Advertisement

ഗൗരി ലങ്കേഷിന്റെ അവസാന എഡിറ്റോറിയൽ ‘വ്യാജ വാർത്തകളുടെ യുഗത്തിൽ’

September 13, 2017
Google News 4 minutes Read
Gauri lankesh last editorial in the age of false news

അന്തരിച്ച മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് എഴുതിയ അവസാന എഡിറ്റോറിയലായിരുന്നു ‘വ്യാജവാർത്തകളുടെ യുഗത്തിൽ’ എന്നത്. ഗൗരി ലങ്കേഷ് പത്രികെ എന്ന തന്റെ പത്രത്തിലൂടെ തീവ്ര ഹിന്ദുത്വ അജണ്ഡയെ രൂക്ഷമായി വിമർശിക്കുകയും എതിർക്കുകയും ചെയ്തിരുന്ന ഗൗരി അവസാനമായി എഴുതിയ എഡിറ്റോറിയൽ ലോകശ്രദ്ധ നേടിയിരിക്കുകയാണ്.

പത്രത്തിലെ മൂന്നാം പേജിലെ ‘കണ്ടാ ഹാഗെ’ (കണ്ടത് പോലെ) എന്ന എഡിറ്റോറിയലിൽ അച്ചടിച്ചു വന്ന അവസാനത്തെ മുഖപ്രസംഗമായിരുന്നു ‘വ്യാജ വാർത്തകളുടെ യുഗത്തിൽ’. മോദി ഭക്തരെ നിശിതമായി വിമർശിച്ചുകൊണ്ടായിരുന്നു ഗൗരി തന്റെ എഡിറ്റോറിയൽ ആരംഭിച്ചത് തന്നെ. എഡിറ്റോറിയലിന്റെ പൂർണ്ണ രൂപം :

‘ഈ ആഴ്ചയിലെ പതിപ്പിൽ എന്റെ സുഹൃത്ത് ഡോ. വാസു
ഇന്ത്യയിൽ ഗീബൽസിന്റെ മാതൃകയിൽ പ്രവർത്തിക്കുന്ന വ്യാജ വാർത്താ ഫാക്ടറികളെപ്പറ്റി എഴുതിയിട്ടുണ്ട്. അത്തരം നുണ ഫാക്ടറികൾ നടത്തുന്നത് മോദി ഭക്തരാണ്. ഇത്തരം നുണ ഫാക്ടറികൾ സൃഷ്ടിക്കുന്ന കുഴപ്പങ്ങളെകുറിച്ച് വിശദീകരിക്കാൻ എന്റെ മുഖപ്രസംഗത്തിലൂടെ ഞാൻ ശ്രമിക്കാം.

ഗണേഷ് ചതുർത്ഥി സമയത്ത് സംഘ് പരിവാറുകാർ സാമൂഹ്യമാധ്യമങ്ങളിൽ ഒരു അപവാദം പ്രചരിപ്പിച്ചു. കർണാടക ഗവണ്മെന്റ് തീരുമാനിക്കുന്ന സ്ഥലങ്ങളിൽ മാത്രമേ ഗണേശപ്രതിമകൾ സ്ഥാപിക്കാവൂ എന്നും, പ്രതിമ സ്ഥാപിക്കുന്നതിന് മുമ്പ് 10 ലക്ഷം രൂപ നിക്ഷേപിക്കണമെന്നും, പ്രതിമയുടെ ഉയരം തീരുമാനിക്കാൻ സർക്കാർ അനുമതി വേണമെന്നും, മറ്റു മതക്കാർ താമസിക്കുന്ന പ്രദേശത്തുകൂടെ നിമജ്ജന റാലി കടന്നുപോകരുതെന്നും പടക്കങ്ങൾ അനുവദനീയമല്ലെന്നുമൊക്കെയാണ് പ്രചരിച്ച വാർത്തയിൽ അവർ പറഞ്ഞത്.

