കമലിന്റെ ഞെട്ടിക്കുന്ന വാക്കുകളിൽ നിന്ന് പിന്നിലേക്ക് പോകാം

അരവിന്ദ് വി / ക്രിമിനൽ വേഷങ്ങൾ സിനിമയിലെത്തുമ്പോൾ  1 

നായിക നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതിഷേധം നടക്കുന്ന വേദിയിലാണ് സംവിധായകൻ കമൽ ആ വാക്കുകൾ പറഞ്ഞത്. ”നമുക്കിടയിൽ ക്രിമിനൽ വൽക്കരണം നടക്കുന്നു എന്നതിന്റെ തെളിവാണിത്…!” ഇത് എന്നത് കൊണ്ട് കമൽ ഉദ്ദേശിച്ചത് നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കരാർ ഉറപ്പിച്ച ക്വട്ടേഷൻ ആണ് അതെന്നതായിരുന്നു. തട്ടിക്കൊണ്ടു പോയി പീഡന ചിത്രങ്ങൾ പകർത്തി പിന്നീട് സൗകര്യാർത്ഥം ഉപയോഗിക്കാൻ വേണ്ടി ആരോ മനഃപൂർവ്വം ആസൂത്രണം ചെയ്ത കുറ്റകൃത്യം. സിനിമയ്ക്ക് വെളിയിൽ കാര്യമായ റോളുകൾ ഇല്ലാതിരുന്ന ഒരു പെൺകുട്ടിയ്ക്ക് ഒരു ബ്ലാക്മെയിലിൽ കുടുങ്ങി എന്താണ് ചെയ്യാൻ കഴിയുക ? സിനിമയിലെ അപ്രമാദിത്തങ്ങൾ ഊട്ടിയുറപ്പിക്കാൻ വേണ്ടി കൽപ്പനകിട്ടിയാൽ തലവെട്ടാൻ പോലും തയ്യാറാകുന്ന കുറ്റവാളികളെ തീറ്റിപ്പോറ്റുന്നവർ ഉണ്ടോ ? അങ്ങനെ ഉണ്ടെന്ന് ഇപ്പോൾ തുറന്നടിക്കുന്നത് മലയാള സിനിമയിലെ മുതിർന്ന സംവിധായകൻ കമൽ തന്നെയാണ്.

Criminal Costume 1

കമലിന് മാത്രമല്ല ; മഞ്ജു വാര്യർക്കും പറയാനുള്ളത് അത് തന്നെ

പീഡിപ്പിക്കപ്പെട്ട നടിയുമായി വ്യക്തിബന്ധം ഉള്ള മഞ്ജു വാര്യർക്കും ചിലത് തുറന്നു പറയാനുണ്ട്. സംഭവത്തിൽ ക്രിമിനൽ ഗൂഡാലോചന നടന്നിട്ടുണ്ട് എന്ന് മഞ്ജു ജനങ്ങളെ സാക്ഷി നിർത്തി തുറന്നടിക്കുമ്പോൾ സിനിമാലോകത്ത് ക്രിമിനലുകൾ ഉണ്ടെന്ന് സമ്മതിക്കുകയാണ്. അഭിനയിക്കാനും സംവിധാനം ചെയ്യാനും നിർമിക്കാനും എന്തിനാണ് ഗുണ്ടകൾ ? എന്താണ് സിനിമാലോകത്തെ ക്രിമിനലുകളുടെ മുഖ്യ ദൗത്യം ?

manju kamal

കമലിന്റെ വർത്തമാനം കാറ്റിലേക്ക് വെറുതെ വീശിയ പാഴ്വാക്കുകൾ അല്ല

സിനിമയിൽ ക്രിമിനലുകൾ ഉണ്ട്. എം എൻ നമ്പ്യാരും , ജോസ് പ്രകാശും , ക്യാപ്റ്റൻ രാജുവും, ടി ജി രവിയും , ബാലൻ കെ നായരുമൊക്കെ നല്ല കടുത്ത ക്രിമിനൽ വേഷങ്ങൾ തകർത്താടിയിട്ടുണ്ട്. എന്നാൽ സിനിമയിൽ പുതിയ ക്രിമിനൽ വേഷങ്ങൾ ആടുന്നവർ വെള്ളിത്തിരയിലെ സാങ്കൽപ്പിക കഥാപാത്രങ്ങൾ അല്ല. അവർ സിനിമയുടെ ഓരോ കോണിലും കൃത്യമായ നിർദ്ദേശങ്ങൾ ശിരസ്സാവഹിച്ച്‌ പ്രവർത്തിക്കുന്നു.

