Advertisement

ആരും സഞ്ചരിക്കാത്ത നിയമവഴിയിലൂടെ സർക്കാർ ഭ്രാന്തമായി അലഞ്ഞതെന്തിന് ? 

May 5, 2017
Google News 2 minutes Read
t p senkumar issue wrong step

അരവിന്ദ് വി

സെൻകുമാർ വിഷയത്തിൽ  സുപ്രീം കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ തന്നെ നൽകിയ പുനഃപരിശോധനാ ഹർജിയാണ് ഇന്ന്  തള്ളിയത്. സുപ്രീം കോടതി  വിധിയിൽ ഒരു വ്യക്തത കുറവും ഇല്ല എന്നൊരു പരാമർശം കൂടി സുപ്രീം കോടതി തന്നെ നടത്തി. മാധ്യമങ്ങൾ സർക്കാരിനെതിരെയുള്ള വലിയ തിരിച്ചടിയായി ഈ വിധിയെ വിശകലനം ചെയ്യുന്നു. ഏതൊരു വ്യാഖ്യാനവും അങ്ങനെ തന്നെയാണ് ഉണ്ടാവുക.
യഥാർത്ഥത്തിൽ  സർക്കാർ ഈ വിഷയത്തിൽ കാണിച്ച അതിബുദ്ധിയാണ് കൊടുത്ത വടി കൊണ്ട് തന്നെയുള്ള  ഈ വാങ്ങിയ അടി.

മുന്നൊരുക്കത്തിന് സമയം കണ്ടെത്തിയത് സ്വയം വീണു കൊണ്ട് 

വീഴ്ചകൾ കൊണ്ട് പേര് കെട്ടുപോയ സർക്കാരിന് ഈ വീഴ്ചയും ഒരു അപമാനവാവുകയാണ്. സാധാരണ വീഴ്ചകൾ പോലെ തന്നെ ആഭ്യന്തര വകുപ്പിൽ തന്നെയാണ് ഈ വീഴ്ചയും. പക്ഷെ സെൻ കുമാർ കേസിലെ വീഴ്ചയിൽ ഒരു വ്യത്യാസം ഉണ്ട്. അത് വഴുതി വീണതല്ല  ; സ്വയം വീണതാണ്.  ഒരു അതി ബുദ്ധിയുടെയും , തെറ്റായ ഉപദേശത്തിന്റെയും കൂടി അടിസ്ഥാനത്തിലായതിനാൽ ഈ വീഴ്ചയുടെ ആക്കം കൂടിപ്പോയി. ഒരു പക്ഷെ സർക്കാർ ലക്ഷ്യമിട്ട സമയം ചിലപ്പോൾ ലഭിച്ചു കാണും ; എന്നാൽ അതിനു നൽകേണ്ടി വന്ന വില വളരെ വലുതായിപ്പോയി… വളരെ വളരെ വലുത്.

നളിനി നെറ്റോയെ രക്ഷിക്കാൻ അവസാന ശ്രമം 

ഒരു കോടതി അലക്ഷ്യ നടപടി,  തെറ്റെന്ന് കോടതി കണ്ടെത്തിയ ഒരു റിപ്പോർട്ടിന്റെ ഉത്തരവാദിത്തം ഇങ്ങനെ രണ്ടു പ്രശ്നമാണ് നളിനി നെറ്റോ എന്ന ചീഫ് സെക്രട്ടറിയുടെ തലയ്ക്ക് മുകളിൽ തൂങ്ങുന്നത്. മുഖ്യമന്ത്രിയുടെ പ്രവർത്തനം തുടങ്ങിയ ആദ്യ നാളുകൾ മുതൽ വിശ്വസ്തരുടെ പട്ടികയിൽ ഒന്നാം പേരുകാരിയായിരുന്നു നളിനി നെറ്റോ. അത് കൊണ്ട് തന്നെ സെൻ കുമാർ കേസിൽ സർക്കാരിന് വേണ്ടി വിയർത്തു പണിയെടുത്ത നളിനി നെറ്റോയെ കാത്തു രക്ഷിക്കുക എന്ന ഒന്നാം ദൗത്യം ഏതാണ്ട് വിജയമായേക്കും. നിയമത്തിൽ ആരും ഇന്ന് വരെ സഞ്ചരിക്കാൻ ധൈര്യം കാണിക്കാത്ത വഴികളിലൂടെയെല്ലാം അതിനായി മുഖ്യമന്ത്രിയുടെ ഓഫീസും ഉപദേശകരും സഞ്ചരിച്ചു.

സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി , വ്യക്തത ആവശ്യപ്പെട്ട മറ്റൊരു ഹർജി എന്നിവ കാരണം സെൻകുമാറിന്റെ കോടതിയലക്ഷ്യ ഹർജിക്ക് മുന്നിലേക്കുള്ള ഒരു ക്രോസ്സ് തീർക്കാൻ സർക്കാരിനായി. മെയ് 5 ലേക്ക് സെൻ കുമാറിന്റെ കോടതിയലക്ഷ്യ ഹർജി മാറി. മെയ് 5 നു ആ ഹർജി പരിഗണിക്കുന്നത് നോട്ടിസ് നൽകി  വീണ്ടും മാറ്റി വച്ചു . അതെ സമയം ആ കേസിൽ ചീഫ് സെക്രട്ടറി ഹാജരാകേണ്ട എന്നും കോടതി പറഞ്ഞു. ഈ അവസരം കൊണ്ട് സെൻ കുമാറിനെ ഡി ജി പി ആയി നിയമിച്ചാൽ സർക്കാർ പെരുമാറ്റ ചട്ടത്തിൽ കുടുക്കി കോടതിയലക്ഷ്യ ഹർജി പിൻവലിപ്പിക്കുകയും ചെയ്യാം.

