Advertisement

കണ്ണ് കാണാത്ത കാമറയോട് വഴിനടക്കാരുടെ ഗദ്‌ഗദം (ഗതാഗതമില്ല !) 

September 15, 2017
Google News 3 minutes Read

അല്ലങ്കിലും തലക്കെട്ടിടാൻ മനോരമ തന്നെ ! ഫയാനകവും ഫീകരവും ആയിരിക്കുമത് ! ആരും കാണാത്തത് കാണും. നല്ല കളർ പടമൊക്കെ ഇട്ട് ‘പതിഞ്ഞിരിക്കണല്ലോ ?’ എന്ന് ചോദിയ്ക്കാൻ തോന്നും വിധം മനോഹരമായി അച്ചടിക്കും. പുകഴ്ത്തികൊണ്ടിരുന്നാൽ മേന്മ അവസാനിക്കില്ല. ‘ഗതാഗതം യാത്രികർക്ക് ഗദാഘാതം’ എന്ന തലക്കെട്ട് സൂപ്പർ. പൊതുജനത്തിന്റെ യാത്രാ ദുരിതം അങ്ങനെ മഷിപുരളുമ്പോൾ ഇങ്ങനെ ഒരു ഇടിവെട്ട് തലക്കെട്ട് സൂപ്പർ തന്നെ സാറേ …

പക്ഷെ മാധ്യമങ്ങൾ വാർത്തകൾക്ക് നേരെ കണ്ണടയ്ക്കുന്നതിന്റെ ഭയാനകമായ വേർഷനാണ് ഇതെന്ന് പറയാതെ വയ്യ. ഒരു പേജ് ലേഔട്ട് ചെയ്യുമ്പോൾ അതിലെ എല്ലാ വാർത്തകളും ചേർത്തു വായിക്കുന്നത് ഈ നഗരത്തിൽ ജീവിക്കുകയും ആറ് രൂപാ അൻപത് പൈസ നൽകി ഈ പത്രം വാങ്ങി വായിക്കുകയും ചെയ്യുന്ന ഞാനടക്കമുള്ള മനുഷ്യരാണ്. കടവന്ത്ര രാജീവ് ഗാന്ധി അന്തരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഒരു ഷട്ടിൽ മാമാങ്കത്തിന്റെ വാർത്തകളാണ് ഈ പേജിൽ മുകൾ പകുതിയുടെ സിംഹഭാഗവും കയ്യടക്കിയിരിക്കുന്നത്‌. മെട്രോ മനോരമയുടെ ഈ അരപ്പേജ് കൊച്ചിക്കാർ കണ്ടു കാണും. മറ്റു മലയാളികൾക്ക് വേണ്ടി ഇതാ ചേർക്കുന്നു.

manorama 1

‘ഗദാഘാതം’ ഐറ്റത്തിന് തൊട്ടു മുകളിൽ കളിച്ചു തളർന്നിരിക്കുന്ന സുന്ദരികൾ മറ്റേ വശത്ത് ഷട്ടിൽ മത്സരത്തിൽ വിജയികൾക്ക് നൽകുന്ന മലേഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന മുന്തിയ ഇനം മെഡലുകളെ കുറിച്ചുള്ള മേനി.

manorama

പിന്നെ ആരെയും (പ്രത്യേകിച്ച് വിദേശികളെ) ആകർഷിക്കുന്ന കേരളാ പവലിയനും അവിടെ ഉണ്ടത്രേ! പക്ഷെ രമയുടെ റിപ്പോർട്ടർക്ക് കണ്ണിൽ പൊടി പോയപ്പോൾ കണ്ണടഞ്ഞു പോയ ഒരു കാഴ്ച കൂടി ഇതാ ചിത്രങ്ങളായി ചേർക്കുന്നു.

manorama 3

മനോരമ കൂടി ചേർന്ന് സംഘടിപ്പിക്കുന്ന ഷട്ടിൽ കളിയുടെ അത്ര ശോഭനവും മനോഹരവും അല്ലാത്ത കുറെ ചിത്രങ്ങളാണിത്. ഇത് വഴിയുള്ള ഗതാഗതത്തെ മനോരമയുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ ‘ഗദാഘാത’മാക്കുന്ന പ്രവർത്തി കാണാൻ കൂടി മനോരമയ്ക്ക് കഴിയേണ്ടതായിരുന്നു.

manorama 5

‘ഒരു സംരംഭമല്ലേ, ഇങ്ങനെയൊക്കെ പറയാമോ’ എന്ന ആശങ്കയിൽ ആയതു കൊണ്ടാണ് ദിവസവും കുറഞ്ഞത് നാല് തവണയെങ്കിലും ഈ വഴി നടക്കേണ്ടി വന്നിട്ടും ഒന്നും മിണ്ടാത്തത്. പക്ഷെ, ഗൗരവമുള്ള അപകടം പതിയിരിക്കുന്നു. കളിക്കളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന പടുകൂറ്റൻ ജനറേറ്ററുകൾ നിർത്തിയിട്ടിരിക്കുന്നത് പൊതുനിരത്തിൽ .

