Advertisement

ലക്ഷങ്ങളുടെ മൊബൈൽ, പിൻവാതിൽ നിയമനം, ഭരിക്കാൻ ടീച്ചർ : ചലച്ചിത്ര അക്കാദമി വിവാദത്തിൽ

January 11, 2017
Google News 3 minutes Read
അരവിന്ദ് വി / സ്‌പെഷ്യൽ റിപ്പോർട്ട്

വിളിക്കാൻ പൊതുജനത്തിന്റെ കാശിന് ഒന്നേകാൽ ലക്ഷത്തിന്റെ മൊബൈൽ, പിൻവാതിലുകളിലൂടെ ശുപാർശ കത്തുകളുമായി ശിങ്കിടികളും , ബന്ധുക്കളും തള്ളിക്കയറുന്നു. ഇതൊന്നുമല്ല , നാച്ചുറൽ സയൻസ് ടീച്ചറാണ് സിനിമയുടെ അക്കാദമിക് സ്ഥാപനത്തിന്റെ താക്കോൽ സ്ഥാനങ്ങളിലൊന്ന് കൈകാര്യം ചെയ്യുന്നത്. ചലച്ചിത്ര അക്കാദമി സിനിമകളെയും വെല്ലുന്ന വിചിത്ര കഥകളുമായി വാർത്തകളിൽ ഇടം പിടിക്കുന്നതിങ്ങനെയാണ്.

മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ചലച്ചിത്ര അക്കാദമിയിൽ പിൻവാതിൽ നിയമനം നടത്തുന്നതിനുള്ള ശ്രമം വിവാദമാകുന്നു. അക്കാദമിയിൽ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ ശ്രമം തുടരുമ്പോൾ അതിനെ അട്ടിമറിക്കാനാണ് അക്കാദമിയിലെ ചില കോക്കസുകൾ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്. അനധികൃതമായി പന്ത്രണ്ടിലധികം തസ്തികകളിലേക്ക് ആളെ നിയമിക്കാനാണ് ഇപ്പോൾ രഹസ്യ നീക്കം നടക്കുന്നത്. ഇക്കൂട്ടത്തിൽ ചില ‘ബന്ധുക്കളും’ ഉൾപ്പെടുന്നുണ്ടെന്നും ആരോപണം ഉയരുന്നു.

നിയമനശ്രമം സുപ്രധാന തസ്തികകളിൽ

മാനദണ്ഡങ്ങൾ പാലിക്കാതെ പിൻവാതിൽ നിയമനത്തിന് ശ്രമിക്കുന്നത് സുപ്രധാന തസ്തികകളിലേക്കാണ്. പ്രോഗ്രാം അസിസ്റ്റന്റ്‌, പി. ആർ. ഒ. തസ്തികകൾ ഇക്കൂട്ടത്തിലുണ്ട്. ധാരാളം പണം കൈകാര്യം ചെയ്യേണ്ടി വരുകയും അങ്ങേയറ്റം സത്യസന്ധത പുലർത്തുകയും ചെയ്യേണ്ട ടൂറിസ്റ്റ് ടാകീസ് കോ ഓർഡിനേറ്റർ നിയമനവും ഇക്കൂട്ടത്തിൽ നടത്താനാണ് ചില ഉദ്യോഗസ്ഥർ പദ്ധതി തയ്യാറാക്കുന്നത്. മാനദണ്ഡങ്ങളിൽ പ്രധാനം പരസ്യം ചെയ്യലാണ്. അപേക്ഷകൾ ക്ഷണിച്ചു കൊണ്ടുള്ള അത്തരം പത്ര പരസ്യം നൽകാതെ ആണ് ഇപ്പോൾ നിയമനം നടത്താൻ ഒരുങ്ങുന്നത്.

