അമേരിക്കയ്ക്ക് ഇറാന്റെ മറുപടി; അമേരിക്കൻ പൗരൻമാർക്ക് ഇറാനിൽ പ്രവേശനം അനുവദിക്കില്ല

us immigrants

കുടിയേറ്റക്കാരെ തടയാനായി ഉത്തരവ് പുറപ്പെടുവിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ അതേ നാണയത്തിൽ തിരിച്ചടിച്ച് ഇറാൻ. അമേരിക്കൻ പൗരൻമാർക്ക് ഇറാനിൽ പ്രവേശനം അനുവദിക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇറാൻ അടക്കം 7 ഇസ്ലാമിക് രാജ്യങ്ങളിൽനിന്നുള്ള പൗരൻമാരെ വിലക്കുന്ന അമേരിക്കൻ ഉത്തരവിനെതിരെയാണ് ഇറാന്റെ നടപടി. ട്രംപിന്റെ തീരുമാനം മുസ്ലിം ജനതയെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും തീരുമാനം അക്രമണങ്ങളും തീവ്രവാദവും വർധിക്കാൻ കാരണമാവുമെന്നും വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.

നേരത്തെ മെക്‌സിക്കൻ അതിർത്തിയിൽ മതിൽ നിർമ്മിക്കാനുള്ള തീരുമാനത്തെ പരോക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി രംഗത്തെത്തിയിരുന്നു. രാജ്യങ്ങൾ തമ്മിൽ മതിലുകൾ കെട്ടിത്തിരിക്കേണ്ട കാലമല്ല ഇതെന്ന് ട്രംപിന്റെ പേരു പരാമർശിക്കാതെ ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി പറഞ്ഞു. വർഷങ്ങൾക്കുമുമ്പ് ബർലിൻ മതിൽ കടപുഴകിയത് അവർ മറന്നുകാണും. സമാധാനപരമായ സഹവർത്തിത്വം ഉറപ്പാക്കേണ്ട കാലഘട്ടമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

NO COMMENTS

LEAVE A REPLY