Advertisement

ചിത്രയുടെ സ്വർണ മെഡൽ സർക്കാർ കണ്ടില്ല; സ്വീകരിക്കാൻ വീട്ടുകാർ മാത്രം

September 23, 2017
Google News 0 minutes Read
P U CHITHRA

പി യു ചിത്രയ്ക്ക് നേരെ വീണ്ടും അനീതി. ഏഷ്യൻ ഇൻഡോർ ഗെയിമിൽ സ്വർണ മെഡൽ നേട്ടവുമായി കേരളത്തിലെത്തിയ ചിത്രയെ സ്വീകരിക്കാൻ ആകെ ഉണ്ടായിരുന്നത് വീട്ടുകാർ മാത്രം.

പി യു ചിത്രയ്‌ക്കൊപ്പമെന്ന് സോഷ്യൽ മീഡിയയിൽ ക്യാംപയിൻ നടത്തിയവരോ എന്തിന് സ്‌പോർട്‌സ് കൗൺസിലോ ജില്ലാ ഭരണകൂടം പോലുമോ ചിത്രയുടെ വരവറിഞ്ഞില്ല. തുർക്ക്‌മെനിസ്ഥാനിൽ ഇന്ത്യയുടെ യശസ്സുയർത്തിയ താരത്തിന് സ്വന്തം നാട്ടിൽ ലഭിച്ചത് ഒരു താരത്തിനും ഉണ്ടാകാൻ പാടില്ലാത്ത അനുഭവം.

ലണ്ടനിൽ നടന്ന ലോക ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നതിൽനിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ചിത്ര നേടുന്ന ആദ്യ സ്വർണം കൂടിയാണിത്. അന്ന് ചിത്രയുടെ പെർഫോമൻസ് മോശമാണെന്ന് പറഞ്ഞ് പിന്തിരിഞ്ഞ സെലക്ഷൻ ടീമിൽ മലയാളി താരങ്ങളും ഉണ്ടായിരുന്നു.

അവരെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ് ചിത്ര ഏഷ്യൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ സ്വർണ കൊയ്ത്ത് നടത്തിയത്. പി യു ചിത്രയ്ക്ക് അന്ന് പിന്തുണയർപ്പിച്ച സർക്കാരോ സ്‌പോർട്‌സ് കൗൺസിലോ ചിത്രയുടെ വിജയത്തെ ഏറ്റെടുത്തില്ലെന്നതാണ് യാഥാർത്ഥ്യം.

സ്വർണ നേട്ടം ആഗ്രഹിച്ചിരുന്നുവെന്നും എല്ലാവരുടെയും പ്രാർത്ഥനയുണ്ടായിരുന്നുവെന്നും ചിത്ര പറഞ്ഞു. അതുകൊണ്ടുതന്നെയാണ് നന്നായി ചെയ്യാൻ കഴിഞ്ഞതെന്നും ചിത്ര. മകളുടെ നേട്ടത്തിൽ ഏറെ സന്തോഷത്തിലാണ് അച്ഛനും അമ്മയും. ലോക ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനാകാത്തതിൽ വിഷമമുണ്ടായിരുന്നുവെന്നും എന്നാൽ ഇതോടെ ആ ദുഃഖം മാറിയെന്നും അവർ പറഞ്ഞു.

1500 മീറ്ററിൽ സ്വർണം നേടി കോയമ്പത്തൂർ വിമാനത്താവളത്തിലെത്തി റോഡ് മാർഗം പാലക്കാട് മുണ്ടൂരിലെ വീട്ടിലെത്തിയ ചിത്രയെ അധികൃതർ ഗൗനിച്ചില്ലെങ്കിലും ഗംഭീര സ്വീകരണം നൽകാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ. 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here