Advertisement

മോദിയെ വിറപ്പിച്ച കനയ്യ ; തണുത്തുറഞ്ഞ പ്രതിപക്ഷം – ഇന്ത്യ 2016

January 1, 2017
Google News 1 minute Read

ഭാരതത്തിന്റെ 2016നേയും വരാനിരിക്കുന്ന 2017നേയും ആദ്യം സാമ്പത്തികമായും സ്ഥിരമായി രാഷ്ട്രീയമായും സ്വാധീനിക്കാന്‍ കഴിയുന്ന നോട്ട് അസാധുവാക്കലാണ് പോയവര്‍ഷത്തെ വലിയ വാര്‍ത്ത. റിസര്‍വ് ബാങ്കില്‍ നിന്നും പുറത്തിറങ്ങേണ്ടിയിരുന്ന ഒരു വാര്‍ത്താ കുറിപ്പിന് പകരം രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാന മന്ത്രി തന്നെ പ്രഖ്യാപിച്ചു ഇനി 1000, 500എന്നീ രണ്ട് കറന്‍സി നോട്ടുകള്‍ ഉണ്ടാവില്ല. നേരം പുലരുമ്പോള്‍ കയ്യിലുള്ള 1000നും 500നും ഒരു പേപ്പറിന്റെ വില പോലും ഉണ്ടാകില്ല. വര്‍ഷം അവസാനിക്കുന്ന നവംബര്‍ എട്ടിന് രാത്രി എട്ടിനായിരുന്നു പ്രഖ്യാപനം. രാജ്യത്തെ ജനങ്ങളെയാകെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വരിനിറുത്തിയ വര്‍ഷാന്ത്യത്തില്‍ നിന്നും പുതുവര്‍ഷത്തേയും ഏറെ ആശങ്കയോടെ കാത്തിരിക്കുന്നു ഭാരതം.

വെമുലയുടെ ജീവനും കനയ്യയും ജിഗ്നേഷും മോദിയെ വിറപ്പിച്ചു 

mevani-kanhaiya

ഇന്ത്യയില്‍ ഭരണത്തിന്റേതായ സുപ്രധാന ചുവടുവയ്പ്പുകള്‍ ഇല്ലാത്ത വിര്‍ഷമായിരുന്നു 2016. എന്നാല്‍ രാഷ്ട്രീയമായ വലിയ ചലനങ്ങള്‍ക്ക് ഇന്ത്യ 2016ല്‍ സാക്ഷ്യം വഹിച്ചു. ഒരു ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ആയിരുന്നു തുടക്കം. 2016ജനുവരി 17ല്‍ ഹൈദ്രാബാദ് സര്‍വകലാശാലയില്‍ രോഗിത് വെമുല എന്ന ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ഒരു എബിവിപി നേതാവുമായിണ്ടായ സംഘര്‍ൽത്തിന്റെ പേരില്‍ സസ്പെന്റ് ചെയ്യപ്പെട്ട അഞ്ച് വിദ്യാര്‍ത്ഥികളില്‍ ഒരാളായ വെമുല ആത്മഹത്യ ചെയ്തത് ജാതീയമായ പകപോക്കലിനെ തുടര്‍ന്നാണെന്ന് ആരോപണമുയര്‍ന്നു. മരണശേഷവും രോഹിത് വെമുലയെ അപകീര്‍ത്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച വിദ്യാര്‍ത്ഥി പ്രക്ഷേഭം നടന്നു. രാജ്യമെങ്ങും രോഹിത് വെമുല ഒരു വികാരമായി പടര്‍ന്നു.

