ഗുരു ഗോപിനാഥ് പുരസ്‌ക്കാരം മട്ടന്നൂരിന്

ഈ വർഷത്തെ ഗുരുഗോപിനാഥ് പ്രതിഭാപുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. വാദ്യകലാനിധി പുരസ്‌ക്കാരം മട്ടന്നൂർ ശങ്കരൻകുട്ടിക്ക്. സംഗീതത്തിനു സി.എൻ. വേണുഗോപാലിനും കേരളനടനത്തിനു വാചസ്പതി കൃഷ്ണകുമാർ, ആർ. ജോയ് എന്നിവർക്കുമാണു പുരസ്‌ക്കാരങ്ങൾ. ഗുരുഗോപിനാഥ് ട്രസ്റ്റ് ചെയർമാൻ നെടുമുടി വേണു പത്രസമ്മേളനത്തിലാണ് പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചത്.

നടനകലാനിധി ഡോ: ഗുരുഗോപിനാഥിന്റെ നൂറ്റിയെട്ടാം ജന്മവാർഷികാഘോഷത്തോടനുബന്ധിച്ചു ജൂൺ 24നു ചെറുതുരുത്തി കേരള കലാമണ്ഡലത്തിൽ നടക്കുന്ന സാംസ്‌ക്കാരികസമ്മേളനത്തിൽ വിദ്യാഭ്യാസമന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് പുരസ്‌ക്കാരങ്ങൾ സമ്മാനിക്കും.

കഥകളിയാചാര്യനും നൃത്തപ്രതിഭയും കേരളനടനത്തിന്റെ ആവിഷ്‌ക്കർത്താവും ആയിരുന്ന ഗുരുഗോപിനാഥിന്റെ ജയന്തിയാഘോഷത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിക്കും.

നെടുമുടി വേണു, പ്രൊഫ: വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള, ഡോ: എം.ജി. ശശിഭൂഷൺ, എന്നിവർ ഉൾപ്പെട്ട സമിതിയാണു പുരസ്‌ക്കാരങ്ങൾ നിർണ്ണയിച്ചത്. ഇവർക്കുപുറമെ ട്രസ്റ്റ് ജനറൽ സെക്രട്ടറി വി.കെ. ചെല്ലപ്പൻ നായർ, പ്രൊഫ: ലേഖാ തങ്കച്ചി, നടനഗ്രാമം മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സി.ആർ. പങ്കജാക്ഷക്കുറുപ്പ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

mattannur sankarankutty |guru gopinath | kalamandalam |

NO COMMENTS