അക്കാദമിയ്ക്കകത്ത് സ്ഥാപിച്ചിട്ടുള്ള നോട്ടീസ് ബോർഡിൽ മാത്രമാണ് നിലവിൽ തസ്തികകളിലേക്ക് ആളെ എടുക്കുന്നതായുള്ള സൂചനാ രേഖകൾ ഉള്ളത്. അപേക്ഷ ക്ഷണിച്ചത് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നു സെക്രട്ടറി മഹേഷ് പഞ്ചു പറഞ്ഞു. എന്നാൽ ചലച്ചിത്ര അക്കാദമിയുടെ വെബ്‌സൈറ്റിൽ അങ്ങനെ ഒന്ന് കാണുന്നില്ല. മാത്രമല്ല, ടെൻഡർസ് എന്നൊരു കോളം മാത്രമാണ് ഉള്ളത്. അതിലാകട്ടെ കഴിഞ്ഞ വർഷം നവംബർ 29 നായിരുന്നു അവസാന നോട്ടിഫിക്കേഷൻ.

ksca-new-9

ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയുടെ ഫോൺ

അക്കാദമി ചെയർമാനായി നിയമിതനാകുന്നതിനു മുൻപ് അക്കാദമി ചെയർമാനും, സെക്രറിക്കും ഫോൺ ഉണ്ടായിരുന്നോ എന്ന ചോദ്യം അപ്രസക്തമാണ്. പക്ഷെ പുതിയതൊരെണ്ണം വച്ച് വാങ്ങി നൽകിയാൽ അത് മാർക്കറ്റിൽ അംബാനിക്കും ബിർളയ്ക്കും മാത്രം വാങ്ങാൻ കഴിയുന്നത് ആകണമെന്നില്ല. പ്രത്യേകിച്ചും പണം പൊതുജനത്തിന്റേതാകുമ്പോൾ. ഇരുവർക്കുമായി വാങ്ങിയ മൊബൈൽ ഫോണുകൾക്ക് വില 119400 രൂപ. 55,900 രൂപ വിലയുള്ള രണ്ട് ഫോണുകളാണ് വാങ്ങിയത്. ഇവ ഇന്‍ഷ്വര്‍ ചെയ്യുന്നതിന് 7600 രൂപ ചെലവ് വേറെ. അതെ സമയം ഇടതു സർക്കാർ നിയമിച്ച സെക്രട്ടറി മഹേഷ് പഞ്ചു പറയുന്നത് തനിക്ക് ഇത്തരത്തിൽ ഒരു ഫോൺ ലഭിച്ചിട്ടില്ല എന്നാണ്. പുതിയ ചെയർമാൻ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടുമില്ല. മഹേഷ് പഞ്ചുവിന് ഈ ഫോൺ കിട്ടിയില്ലെങ്കിൽ അതാർക്കാണ് വാങ്ങിയത് ?

ആരാണ് ആ ഫോൺ ഉപയോഗിക്കുന്നത് ?

രേഖകൾ അനുസരിച്ച് ഫോൺ വാങ്ങിയത് മുൻ സെക്രട്ടറി രാജ്‌മോഹൻ സ്ഥാനം ഒഴിയുന്ന അതെ ദിവസമാണ്. അതായതു 2016 ആഗസ്ത് 3.

ksca-new-12

ഒരു സർക്കാർ സംവിധാനത്തിൽ ഒരു പ്രത്യേക സ്ഥാനത്തുള്ള ആളിനാണ് ഫോൺ വാങ്ങിയത്; വ്യക്തിക്കല്ല. സ്ഥാനം ഒഴിഞ്ഞാൽ ആ സാധനവും ചാർജിനൊപ്പം ഓഫീസിൽ സമർപ്പിക്കണം. തുടർന്ന് വന്ന സെക്രട്ടറി  മഹേഷ് പഞ്ചുവിന് അരലക്ഷത്തിലധികം രൂപയുടെ ആ അത്യാധുനിക വിനിമയ യന്ത്രം കിട്ടാതെ പോയതെന്ത് ?  ചലച്ചിത്ര അക്കാദമിയിൽ ആർ.ടി.സി. അഥവാ റിപ്പോർട്ട് ഓഫ് ട്രാൻസ്ഫർ ഓഫ് ചാർജ് എന്നൊരു നിർബന്ധിത രേഖ പുസ്തകം ഇല്ലാ എന്നാണോ ? അഥവാ അങ്ങനൊന്ന് ഉണ്ടെങ്കിൽ മഹേഷ് പഞ്ചു അതൊന്നു മറിച്ചു നോക്കണം.

ksca-new-13

”പോലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യം ?”

