Advertisement

വൈറൽ വീഡിയോ ; പൊതുനിരത്തിലെ ഗുണ്ടകൾ

May 6, 2017
Google News 2 minutes Read

അരവിന്ദ് വി

ടോൾ ബൂത്തിലെ ഗുണ്ടാവിളയാട്ടം

ദമ്പതികളായ യാത്രക്കാരെ അസഭ്യം പറയുന്നതും പണം പിടിച്ചു പറിക്കുന്നതുമാണ് ദൃശ്യങ്ങളിൽ. കാറിന്റെ ജനൽ ചില്ലിനുള്ളിലേക്ക് കൈകടത്തി സ്ത്രീയെയും പുരുഷനെയും കയ്യേറ്റം ചെയ്യുന്നതും വീഡിയോയിൽ വ്യക്തം. ഇവരെ പോലീസ് പിന്നീട് പിടികൂടി. പക്ഷെ എന്ത് ശിക്ഷ ലഭിക്കും. ഭാര്യയുമായി അപമാനിതനായി ഈ കയ്യൂക്കിന്റെ മുന്നിൽ പകച്ചിരുന്ന മനുഷ്യന്റെ മനസികാഘാതത്തിന് എന്ത് പരിഹാരം ഉണ്ട് ?

ടോൾ ബൂത്തുകൾ ജനങ്ങളുടെ പേടി സ്വപ്നം ആവുകയാണ്. അനാവശ്യമായും അനിയന്ത്രിതമായും പിടിച്ചു പറിയാണ് പലയിടത്തും നടക്കുന്നത്. ഒരു വാഹനം വാങ്ങുന്നത് മുതൽ കരം ഒടുക്കി തുടങ്ങുകയാണ് ഒരു ശരാശരി വാഹന ഉടമ. പിന്നീട് എത്രയോ സേവനങ്ങൾക്കൊപ്പം റോഡ് സെസ്സ് ഒടുക്കേണ്ടി വരുന്നു. ഇന്ധനത്തിനൊപ്പം പോലും നമ്മൾ സംസ്ഥാനത്തിനും കേന്ദ്രത്തിനും വെവ്വേറെ നികുതികൾ ഒടുക്കുന്നു. എന്നിട്ടോ ? കുണ്ടും കുഴിയും കയറിയിറങ്ങി കേരളത്തിലെ റോഡ് സവാരി ചെയ്തു നടുവൊടിഞ്ഞ ഒരു യാത്രക്കാരനോടോ വാഹന ഉടമയോടോ മെക്കിട്ടു കേറാനും ചിലപ്പോൾ തല്ലാനും ആണ് ടോൾ എന്ന പിടിച്ചു പറിക്കായി ഗുണ്ടകളെ നിർത്തിയിരിക്കുന്നത്.

ഈ വീഡിയോയിൽ ഉള്ളത് മലപ്പുറത്തെ തിരുനാവായ ടോൾ ബൂത്ത് ആണ്. കാറിനുള്ളിലെ സ്ത്രീ പ്ലീസ് എന്ന് കെഞ്ചുന്നത് കേൾക്കാം. അപ്പോഴും ഒരു ക്രിമിനൽ ഗുണ്ട കാറിന്റെ മറുവശത്തേക്ക് – ആ സ്ത്രീ ശബ്ദം കേട്ട ഭാഗത്തേക്ക്- പാഞ്ഞടുക്കുകയാണ്. ദൃശ്യങ്ങളും ആക്രോശങ്ങളും വൈറൽ ആയതോടെ പോലീസ് സമ്മർദ്ദത്തിലായി. ഗുണ്ടകളെ പിടിച്ചു. പക്ഷെ നിയമം ഈ ടോൾ മാഫിയയ്ക്ക് മുന്നിൽ മുട്ട് മടക്കും എന്നത് ഉറപ്പ്.

