Advertisement

‘രാമലീല പ്രേക്ഷകർ കാണട്ടെ; കാഴ്ചയുടെ നീതി പുലരട്ടെ’ മഞ്ജു തന്നെയാണ് ഉദാഹരണം

September 23, 2017
Google News 2 minutes Read
manju warrier facebook post

മഞ്ജുവാര്യർ ചിത്രം ഉദാഹരണം സുജാത തിയേറ്ററുകളിലെത്തുന്ന അതേ ദിവസം തന്നെയാണ് ദിലീപ് ചിത്രം രാമലീലയും എത്തുന്നത്. എന്നാൽ രാമലീല കാണില്ലെന്ന് നിരവധി പേർ പ്രഖ്യാപിച്ചതിനെ എതിർത്ത് മഞ്ജുവാര്യർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

സിനിമ ഒരു വ്യക്തിയുടേതല്ലെന്നും ഒരുപാട് പേരുടെ വിയർപ്പാണെന്നും ഓർമ്മിപ്പിക്കുന്നതാണ് മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സിനിമ ഒരാളല്ല, ഒരുപാടുപേരാണ്. അവർ അതിൽ നിക്ഷേപിക്കുന്നത് പണമോ അധ്വാനമോ സർഗ്ഗവൈഭവമോ മാത്രമല്ല. പ്രതിഫലം വാങ്ങി പിരിയുന്നതോടെ തീരുന്നതല്ല ആ ബന്ധം. സിനിമ നന്നായി വിജയിക്കുമ്പോഴും അത് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു എന്നറിയുമ്പോഴുമാണ് അതിന്റെ പിന്നിൽ പ്രവർത്തിച്ചവർ യഥാർഥത്തിൽ ആനന്ദിക്കുന്നതെന്നും മഞ്ജു പറയുന്നു…

രാമലീല’, ടോമിച്ചൻമുളകുപാടം എന്ന നിർമാതാവിന്റെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ്. അതുപോലെ വർഷങ്ങളായി സിനിമയെ മാത്രം മനസ്സിലിട്ടുനടക്കുന്ന അരുൺഗോപി എന്ന നവാഗതസംവിധായകന്റേതുകൂടിയാണെന്ന് പറയുന്ന മഞ്ജു പ്രേക്ഷകർ രാമലീല കാണട്ടെ എന്നും കാഴ്ചയുടെ നീതി പുലരട്ടെയെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മഞ്ജു വാര്യരുടെ പോസ്റ്റ് ഇങ്ങനെ

ഇത് ഒരു ഉദാഹരണമാകരുത്
‘ഉദാഹരണം സുജാത’ ഈ മാസം 28ന് തീയറ്ററുകളിലെത്തുകയാണ്. ഏറെ ആസ്വദിച്ചു ചെയ്ത സിനിമയാണിത്. സുജാതയായിരുന്ന ഓരോ നിമിഷവും ഓരോ അനുഭവമായിരുന്നു. അവളെ നിങ്ങൾക്കും ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു. ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ടും ജോജുജോർജും ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം ഫാന്റം പ്രവീണാണ്. ചിത്രീകരണത്തിൽ ഞങ്ങൾക്കൊപ്പം നിന്ന തിരുവനന്തപുരത്തിന് പ്രത്യേകിച്ച് ചെങ്കൽച്ചൂള നിവാസികൾക്ക് ഹൃദയംനിറഞ്ഞ നന്ദി. സുജാതയ്ക്ക് തൊട്ടുകാണിക്കാൻ സ്‌നേഹത്തിന്റെ ഉദാഹരണങ്ങളൊരുപാട് തന്നു,നിങ്ങൾ. കോട്ടൺഹിൽസ്‌കൂളിലെയും അട്ടക്കുളങ്ങര സ്‌കൂളിലെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും സഹകരണവും എടുത്തുപറയേണ്ടതാണ്. എല്ലാവരെയും ഓർക്കുന്നു…സുജാത പ്രേക്ഷകരുടെയും പ്രിയപ്പെട്ടവളായി മാറുമെന്നാണ് പ്രതീക്ഷ.

