Advertisement

ചാണകവും ഗോമൂത്രവും പായ്ക്ക് ചെയ്യപ്പെടുമ്പോൾ ചിക്കിനോ സ്കാർപ്പയെ ഓർക്കണം

June 15, 2017
Google News 3 minutes Read

അരവിന്ദ് വി

ചിക്കിനോ സ്കാർപ്പ ഒരു കിറുക്കനാണെന്ന് ആദ്യം ലോകം മുഴുവനും വിശ്വസിച്ചു. കാരണം കോടികൾ വിലമതിക്കുന്ന തന്റെ ബെന്റലി എന്ന മുന്തിയ കാർ കുഴിച്ചിടാൻ അദ്ദേഹം തീരുമാനിച്ചു. വിവരം പരസ്യപ്പെടുത്തുകയും ചെയ്തു. കോടീശ്വരന്റെ വാക്കുകൾ നുണയാണെന്ന് ആദ്യം ആളുകൾ പറഞ്ഞു. പക്ഷെ സ്കാർപ്പയെ അടുത്തറിയുന്നവർ മൂക്കത്ത് വിരൽ വച്ചു. പണമുണ്ടെന്ന് കരുതി ഇത്രയും അഹങ്കരിക്കാമോ എന്ന് സുഹൃത്തുക്കൾ പോലും അദ്ദേഹത്തോട് നേരിട്ട് ചോദിച്ചു. ചിക്കിനോ സ്കാർപ്പയുടെ മറുപടി കൂടി കേട്ടതോടെ അയാൾക്ക് കിറുക്കാണെന്ന് ലോകം പറഞ്ഞു. മരിച്ച് പരലോകത്തെത്തിയാൽ തനിക്ക് ഡ്രൈവ് ചെയ്യാനാണ് കാർ കുഴിച്ചിടുന്നതെന്ന വിചിത്രമായ മറുപടി കേട്ടാൽ അന്ധവിശ്വാസികൾ പോലും അത് പറഞ്ഞില്ലെങ്കിൽ ആണ് അത്ഭുതം.

Chiquinho Scarpa 2

ഒടുവിൽ തീയതി തീരുമാനിച്ചു. ബ്രസീലിലെ കോടീശ്വരനായ സ്‌കാർപ്പ തന്റെ കൊട്ടാര തുല്യമായ സാവോ പോളയിലെ മുറ്റത്ത് കാർ ഇറക്കാൻ പാകത്തിൽ ഒരു കുഴിയും കുത്തി. സ്വന്തമായാണ് കുഴി എടുത്തത്. കുഴി എടുക്കുന്നതിന്റെ വീഡിയോയും ഫോട്ടോയും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ആളുകളെയും മാധ്യമങ്ങളെയും ക്ഷണിച്ചു. ‘മുഴുക്കിറുക്കൻ’ എന്താ കാണിക്കുന്നതെന്നറിയാൻ ആളുകൾ തീരുമാനിച്ചു.

Chiquinho Scarpa 4

പ്രഖ്യാപിച്ചത് പോലെ തന്നെ സ്കാർപ്പയുടെ മനോഹരമായ ബെന്റലി ഒരു ചലിക്കുന്ന കൊട്ടാരം കണക്കെ ഒഴുകി വന്നു. വാഹനപ്രേമികൾ അല്ലാത്തവർ പോലും കണ്ണ് തള്ളി. ഇത്രയും നല്ല കാർ കുഴിച്ചിടരുതെന്നു ചിലർ ആവശ്യപ്പെട്ടു. നിങ്ങൾ ശരിക്കും അത് ചെയ്യാൻ പോവുകയാണോ എന്ന് മാധ്യമപ്രവർത്തകരും വിളിച്ചു ചോദിച്ചു. മുഖം കുനിച്ച് നിർവികാരനായി സ്‌കാർപ്പ തന്റെ കാർ കുഴിയിലേക്കിറക്കാൻ ഡ്രൈവർക്ക് നിർദേശം നൽകി.

