മൂന്നാറിനെ കോൺക്രീറ്റ് വനമാക്കാൻ അനുവദിക്കില്ല: മുഖ്യമന്ത്രി

pinarayi vijayan people should come front fight back dengue says cm pinarayi vijayan yoga day 2017

ഇടുക്കി ജില്ലയിൽ ഇന്നു മുതൽ പുതിയ പട്ടയ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കിയിലെ ഭൂമി പ്രശ്‌നം സംബന്ധിച്ച് ചേർന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും കച്ചവട സംഘടനാ പ്രതിനിധികളുടെയും യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ദേവികുളം താലൂക്കിൽ പട്ടയം നൽകാത്ത പ്രശ്‌നവും പരിഹരിക്കും. എല്ലാ പട്ടയങ്ങളും സമയബന്ധിതമായി വിതരണം ചെയ്യും. നേരത്തെ ചേർന്ന യോഗങ്ങളിൽ എടുത്ത തീരുമാനത്തിന്റെ ഭാഗമായി ഇടുക്കിയിൽ 5490 പട്ടയങ്ങൾ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. പട്ടയവിതരണം വേഗത്തിലാക്കുന്നതിന് ആവശ്യമായ സർവയർമാരെ നിയോഗിച്ചിട്ടുണ്ടെന്ന് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ യോഗത്തിൽ പറഞ്ഞു.

ഇടുക്കിയിൽ വൻകിട കയ്യേറ്റങ്ങൾ നിർദാക്ഷിണ്യം ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി. മൂന്നാറിന്റെ പ്രകൃതി ഭംഗിയും പരിസ്ഥിതിയും സംരക്ഷിക്കും. മൂന്നാറിനെയോ ഇടുക്കിയിലെ മറ്റേതെങ്കിലും പ്രദേശത്തെയോ കോൺക്രീറ്റ് വനമാക്കാൻ സർക്കാർ അനുവദിക്കില്ല. വാണിജ്യാവശ്യത്തിന് കച്ചവടക്കണ്ണോടെ പുറത്തുനിന്ന് ഇടുക്കിയിലേക്ക് വരുന്ന കയ്യേറ്റക്കാരുടെ കാര്യത്തിൽ സർക്കാർ കർശന നിലപാട് സ്വീകരിക്കും.

കയ്യേറ്റക്കാരെയും താമസിക്കാൻ വേറെ ഭൂമിയില്ലാത്ത പാവങ്ങളെയും ഒരേ സ്‌കെയിൽ കൊണ്ട് അളക്കുന്ന സമീപനം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി. താമസിക്കാൻ വേറെ ഭൂമിയില്ലാത്തവരുടെ കാര്യത്തിൽ അനുഭാവ പൂർണമായ നിലപാട് എടുക്കും. 1977ന് മുമ്പ് കുടിയേറിയ മുഴുവൻ പേർക്കും പട്ടയം നൽകും. ആദിവാസികൾക്ക് ഭൂമിയും രേഖയും ലഭ്യമാക്കും.

ഇടുക്കിയിലെ ഭൂമി പ്രശ്‌നം പരിഹരിക്കുന്നതിന് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം വിളിക്കുന്ന നാലാമത്തെ യോഗമാണിതെന്ന് മുഖ്യമന്ത്രി ആമുഖമായി പറഞ്ഞു. നേരത്തെ ചേർന്ന യോഗങ്ങളിൽ എടുത്ത തീരുമാനങ്ങളും ആ യോഗങ്ങളിൽ നൽകിയ ഉറപ്പുകളും നടപ്പാക്കും. നിയമപരമായ ചില പരിശോധനകൾ ബാക്കിയുള്ളതുകൊണ്ടാണ് തീരുമാനങ്ങൾ നടപ്പാക്കാൻ താമസം നേരിടുന്നത്.