manorama 6

വൈദ്യുതി ലൈനുകളാകട്ടെ 75 മീറ്റർ ദൂരത്തിൽ ഫുട്ട്പാത്ത് അപഹരിക്കുന്നു. ഇൻഡോർ സ്റ്റേഡിയം മുഴുവൻ ഉപയോഗിക്കാൻ അത്യധികം ശേഷിയുള്ള പവ്വർ ആണ് ഈ വയറുകളിലൂടെ പ്രവഹിക്കുന്നത്. അതത്ര സുരക്ഷിതമായല്ല ഇങ്ങനെ തറയിൽ സ്ഥാപിച്ചിരിക്കുന്നത്. മഴ നനഞ്ഞ അവസ്ഥയിൽ അപകടം പതിയിരിക്കുന്നു. കേന്ദ്രീയ വിദ്യാലയം , ഒരു ആശുപത്രി , നേഴ്സിങ് സ്‌കൂൾ , ഒട്ടേറെ വ്യാപാര സ്ഥാപങ്ങൾ കൂടാതെ ഈ അന്താരാഷ്ട്ര കളി കാണാനും പങ്കെടുക്കാനും വരുന്നവരുമടക്കം തിരക്കേറിയ റോഡും കാൽനട വഴിയുമാണ് ഇത്. ദുരന്തമാണ് മുന്നിൽ. എന്നിട്ടും ‘ഗതാഗതം യാത്രികർക്ക് ഗദാഘാതം’ എന്ന ഇടിവെട്ട് തലക്കെട്ടിട്ടവർ സ്വന്തം പരിപാടിയായത് കൊണ്ട് അതിലെ വാർത്ത മുക്കി.

manorama 4

മറ്റു മാർഗ്ഗമില്ലങ്കിൽ പിന്നെ എന്ത് ചെയ്യും എന്ന ചിന്ത അത്ര മാധ്യമ മൂരാച്ചികൾ  അല്ലാത്തതിനാൽ ഞങ്ങളെയും ബാധിച്ചു. കടവന്ത്ര രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ മൂന്നു ജനറേറ്ററുകൾ ഉൾപ്പെടുന്ന വാഹനങ്ങൾ കയറ്റിയിടാൻ ആവശ്യമുള്ളതിലും അധികം സ്ഥലമുണ്ട്. അന്വേഷണത്തിൽ ബോധ്യമായത് ചേർക്കുന്നു.

1. സ്പോർട്സ് സെന്റർ അംഗങ്ങളായവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലം മറ്റ് ‘അനാവശ്യ’ കാര്യങ്ങൾക്ക് വിനിയോഗിക്കരുതെന്ന് തീരുമാനം. 

2. ജനറേറ്റർ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന മാലിന്യം/ മലിനീകരണം ക്ളബ്ബ് അംഗങ്ങൾക്ക് കഠിനമായ ജലദോഷത്തിനും പനിക്കും ചിലപ്പോൾ ചുമയ്‌ക്കും കാരണമാകും.

3. സ്പോർട്സ് കോംപ്ലെക്സിലെ ചില മുന്തിയ സ്ഥാപനങ്ങളുടെ എതിർപ്പ് .

4. മനോരമ അടക്കം സംഘാടകരുടെ പവലിയനുകൾക്ക് ആവശ്യത്തിലേറെ സ്ഥലം കൊടുക്കേണ്ടതുണ്ട്.

അതായത് നാട്ടുകാരുടെ അവകാശങ്ങളെ മുഴുവൻ അപഹരിച്ചവർ അവരുടെ ഒരു സൗകര്യവും ഈ മത്സരത്തിന്റെ നടത്തിപ്പിനായി താൽക്കാലികമായിപ്പോലും വേണ്ട എന്ന് വയ്ക്കുന്നില്ല. മലേഷ്യയിൽ നിന്നും മുന്തിയ മെഡലുകൾ ഇറക്കുമതി ചെയ്ത് അതിൽ പേര് കൊത്തുന്നവർ ഇതൊക്കെ കൂടി ഒന്ന് പരിഗണിക്കണം. ഇതിപ്പോൾ നാട്ടുകാരുടെ തലയിലിരിക്കട്ടെ എന്ന മട്ടല്ലേ ? അല്ലങ്കിൽ ദിവസേന ഈ റോഡിൽ ഇതേ സ്ഥലത്ത് അനധികൃത പാർക്കിങ് ചെയ്യുന്ന വാഹനങ്ങളെ പിഴയിൽ പിഴിയുന്ന പോലീസ് ഏമാന്മാർ ഈ അസംബന്ധം കണ്ടിട്ട് മിണ്ടാതെ പോകുന്നതിന്റെ അർത്ഥമെന്താ ?

news camera shuts eye towards pedestrians miseries.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here