Advertisement

വാഴ്ത്തപ്പെടാത്ത സിസ്റ്റർ അഭയേ… സഭയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമേ …!!

March 27, 2017
Google News 2 minutes Read

2017 മാർച്ച് 27 കേരളത്തിലെ ക്രിസ്ത്യൻ സഭയുടെ ചരിത്രത്തിൽ ഒരു സാധാരണ ദിവസമായി കടന്നു പോകുന്നു. പെസഹയെ വരവേൽക്കാനൊരുങ്ങുന്ന ഈ നൊയമ്പു കാലത്ത് സഭ , ചെയ്തു പോയ പാപങ്ങളെയോർത്ത് പരിതപിക്കുന്നില്ല. കോട്ടയം പയസ് ടെൻത് കോൺവെന്റിൽ സിസ്റ്റർ അഭയ എന്ന പത്തൊമ്പത് വയസ്സുകാരി കന്യാസ്ത്രീ കൊലചെയ്യപ്പെട്ടതിന്റെ ഇരുപത്തിയഞ്ചാം വാർഷിക ദിനമാണിന്ന്.

കൊല ചെയ്ത പുരോഹിതന്മാരും, കന്യാസ്ത്രീയും സഭാവസ്ത്രമണിഞ്ഞു, നിർലജ്ജം സ്ഥാനമാനങ്ങളിൽ തുടരുന്നു. നിയമത്തിന്റെ കണ്ണുകെട്ടിക്കളി കുറ്റവാളികളെ രക്ഷയുടെ കവചമൊരുക്കി പരിരക്ഷിക്കുന്നു. അനുതാപമേതുമില്ലാതെ സഭാനേതൃത്വം ഹീനമായ ഈ കൊടുംകൊലയിൽ ‘എന്റെ പിഴ’ എന്ന മനസ്താപവചനം ചൊല്ലുന്നില്ല.

അഭയയുടെ കൊലപാതകം നടന്ന് കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും സഭയുടെ നിലപാടുകളിലോ,കര്‍മ്മങ്ങളിലോ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. വരേണ്യ-പുരോഹിത- സന്യാസിനീ സമൂഹങ്ങളുടെ അരമനവാഴ്ച തുടരുന്നു.
ദുരൂഹസാഹചര്യത്തില്‍ വീണ്ടും കന്യാസ്ത്രീകള്‍ മരിക്കുന്നു. പുരോഹിതന്‍മാര്‍, പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും പീഡിപ്പിച്ച് കേസുകളിലിടം നേടുന്നു. വിശ്വാസികളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കപ്പുറം സ്വന്തം സ്ഥാപിത, രാഷ്ട്രീയ താത്പര്യങ്ങളുടെ വിശ്വാസ സംരക്ഷകരായി മാറിയ മെത്രാന്‍മാരുടെ ധാര്‍ഷ്ട്യം നിറഞ്ഞ ലേഖനങ്ങളാല്‍ പള്ളിയിടങ്ങള്‍ മലിനമാകുന്നു.  ദുഷിച്ച് നാറിയ ഒരു സാമൂഹിക വ്യവസ്ഥയിലെ സ്വര്‍ണ്ണമേലാപ്പിട്ട നെടുംതൂണുകളായി നിലകൊള്ളുന്നു സഭാനേത്യത്വം.

സിസ്റ്റര്‍ അഭയ എന്ന പേരു പോലും കത്തോലിക്കാസഭയ്ക്ക് ചതുര്‍ത്ഥിയാണ്. സുവിശേഷവേലയ്ക്കിടെ കൊല ചെയ്യപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെടല്‍ പ്രഖ്യാപനം ആഘോഷിക്കാനൊരുങ്ങുകയാണ്
കേരളത്തിലെ ക്രൈസ്തവസഭയിപ്പോള്‍. ഒരു അവിശ്വാസിയാല്‍ കൊല ചെയ്യപ്പെട്ട കന്യാസ്ത്രീയേക്കാള്‍ ദിവ്യത്വം പൗരോഹിത്യത്താല്‍ കൊല ചെയ്യപ്പെട്ടവള്‍ക്കുണ്ടെന്ന സത്യം സഭയ്ക്ക് മൂടിവച്ചേ മതിയാകൂ. അതിനാല്‍, സിസ്റ്റര്‍ അഭയ ഇരുപത്തിയഞ്ചാം കൊല്ലത്തിലും അവിശുദ്ധമായൊരു ചോദ്യചിഹ്നമായി സഭയുടെ അരമനക്കിണറില്‍ ശ്വാസം മുട്ടിക്കിടക്കും. അവളെക്കൊന്ന വിശുദ്ധന്‍മാര്‍ക്കായി മെത്രാന്‍മാര്‍ സ്‌തോത്ര ഗീതമാലപിക്കും.

 

Sister Abhaya – not an unanswerable question

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here