Advertisement

ആ സ്വപ്നലോകത്തിന്റെ അന്ത്യത്തിന് 25 വയസ്സ്

December 25, 2016
Google News 0 minutes Read

ഇരുപത്തിയഞ്ചു വർഷങ്ങൾക്കു മുൻപാണ് അത് സംഭവിച്ചത്. ഒരു ക്രിസ്തുമസ് ദിവസം… 1991 . മോസ്കോയിലെ ക്രംലിനിൽ അന്നവസാനമായി യു.എസ്.എസ്.ആർ. എന്ന് പറഞ്ഞവസാനിച്ചു. യു.എസ്.എസ്.ആർ. ന്റെ ശക്തിയേറിയ റിപ്പബ്ലിക്കുകൾ കൈവിട്ടതോടെ പ്രതീക്ഷിക്കപ്പെട്ട പതനം ആയിരുന്നുവെങ്കിലും ലോക രാഷ്ട്രീയ ഭൂപടത്തെ മാറ്റി മറിച്ച ആ തീരുമാനം അന്നെടുത്തു. ഇനി യു.എസ്.എസ്.ആർ.ഇല്ല.

ഡിസംബർ ആദ്യ വാരത്തിൽ യുക്രെയ്ൻ, റഷ്യൻ ഫെഡറേഷൻ, ബെലറസ്, അർമേനിയ, അസർബൈജാൻ, കസഖ്‌സ്ഥാൻ, കിർഗിസ്ഥാൻ, മോൽഡാവ, തുർക്മെനിസ്ഥാൻ, താജികിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ 11 റിപ്പബ്ലിക്കുകൾ കസഖ് നഗരമായ അൽമ–അത്തായിൽ യോഗം ചേർന്ന് തങ്ങൾ സോവിയറ്റ് യൂണിയന്റെ ഭാഗമല്ലെന്നു പ്രഖ്യാപിച്ചു. നേരത്തെ തന്നെ ലത്‌വിയ, ലിത്വാനിയ, എസ്തോണിയ എന്നീ ബാൾടിക് റിപ്പബ്ലിക്കുകൾ യുഎസ്എസ്ആറിൽ നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്നു. 15 റിപ്പബ്ലിക്കുകളുടെ രാജ്യമായിരുന്ന യുഎസ്എസ്ആറിൽ അവശേഷിച്ചതു ജോർജിയ മാത്രം. അതോടെ സോവിയറ്റ് യൂണിയൻ ഓർമയായി.

ഏറെ വിവാദ തീരുമാനങ്ങൾ എടുത്ത സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായിരുന്ന മിഖായിൽ ഗൗർബച്ചവ് കൊണ്ടുവന്ന ചില പരിഷ്കാരങ്ങൾ ആണ് ലോകത്തിലെ പ്രഥമ കമ്യൂണിസ്റ്റ് സാമ്രാജ്യത്തിന്റെ അടിത്തറ ഇളക്കിയത്. പതനം ആസന്നമായതോടെ ഡിസംബർ 25ന് അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു.

ussr-collaps-1

വ്ലാഡിമിർ ഇലിച്ച്‌ ലെനിൻ

വ്ലാഡിമിർ ഇലിച്ച്‌ ലെനിൻ എന്ന വി.ഐ.ലെനിൻ എന്ന ധീരനായ കമ്മ്യൂണിസ്റ് നടത്തിയ വലിയ പോരാട്ടത്തിന്റെ ഫലമായാണ് 1917 ൽ സോവിയറ്റ് യൂണിയൻ രൂപീകൃതമായത്. സാർ ചക്രവർത്തിമാരുടെ രാജഭരണത്തെ തുരത്തി ബോൾഷെവിക്കുകൾ ലെനിന്റെ നേതൃത്വത്തിൽ അധികാരം പിടിച്ചു. 1922ലാണു സോവിയറ്റ് റിപ്പബ്ലിക് രൂപീകൃതമായത്.

