Advertisement

ഇടുക്കി ഭൂപ്രശ്നം: എല്‍.ഡി.എഫ് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

June 28, 2017
Google News 1 minute Read
land encroachment

ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്നത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഇടുക്കിയിലെ എല്‍.ഡി.എഫ് നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു നിവേദനം നല്‍കി.

സി.പി.ഐ ജില്ലാ സെക്രട്ടറിയും എല്‍.ഡി.എഫ് കണ്‍വീനറുമായ കെ. ശിവരാമന്‍, കെ.കെ. ജയചന്ദ്രന്‍ (സി.പി.ഐ.എം), അനില്‍ കുവപ്ലാക്കല്‍ (ആര്‍.എസ്.പി), ജോണി ചെരുപറമ്പില്‍ (കേരള കോണ്‍ഗ്രസ് സ്കറിയ തോമസ്) എന്നിവരാണ് നിവേദനം നല്‍കിയത്.

മാര്‍ച്ച് 27-ന് എടുത്ത യോഗതീരുമാനങ്ങള്‍ ഉത്തരവുകളായി പുറത്തിറക്കുന്നതിന് കാലതാമസം വരികയാണ്. പട്ടയമേള നടത്തി ഒരു മാസമായിട്ടും അനുബന്ധ ഉത്തരവുകള്‍ ഇപ്പോഴും ഇറങ്ങിയിട്ടില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ സത്വര ഇടപെടല്‍ ഉണ്ടാവണമെന്ന് നിവേദനത്തില്‍ പറയുന്നു.

1964-ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം പതിച്ചുനല്‍കിയ ഭൂമി, കൈമാറ്റം ചെയ്യുന്നതിനുളള വ്യവസ്ഥകളില്‍ ഭേദഗതിയും വ്യക്തതയും വരുത്തി പുതിയ ഉത്തരവിറക്കണം. പട്ടയം നല്‍കുന്നതിനുളള വരുമാനപരിധി എടുത്തുകളയാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഉത്തരവ് ഇറങ്ങിയില്ല. കെട്ടിട നിര്‍മ്മാണ ചട്ടം പരിഷ്കരിച്ച് മൂന്നാറിന് മാത്രമായി നിയമനിര്‍മ്മാണം നടത്താന്‍ തീരുമാനിച്ചെങ്കിലും നടപടികളുണ്ടായില്ലെന്നും നിവേദനത്തില്‍ പറഞ്ഞു. ഉപാധിരഹിത പട്ടയം നല്‍കുന്നതിന് ഉപാധികള്‍ നീക്കം ചെയ്ത് പുതിയ ഫോമില്‍ പട്ടയം നല്‍കുന്നതിന് പട്ടയമേള ദിവസം സാധിച്ചിരുന്നില്ല. ഇക്കാര്യം  അടിയന്തിരമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും തുടര്‍നടപടിയുണ്ടായില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ജില്ലയില്‍ പട്ടയത്തിനര്‍ഹരായവര്‍ക്ക് അപേക്ഷ നല്‍കാന്‍ അവസരം ഉണ്ടാകണം. ദേവികുളം താലൂക്കില്‍ പട്ടയനടപടികള്‍ ആരംഭിക്കണമെന്നും എല്‍.ഡി.എഫ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here