പക്ഷെ അതിനായി ഇങ്ങനെ വളഞ്ഞു മൂക്കിൽ തൊടേണ്ട കാര്യമില്ലായിരുന്നു എന്നാണ് നിയമ വിദഗ്ധർ വിലയിരുത്തുന്നത്.

മുന്നൊരുക്കം രണ്ട് – അഴിച്ചു പണി ; തച്ചങ്കരി 

പോലീസ് ഹെഡ് കോർട്ടേഴ്‌സിൽ അഴിച്ചു പണി നടത്തുന്നതിന് സമയം കിട്ടി എന്നാണ് പാർട്ടിയിൽ ചിലരുടെയും മാധ്യമങ്ങളിൽ ചിലതിന്റെയും കണ്ടെത്തൽ. തച്ചങ്കരിയെ കുറെ വർഷങ്ങൾക്ക് ശേഷം കാക്കി ഇടുവിച്ചു എന്നതൊക്കെ മാധ്യമങ്ങൾ സെൻ കുമാർ വിഷയവുമായി ചേർത്ത് വായിച്ചത് എ കെ ജി സെന്റർ പി ആർ വക ആയിരിക്കണം.

Read Also : സെൻകുമാർ വീണ്ടും ഡിജിപി

പോലീസ് കോൺസ്റ്റബിൾ മുതൽ ഡി ജി പി വരെയുള്ളവരുടെ നിയമന – സ്ഥലം മാറ്റ അധികാരം മുഖ്യമന്ത്രിക്കാണ് എന്നിരിക്കെ സെൻ കുമാർ ഡി ജി പി ആകുന്നതും ഇതുമായി ഒരു ബന്ധവുമില്ല എന്ന സത്യം എന്താണ് സർക്കാർ വക്താക്കൾ ഓർക്കാത്തത്. സെൻ കുമാറിനെ ഇരുത്തികൊണ്ടു തന്നെ മുഖ്യമന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും കൂടി ഇതൊക്കെ ചെയ്യാമായിരുന്നു.

സർവീസ് ചട്ട ലംഘനം

മാധ്യമങ്ങളിൽ പോലീസ് വകുപ്പിന്റേതായി വന്ന ചില രഹസ്യ രേഖകൾ ടി പി സെൻ കുമാർ ചോർത്തി നൽകിയതാണ് എന്ന വാദമുയർത്തി ഒരു കേസ് നിലവിലുണ്ട്. സർവീസിൽ നിന്നും സെൻ കുമാർ പുറത്താക്കപ്പെട്ടിട്ടില്ല. സസ്‌പെൻഷനിൽ പോലുമല്ല. അങ്ങനെ സർക്കാർ സേവനത്തിൽ ഉള്ള ഒരു ഉദ്യോഗസ്ഥൻ ഇക്കാലയളവിൽ നിയമപരമായി തനിക്ക് അനുവദിക്കപ്പെട്ടിട്ടുള്ള പോരാട്ട അവകാശങ്ങളിൽ കൂടുതലായി പ്രയോഗിച്ചോ എന്ന് സർക്കാർ പരിശോധിച്ചോ ? നിയമ പോരാട്ട വിവരങ്ങളും വെല്ലു വിളികളും മാധ്യമങ്ങളിൽ കൂടി പരസ്യപ്പെടുത്തിയോ ? അങ്ങനെ ചെയ്തെങ്കിൽ അത് ചട്ട ലംഘനം അല്ലെ ?

ടി പി സെൻകുമാറിനെ ഉടനടി തന്നെ നിയമിച്ച ശേഷം  സർക്കാർ ഇനി പുറത്തെടുക്കുന്ന ആയുധം ‘സർവീസ് ചട്ട ലംഘനം ‘ തന്നെയാകും. കൂടാതെ രേഖ ചോർത്തി എന്ന ആരോപണത്തിന്റെ മൂർച്ഛ കൂട്ടും. അതോടെ കോടതി അലക്ഷ്യ കേസിൽ ‘നോട്ട് പ്രസ്’ എന്ന് പറയാൻ സർക്കാരിന്റെ വിധേയനായ ഡി ജി പി തയ്യാറാകും. ചീഫ് സെക്രട്ടറിക്കും രക്ഷയാകും. പക്ഷെ ഒരു ചീഫ് സെക്രട്ടറിയെ രക്ഷിക്കാൻ സർക്കാർ ഓടിയ ഈ വിചിത്രമായ  ഓട്ടം ആരുടെ ഉപദേശ പ്രകാരം ആയിരുന്നു എന്നത് ഇപ്പോഴും അജ്ഞാതം !

t p senkumar issue   wrong step

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here