കളിയിക്കാവിള മുതൽ മഞ്ചേശ്വരം വരെ

കഥ കേരളത്തിലെല്ലാം ഒന്ന് തന്നെ. ഗുണ്ടകൾ ചീറുന്ന ഭാഷയിൽ മാത്രമാണ് മാറ്റം. യാത്രക്കാരുടെ ഈ ടോൾ ദുരിതത്തിന് ഒരു ചെറിയ ആശ്വാസം ആയത് പിണറായി സർക്കാർ കൈകൊണ്ട ചില നടപടികൾ മാത്രമാണ്. വരവിനുള്ള മറ്റു സ്രോതസ്സുകൾ കണ്ടെത്തി ടോള്‍ പിരിവ് പൂര്‍ണ്ണമായി നിര്‍ത്തലാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയില്‍ പ്രസ്താവിച്ചത്
2016 ഒക്ടോബർ 12 നായിരുന്നു. പാലാരിവട്ടം മേല്‍പ്പാലം ഉദ്ഘാടനം ചെയ്ത സന്ദർഭം ആയിരുന്നു അത്. അന്ന് ചടങ്ങിലുണ്ടായിരുന്ന മരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനും അനുബന്ധമായി ചില തീരുമാനങ്ങൾ പറഞ്ഞു.

  • സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിര്‍മ്മിക്കുന്ന ഒരു റോഡുകള്‍ക്കും പുതിയ ടോളുകള്‍ ഏര്‍പ്പെടുത്തില്ല.
  • സംസ്ഥാനത്തിന് പൂര്‍ണ്ണ അധികാരമുള്ള ടോളുകള്‍ നിര്‍ത്തലാക്കും.
  • പൊതുമരാമത്ത് വകുപ്പോ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനോ നിര്‍മ്മിക്കുന്ന റോഡുകള്‍ക്ക് ടോള്‍ ഉണ്ടാകില്ല.
  • നിലവിലെ ടോളുകള്‍ നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടഭര്‍ഥിക്കും.
  • പൊതുമരാമത്ത് വകുപ്പിനു കീഴില്‍ നിലവില്‍ 15 ടോളുകളാണുള്ളത്. ബാക്കിയുള്ള ടോളുകള്‍ നിര്‍ത്തലാക്കുന്നതിന് ചര്‍ച്ചകള്‍ നടത്തും.
  • നിര്‍മ്മാണ തുകയായ 218 കോടി ലഭിക്കുന്നതുവരെയോ 20 വര്‍ഷത്തിനുള്ളില്‍ 9% പലിശ നിരക്കില്‍ ഈടാക്കുകയോ ചെയ്യണമെന്നാണ് വ്യവസ്ഥ. അക്കാര്യങ്ങള്‍ പരിശോധിച്ച് ടോളുകള്‍ നിര്‍ത്തലാക്കുന്നതിന് നടപടി സ്വീകരിക്കും.

ഈ പ്രഖ്യാപനങ്ങൾ അനുസരിച്ച് സംസ്ഥാന പാതകളിലെ ടോൾ പിരിവുകൾ ഏറെക്കുറെ അവസാനിച്ചു. എന്നാൽ കോടതി വിധിയുമായി ചിലർ ഇപ്പോഴും പിടിച്ചു പറി തുടരുന്നുണ്ട്. ദേശീയ പാതകളിലെ ടോൾ എന്നവസാനിക്കുമെന്നു സാക്ഷാൽ മോദിക്ക് പോലും പറയാനും കഴിയില്ല.

മോദി പറയാത്തത് ഗഡ്‌കരി പറയും

തിരുവനന്തപുരത്ത് വലിയൊരു പാതയുടെ നിർമാണ ഉത്ഘാടനം നടത്തവേയാണ് ഗഡ്‌കരി കഴിഞ്ഞ ഡിസംബറിൽ അത് പറഞ്ഞത്. അതായത് സംസ്ഥാനം ഇനി പിരിക്കില്ല എന്ന് പറഞ്ഞതിന്റെ അടുത്തതിന്റെ അടുത്ത മാസം. കേരളത്തിലെ 1065 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള റോഡ് വികസിപ്പിക്കാന്‍ 34,000 കോടി രൂപ എന്ന മോഹനഫണ്ട്. പക്ഷെ സംഗതി ബി ഓ ടി വ്യവസ്ഥയിൽ ആയിരിക്കും. ഇടയ്ക്ക് പ്രധാനമന്ത്രി ആയ വാജ്‌പേയി ആയിരുന്നു ബി ഓ ടി വ്യവസ്ഥയുടെ ആശാൻ. ഗോള്‍ഡന്‍ ക്വാഡ്രിലാറ്ററിലൂടെ ആയിരുന്നു തുടക്കം.

