കൊടുംകാട്ടിൽ പ്രായമായ മകളെയും ചേർത്ത് പിടിച്ച് ആദിവാസി കുടുംബം

tribals in wayanad

കൊടുംകാട്ടിൽ അടച്ചുപറപ്പില്ലാത്ത ഷീറ്റ് മൂടിയ ഷെഡ്ഡിൽ പ്രായപൂർത്തിയായ മകളെയും ചേർത്ത് പിടിച്ച് ഒരു ആദിവാസി കുടുംബം. കാട്ടാനകളുടെ സൈ്വര്യവിഹാര കേന്ദ്രമായ വയനാട്‌,  തണ്ണിക്കോട് പഞ്ചായത്തിലെ ആറാംവാർഡിൽപ്പെട്ട പുളിഞ്ചാലിലെ ഉൾവനത്തിലാണ് ആറ് പേരടങ്ങുന്ന കുടുംബം താമസിക്കുന്നത്. തങ്കപ്പൻ, ഭാര്യ കല്യാണി, മകൾ അമ്പിളി, മൂന്ന് പേരക്കുട്ടികൾ എന്നിവരാണ് കാട്ടിനുള്ളിൽ ദുരിതമനുഭവിച്ച് ജീവിക്കുന്നത്.

കാട്ടിൽനിന്ന് തേൻ, കസ്തൂരി മഞ്ഞൾ, കുന്തിരിക്കം എന്നിവ ശേഖരിച്ചാണ് ഈ കുടുംബം കഴിയുന്നത്. കഴിഞ്ഞ 40 ലേറെ വർഷമായി തങ്കപ്പനും കുടുംബവും ഈ ആനത്താരയിലാണ് താമസം. നാല് കാലിൽ ഷീറ്റ് വലിച്ചുകെട്ടിയ കുടിലിൽ പ്രായപൂർത്തിയായ മകളെ തനിച്ചാക്കി പോകാനാകാത്തതിനാൽ കങ്കപ്പൻ മാത്രമാണ് ഇപ്പോൽ വനത്തിൽ തേനും മറ്റും ശേഖരിക്കാൻ പോകുന്നത്. കല്യാണി മകൾ അമ്പിളിയ്ക്ക് കാവലിരിക്കും. സ്‌കൂളിൽ പോകുക ശ്രമകരമായതിനാൽ വേണ്ട വിദ്യാഭ്യാസം നേടാൻപോലും അമ്പിളിയ്ക്കായില്ല.

മലമ്പണ്ടാരം വിഭാഗത്തിൽപെട്ടവരാണ് തങ്കപ്പന്റെ കുടുംബം. വോട്ടവകാശമില്ല. വനത്തിലുള്ള ആദിവാസികൾക്ക് ഭൂമി പതിച്ച് നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും ലഭിച്ചിട്ടില്ല. വൈദ്യുതിയ്ക്കും വെള്ളത്തിനും വീടിനും എഴുതിക്കൊടുത്തെങ്കിലും പഞ്ചായത്തിന് കണ്ടഭാവമില്ല.
ആദിവാസി ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ട്രൈബൽ വകുപ്പ് ഈ വഴി വരുന്നതുപോലും അപൂർവ്വം.

എല്ലാ മാസവും ആദിവാസി ഊരിൽ കൃത്യമായി ഭക്ഷണമെത്തിക്കണമെന്ന നിബന്ധന ഉണ്ടെങ്കിലും രണ്ടോ മൂന്നോ മാസം കഴിഞ്ഞാണ് 15 കിലോ അരിയെങ്കിലും ലഭിച്ചത്. ഇതിന്റെ കൂടെ നൽകേണ്ട മറ്റ് ഭക്ഷണ സാധനങ്ങളൊന്നും കിട്ടിയതുമില്ല. ദിവസങ്ങൾക്ക് മുമ്പ് ഇവരുടെ കുടിൽ കാട്ടാന തകർത്തിരുന്നു. പ്രായമായ അച്ഛനും അമ്മയും പ്രായപൂർത്തിയായ മകളും മൂന്ന് കുട്ടികളും ആരും തുണയില്ലാത്ത കൊടും കാട്ടിൽ കാട്ടാനകളുടെയും കാട്ടുപന്നികളുടെയും ആക്രമണം ഭയന്നാണ് ഓരോ നിമിഷവും തള്ളിനീക്കുന്നത്. തങ്കപ്പന് പ്രായം കൂടിവരുന്നതോടെ ആകെ ഉള്ള വരുമാനവും നിലയ്ക്കുമോ എന്ന പേടിയും ഇവർക്കുണ്ട്.

NO COMMENTS