മൂന്നാർ ടൗൺഷിപ്പ് സർക്കാർ യാഥാർഥ്യമാക്കും. ഇക്കാര്യം സർക്കാരിന്റെ പരിഗണനയിലാണ്. ആവശ്യമെങ്കിൽ ഇതിന് വേണ്ടി സ്‌പെഷൽ ഓഫീസറെ നിയോഗിക്കും. തോട്ടം തൊഴിലാളികൾക്ക് വീട് നൽകുന്ന പദ്ധതി തൊഴിൽ വകുപ്പ് സമയബന്ധിതമായി പൂർത്തിയാക്കും.

മൂന്നാർ ടൗണിൽ കച്ചവടം ചെയ്ത് ജീവിക്കുന്നവരുടെ പ്രശ്‌നം സർക്കാർ പ്രത്യേകമായി പരിശോധിച്ച് പരിഹരിക്കും. നിയമപരമായ തടസ്സങ്ങളുണ്ടെങ്കിൽ അത് നീക്കും. വേറെ ഭൂമിയില്ലാത്തവർക്ക് ഭൂമിയും താമസസൗകര്യവും നൽകുക എന്നതാണ് സർക്കാരിൻറെ നിലപാട്. സർക്കാരിൻറെ മനസ്സ് അവരോടൊപ്പമാണ്.

കെഡിഎച്ച് (കണ്ണൻ ദേവൻ ഹിൽസ്) വില്ലേജിൽ ടാറ്റ കമ്പനിയും സർക്കാരും കുത്തകപ്പാട്ടം നൽകിയ 113 പേരിൽ അർഹമായവർക്ക് സർക്കാർ പട്ടയം നൽകും. ഇതിൽപെട്ട വി വി ജോർജിന്റെ പ്രശ്‌നം ഹൈക്കോടതിയുടെ പരിഗണനയിലാണ്. അക്കാര്യത്തിൽ ഹൈക്കോടതിയുടെ പരിശോധനക്ക് ശേഷം തീരുമാനമെടുക്കും. മൂന്നാർ ലാൻറ് ട്രിബ്യൂണൽ അവസാനിപ്പിക്കണമെന്ന ആവശ്യം സർക്കാർ പരിശോധിച്ചുവരികയാണ്. നിയമസഭയുടെ സബ്ജക്ട് കമ്മിറ്റി ട്രിബ്യൂണൽ തുടരേണ്ടതില്ല എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.

കെട്ടിടങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയ പ്രശ്‌നവും വീടുകൾക്ക് നമ്പർ കിട്ടാത്ത പ്രശ്‌നവും പ്രശ്‌നവും പരിഹരിക്കാൻ യോഗം തീരുമാനിച്ചു. കോടതിയുടെ തടസ്സമില്ലാത്ത എല്ലാ കേസുകളിലും നികുതി സ്വീകരിക്കും. മൂന്നാറിൽ പതിച്ചുകൊടുക്കാവുന്ന ഭൂമിയിൽ പൊതുആവശ്യത്തിനുള്ളത് മാറ്റിവെച്ച് ബാക്കിയുള്ള ഭൂമിക്ക് പട്ടയം നൽകും. കൈവശം വെച്ചുവരുന്ന ഭൂമി കൈമാറിയിട്ടുണ്ടെങ്കിൽ പോലും പട്ടയത്തിന് അർഹതയുണ്ട്. ഭൂമിക്കാണ് പട്ടയം നൽകുന്നത്. ഇടുക്കി ഭൂമി പ്രശ്‌നത്തിൽ സർക്കാരിനും റവന്യൂ വകുപ്പിനും ഒരേ നിലപാടാണുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പട്ടയം കിട്ടിയ ഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കിക്കൊണ്ടുള്ള ചട്ടങ്ങൾ ഒരാഴ്ചക്കകം പ്രസിദ്ധീകരിക്കുമെന്ന് പി എച്ച് കുര്യൻ അറിയിച്ചു. 10 മരങ്ങൾ ഒഴികെയുള്ളവ മുറിക്കാൻ അനുമതി ലഭിക്കും.