ഈ വ്യാജ വാർത്ത പരത്തിയത് രാഷ്ട്രീയ സ്വയംസേവക് സംഘ് ആയിരുന്നു. സർക്കാർ ഇത്തരത്തിൽ ഒരു നിയമവും പുറത്തിറക്കിയിട്ടില്ലെന്ന് വിശദീകരിക്കാൻ ഒടുവിൽ കർണാടക പൊലീസ് മേധാവി ആർകെ ദത്തയ്ക്ക് പത്രസമ്മേളനം നടത്തേണ്ടിവന്നു. അതെല്ലാം നുണയായിരുന്നു.

ഈ വ്യാജ വാർത്ത പ്രചരിപ്പിച്ചത് ആരെന്നറിയാൻ ഞങ്ങൾ നടത്തിയ അന്വേഷണം ഞങ്ങളെ കൊണ്ടെത്തിച്ചത് മതഭ്രാന്തരായ ഹിന്ദുപ്രചാരകർ നടത്തുന്ന വെബ്‌സൈറ്റായ പോസ്റ്റ്കാർഡ്.ന്യൂസ് എന്ന വെബ്‌സൈറ്റിലാണ്. ഓരോ ദിവസവും ഈ സൈറ്റ് വ്യാജവാർത്തകൾ ഉണ്ടാക്കി അവ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കും.

ഗണേഷ് ചതുർത്ഥിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി എന്ന സംഘപരിവാർ വ്യാജവാർത്താ പ്രചരണത്തിന്റെ ചുവടുപിടിച്ച് ഓഗസ്റ്റ് 11 ന് പോസ്റ്റ് കാർഡിൽ വന്ന മറ്റൊരു തലക്കെട്ട് ഇങ്ങനെ, ‘കർണാടകയിൽ താലിബാൻ ഭരണം’. സംസ്ഥാനം മുഴുവൻ നുണ പ്രചരിപ്പിക്കുന്നതിൽ സംഘികൾ വിജയിച്ചു. സിദ്ധരാമയ്യ സർക്കാരുമായി ഏതെങ്കിലും തരത്തിൽ വിയോജിപ്പുള്ളവർ ഈ വ്യാജ വാർത്ത തങ്ങളുടെ ആയുധമാക്കി. ഏറ്റവും ഞെട്ടിക്കുന്നതും സങ്കടകരവുമായ കാര്യം ജനങ്ങൾ മറിച്ചൊന്നും ചിന്തിക്കാതെ അവരുടെ കണ്ണുകളും കാതുകളും അടച്ചിട്ട്, തലച്ചോർ അടക്കം പൂട്ടിവെച്ച് ഇക്കാര്യം വിശ്വസിച്ചു എന്നതാണ്.

കഴിഞ്ഞയാഴ്ച, കപട ഗുരു ഗുർമീത് റാം റഹീം ബലാത്സംഗ കേസിൽ പ്രതിയാണ് എന്ന വാർത്ത വന്നപ്പോൾ, ഗുർമീത് റാം റഹീം സിംഗ് പല ബിജെപി നേതാക്കൾക്കുമൊപ്പം നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ് ഹരിയാന ബിജെപി നേതാക്കളും റഹീമിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഇത് ബിജെപിയെയും സംഘ്പരിവാറിനെയും പ്രകോപിപ്പിച്ചു. ഇതിനെതിരെ അവർ കേരള മുഖ്യമന്ത്രിയും സിപിഎം നേതാവുമായ പിണറായി വിജയൻ റാം റഹീമിനൊപ്പം ഇരിക്കുന്ന ഒരു ഫോട്ടോഷോപ്പ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു.

gauri lankesh last editorial in the age of false news

എന്നാൽ ശരിയായ ചിത്രത്തിൽ റാം റഹീമിനൊപ്പമുള്ളത് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയാണ്. വലതുപക്ഷക്കാർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ചിത്രത്തിൽ ഉമ്മൻ ചാണ്ടിയുടെ മുഖത്തിന് പകരം പിണറായി വിജയന്റെ മുഖമാണ്്. ഭാഗ്യവശാൽ, ചിലർ യഥാർത്ഥ ഫോട്ടോ പോസ്റ്റ് ചെയ്തതോടെ ആ പ്രചരണം ഫലം കണ്ടില്ല.

കഴിഞ്ഞ വർഷം വരെ വലതുപക്ഷക്കാരുടെ വ്യാജ പ്രചരണത്തെ വെളിച്ചത്തുകൊണ്ടുവരാൻ ആരുമുണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോൾ പലരും വ്യാജവാർത്തയ്‌ക്കെതിരെ പ്രവർത്തിക്കുന്നുണ്ട്. മുമ്പ് വ്യാജവാർത്ത മാത്രം മുന്നിട്ടുനിന്നിരുന്ന സ്ഥലത്ത്, ഇന്ന് സത്യവാർത്തകൾ പുറത്തുവരികയും അവ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

ഉദാഹരണത്തിന്, ധ്രുവ് രതീ ഓഗസ്റ്റ് 17ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലെ നുണകൾ ചൂണ്ടിക്കാട്ടി ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ കുറച്ചുമാസങ്ങളായി രതീ മോദി പ്രചരിപ്പികക്കുന്ന നുണകൾ സോഷ്യൽ മീഡിയ വഴി പുറത്തുവിടുകയാണ്. മുമ്പ് രതീയുടെ വീഡിയോകൾ വളരെ കുറച്ചുപേർ മാത്രമേ കണ്ടിരുന്നുള്ളൂ. എന്നാൽ, ഈ വീഡിയോ വൈറലാവുകയും ഒരു ലക്ഷത്തിലേറെപ്പേർ യൂട്യൂബിൽ ഈ വീഡിയോ കാണുകയും ചെയ്തു.

രതീ പറയുന്നതുപ്രകാരം, ഒരു മാസം മുമ്പ് ബുസിബുസിയ (നുണയൻ എന്നർത്ഥം; ‘മോദി’ക്ക് പകരം ഗൗരി ലങ്കേഷ് ഉപയോഗിച്ചിരുന്നത് ഈ വാക്കാണ്) ഗവണ്മെന്റ് രാജ്യസഭയെ അറിയിച്ചത് നോട്ടുനിരോധനത്തിന് ശേഷം 33 ലക്ഷം പേർ നികുതിയടച്ചുതുടങ്ങി എന്നാണ്. മുമ്പ് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അറിയിച്ചത് 91 ലക്ഷം പേർ നികുതി അടച്ചുതുടങ്ങി എന്നാണ്. എന്നാൽ എക്കണോമിക് സർവേ പുറത്തുവിട്ട കണക്ക് 5.4 ലക്ഷമാണ്. ഈ കണക്കുകളിൽ ഏതാണ് ശരിയെന്നാണ് വീഡിയോയിലൂടെ രതീ ചോദ്യം ചെയ്യുന്നത്.

Subscribe to watch more

ഇന്ന് മുഖ്യധാരാ മാധ്യമങ്ങൾ സർക്കാരും ബിജെപിയും നൽകിയ ഈ കണക്കുകളെ ഏറ്റവും വലിയ സത്യമായി സ്വീകരിക്കുന്നു; സർക്കാരിന്റെ അവകാശ വാദങ്ങളെ വെല്ലുവിളിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യാൻ പാടില്ലാത്ത പോലെ. ടിവി ചാനലുകൾ ഇക്കാര്യത്തിൽ പത്തടി മുന്നിലാണ്. ഉദാഹരണത്തിന് രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി സ്ഥാനമേറ്റപ്പോൾ, നിരവധി ഇംഗ്ലീഷ് ചാനലുകളിൽ, അദ്ദേഹം സ്ഥാനമേറ്റ് മണിക്കൂറുകൾക്കകം ട്വിറ്റർ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ മൂന്ന് മില്യണിൽ ഏറെ വർധനവുണ്ടായി എന്ന് വാർത്ത കൊടുത്തിരുന്നു. ദിവസം മുഴുവൻ കോവിന്ദിന്റെ പ്രശസ്തി എത്രമേൽ വർധിച്ചുവെന്നതിനെ കുറിച്ച് ചാനലുകൾ പ്രഖ്യാപനങ്ങൾ നടത്തിക്കൊണ്ടേയിരുന്നു.

ഇന്ന്, നിരവധി ടിവി ന്യൂസ് സ്ഥാപനങ്ങളും ആർഎസ്എസുമായി സംഘം ചേർന്നതായി കാണാം. എന്നാൽ ഇതിന് പിന്നലെ സത്യമെന്തെന്നുവെച്ചാൽ, മുൻരാഷ്ട്രപതി പ്രണബ് മുഖർജിയുടെ ഒദ്യോഗിക ട്വിറ്റർ അക്കൗണ്ടാണ് പുതിയ രാഷ്ട്രപതിയായ കോവിന്ദിന് ലഭിച്ചത്. പ്രണബ് മുഖർജിക്ക് രാഷ്ട്രപതിയായിരുന്നപ്പോൾ ട്വിറ്ററിൽ മൂന്ന് മില്യണിൽ കൂടുതൽ ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. ഈ സംഘ്യയാണ് കോവിന്ദിന് ലഭിച്ചത്.

പല വസ്തുതാന്വേഷകരും കെട്ടുകഥകൾ തകർക്കുന്നവരും ഇപ്പോൾ ആർഎസ്എസ് നടത്തുന്ന ഇത്തരം കുപ്രചരണങ്ങളെ സത്യം കൊണ്ട് എതുർക്കുന്നുണ്ട്. ധ്രുവ് രതീ അത് വീഡിയോകളിലൂടെ ചെയ്യുമ്പോൾ പ്രതീക്  സിൻഹ അത് ആൾട്ട് ന്യൂസ് എന്ന തന്റെ വെബ്‌സൈറ്റിലൂടെ ചെയ്യുന്നു. എസ് എം ഹോക്‌സ് സ്ലേയർ, ബൂം ഫാക്ട്‌ചെക്ക് എന്നിവയാണ് ഇത്തരത്തിലുള്ള മറ്റ് വെബ്‌സൈറ്റുകൾ. ദ വയർ, സ്‌ക്രോൾ, ന്യൂസ് ലോണ്ട്രി, ദ ക്വിന്റ് എന്നീ ന്യൂസ് പോർട്ടലുകളും സജീവമായി വ്യാജവാർത്തകളെ പൊളിച്ചടുക്കുന്നത്.

ഞാൻ സൂചിപ്പിച്ച ആളുകളും ഓർഗനൈസേഷനുകളുമെല്ലാം ഈ അടുത്ത് ആർഎസ്എസ് പ്രചരിപ്പിച്ച വ്യാജവാർത്തകൾക്ക് പിന്നിലുള്ള സത്യം പുറത്തുകൊണ്ടുവന്നതിലൂടെ അവരെ പ്രകോപിപ്പിച്ചവരാണ്. ഏറ്റവും പ്രധാനം ഇവരൊന്നും പണമുണ്ടാക്കാനല്ല ജോലി ചെയ്യുന്നത് എന്നാണ്. അവരുടെ ലക്ഷ്യം ഈ ഫാസിസ്റ്റുകളെയും അവരുടെ കള്ളകഥകളെയും വെളിച്ചത്തുകൊണ്ടുവരിക മാത്രമാണ്.

