന് പ്രത്യേക പരാമർശമുണ്ട്.ദൃശ്യമാധ്യമത്തിൽ മനോരമ ന്യൂസിലെ രഞ്ജിത്ത് എസ്. നായറിനാണ് അവാർഡ്. റിപ്പോർട്ടർ ടി. വി. യിലെ സുർജിത്ത് അയ്യപ്പന് പ്രത്യേക പരാമർശം ലഭിച്ചു

NO COMMENTS

LEAVE A REPLY