മാണി-സിപിഎം ചങ്ങാത്തം; ആഞ്ഞടിച്ച് വീക്ഷണവും ജനയുഗവും

janayugom- veekshanam

കോട്ടയത്തെ മാണി സിപിഎം കൂട്ടുകെട്ടിനെതിരെ കോൺഗ്രസ് മുഖപത്രമായ വീക്ഷണവും സിപിഐ മുഖപത്രമായ ജനയുഗവും രംഗത്ത്. വർഷങ്ങളായുള്ള കോൺഗ്രസ് സഖ്യം ഉപേക്ഷിച്ച് സിപിഎമ്മിന്റെ പിന്തുണയോടെ കഴിഞ്ഞ ദിവസം കേരള കോൺഗ്രസം എം കോട്ടയം ജില്ലാ പഞ്ചായത്ത് പിടിച്ചെടുത്തിരുന്നു. സിപിഐയും കോൺഗ്രസും ഒരുപോലെയാണ് ഇതിനെ എതിർത്തും അപലപിച്ചും രംഗത്തെത്തിയത്.

കോട്ടയത്ത് അരങ്ങേറിയത് രാഷ്ട്രീയ അധാർമ്മികതയാണെന്നാണ് ജനയുഗം എഡിറ്റോറിയൽ. തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ അട്ടിമറി അവിശ്വസനീയതയോടെ യാണ് ജനം കേട്ടത്. സിപിഎമ്മിന്റെ നടപടി മുന്നണിയെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ചവർക്ക് ഉൾക്കൊള്ളാനാവില്ല. ഇത് രാഷ്ട്രീയ അധാർമ്മികതയും സിപിഎമ്മിന്റെ അവസരവാദവുമാണെന്നും എഡിറ്റോറിയലിൽ പറയുന്നു. മാണിയൊപ്പോലെ അഴിമതിയുടെ പേരിൽ രാജി വച്ച ഒരാളെ അധികാരത്തി ലെത്തിക്കാൻ സിപിഎം കൂട്ടുനിൽക്കുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയതല്ല. ഇത് ഇരുട്ടടിയായി മാത്രമേ ജനങ്ങൾ വിലയിരുത്തൂ എന്നും ജനയുഗം.

Read Also : ഇടത് ചാരി മാണി; സ്തബ്ധരായി കോൺഗ്രസ്

കഴിഞ്ഞ ദിവസം മാണിയ്‌ക്കെതിരെ കോൺഗ്രസ് നേതാക്കൾ ഉന്നയിച്ച ആരോപണങ്ങളുടെ ബാക്കിയായിരുന്നു വീക്ഷണത്തിന്റെ എഡിറ്റോറിയൽ. രപാഷ്ട്രീയ സദാചാരമില്ലാത്ത നടപടിയാണ് കോട്ടയത്തേതെന്ന് വ്യക്തമാക്കുന്ന എഡിറ്റോറിയൽ അധികാരമില്ലാതെ ജീവിക്കാനാകില്ലെന്ന മാണിയുടെ നിലപാടാണ് എൽഡിഎഫുമായി ബന്ധപ്പെടുത്തുന്നതെന്നും വീക്ഷണം. ലോക്‌സഭയിലെത്തണ മെങ്കിൽ ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമാകണം. അതാണ് എൽഡിഎഫിലേക്ക് ചായുന്നതിന് പിന്നിൽ. ഇത് നരകത്തിലേക്കുള്ള യാത്രയാണെന്ന് ഭയപ്പെടുന്നവരുമുണ്ടെന്നും പത്ര്ം പറയുന്നു.

Read More : കോട്ടയത്ത് നടന്നത് കേരളാ കോണ്‍ഗ്രസിന്റെ മധുര പ്രതികാരം

കെഎം മാണിയുടെ തീരുമാനത്തിൽ പാർട്ടിയ്ക്കുള്ളിൽതന്നെ കടുത്ത ഭിന്നതയാണ് നിലനിൽക്കുന്നത്. യുഡിഎഫ് വിട്ടതിന് ശേഷവും ജില്ലയിൽ കേരള കോൺഗ്രസിന്റെ കരുത്തിന് കുറവ് വന്നിരുന്നില്ല. രണ്ട് തദ്ദേശ തെരഞ്ഞെടുപ്പിലും ഒറ്റയ്്ക്ക് മത്സരിച്ച് ജയിച്ച പാർട്ടി ഈ തെരഞ്ഞെടുപ്പിലും വലിയ ഭൂരിപക്ഷം നേടിയിരുന്നു. അങ്ങനെയിരിക്കെ ഇടത് പിന്തുണ എന്തിനെന്ന ചോദ്യം പാർട്ടിയ്ക്കുള്ളിൽ പുകയുന്നുണ്ട്.

നേരത്തേയുള്ള ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം ആദ്യ രണ്ടര വർഷം കോൺഗ്രസിനും ബാക്കി കാലയളവിൽ കേരള കോൺഗ്രസിനും എന്നായിരുന്നു ധാരണ. എന്നാൽ മാണി യുഡിഎഫിൽനിന്ന് തെറ്റിപ്പിരിഞ്ഞതോടെ ഇതിന് മാറ്റം വന്നു. മുൻ ജില്ലാ പ്രസിഡന്റ് കോൺഗ്രസിന്റെ ജോഷി ഫിലിപ്പ് കോട്ടയം ഡിസിസി പ്രസിഡന്റ് ആയതിനെ തുടർന്നാണ് ഇപ്പോൾ വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്.

കോട്ടയത്തെ മാണിയുടെ നിലപാട് യുഡിഎഫിനെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. നിരവധി തവണ യുഡിഎഫ് അംഗങ്ങൾ മാണിയെ മുന്നണിയിലേക്ക് തിരിച്ചെത്തിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും തിരിച്ചില്ലെന്ന ഉറച്ച നിലപാടിൽതന്നെയായിരുന്നു കെ എം മാണിയും കേരള കോൺഗ്രസും. എന്നാൽ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ മാണി കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചിരുന്നു.