kanaya

ഒരു മാസം തികയും മുമ്പേ ഫെബ്രുവരി 12ന് ഡല്‍ഹിയില്‍ ഏറെ പ്രശസ്തമായ JNU യില്‍ കനയ്യ കുമാര്‍ എന്നൊരു നേതാവ് ഉദിച്ചുയര്‍ന്നു. അഫ്സല്‍ ഗുരു അനുസ്മണ ചടങ്ങ് സംഘടിപ്പിച്ചു എന്നാരോപിച്ച് പോലീസ് നടത്തിയ ഇടപെടലിന് ഒടുവിലാണ് യൂണിവേഴ്സിറ്റി യൂണിയന്‍ പ്രസിഡന്റായ കനയ്യ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ 2016കണ്ട ഏറ്റവും വലിയ വെല്ലുവിളിയായി കനയ്യ കുമാര്‍ എന്ന വിദ്യാര്‍ത്ഥി മാറി. പോലീസ് കസ്റ്റഡിയിലും പുറത്തും കനയ്യ എന്ന എഐഎസ്എഫ നേതാവ് മോദിയെ വെല്ലുവിളിച്ചു. ആസാദി ഗാനം ഇന്ത്യയിലെ മുഴുവന്‍ ക്യാമ്പസുകളിലും കേന്ദ്രഭരണത്തിനെതിരെയുള്ള വികാരമായി. പാടിയും പ്രസംഗിച്ചും കനയ്യ നേതാവായി.

jignesh-mevani

മോദിയുടെ സ്വന്തം തട്ടകമായി ഗുജറാത്തില്‍ നിന്നുയര്‍ന്ന് ദളിത് പ്രക്ഷേഭങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ച് ബിജെപിയ്ക്ക് വെല്ലുവിളിയായ ജിഗ്നേഷ് മേവാനി എന്ന യുവനേതാവിന്റെ വളര്‍ച്ചയും 2016ല്‍ ആയിരുന്നു. ഗുജറാത്തിലെ ഉനയില്‍ രാജ്യം കണ്ട വലിയ ജനക്കൂട്ടത്തിലൊന്ന് സൃഷ്ടിക്കാന്‍ ജിഗ്നേഷിന് കഴിഞ്ഞു. ‘പശുവിന്റെ വാല് നിങ്ങള്‍ എടുത്തുകൊള്ളൂ; ഞങ്ങള്‍ക്ക് ഭൂമി തരൂ’ എന്ന് ഉയര്‍ത്തിയ മുദ്രാവാക്യം മോദി ഭരണത്തെ സമ്മര്‍ദ്ദത്തിലാക്കി.

”ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും …”

opposition
സ്വതന്ത്രഭാരതത്തില്‍ 60വര്‍ഷം ഭരിച്ച കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം അതിന്റെ ഏറ്റലും ദുര്‍ബലമായ അവസ്ഥയില്‍ കടന്നുപോയ വര്‍ഷമാണ് 2016. സമ്മേളനങ്ങളിലും പ്രസ്ഥാനങ്ങളിലും മാത്രം ഒതുങ്ങിയ കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷമാണ് മോദിയുടെ 2016 ലെ യഥാര്‍ത്ഥ ശക്തി എന്നത് വാസ്തവമാണ്.

നുഴഞ്ഞു കയറിയ വെല്ലുവിളി; ആശ്വാസമായി സർജിക്കൽ സ്ട്രൈക്ക് 

2016ന്റെ ആരംഭത്തില്‍ ജനുവരി രണ്ടിന് പഞ്ചാബിലെ പത്താന്‍ കോട്ടിലേക്ക് കടന്നു കയറി തീവ്രവാദികള്‍ നടത്തിയ ആക്രമണം രാഷ്ട്രീയമായി ഭാരതത്തെ ഉലച്ചു. ഏഴ് സൈന്നികര്‍ കൊല്ലപ്പെട്ടു. നിരന്തരമായ രാജ്യ സുരക്ഷാ പാളിച്ചകളുടെ തുടക്കം മാത്രമായിരുന്നു പത്താന്‍ കോട്ട്. സെപ്തംബര്‍ 18ന് ഉറി സൈനിക ക്യാമ്പില്‍ ഭീകരാക്രമണം നടന്നു. ഉറിയില്‍ മാത്രം 19ജവാന്മാര്‍ കൊല്ലപ്പെട്ടു.
നവംബര്‍ 30ന് കാശ്മീരിലെ നഗ്രോഡയിലെ സൈനിക ആസ്ഥാനത്ത് ഭീകരര്‍ കടന്നു കയറി ആക്രമണം നടത്തി 7സൈനികരെ വധിച്ചു

സെപ്റ്റംബര്‍ 29ന് പാക് നിയന്ത്രണത്തിലുള്ള കാശ്മീരിന്റെ ഭാഗങ്ങളിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയത് രാഷ്ട്രീയമായി മോദി ഭരണത്തിന് ഗുണം ചെയ്തു. സര്‍ജ്ജിക്കല്‍ സ്ട്രൈക്കിലൂടെ സൈന്യം നടത്തിയ തിരിച്ചടി 50ഭീകരരെ വധിച്ചെന്നാണ് കണക്കുകള്‍.