നേരത്തെ ഭൂമി പ്രശ്‌നം പരിഹരിക്കാൻ നടത്തിയ യോഗങ്ങളുടെ തുടർച്ചയാണ് ഇന്നത്തെ യോഗവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിൻറെ മറ്റു ഭാഗങ്ങളിലുള്ള ഭൂമി പ്രശ്‌നം പരിഹരിക്കാനും പ്രത്യേകമായ ചർച്ചകൾ നടത്തുന്നുണ്ട്. ഇടുക്കി പ്രശ്‌നത്തിൽ മാർച്ച് 27ന് എംഎൽഎമാരും എംപിയും മറ്റു ജനപ്രതിനിധികളും പങ്കെടുത്ത യോഗം ചേർന്നിരുന്നു. അതിന് ശേഷം മെയ് 7ന് വീണ്ടും യോഗം ചേർന്നു. കൂടാതെ സർവകക്ഷി യോഗവും വിളിച്ചുചേർത്തു. ഈ യോഗങ്ങളുടെ തുടർച്ചയായാണ് പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ഊർജിതമാക്കിയത്. പട്ടയവിതരണത്തിനുള്ള നടപടികൾ മുന്നോട്ടുപോവുകയാണ്. പ്രശ്‌നങ്ങൾക്ക് പരിഹാരമായി വരുന്നു എന്ന പ്രതീക്ഷയാണ് പൊതുവെ ഉണ്ടായിരുന്നത്. അതിനിടയിലാണ് രണ്ട് നിവേദനങ്ങൾ ലഭിച്ചത്.

മൂന്നാർ ടൗണിലെ മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ജനപ്രതിനിധികളും മർച്ചൻറ്‌സ് അസോസിയേഷൻ പ്രതിനിധികളും ഒപ്പിട്ടതായിരുന്നു ജൂൺ 13ന് ലഭിച്ച നിവേദനം. എസ് രാജേന്ദ്രൻ എംഎൽഎ, മുൻ ഡപ്യൂട്ടി സ്പീക്കർ സി എ കുര്യൻ, കെപിസിസി വൈസ് പ്രസിഡണ്ട് എ കെ മണി, സിപിഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി പി മുത്തുപ്പാണ്ടി തുടങ്ങിയവർ നൽകിയ നിവേദനത്തിൽ പ്രധാന ആവശ്യം ഭൂമി പ്രശ്‌നം ചർച്ച ചെയ്യാൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും യോഗം അടിയന്തരമായി വിളിക്കണമെന്നായിരുന്നു.

അവർ കൂട്ടായി തിരുവനന്തപുരത്ത് വന്ന് നൽകിയ നിവേദനത്തിൻറെ അടിസ്ഥാനത്തിലാണ് ഇന്നത്തെ യോഗം വിളിക്കാൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് എൽഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നിവേദനവും ലഭിച്ചിരുന്നു. കൺവീനർ കെ കെ ശിവരാമൻ, സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ തുടങ്ങിയവർ നൽകിയ നിവേദനത്തിൽ, നേരത്തെ എടുത്ത പല തീരുമാനങ്ങളും നടപ്പായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

യോഗത്തിൽ വൈദ്യുതി മന്ത്രി എം എം മണി, റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ, മുഖ്യമന്ത്രിയുടെ സെക്രട്ടറി വി എസ് സെന്തിൽ, കലക്ടർ ജി ആർ ഗോകുൽ, സബ് കലക്ടർ ശ്രീരാം വെങ്കിട്ടരാമൻ, എസ് രാജേന്ദ്രൻ എംഎൽഎ, മുൻ എംഎൽഎയും കെപിസിസി വൈസ് പ്രസിഡണ്ടുമായ എ കെ മണി, മൂന്നാർ പഞ്ചായത്ത് പ്രസിഡണ്ട് ആർ കറുപ്പസ്വാമി, തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS