പി സി ജോർജ് ദിലീപിന്റെ പെയ്ഡ് ഏജന്റ്; വനിതാകമ്മീഷൻ കേസെടുക്കണമെന്ന് ആനി രാജ

p c george (1)

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ ദിലീപിനെ രക്ഷിക്കാനുള്ള എംഎൽഎ പി സി ജോർജിന്റെ നടപടിയിൽ കടുത്ത ഭാഷയിൽ മറുപടി നൽകി സാമൂഹിക സാംസ്‌കാരിക മേഖലയിലെ നിരവധി പേർ രംഗത്ത്.

ആക്രമിക്കപ്പെട്ട സ്ത്രീ, പെൺകുട്ടി പിന്നീട് പുറം ലോകം കാണാൻ പാടില്ലെന്ന തരത്തിലുള്ള, എല്ലാ സീമകളും ലംഘിക്കുന്ന പി സി ജോർജിന്റെ പരാമർശത്തെ ഇനിയും തമാശയായി തള്ളിക്കളയാനാകില്ലെന്ന നിലപാടിലാണ് ഇവർ.

കോടതി ആക്രമിക്കപ്പെടുന്ന സ്ത്രീകൾക്ക് നൽകുന്ന പരിരക്ഷ ജനപ്രതിനിധിയായ പിസി ജോർജ് അറിഞ്ഞിരിക്കേണ്ടതാണ്. ജോർജിന്റെ സ്‌റ്റൈലാണെന്ന് നിസ്സാരവത്കരിച്ച് പി സി ചെയ്യുന്നതെല്ലാം കൈകെട്ടിനിന്ന് പ്രോത്സാഹിപ്പിക്കുന്ന നടപടി ഇനി അനുവദിച്ചുകൂടാ എന്ന് തന്നെയാണ് ഒരേ സ്വരത്തിൽ ഉയർന്നുവരുന്നത്.

പിസി ജോർജ്, ദിലീപിന്റെ പെയിഡ് ഏജന്റ് ആണെന്ന് സിപിഐ നേതാവ് ആനി രാജ പ്രതികരിച്ചു. ദിലീപുമായി പി സി ജോർജിന് ബന്ധമുണ്ട്. അല്ലെങ്കിൽ പി സിയുമായി ബന്ധപ്പെട്ട മറ്റാർക്കെങ്കിലും. അതുകൊണ്ടാണ് ലോകം മുഴുവൻ അക്രമിക്കപ്പെട്ട പെൺകുട്ടിയ്‌ക്കൊപ്പം നിൽക്കുമ്പോഴും ജോർജ് മാത്രം നിന്ത്യമായ പദപ്രയോഗങ്ങൾ നടത്തി പെൺകുട്ടിയെ ആക്രമിക്കുന്നത് തുടരുന്നതെന്ന് ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു.

ആക്രമണത്തിനിരയായ നടിയെ തുടർച്ചയായി അപമാനിക്കുന്ന പി.സി ജോർജ് എം.എൽ.എക്കെതിരെ വനിതാകമീഷൻ സ്വമേധയാ കേസെടുക്കണം. കേസിൻറെ ആദ്യഘട്ടം മുതൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പി.സി സ്വീകരിച്ചതെന്നും ആനി രാജ പറഞ്ഞു.

മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, മഹിളാ നേതാക്കളായ ബിന്ദു കൃഷ്ണ, ടി.എൻ.സീമ എന്നിവരും സാമൂഹ്യപ്രവർത്തക ഭാഗ്യലക്ഷ്മിയും സമാന ആവശ്യവുമായി രംഗത്തെത്തിത്തിയിട്ടുണ്ട്.

NO COMMENTS