ജനത്തെ ക്യൂ നിർത്തിയ തുക്ലഗ് 

atm-que
നംവബര്‍ 8ന് നടത്തിയ നോട്ട് നിരോധനത്തിലൂടെ മോദി രാഷ്ട്രീയമായി ലക്ഷ്യമിട്ടത് രണ്ട് കാര്യങ്ങളാണ്. ഉത്തര്‍ പ്രദേശ്, ബീഹാര്‍, മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള പത്തിലധികം സംസ്ഥാനങ്ങളില്‍ വോട്ടര്‍മാരെ സ്വാധീനിക്കുവാന്‍ രാഷ്ട്രീയ പാര്‍ട്ടകള്‍ പൂഴ്ത്തി വച്ചിരിക്കുന്ന നോട്ടുകെട്ടുകള്‍ ഉപയോഗ ശൂന്യമാകുക . അതിലൂടെ രാഷ്ട്രീയമായി ബിജെപിയ്ക്ക് അപ്രമാദിത്തം ഈ സംസ്ഥാനങ്ങളില്‍ പൂര്‍ണ്ണമായും ഉറപ്പിക്കുക.

അസാധുവാക്കിയ കറന്‍സികളില്‍ ബാങ്കുകളിലേക്ക് തിരികെയെത്താത്ത പണം കള്ളപ്പണമാണെന്നും അതിനെ നശിപ്പിച്ചുവെന്നും അവകാശമുന്നയിക്കുക. എന്നാല്‍ കറന്‍സി നിരോധനത്തില്‍ മോദിയുടെ തന്ത്രം പാളി.89 ശതമാനത്തിലധികം പണവും തിരികെയെത്തി. ഷെല്‍ കമ്പനികളിലായി മതിയായ രേഖകളോടെ കൈവശമിരിക്കുന്ന പണത്തിന്റെ കണക്കുകള്‍ നോക്കിയാല്‍ ഇത് 93ശതമാനം കടക്കും.

വിദേശ രാജ്യങ്ങളിലുള്ളവരുടെ കയ്യില്‍ നിന്ന് ഇനിയും കറന്‍സികള്‍ ബാക്കിയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇത് കൂടാതെ കുടംബങ്ങളില്‍ മറന്ന് വച്ചതോ മരണപ്പെട്ടവരുടെ ബാങ്കിതര കരുതലോ ഒക്കെ കാണും. അതായത് 95 ശതമാനത്തിലധികം പണവും ബാങ്കുകളിലോ ന്യായമായ തരത്തില്‍ കണക്കുകളായോ തിരിച്ചെത്തി. ശേഷിച്ച ചില്ലറ പണത്തിന് വേണ്ടിയാണോ രാജ്യത്തെ മുഴുവന്‍ വരിയില്‍ നിര്‍ത്തിയതെന്ന് ചോദ്യമാണ് വിദഗ്ദര്‍ മോഡിക്ക് നേരെ ഉയര്‍ത്തുന്നത്.

majhi

odisha-majhiസ്വന്തം ഭാര്യയുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ പണമില്ലാതെ അതും ചുമന്ന് കൊണ്ട് കിലോമീറ്ററുകളോളം നടന്നു നീങ്ങിയ ദനാമാജി  എന്ന ഭാരത പൗരന്റെ 2016ലെ ചിത്രമാണ് നിലവിലെ ക്യാഷ് ലെസ് ഇന്ത്യയുടെ ഐക്കണ്‍ എന്ന തിരിച്ചറിവ് കൂടി ആധുനിക സാമ്പത്തിക ശാസ്ത്ര നിര്‍മ്മാതാക്കള്‍ക്കുണ്ടാകുക എന്നതാണ് 2017ന്റെ ആവശ്യം.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here