ദിലീപിന്റെ അറസ്റ്റ് ഷോക്കായി: മുകേഷ്

mukesh amma

ദിലീപിന്റെ അറസ്റ്റ് തനിക്ക് ഷോക്കായിരുന്നുവെന്ന് മുകേഷ് എംഎല്‍എ. പാര്‍ട്ടി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോടാണ് മുകേഷിന്റെ പ്രതികരണം. ഒരു കൊല്ലക്കാലം തന്റെ ഡ്രൈവറായിരുന്നു പള്‍സര്‍ സുനി. എന്നാല്‍ അശ്രദ്ധമായ ഡ്രൈവിംഗ് കാരണം അയാളെ പറഞ്ഞ് വിടുകയായിരുന്നു. ക്രിമിനല്‍ പശ്ചാത്തലം ഉള്ള ആളാണ് ഇയാളെന്ന് അറിഞ്ഞില്ല.

നിരപരാധിയാണെന്ന് ദിലീപ് പറഞ്ഞപ്പോള്‍ വിശ്വസിച്ചു. എന്നാല്‍ അല്ലെന്ന് അറിഞ്ഞപ്പോഴും, ഇന്നലെ അറസ്റ്റ് നടന്നപ്പോഴും താന്‍ ഷോക്ക് ആയിപ്പോയി. ആക്രമണം നടന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ നടിയെ ഫോണില്‍ വിളിച്ചു. അന്വേഷണത്തില്‍ സംതൃപ്തയാണോ എന്ന് അന്വേഷിച്ചിരുന്നു. ആണെന്നാണ് നടി പ്രതികരിച്ചത്. രണ്ട് വട്ടം വിളിച്ചു. അപ്പോഴെല്ലാം അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നാണ് നടി അറിയിച്ചതെന്നും മുകേഷ് പറഞ്ഞു. അമ്മ മീറ്റിംഗില്‍ ചോദിച്ച ചോദ്യം തന്നെ വീണ്ടും വീണ്ടും ചോദിച്ചപ്പോഴാണ് ശബ്ദം ഉയര്‍ത്തി സംസാരിച്ചതെന്നും, അതില്‍ അന്നേ ഖേദം പ്രകടിപ്പിച്ചിരുന്നുവെന്നും മുകേഷ് പറഞ്ഞു.

ഇന്ന് പാര്‍ട്ടി ഓഫീസില്‍ എത്തിച്ചേരണമെന്ന് മുകേഷിന് ജില്ലാ നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നേതൃത്വത്തിന്റെ ഇടപെടല്‍. അമ്മയുടെ മീറ്റിംഗില്‍ ദിലീപിനെ പിന്തുണച്ച മുകേഷിന്റെ നടപടിയില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ എതിരഭിപ്രായം ഉണ്ടായിരുന്നു. നിലപാടില്‍ ഖേദം പ്രകടിപ്പിച്ച് മുകേഷ് എത്തിയെങ്കിലും മുകേഷിന്റെ നിലപാടില്‍ പാര്‍ട്ടിയ്ക്ക് അകത്തുളള മുറുമുറുപ്പ് ശക്തമായിരുന്നു. ദിലീപ് അറസ്റ്റിലായ സാഹചര്യത്തില്‍ ഇത് വര്‍ദ്ധിച്ചു.  നേതൃത്വം തന്നെ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മുകേഷ് മാധ്യമങ്ങളെ കണ്ടതെന്ന് സൂചനയുണ്ട്.

NO COMMENTS