ചലച്ചിത്ര അക്കാദമി ആകുമ്പോ അങ്ങനെ ആർക്കും എന്തും ആകാം എന്ന അവസ്ഥയാണുള്ളത്. സിനിമയെ കുറിച്ച് അല്പസ്വല്പമെങ്കിലും നേരിട്ട് വിവരമുള്ള ഇടതു ബുജി സഞ്ചികൾ വരുമ്പോഴെങ്കിലും സംഗതി ഒന്ന് നന്നാകുമെന്ന് കരുതി.., ക്ഷമിക്കണം അമ്മാവാ എന്നെ തല്ലണ്ട.

ഇണങ്ങിയും പിണങ്ങിയും വർഷാവർഷം സെക്രട്ടറിയും ഇതര ഭാരവാഹികളും മാറിമാറി വരുമെങ്കിലും എല്ലാവർക്കും സിനിമയുമായി ഒന്ന് തൊട്ടു നോക്കിയ പരിചയം എങ്കിലും കാണുമായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കയറിയ ഒരാൾ പ്രകൃതി ശാസ്ത്രം അധ്യാപികയാണ്. തലസ്ഥാനജില്ലയിൽ പാലോട് പെരിങ്ങമ്മല സ്‌കൂളിലെ നാച്ചുറൽ സയൻസ് അദ്ധ്യാപികയ്ക്ക് ഇവിടെന്തു കാര്യം എന്ന് അന്ന് പലരും മൂക്കത്തു വിരൽ വച്ച് ചോദിച്ചു.

പാലോട് നിന്നും ഒരു പഞ്ചായത്ത് പ്രസിഡന്റ്

ശ്രീമതി ബീന കലാം ഉമ്മൻ ചാണ്ടിയും , ചെന്നിത്തലയും ചേർന്ന് നയിച്ച യു ഡി എഫിന്റെ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. വികസനവും നഗരവൽക്കരണവുമൊന്നും അധികം പിടിമുറുക്കി നശിപ്പിക്കാത്ത ഹരിതാഭ ധാരാളമുള്ള നാട്ടിലെ ഒരു സ്‌കൂളിലെ അധ്യാപിക. പഞ്ചായത്തും സ്‌കൂളുമൊക്കെയായി ഒതുങ്ങി കൂടിയ ബീന ടീച്ചറെ ആരോ ചലച്ചിത്ര അക്കാദമിയിലേക്കുള്ള വഴി കാണിച്ചു കൊടുത്തു. പോലീസുകാർക്ക് ഈ വീട്ടിൽ കാര്യമുണ്ടെന്നും പ്രഖ്യാപിച്ച് ടീച്ചർ നിയമിതയായത് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന മാനേജർ ഫിനാൻസ് പ്രോഗ്രാം ഓഫിസർ ആയിട്ട്.

ഓരോ വർഷവും ചലച്ചിത്ര മേളകൾക്കും സംസ്ഥാന പുരസ്കാരങ്ങൾക്കുമായി അക്കാദമിയിൽ എത്തുന്ന കോടികളുടെ വരവ് ചിലവിനങ്ങൾ എഴുതി സൂക്ഷിക്കേണ്ടത് ബീന കലാം എന്ന പാലോട് പെരിങ്ങമ്മല സ്‌കൂളിലെ നാച്ചുറൽ സയൻസ് അദ്ധ്യാപിക.