ബി ഒ ടി എന്നാൽ – ബില്‍ഡ്, ഓപ്പറേറ്റ്, ട്രാന്‍സ്ഫര്‍- നിർമ്മിക്കുക , നടത്തുക , കൈമാറുക. ഇതിൽ ഇടയ്ക്കു ‘ഓ’ വിളിച്ചു നിൽക്കുന്ന ‘ഓപ്പറേറ്റ്’ ആണ് ആർക്കും പ്രവചിക്കാൻ പോലും കഴിയാതെ ടോൾ ഗുണ്ടകളുടെ രൂപം പൂണ്ട് കാറിൽ യാത്ര ചെയ്യുന്ന സ്ത്രീകളെ അസഭ്യം പറയുകയും കുത്തിന് പിടിക്കാൻ ശ്രമിക്കുകയും തല്ലുകയും ഒക്കെ ചെയ്യുന്നത്.

gundas in toll_booth 1

നമ്മുടെ നാട്ടിൽ നമ്മുടെ മണ്ണിൽ നമ്മുടെ പണം കൊണ്ട് നമ്മൾ കെട്ടിയ റോഡിന് ചുങ്കം കൊടുക്കാൻ നമ്മളെ ഭരിക്കുന്ന സർക്കാർ ഗുണ്ടകൾക്ക് കൊട്ടേഷൻ കൊടുക്കുന്നു.

34000 കോടി രൂപ അപ്പൊ എന്തിനാണാവോ ?

ഇപ്പൊ കേരളത്തിലെ 1065 കിലോമീറ്റര്‍ റോഡിന്റെ പദ്ധതി നോക്കുക. ഇതിനായി വലിയ അളവിൽ സ്ഥലമേറ്റെടുക്കല്‍ നടക്കും. അതിനുള്ള നഷ്ടപരിഹാരത്തുക എത്രയെന്ന് സര്‍ക്കാര്‍ നിശ്ചയിക്കും. റോഡ് നിര്‍മ്മിക്കുന്ന കുത്തക കമ്പനിക്ക് സബ്‌സിഡിയായി അതിന്റെ വലിയൊരു ശതമാനം തുക നീക്കിവയ്ക്കപ്പെടും. ഒടുവില്‍ ഇതെല്ലാം കഴിഞ്ഞുള്ള തുക കണക്കിലെടുത്താലാണ് 34,000 കോടി രൂപയുടെ യഥാര്‍ത്ഥവിഹിതം അടിസ്ഥാന സൗകര്യങ്ങള്‍ക്കായി എത്ര പോകുമെന്ന് കണ്ടെത്തപ്പെടുക.

നിലവിലുള്ള ബി ഒ ടി റോഡ് ഇടപ്പിള്ളി-മണ്ണുത്തി ദേശീയപാതയുടെ അവസ്ഥ

ഇത്തരത്തിൽ ഇപ്പോൾ നിലവിലുള്ള ബി ഓ ടി റോഡ് ഉണ്ട്; ഇടപ്പിള്ളി-മണ്ണുത്തി ദേശീയപാത! അതിന്റെ അവസ്ഥ തന്നെ നോക്കൂ. ഇടപ്പിള്ളി-മണ്ണുത്തി ദേശീയപാതയില്‍ വാഹനത്തിന്റെ വ്യത്യാസമനുസരിച്ച് ഓരോ കിലോമീറ്ററിനും വാഹനയുടമ നല്‍കേണ്ട ടോള്‍ 0.85 രൂപ മുതല്‍ 5 രൂപ വരെയാണ്. അതായത് മണ്ണുത്തി മുതല്‍ ഇടപ്പള്ളി വരെയുള്ള 64 കിലോമീറ്റര്‍ ബി ഒ ടി പാതയിലൂടെ സഞ്ചരിക്കുന്ന ഒരു വാഹനത്തിന് ആ ദൂരം പിന്നിട്ടു കഴിയുമ്പോള്‍ നല്‍കേണ്ട മൊത്തം തുക 50 രൂപ മുതല്‍ 515 രൂപ വരെ. ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് സിമന്റും പച്ചക്കറിയും മറ്റു നിത്യോപയോഗ സാധനങ്ങളുമൊക്കെയായി ഈ പാതയിലൂടെ സഞ്ചരിക്കുന്നത്.