ലെനിന് ശേഷം അധികാരത്തിലെത്തിയ ജോസഫ് സ്റ്റാലിന്റെ ഭരണം കമ്മ്യൂണിസ്റ് ആശയങ്ങളോട് നീതി പുലർത്തിയില്ല. സർവ്വാധികാരം കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും സ്റാലിനിലേക്കു മാറി. സമാനമായ ഏകാധിപതികളുടെ സ്വാധീനത്തിലായി സ്റ്റാലിനും. രണ്ടാം ലോകയുദ്ധത്തിനുശേഷം കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളും കമ്യൂണിസ്റ്റ് ഭരണത്തിലായി. അമേരിക്കയുമായുള്ള ആയുധ ശേഖരണ പന്തയം റഷ്യയെയും സോവിയറ്റ് യൂണിയനെയും ലോക രാജ്യങ്ങൾക്കിടയിൽ വൻശക്തിയാക്കി. എന്നാൽ ശീതയുദ്ധം ഇരു രാജ്യങ്ങൾക്കും സാമ്പത്തിക നഷ്ടമുണ്ടാക്കി. 1953ൽ മരണം വരെ സ്റ്റാലിൻ അധികാരത്തിൽ തുടർന്നു.

സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും പരാജയമേറിയ കാലഘട്ടത്തിനു തുടക്കമായത് 1985 മുതലാണ്. മിഖായിൽ ഗൗർബച്ചവ് കമ്യൂണിസ്റ്റ് പാർട്ടിയുടെ തലപ്പത്തേക്കു വരുമ്പോൾ തന്നെ വളർച്ച നിലച്ച സാമ്പത്തിക അവസ്ഥയിലായിരുന്നു സോവിയറ്റ് യൂണിയൻ.

ussr-collaps-2

കുപ്രസിദ്ധമായ ഗ്ലാസ്നോസ്ത് , പെരിസ്ട്രോയിക്ക

രാജ്യത്തെ മെച്ചപ്പെടുത്താൻ മിഖായിൽ ഗൗർബച്ചവ് കണ്ട മാർഗവും എന്നാൽ നിലവിലെ സംവിധാനത്തിനെ സംബന്ധിച്ച് വലിയ മണ്ടത്തരവുമായിരുന്നു ഗ്ലാസ്നോസ്ത് , പെരിസ്ട്രോയിക്ക എന്നീ സാമ്പത്തിക വികസന നയങ്ങൾ. രാഷ്ട്രീയ സുതാര്യത വാഗ്‍ദാനം ചെയ്യുന്ന ഗ്ലാസ്നോസ്ത് അഭിപ്രായ സ്വാതന്ത്ര്യം നൽകുകയും പുസ്തക നിരോധനം അവസാനിപ്പിച് പത്രമാധ്യമങ്ങൾക്കു സർക്കാരിനെ വിമർശിക്കാൻ അനുമതി നൽകി. കമ്യൂണിസ്റ്റ് പാർട്ടിയല്ലാതെ മറ്റു രാഷ്ട്രീയ കക്ഷികൾക്കും പ്രവർത്തിക്കാൻ അംഗീകാരം നൽകി. സ്വകാര്യവത്കരണം അടക്കം നിരവധി സാമ്പത്തിക പരിഷ്‌കാരങ്ങളുമായി കൊണ്ട് വന്ന പെരിസ്ട്രോയിക്ക സാമ്പത്തിക മേഖലയിലെ ഉദാരവൽക്കരണത്തിനായിരുന്നു ഊന്നൽ നൽകിയത്. സമ്പദ്ഘടനയ്ക്കു മേലുള്ള സർക്കാർ നിയന്ത്രണം ഭാഗികമായി എടുത്തുകളഞ്ഞു. പൊതുജനങ്ങൾക്ക് സ്വകാര്യ സ്വത്തിന് അനുമതി നൽകി.

യൂറോപ്പിൽ ഈ കാലഘട്ടത്തിൽ ആരംഭിച്ച സ്വാതന്ത്ര്യ ആവശ്യം സോവിയറ്റ് റിപ്പബ്ലിക്കുകളിലും അലയടിച്ചു തുടങ്ങി. പോളണ്ടിൽ ആരംഭിച്ച ആദ്യവിപ്ലവം ലക്ഷ്യം കണ്ടു. നവംബറിൽ ബർലിൻ മതിൽ തകർന്നതോടെ സോവിയറ്റ് റിപ്പബ്ലിക്കുകൾ പ്രക്ഷോപം ആവശ്യപ്പെട്ടു. ദുർബലനായ മിഖായിൽ ഗൗർബച്ചവിനു തടുക്കാനാവാതെ വന്നതോടെ റിപ്പബ്ലിക്കുകൾ പിരിഞ്ഞു പോയി. ബാക്കിയെല്ലാം ചരിത്രം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here