ksca-new-5

എന്നാൽ അധികം വൈകാതെ തന്നെ ഈ പൊരുത്തക്കേട് ഒളിഞ്ഞും തെളിഞ്ഞും ചോദ്യം ചെയ്യപ്പെട്ടു. കുറ്റം പറയരുതല്ലോ ഉടൻ തന്നെ നടപടി ഉണ്ടായി. പ്രോഗ്രാം മാനേജരായി ബീന ടീച്ചറെ മാറ്റി നിയമിച്ചു. കുറച്ചു കൂടി സിനിമയുമായി അടുത്തു നിൽക്കുന്ന ഉത്തരവാദിത്തമുള്ള തസ്തികയിൽ ടീച്ചർ എത്തുമ്പോൾ കയ്യിൽ സിനിമയുമായി ബന്ധമുള്ള ഒന്നും തന്നെയില്ല.

സിനിമ സഹസംവിധായകൻ അയ്യൻകാളിയുടെ കൊച്ചുമകൻ ഔട്ട്; നാച്ചുറൽ സയൻസ് ടീച്ചർ ഇൻ !

ksca-new-3

പ്രോഗ്രാം മാനേജരായി ബീന കലാം 22.1.2014-ൽ നിയമിതയാകുമ്പോൾ ആ സീറ്റിൽ നിന്നും എഴുന്നേൽക്കേണ്ടി വന്നത് സിനിമയിൽ സജീവവും സിനിമയിൽ സാമാന്യം ബന്ധവുമുള്ള സനൽ കുമാർ സി വി ആയിരുന്നു. സെൻസർ ബോർഡ് മെമ്പർ കൂടിയായിരുന്ന സനൽകുമാറിനെ നീക്കിയാണ് ബീന ടീച്ചറെ അവരോധിച്ചത്‌. അയ്യൻകാളിയുടെ കൊച്ചുമകനാണ് അദ്ദേഹം.

അക്കാദമിയിൽ ഉള്ളവർക്ക് ‘യോഗ്യത’ ‘മാനദണ്ഡം’ എന്നീ വാക്കുകൾ അറിയാമോ ?

അക്കാദമിയിൽ ഓരോ തസ്തികയിലും നിയമിതരാകുന്നവർക്ക് കൃത്യമായ യോഗ്യതകൾ പറയുന്നുണ്ട്. ഒന്ന് കൂടി അക്കാര്യം ഉറപ്പിക്കുവാൻ നൽകിയ വിവരാവകാശ ചോദ്യങ്ങൾക്കുള്ള ഉത്തരത്തിൽ ‘യോഗ്യതകൾ’ അക്കാദമി ആവർത്തിക്കുന്നു. പ്രോഗ്രാം മാനേജർ ആയി നിയമിക്കുന്നതിനുള്ള യോഗ്യത മീഡിയ ആൻഡ് തീയറിറ്റിക്കൽ സ്റ്റഡീസിൽ ഡിപ്ലോമ ആണ് എന്ന് അക്കാദമി വിവരാവകാശ രേഖ പ്രകാരം അറിയിച്ചിട്ടുണ്ട്.

ksca-new-4

മാത്രമല്ല സിനിമയുമായി ബന്ധം ഉള്ള വ്യക്തികളെയാണ് അക്കാദമിയിൽ നിയമിക്കാറുള്ളത്. പക്ഷെ സിനിമയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു നാച്ചുറൽ സയൻസ് അധ്യാപികയായ ബീന കലാമിനെ യു ഡി എഫ് നിയമിച്ചതിലെ ശാസ്ത്രം ആലോചിക്കേണ്ട ; അതങ്ങനെ പലതും നടന്നിട്ടുണ്ട്. പക്ഷെ അതെ തെറ്റ് ഈ സർക്കാർ ആവർത്തിക്കാൻ ഒരുങ്ങുന്നതെന്തിന് ?