പുതിയ കേന്ദ്ര പാത കൂടി നാല് വരിയായി എത്തുമ്പോൾ ഇതേ നിരക്കില്‍ കരം പിരിക്കുന്ന ഇരുപതോളം ടോള്‍ പ്ലാസകള്‍ കൂടി കുറഞ്ഞത് ഉണ്ടാകും. അതിൽ പലതും വിദേശ കമ്പനികള്‍ ടോള്‍ പിരിക്കുകയും ചെയ്യും. ഈ ബൂത്തുകളില്‍ നിന്ന് എത്ര കോടി രൂപ പ്രതിദിനം കരാര്‍ കമ്പനികള്‍ കൈവശപ്പെടുത്തും എന്നതിനെക്കുറിച്ച് ഭരിക്കുന്നവർ ഒരിക്കലും കണക്ക് കൂട്ടി എടുക്കാനും പോകുന്നില്ല.

വിലവർദ്ധനയ്ക്ക് ഓരോരോ കാരണങ്ങൾ !

ഈ ടോൾ ബൂത്തുകൾ ഡീസൽ വില വർദ്ധനയെക്കാൾ ശാപമായി നമ്മളെ വരിഞ്ഞു മുറുക്കും. പാലക്കാട് അതിർത്തിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള 400 കിലോമീറ്റര്‍ ദൂരം ഒരു ലോഡ് സിമന്റ് എത്തിച്ചാല്‍ ലോറിക്ക് ടോള്‍ ഇനത്തില്‍ മാത്രം ചെലവാകുക 3000-4000 രൂപയാണെങ്കില്‍ ചാക്കൊന്നിന് 15 മുതല്‍ 25 രൂപ വരെ വര്‍ധിക്കുമെന്നാണ് കൃത്യമായ കണക്ക് കൂട്ടൽ. പച്ചക്കറി , നിർമാണ സാധനങ്ങൾ , ഇരുമ്പ് , സിമന്റ് , ഇന്ധനം … വില വർദ്ധിക്കുന്ന ഉൽപ്പന്നങ്ങൾ എത്രയെന്ന് ഇപ്പോൾ ഊഹിക്കാൻ പോലും കഴിയില്ല.

മലപ്പുറത്തെ തിരുനാവായ ടോൾ ഗുണ്ടകൾ കേരളം മുഴുവൻ നിറയും

gundas in toll_booth 2

മലപ്പുറത്ത് ദമ്പതികളെ ആക്രമിച്ച ഗുണ്ടകൾ ഒരു സാംപിൾ ആണ്. അവർ നാളെ കേരളത്തിലെ നിരത്തുകളിൽ നെഞ്ചും വിരിച്ചു നിൽക്കും. പിണറായി വിജയനും ജി സുധാകരനും പറഞ്ഞ സംസ്ഥാന പാതകളിൽ ടോൾ ബൂത്തും ഉണ്ടാവില്ല യാത്രക്കാരും ഉണ്ടാവില്ല. വേഗം തേടുന്നവർ കയ്യിൽ ചില്ലറ നോട്ടുകൾ കെട്ടി വച്ച് യാത്ര തുടങ്ങും. താങ്ങാൻ ഒരു ജനതയുടെ പോക്കറ്റിന് ഖനം ഉണ്ടാകുമോ ? കാറിന്റെ ജനാലയിലൂടെ നമ്മുടെ സ്ത്രീകൾക്ക് നേരെ നീണ്ട് വരുന്ന അപമാനം തടയിടാനുള്ള കരുത്ത് അന്നുണ്ടാകുമോ?

————-

വീഡിയോ: പ്രമേഷ് കൃഷ്ണൻ

gunda attack in malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here