ഒരാഴ്ചമുമ്പ് ബംഗളൂരുവിൽ നിർത്താതെ മഴ പെയ്തപ്പോൾ, കർണാടകയിലെ ബിജെപി ഐടി സെൽ ഒരു ഫോട്ടോ പ്രചരിപ്പിച്ചു; ചന്ദ്രനിലൂടെ ആളുകൾ നടക്കുന്നതായി നാസ കണ്ടെത്തി, പിന്നീട് ബംഗളൂരു മുനിസിപ്പൽ കോർപ്പറേഷൻ അത് ബംഗളൂരു റോഡ് ആണെന്ന് സ്ഥിതീകരിച്ചു എന്ന കളിയാക്കിയ തലക്കെട്ടോടെയായിരുന്നു പോസ്റ്റ്. റോഡ് നിറയെ കുഴികളാണ് എന്ന് പ്രചരിപ്പിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ പ്രചരണം നടത്തുകയാണ് ബിജെപി ചെയ്തത്. എന്നാൽ, ഫോട്ടോ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിൽ നിന്നുള്ളതാണ്, ബംഗളൂരുവിൽ നിന്നുള്ളതല്ല എന്ന് ചൂണ്ടിക്കാട്ടിയതോടെ പദ്ധതി പൊളിഞ്ഞു.

അതുപോലെ, പശ്ചിമ ബംഗാളിൽ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ വലതുപക്ഷക്കാർ സോഷ്യൽ മീഡിയയിൽ രണ്ട് പോസ്റ്ററുകൾ പങ്കുവെച്ചു. കത്തിയ വീടുകൾ ഉള്ള പോസ്റ്ററിന്റെ തലക്കെട്ട് ‘ബംഗാൾ കത്തുന്നു’ എന്നായിരുന്നു. രണ്ടാമത്തെ ചിത്രം കുറേപ്പേർ നോക്കിനിൽക്കെ ഒരു സ്ത്രീയുടെ സാരി ഒരാൾ വലിച്ചൂരുന്നതായിരുന്നു. ബദൂരിയയിലെ ഹിന്ദു സ്ത്രീകൾ ആക്രമിക്കപ്പെടുന്നു എന്നായിരുന്നു അതിനു നൽകിയ തലക്കെട്ട്. വളരെപെട്ടെന്നുതന്നെ ഈ ചിത്രങ്ങൾക്കു പിന്നിലെ സത്യവും പുറത്തുവന്നു.

vijeta

ആദ്യത്തെ ചിത്രം മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന, 2002ലെ ഗുജറാത്ത് വംശഹത്യക്കാലത്തെയായിരുന്നു ആദ്യത്തെ ചിത്രം. രണ്ടാമത്തേത് ഒരു ഭോജ്പൂരി സിനിമയിലെ സ്റ്റിൽ ആയിരുന്നു. ഈ ചിത്രം ഷെയർ ചെയ്തത് മുതിർന്ന ബിജെപി നേതാവ് വിജേതാ മാലിക് ആണ്. ആർഎസ്എസ് മാത്രമല്ല, ബിജെപി കേന്ദ്രമന്ത്രിമാർ വരെ ഈ വ്യാജവാർത്ത പ്രചരണത്തിന്റെ ഭാഗമായി.

ഉദാഹരണത്തിന്, നിതിൻ ഗഡ്കരി ‘റിപ്പബ്ലിക് ദിനത്തിൽ, ഹൈദരാബാദിൽ ത്രിവർണ പതാക കത്തിക്കുന്നു’ എന്ന തലക്കെട്ടോടെ മുസ്ലീങ്ങൾ ദേശീയ പതാക കത്തിക്കുന്ന ഒരു ചിത്രം ഷെയർ ചെയ്തു. ഗൂഗിളിൽ പുതിയൊരു ഇമേജ് സെർച്ച് ആപ്ലിക്കേഷനുണ്ട്. അതിൽ ഒരു ഇമേജ് സെർച്ച് ചെയ്താൽ, ആ ചിത്രത്തിന്റെ ഉറവിടം കണ്ടെത്താനാകും. ഈ ആപ്പ് ഉപയോഗിച്ച്, ആ ഫോട്ടോ പാകിസ്താനിലെ ഒരു നിരോധിത സംഘടനയുടെ പ്രതിഷേധ പരിപാടിക്കിടെ എടുത്ത ചിത്രമാണ് എന്ന് പ്രതീക് സിൻഹ കണ്ടെത്തി.

ഒരു പ്രൈംടൈം ചർച്ചക്കിടെ ബിജെപി വക്താവ് സാംബിത് പത്ര,
തന്റെ ടാബിൽ ഇന്ത്യൻ പതാകയുയർത്തുന്ന ആറ് പട്ടാളക്കാരുടെ ചിത്രം കാണിച്ചുകൊണ്ട് ജെഎൻയു അടക്കമുള്ള കേന്ദ്ര സർവ്വകലാശാലകളിൽ ദേശീയ പതാക ഉയർത്തുന്നതിനെപ്പറ്റി ചോദ്യം ഉന്നയിക്കുകയുണ്ടായി. അത് രണ്ടാം ലോകയുദ്ധ കാലത്ത് ജപ്പാനിലെ ഇവോ ജിമാ ദ്വീപ് പിടിച്ചടക്കിയ ശേഷം അമേരിക്കൻ സൈനികർ അമേരിക്കൻ പതാകയുയർത്തുന്ന ഫോട്ടോയായിരുന്നുവെന്ന് പിന്നീട് വ്യക്തമാിയി. ആളുകളെ പറ്റിക്കാൻ വേണ്ടിയാണ് പത്ര ഈ ചിത്രം ഉപയോഗിക്കുകയായിരുന്നു. സംഭവം സോഷ്യൽ മീഡിയയിൽ തമാശയായി പ്രചരിക്കുകയും ചെയ്തു.

അടുത്തിടെ കേന്ദ്ര ഊർജ്ജ മന്ത്രി പിയൂഷ് ഗോയൽ ഒരു ചിത്രം പങ്കുവെച്ചു, ”30,00,000 എൽഇഡി ലാമ്പുകൾ ഇന്ത്യയിലെ 50,000 കിലോമീറ്ററോളം റോഡുകളിൽ തെളിയിച്ചിരിക്കുന്നു”പക്ഷേ ആ ചിത്രവും വ്യാജമായിരുന്നു. 2009ൽ എടുത്ത ഒരു ജാപ്പനീസ് തെരുവിന്റെ ചിത്രമായിരുന്നു അത്. ഗോയൽ ഈയടുത്തായി അവകാശപ്പെട്ടു, തദ്ദേശീയ കൽക്കരി വിതരണത്തിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഉണ്ടായ വർധനവിൽ 25,900 കോടി രൂപയുടെ ലാഭമുണ്ടായി. ഇതിന്റെ കൂടെ ഒരു ചിത്രവും പങ്കുവെച്ചിരുന്നു. എന്നാൽ ഇതും വ്യാജമായിരുന്നുവെന്ന് തെളിഞ്ഞു.

ഛത്തീസ്ഗഢിൽ ബിജെപിയുടെ പൊതുമരാമത്ത് മന്ത്രി രാജേഷ് മുനത് സംസ്ഥാന സർക്കാരിന്റെ നേട്ടമെന്ന് കാണിച്ച് ഒരു പാലത്തിന്റെ ചിത്രം പങ്കുവെച്ചു. പക്ഷേ സത്യത്തിൽ അത് വിയറ്റ്‌നാമിലെ ഒരു പാലത്തിന്റെ ചിത്രമായിരുന്നു. ആ പോസ്റ്റിന് 2000 ലൈക്കുകൾ കിട്ടി, പിന്നീട് ഡിലീറ്റ് ചെയ്തു.