നവംബർ 11 നു ടീച്ചറിന്റെ കാലാവധി കഴിഞ്ഞു ; പക്ഷെ പോയില്ല

ksca-new-8

നിലവിലെ ചെയർമാൻ സിനിമ സംവിധായകൻ കൂടിയായ കമൽ ഇപ്പോൾ ബീന കലാമിന്റെ ഡെപ്യൂട്ടേഷൻ കാലാവധി നീട്ടി നല്കാൻ സർക്കാരിന് ശുപാർശ അയച്ചിരിക്കുന്നു. ഒക്ടോബറിൽ ചേർന്ന അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി ഇത്തരത്തിൽ ഒരു തീരുമാനം എടുക്കുമ്പോൾ ബീന ടീച്ചറുടെ ഡെപ്യൂട്ടേഷൻ സേവന കാലാവധി അവസാനിച്ചിരുന്നില്ല. പക്ഷെ നവംബർ 11 നു അതവസാനിച്ചു. യു ഡി എഫ് ഭരണകാലത്തു നടന്ന ഒരു ക്രമ വിരുദ്ധമായ നടപടിയും ചട്ട ലംഘനവുമാണ് ഈ നിയമനം എന്ന് കാണിച്ചു ഇടതു ചലച്ചിത്ര സംഘടനകൾ മുന്നോട്ടു വന്നിരുന്നു. ഇടതു സർക്കാർ നിയമിച്ച പുതിയ ഭരണ സമിതിയുടെ തീരുമാനം അവരെ അമ്പരപ്പിച്ചിരിക്കുകയാണ്. ചെയർമാൻ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണെന്നു കരുതുന്നതായി ഞങ്ങളോട് അവർ പറയുന്നു. അക്കാദമിയുടെ വെബ്‌സൈറ്റിൽ ഇപ്പോഴും പ്രോഗ്രാം മാനേജരായി ബീന ടീച്ചറെ തന്നെയാണ് വച്ചിട്ടുള്ളത്. ടീച്ചർ തസ്തികയിൽ നിന്നും മാറില്ല എന്നതിന്റെ സൂചന തന്നെയല്ലേ ഇത് ?

ksca-new-10

സാധാരണയായി ഒരാളുടെ ഡെപ്യൂട്ടേഷൻ 5 വർഷം കഴിഞ്ഞാൽ സർക്കാരാണ് ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുക. ഈ നിയമങ്ങൾ എങ്ങനെ കാറ്റിൽ പറന്നു. ഇവിടെ സർക്കാർ നിയോഗിച്ച ഭരണസമിതി സർക്കാരിനോട് ഒന്നെഴുതി ചോദിക്കുക പോലും ചെയ്യാതെയാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്. അതായതു സർക്കാർ ഇനിയും ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല.

ഹയർ സെക്കന്ററി ഡയറക്ടറും സിനിമ മന്ത്രിയും ഫയൽ പാസ്സാക്കണം

ksca-new-6

ബീന കലാം ഇപ്പോഴും ടീച്ചറാണ് എന്നതിനാൽ ഡെപ്യൂട്ടേഷൻ നീട്ടി നൽകുന്നതിനുള്ള അനുവാദം നൽകേണ്ടത് ഹയർ സെക്കന്ററി ഡയറക്ടർ ആണ്. ഇത് വരെ നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല എന്ന് സർക്കാർ കത്തിൽ അറിയിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ പോലും അറിയാതെ അക്കാദമി ഇത്തരത്തിൽ ഒരു തീരുമാനം എടുത്തതെങ്ങനെ അന്വേഷിക്കേണ്ടിയിരിക്കുന്നു. ഇനി സിനിമ മന്ത്രിയും ഹയർ സെക്കന്ററി ഡയറക്ടറും ആണ് തീരുമാനിക്കേണ്ടത്.

ksca-new-7

chalachithra academy, beena kalam, Natural Science Teacher in Cinema Governing Body , ksca , kamal , malayalam cinema , a k balan , illegal appointments in chalachitra academy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here