ആദ്യകാലം മുതലേ ലൊക്കേഷൻ ഗുണ്ടകൾ ഉണ്ട്

ഷൂട്ടിങ് സ്ഥലങ്ങളിൽ ആളുകളെ നിയന്ത്രിക്കുന്നതിന് പ്രാദേശിക ഗുണ്ടകളുടെ സഹായം തേടുന്നത് സിനിമയിൽ പണ്ടേ പതിവാണ്. ചില്ലറ പ്രതിഫലം, നായകനും നായികയുമൊത്ത് ഫോട്ടോയെടുക്കൽ , സെറ്റിലെ പ്രൊഡക്ഷൻ ആഹാരം ഇത്രയുമൊക്കെ ധാരാളം . ഇതിനപ്പുറത്തേക്ക് ഇക്കൂട്ടർക്ക് പ്രവേശനം ഇല്ലായിരുന്നു.

shooting goons

പിന്നീട് തീയറ്ററുകളിൽ എതിർ നായകൻറെ ചിത്രത്തെ കൂവി തോൽപ്പിക്കാൻ നിയോഗിക്കപ്പെട്ടവരുടെ തലവന്മാരുടെ രൂപത്തിലേക്ക് ഇക്കൂട്ടർ പ്രൊമോട്ട് ചെയ്യപ്പെട്ടു. അതായിരുന്നു ഗുണ്ടകളുടെ അകത്തോട്ടുള്ള കടന്നു വരവിന്റെ തുടക്കം. അത് അനാരോഗ്യകരമായ പ്രവണതകൾക്ക് തുടക്കമാകുമെന്ന് മുതിർന്ന പല സംവിധായകരും, നടന്മാരും ആദ്യം മുതൽ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ താരപോരാട്ടങ്ങളുടെ ചൂടേറിയ കാലത്ത് ഫാൻസ് കുപ്പായത്തിൽ ഗുണ്ടകൾ കൂടി നുഴഞ്ഞു കയറി. ഇവരെ തിരിച്ചറിയാൻ യഥാർത്ഥ ആരാധകർക്ക് പോലും കഴിഞ്ഞുമില്ല. മോഹൻലാലും , മമ്മൂട്ടിയും ഉൾപ്പെടെ മുൻനിരതാരങ്ങളൊക്കെ ഈ പ്രവണത തടയുന്നതിൽ തികച്ചും പരാജയപ്പെട്ടു. അന്നവർ പരസ്യമായ നിലപാടെടുത്തെങ്കിൽ ഇതൊക്കെ ഒരു പരിധിവരെ നിയന്ത്രിക്കപ്പെട്ടേനെ.

‘ബഹുമുഖം’ കെട്ടിയാടാൻ ഗുണ്ടകൾക്ക് പരവതാനി

നടൻ നടൻ മാത്രമല്ലാതായി മാറിയതും , സിനിമയിൽ സംവിധായകനും നിർമാതാവും ഒക്കെ മറ്റു മേഖലകളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിച്ച് ബഹുമുഖ പ്രതിഭകൾ ആകാനുള്ള ഓട്ടത്തിനിടെയാണ് പുറത്തു നിന്നവർക്കും തീയറ്ററിൽ ഇരുന്നു കൂവിയവർക്കുമൊക്കെ സെറ്റിനകത്തും , കാറിനുള്ളിലും, കാരവാനുകളിലും പ്രവേശനം കിട്ടിയത്. ഉദാഹരണത്തിന് ഒരാൾക്ക് നടൻ മാത്രമായി ജീവിക്കാൻ ഗുണ്ടകളുടെ സഹായം വേണ്ട. മറിച്ച് അയാൾ നിർമാതാവും , ബിസ്സിനസ്സ് മാനും , തീയറ്റർ ഉടമയുമൊക്കെ ആയി മാറാൻ തീരുമാനിക്കുമ്പോൾ കുറെ സഹായികൾ വേണ്ടി വരും. കൊച്ചി കേന്ദ്രീകരിച്ചുള്ള ഇത്തരം സിനിമാരീതികൾ കൊച്ചിയിലെ പഴയ ഗുണ്ടാലോകത്തിലെ അവശേഷിപ്പുകൾക്ക് പുതിയ സ്റ്റാറ്റസ് കൽപ്പിച്ചു നൽകുന്നു.

ഇപ്പോൾ ചുരുൾ നിവരുന്ന സിനിമാലോകത്തെ ക്രിമിനൽവൽക്കരണം , ശീലങ്ങൾ തെറ്റെന്നു തന്നെ ഉറപ്പിച്ചു പറയുന്നു. കമലിന്റെ വാക്കുകൾ ശ്രദ്ധയോടെ പ്രാധാന്യത്തോടെ ഒരിക്കൽ കൂടി വായിക്കാം – ”ഇങ്ങനെ ഒന്നും കേരളത്തിൽ നടക്കില്ലെന്നു പറയുന്ന മലയാളിയുടെ ധാർഷ്ട്യത്തിനു കിട്ടിയ അടിയാണ് ഈ സംഭവം. സൗമ്യയുടെ സംഭവം മറക്കാനായിട്ടില്ല. കേരളം ലജ്ജിക്കണം. നമുക്കിടയിൽ (സിനിമയിൽ) ക്രിമിനൽവൽക്കരണം നടക്കുന്നു എന്നതിന്റെ തെളിവാണിത്. ക്രിമിനലുകൾ നുഴഞ്ഞുകയറുന്നതിന്റെ തെളിവാണിത്.”

( രണ്ടാം ഭാഗത്തിൽ – റിയൽ എസ്റ്റേറ്റ് കച്ചവടത്തിൽ കുടുങ്ങിയ സിനിമാലോകം – ഫെബ്രുവരി 22 ബുധൻ )

criminals in malayalam cinema

NO COMMENTS

LEAVE A REPLY