നമ്മുടെ തന്നെ കർണാടകയിലെ ആർഎസ്എസ്, ബിജെപി നേതാക്കൾ വ്യാജവാർത്ത പ്രചരണത്തിൽ ഒട്ടും തന്നെ പിന്നിലല്ല. കർണാടകയിലെ എംപി പ്രതാപ് സിംഹ ടൈംസ് ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച വാർത്തയാണ് എന്നു കാണിച്ച് ഒരു റിപ്പോർട്ട് ഷെയർ ചെയ്തു. ഒരു ഹിന്ദു പെൺകുട്ടിയെ മുസ്ലീം യുവാവ് കുത്തിക്കൊന്നു എന്നായിരുന്നു എന്നായിരുന്നു തലക്കെട്ട്. ലോകത്തോട് ധാർമികതയെപ്പറ്റി പ്രസംഗിക്കുന്ന സിംഹ ഈ വാർത്തയുടെ ആധികാരികത പരിശോധിച്ചുനോക്കാൻ ഒരുവട്ടം പോലും ശ്രമിച്ചില്ല. ഒരൊറ്റ പത്രം പോലും അത്തരത്തിലൊരു വാർത്ത കൊടുത്തിരുന്നില്ല. സത്യത്തിൽ തലക്കെട്ട് ഫോ്‌ട്ടോഷോപ്പ് ചെയ്ത് വാർത്ത വർഗീയ തലത്തിൽ അവതരിപ്പിക്കുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധമുണ്ടായപ്പോൾ എംപി പോസ്റ്റ് ഡിലീറ്റ് ചെയ്തു. പക്ഷേ നുണ പ്രചരിപ്പിച്ചതിന് മാപ്പപേക്ഷിക്കുകയോ, വർഗീയതയുണ്ടാക്കിയതിന് പശ്ചാത്തപിക്കുകയോ ചെയ്തില്ല.

എന്റെ സുഹൃത്ത് വാസു എഴുതിയതു പോലെ, ഞാനും ഈ ആഴ്ച്ച ഒരു വ്യാജ വാർത്ത പങ്കുവെച്ചതിലൂടെ ഇത്തരമൊരു തെറ്റുവരുത്തി. ലാലു പ്രസാദ് യാദവ് ഷെയർ ചെയ്ത, പാറ്റ്‌നയിൽ നടന്ന റാലിയുടെ ഫോട്ടോ ആയിരുന്നു അത്. പക്ഷേ, ഉടൻ തന്നെ എന്റെ സുഹൃത്ത് ശശിധർ ഹെമ്മാഡി അത് വ്യാജഫോട്ടോ ആണെന്ന് എന്നോട് പറഞ്ഞു. ഉടൻ തന്നെ ഞാൻ തെറ്റ് സമ്മതിച്ചുകൊണ്ട് വ്യാജഫോട്ടോയും ശരിയായ ചിത്രവും പങ്കുവെച്ചു.

വർഗീയതയുണ്ടാക്കാനോ പ്രചരിപ്പിക്കാനോ ഞാൻ ഉദ്ദേശിച്ചിട്ടില്ല. ജനങ്ങൾ ഫാസിസ്റ്റ് ശക്തികൾക്കെതിരെ ഒത്തുചേരുന്നു എന്ന ആശയം അറിയിക്കുക മാത്രമാണ് എന്റെ ഉദ്ദേശ്യം. വ്യാജ വാർത്തകൾ പൊളിച്ചടുക്കുന്ന എല്ലാവർക്കും എന്റെ അഭിവാദ്യങ്ങൾ. ഇതിൽ കൂടുതൽ ആളുകൾ വേണമെന്നാണ് എന്റെ ആഗ്രഹം. ‘

ഈ വാക്കുകൾകൊണ്ടാണ് ഗൗരി തന്റെ മുഖപ്രസംഗം നിർത്തുന്നത്. എന്നും സത്യത്തിന്റെ പക്ഷത്ത് മാത്രം നിലകൊണ്ട ഗൗരി അറിയാതെ പോലും ഒരു വ്യാജചിത്രം പങ്കുവെച്ചതിൽ തന്റെ സ്വന്തം പത്രത്തിലൂടെ മാപ്പപേക്ഷിക്കുന്നു..ഒപ്പം ഫാസിസ്റ്റ് ശക്തികൾക്കെതിരെ ജനങ്ങൾ സംഘടിക്കുന്നതിലുള്ള സന്തോഷവും, ഈ ദൗത്യത്തിൽ കൂടുതൽ പേർ വന്നിരുന്നെങ്കിലെന്ന ആഗ്രഹവും…

gauri lankesh last editorial in the age of false news

Gauri lankesh last editorial in the age of false news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here