ജുനൈദിന്റെ കൊലപാതകം; പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്കുള്ള പ്രതിഫലം 2 ലക്ഷമാക്കി

junaid murder

ബീഫ് കൈവശം വച്ചുവെന്നാരോപിച്ച് ട്രയിനിൽ വച്ച് പതിനാറുകാരനായ ജുനൈദിനെ മർദ്ദിച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഇതുവരെയും പ്രതികളെ കണ്ടെത്താനാകാതെ പോലീസ്. ഇതോടെ പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്കുള്ള പ്രതിഫലം ഹരിയാന പൊലിസ് രണ്ടു ലക്ഷമായി ഉയർത്തി. ദൃക്‌സാക്ഷികളാരും മൊഴി നൽകാൻ എത്താത്തതിനെ തുടർന്നാണിത്. ഒരു ലക്ഷം രൂപയാണ് പ്രതികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് പൊലിസ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

ജുനൈദിനെ കുത്തിയ അക്രമിയെ തിരിച്ചറിയാൻ സഹായിക്കുന്നയാളെ സംബന്ധിച്ച വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ഹരിയാന റെയിൽവേ പോലിസിലെ ഡപ്യൂട്ടി സൂപ്രണ്ട് മോഹിന്ദർ സിങ് ഉറപ്പു നൽകിയിട്ടുണ്ട്. ജൂൺ 22നാണ് ഡൽഹി മധുര ട്രെയിനിൽ വെച്ച് ജുനൈദ് കൊല്ലപ്പെട്ടത്. ജുനൈദിന്റെ കൂടെയുണ്ടായിരുന്ന രണ്ട് സഹോദരന്മാർക്കും ആക്രമത്തിൽ പരിക്കേറ്റിരുന്നു.

കേസിൽ അഞ്ച് പേരെയാണ് ഇതുവരെ പൊലിസ് അറസ്റ്റ് ചെയ്തത്. ജുനൈദിനെയും സഹോദരങ്ങളെയും മർദ്ദിച്ചെങ്കിലും തങ്ങളല്ല കത്തി ഉപയോഗിച്ച് കുത്തിയതെന്നാണ് ഇവരുടെ വാദം. ജുനൈദിന്റെ വസ്ത്രത്തിൽ കണ്ട രക്തക്കറയുടെ സാമ്പിൾ ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലത്തിൽ നിന്ന് അക്രമിയെ കുറിച്ചുള്ള സൂചന ലഭിക്കുമെന്നാണ് പൊലസ് കണക്കു കൂട്ടുന്നത്.

NO COMMENTS