Chiquinho Scarpa

ഇത്രയും വിലയുള്ള കാർ വിറ്റ ശേഷം ആ തുക പാവങ്ങൾക്കായി നൽകൂ എന്ന ആവശ്യവും ആൾക്കൂട്ടത്തിൽ നിന്നും സുഹൃത്തുക്കൾ ആവശ്യപ്പെട്ടു. പറ്റില്ല , തനിക്ക് പരലോകത്ത് സുഖിക്കാനാണ് എന്ന് സ്‌കാർപ്പ ആവർത്തിച്ചു. തർക്കം തുടങ്ങി… പരലോകത്ത് ഒന്നും ഉപയോഗിക്കാനൊന്നും പറ്റില്ല. ഇത്രയും കോടികൾ ഉണ്ടാക്കിയ ബുദ്ധിമാനായ കച്ചവടക്കാരന് ഇത് മാത്രം അറിയില്ല എന്നത് വിശ്വസിക്കാൻ കഴിയില്ല എന്ന് എതിർവാദം. പറ്റുമെന്ന് തിരിച്ചും. മാധ്യമങ്ങൾ കോടീശ്വരന്റെ ‘മണ്ടത്തരം’ ലൈവ് ആയി ജനലക്ഷങ്ങളിലേക്ക് എത്തിച്ചു കൊണ്ടേയിരുന്നു.

Chiquinho Scarpa 1

ഒടുവിൽ സ്‌കാർപ്പ അവിടെ കൂടിയവരോടായി ചോദിച്ചു –
” പരലോകത്ത് ഈ കാർ ഉപയോഗിക്കാൻ കഴിയില്ല എന്നുറപ്പുണ്ടോ ? ”

”അതെ … അതെ.. കഴിയില്ല…”

”പക്ഷെ ഈ കാറിന്റെ കോടികളേക്കാൾ വിലയുള്ള പലതും നിങ്ങൾ കുഴിച്ചിടുന്നില്ലേ?  അതെന്തിനാ ?”

” ഹാ ഹാ … ഞങ്ങളോ ? സ്‌കാർപ്പ … ഞങ്ങൾക്ക് കുഴിച്ചിടാൻ ഇത്രയും ധനം എവിടെ ? നിങ്ങൾ എന്താണീ പറയുന്നത് ?”

”ഉണ്ട് … പരലോകത്ത് ഭൗതികമായതൊന്നും ഉപയോഗിക്കാൻ കഴിയില്ല എന്ന് ഇത്രയും നേരം വാദിച്ച നിങ്ങളൊക്കെ ഇതിനേക്കാൾ വിലയുള്ള പലതും കുഴിച്ചിടുന്നതിൽ സാക്ഷ്യം വഹിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും അതവർത്തിക്കുകയും ചെയ്യും ..”

”സ്‌കാർപ്പ നിങ്ങളുടെ മണ്ടത്തരങ്ങൾക്ക് മറ പിടിക്കാതെ കാര്യം പറയൂ.. ഞങ്ങൾ ചെയ്ത തെറ്റ് എന്താണെന്നു പറയൂ ..”

”മരണ ശേഷം പരലോകത്തുപയോഗിക്കാൻ കഴിയാത്ത ശരീരത്തെ എന്തിനാണ് കുഴിച്ചിടുന്നത് ? ഈ കാർ ഈ കുഴിയിൽ കിടന്നു തുരുമ്പിക്കും എന്ന് വാദിച്ചവർ പറയൂ ആ മൃത ശരീരം അഴുകിപ്പോകില്ല എന്ന് …”

ജനങ്ങൾ നിശബ്ദരായി … ചിന്താകുഴപ്പത്തിലായ ജനങ്ങളോട് സ്കാർപ്പ തുടർന്നു.
” പറയൂ നിങ്ങളുടെ കണ്ണുകളുടെ വില എത്ര ? നിങ്ങളുടെ ഹൃദയത്തിന്റെ വില എത്ര ? ഒരു മൃതദേഹത്തിന് ശാസ്ത്രലോകത്ത് മൂല്യം എത്ര ? അതിന് ഈ ബെന്റലിയുടെ എത്രയോ ഇരട്ടി വിലയുണ്ട് …”

അവിടെ കൂടിയവരിൽ ബഹുഭൂരിപക്ഷത്തിനും ഈ നാടകത്തിന്റെ തിരക്കഥ മുൻകൂട്ടി അറിയില്ലായിരുന്നു.

”നിങ്ങൾ ഒരു മൃതദേഹം സംസ്കരിക്കുന്നതിന് മുൻപ് സാധ്യമായ അവയവദാനം ചെയ്യാൻ തയ്യാറാവണം. എങ്കിൽ ഞാൻ ഈ കാർ തിരികെ കയറ്റുകയാണ് …”

Chiquinho Scarpa 3

അവയവദാനത്തെ കുറിച്ചുള്ള അവബോധം ശൂന്യമായിരുന്ന ബ്രസീലിയൻ ജനതയിലേക്ക് ഒരു സന്ദേശം പകർന്ന ദിവസത്തിന്റെ അടയാളപ്പെടുത്തലായി ആ സംഭവം. ഒരു കിറുക്കന്റെ പബ്ലിസിറ്റി മാനിയയിൽ നിന്നും ലോക വർത്തകളിലേക്കുള്ള ഒരു പരസ്യ പ്രചാരണം സാധ്യമായത് അങ്ങ് ബ്രസീൽ വർഷങ്ങൾക്കിപ്പുറവും സ്മരിക്കുമ്പോൾ ഗോമൂത്രവും ചാണകവും പാക്കുകളിലാക്കി പിന്നോട്ട് നടക്കുന്ന പരസ്യ തന്ത്രങ്ങളിൽ പെട്ട് കൈകാലടിക്കുകയാണ് ഇന്ത്യയുടെ ആർഷഭാരത സംസ്കൃതി.

കറവ വറ്റിയ പശുവും പ്രായമേറുന്ന കന്നുകാലികളും ഭാരതത്തിലെ സാധാരണക്കാരായ കർഷകരുടെ ബാധ്യതയാണ്. കുഴിച്ചിടാൻ പോലും സാമ്പത്തിക സ്ഥിതി ഇല്ലാത്ത കർഷകരുടെ മേൽവീണ തീയാണ് കേന്ദ്രത്തിന്റെ പുതിയ കന്നുകാലി സ്നേഹം.  കന്നുകാലികൾ  ഒരു ജനതയുടെ ഭക്ഷണമായതും നൂറ്റാണ്ടുകൾ കടന്ന് അത് നിലനിൽക്കുന്നതും സംസ്‌കൃതിയുടെ നിഷേധമല്ല. അത് നമുക്ക് ഭാരതത്തിന് മാത്രം അവകാശപ്പെട്ട സാംസ്കാരിക വൈവിധ്യമാണ്. അത് നിലനിർത്തുന്നതിന് പാരമ്പര്യവശം  മാത്രമല്ല, കർഷകന്റെ നടുവൊടിക്കുന്ന ബാധ്യത അകറ്റുമെന്ന  സാമ്പത്തിക ശാസ്ത്രത്തിന്റെ കൂടി അടിത്തറയുണ്ട്. ബുദ്ധിയുള്ള തീരുമാനങ്ങൾക്ക്   പകരം  ആരാധനയുടെ അലങ്കാരങ്ങൾ പകർന്ന് കേവലം അഴുകിപ്പോകുന്ന ഒരു മൃതദേഹം മാത്രമാക്കി  കന്നുകാലികളെ അവഹേളിക്കുന്നവരെ കൂടി അഭിസംബോധന ചെയ്യുകയാണ് സ്‌കാർപ്പയുടെ സന്ദേശം.

ഭരണകൂടം ഒരു വ്യക്തിയുടെ സമ്പന്നത രാജ്യത്തിന്റെ സാംസ്‌കാരിക നവീകരണത്തിന് പ്രയോജനപ്പെടുത്തുന്ന കാഴ്ച ഒരു വശത്ത് ; ഭരിക്കുന്നവർ രാജ്യത്തിൻറെ പൗരാണികത വിലകുറഞ്ഞ കച്ചവടത്തിനുള്ള ഉപാധിയാക്കി മാറ്റാൻ ഒരു പൗരനെ കോർപ്പറേറ്റ്‌വൽക്കരിക്കുന്ന അധഃപതനം മറുവശത്ത്. ഗോമൂത്രത്തിൽ നിന്നും ഉരുത്തിരിയുന്ന ടോയ്‌ലെറ്റ് ക്ളീനർ നമ്മൾ ഉപയോഗിക്കാൻ നിർബന്ധിതരാകുന്ന അതെ രാഷ്ട്രീയം തന്നെയാണ് നമ്മുടെ ഭക്ഷണക്രമത്തെയും , ലൈംഗിക ബന്ധത്തിന്റെ രീതികളെയും അടിച്ചേൽപ്പിക്കാൻ ആർഷ സംസ്കരത്തിന്റെ പതാക വാഹകർക്ക് ശൂലങ്ങളും നൽകി തെരുവിലേക്കിറക്കുന്നത്. ആയിടത്തിൽ ആണ് സ്‌കാർപ്പയെയും അദ്ദേഹത്തെ ഉൾക്കൊള്ളുന്ന രാജ്യത്തെയും നമ്മൾ വായിക്കേണ്ടത്. വിദേശ യാത്രകളല്ല ; ലോകത്തെ കുറിച്ചുള്ള ഒരു ഭരണാധികാരിയുടെ അറിവുകളാണ് രാജ്യത്തെ നവീകരിക്കുന്നത്.

Messege of Chiquinho Scarpa and Indian gobar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here