Advertisement

സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നു: ബോധവത്കരണം അത്യാവശ്യം – മുഖ്യമന്ത്രി

January 22, 2017
Google News 2 minutes Read

സൈബര്‍ കുറ്റകൃത്യങ്ങളെ നിയന്ത്രിക്കാനുള്ള നിയമം നിലവിലുണ്ടെങ്കിലും കുറ്റകൃത്യങ്ങളുടെ എണ്ണത്തിലുള്ള വര്‍ധനവ് ആശങ്കയുളവാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവരസാങ്കേതികവിദ്യയുടെ സുരക്ഷിതവും ഫലപ്രദവുമായ ഉപയോഗത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കേണ്ടത് ഈ സാഹചര്യത്തില്‍ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്റര്‍നെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെ കുറിച്ച് വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച ഇ-ജാഗ്രത പദ്ധതിയുടെ രണ്ടാംഘട്ടം- ഇന്‍ഫോപാര്‍ക്കിലെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി.സി.എസ്) പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

PRE 11 2017-01-22 (2)

പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് പ്രതിവര്‍ഷം 42 മില്യണ്‍ ആള്‍ക്കാര്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകുന്നു. ഒരു മിനിറ്റില്‍ 80 ഇരകള്‍ എന്നാണ് പഠനങ്ങള്‍ വെളിവാക്കുന്നത്. ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും സൈബര്‍ ലോകം കടന്നു കയറിയിട്ടുണ്ട്. ശാസ്ത്രസാങ്കേതിക വിദ്യയിലുണ്ടാകുന്ന അഭൂതപൂര്‍വ്വമായ മുന്നേറ്റം മനുഷ്യന്റെ നന്മയ്ക്കുവേണ്ടി ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെങ്ങനെയെന്ന് മാതാപിതാക്കള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനായി വീട്ടിലെ തുറന്ന സ്ഥലത്തുവച്ച് ഇന്റര്‍നെറ്റും കമ്പ്യൂട്ടറുമുപയോഗിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണം.

പൊതുവിദ്യാലയങ്ങള്‍ ഹൈടെക് ആക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. ഇ-ലൈബ്രറികള്‍, കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍, പുതിയ കാലവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവയൊക്ക ചേര്‍ത്ത് സര്‍ക്കാര്‍ സ്‌കൂളുകളെ നവീകരിക്കും. 1000 സ്‌കൂളുകളെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്താനുളള പദ്ധതികള്‍ നടപ്പാക്കി വരുന്നു. പൊതുവിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ 12 ക്‌ളാസ് വരെ കാലാനുസൃതമായ മാറ്റം വരുത്തും.

ക്ലാസ്സ് മുറിയിലെ ഭൗതിക സൗകര്യങ്ങള്‍,  പഠന സംവിധാനങ്ങള്‍,  വിനിമയരീതി, അദ്ധ്യാപക പരിശീലനം, മൂല്യനിര്‍ണ്ണയം, ഭരണ-മോണിറ്ററിംഗ് സംവിധാനം എന്നിവയിലെല്ലാം ഹൈടെക് സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തും. പാഠഭാഗങ്ങള്‍ ഡിജിറ്റിലൈസ് ചെയ്യാനുള്ള  പദ്ധതിയും ആരംഭിച്ചു. സ്‌റ്റേറ്റ്  ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എജ്യുക്കേഷന്‍ ടെക്‌നോളജിയുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍  ലൈബ്രറി  പദ്ധതിയും പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇ-ജാഗ്രത പദ്ധതിയുടെ പോസ്റ്റര്‍ മുഖ്യമന്ത്രി ചടങ്ങില്‍ പ്രകാശനം ചെയ്തു.

PRE 11 2017-01-22 (4)

പി.ടി.തോമസ് എംഎല്‍എ അദ്ധ്യക്ഷനായിരുന്നു. സോഷ്യല്‍ മീഡിയയുടെ അമിതമായ സ്വാധീനം കുട്ടികളെ പ്രശ്‌നത്തിലകപ്പെടുത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയെക്കുറിച്ചും ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് നല്കാന്‍ ഇ-ജാഗ്രത പദ്ധതിക്കു കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ.സഫിറുള്ള മുന്‍കയ്യെടുത്ത് ആവിഷ്‌കരിച്ച ഇ-ജാഗ്രതയുടെ ആദ്യഘട്ടം ഒക്‌ടോബര്‍ 21നാണ് ആരംഭിച്ചത്. എറണാകുളം, കോതമംഗലം, ആലുവ, മൂവാറ്റുപുഴ എന്നീ വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി 101 ഗവണ്‍മെന്റ് ഹൈസ്‌ക്കൂളുകളെയാണ് ഈ ഘട്ടത്തില്‍ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തത്. മാര്‍ച്ചില്‍ സമാപിക്കുന്ന രണ്ടാംഘട്ടത്തില്‍ 175 എയ്ഡഡ് സ്‌കൂളുകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കും. എപ്രില്‍, മെയ് മാസങ്ങളില്‍ സ്‌കൂളുകളിലെ അധ്യാപക-രക്ഷാകര്‍തൃസമിതികള്‍ക്കും പരിശീലനം നല്കാന്‍ പദ്ധതിയുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

മൊബൈലും ഇന്റര്‍നെറ്റും സര്‍വവ്യാപകമായി തീര്‍ന്നതോടെ സ്‌കൂളുകളില്‍ ഇവ നിരോധിക്കുന്നത് അപ്രായോഗികമാണ്. നിരോധിക്കുന്നതിനെക്കാള്‍ ഉത്തരവാദിത്തത്തോടെ ഇവ ഉപയോഗിക്കാന്‍ കുട്ടികളെ ബോധവത്കരിക്കുക എന്നതാണ് പ്രായോഗികമെന്ന് ഐടി സെക്രട്ടറി എം.ശിവശങ്കര്‍ പറഞ്ഞു.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയ്ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ സാമ്പത്തിക പിന്തുണയുമുണ്ട്.

എസ്.ബി.ടി റീട്ടെയ്ല്‍ ബാങ്കിങ് ചീഫ് ജനറല്‍ മാനേജര്‍ എം.കെ. ഭട്ടാചാര്യ, ടി.സി.എസ് വൈസ് പ്രസിഡന്റ് ദിനേശ്.പി. തമ്പി, ഇ-ജാഗ്രത പ്രൊജക്ട് മാനേജര്‍ നിഷ ആനന്ദരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

pinarayi vijayan , cyber crime, tcs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here