‘ഉദാഹരണം സുജാത’യ്‌ക്കൊപ്പം റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രമാണ് ‘രാമലീല’. ഈ സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം പലയിടത്തുനിന്നും ഉയരുന്നുണ്ട്. തീയറ്റർ കത്തിക്കണമെന്ന ആക്രോശത്തിൽവരെയെത്തി അത്. പക്ഷേ ആ നിലപാട് ദൗർഭാഗ്യകരമാണെന്ന് പറയട്ടെ. വ്യക്തിപരമായ വിയോജിപ്പുകളും എതിർപ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല. ഒരു സിനിമയും ഒരാളുടേത് മാത്രമല്ല. സിനിമ ഒരാളല്ല, ഒരുപാടുപേരാണ്. അവർ അതിൽ നിക്ഷേപിക്കുന്നത് പണമോ അധ്വാനമോ സർഗ്ഗവൈഭവമോ മാത്രമല്ല. പ്രതിഫലം വാങ്ങി പിരിയുന്നതോടെ തീരുന്നതല്ല ആ ബന്ധം. സിനിമ നന്നായി വിജയിക്കുമ്പോഴും അത് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു എന്നറിയുമ്പോഴുമാണ് അതിന്റെ പിന്നിൽ പ്രവർത്തിച്ചവർ യഥാർഥത്തിൽ ആനന്ദിക്കുന്നത്. അത് പണത്തേക്കാൾ വലുതാണ് താനും. അതിനുവേണ്ടിയാണ് അവർ രാപകലില്ലാതെ പ്രയത്‌നിക്കുന്നതും. സിനിമയെന്നത് അനേകം കുടുംബങ്ങളുടെ ആശ്രയമായ വ്യവസായമാണ്. ഒരുപാടുപേരുടെ അന്നവും മരുന്നും പാഠപുസ്തകവുമെല്ലാമാണ്. സിനിമയെ തീയറ്ററുകളിൽനിന്ന് അകറ്റിയാൽ ഈ വ്യവസായത്തിൽ നിക്ഷേപിക്കാൻ നിർമാതാക്കളുണ്ടാകില്ല. അതോടെ തകരുന്നത് ഒട്ടേറെ കുടുംബങ്ങളും സ്വപ്നങ്ങളുമാണ്. അത് സംഭവിച്ചുകൂടാ. ‘രാമലീല’, ടോമിച്ചൻമുളകുപാടം എന്ന നിർമാതാവിന്റെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ്. അതുപോലെ വർഷങ്ങളായി സിനിമയെ മാത്രം മനസ്സിലിട്ടുനടക്കുന്ന അരുൺഗോപി എന്ന നവാഗതസംവിധായകന്റേതുകൂടിയാണ്. അതിലെ അഭിനേതാക്കളുടെ മുഖങ്ങൾക്ക് നേരെ പ്രകാശം പ്രതിഫലിപ്പിച്ച, അവർക്കായി വച്ചുവിളമ്പിയ ക്രഡിറ്റ് കാർഡിൽപോലും പേരുവരാത്തവരുടേയുമാണ്. സിനിമ തീയറ്ററിലെത്തിക്കാനും അത് പ്രേക്ഷകൻ കാണണമെന്ന് ആഗ്രഹിക്കാനും ഇവർക്കെല്ലാം അവകാശമുണ്ട്. അതിനെ നിഷേധിക്കാൻ നമുക്ക് അധികാരമില്ല. അങ്ങനെ ചെയ്താൽ അത് സിനിമയോട് ചെയ്യുന്ന അനീതിയാണ്. നാളെ, കാലം നമുക്ക് മാപ്പുതരില്ല. ‘രാമലീല’ പ്രേക്ഷകർ കാണട്ടെ…കാഴ്ചയുടെ നീതി പുലരട്ടെ…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here