Advertisement

അമിത് ഷായ്ക്കും മകനുമെതിരെ ഉയരുന്ന ആരോപണങ്ങളുടെ സത്യമെന്ത്

October 11, 2017
Google News 1 minute Read
jay sha amit sha

രാജ്യം വെട്ടിപ്പിടിയ്ക്കാനുള്ള പടയോട്ടത്തിനിടയ്ക്ക് മോഡിയുടെ സാരഥി അമിത് ഷായ്ക്ക് കാലിടറുന്നു. അമിത് ഷാ ഉദ്ഘാടനം ചെയ്ത് കുമ്മനം കാസർഗോഡ് നിന്ന് ആരംഭിച്ച കേരള ജനരക്ഷാ യാത്ര പൊട്ടിത്തകർന്ന് പോയതിന് പിന്നാലെ മകന്റെ കമ്പനിയ്‌ക്കെതിരെ ഉയരുന്നത് കടുത്ത ആരോപണങ്ങൾ.

ജയ് അമിത് ഷായുടെ കമ്പനി നേടിയത് കോടികളുടെ ലാഭം

നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി അധികാരത്തിലെത്തുകയും അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേൽക്കുകയും ചെയ്തതിന് പിന്നാലെ അമിത് ഷായുടെ മകൻ ജയ് ഷായുടെ കമ്പനിയുടെ വരുമാനം 16000 മടങ്ങ് വർദ്ധിച്ചുവെന്ന് റിപ്പോർട്ട് പുറത്തുവന്നു. റജിസ്ട്രാർ ഓഫീസിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തമായ തെളിവുകളോടെ ദ വയർ എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലെ മാധ്യമ പ്രവർത്തക രോഹിണി സിംഗ് ആണ് വാർത്ത പുറത്തുകൊണ്ടുവന്നത്.

amit sha jay shaഷാസ് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് അതാണ് ജെയ് ഷായുടെ കമ്പനി.
2013-14 സാമ്പത്തിക വർഷത്തിൽ റജിസ്ട്രാർ ഓഫീസിൽ കമ്പനി നൽകിയ വാർഷിക റിപ്പോർട്ടും ബാലൻസ് ഷീറ്റും വ്യക്തമാക്കുന്നത് ജയ് ഷായുടെ കമ്പനി 62301724 രൂപയുടെ നഷ്ടത്തിലാണെന്നാണ്. എന്നാൽ മോഡി അധികാരത്തിലെത്തുന്ന 2014 വരെ വൻ നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന ഈ കമ്പനി മൂന്ന് വർഷം കൊണ്ട് നേടിയത് ആരെയും അധിശയിപ്പിക്കുന്ന വളർച്ച.

2014-15 വർഷത്തിലെ വാർഷിക റിപ്പോർട്ട് പ്രകാരം 18728 രൂപയുടെ ലാഭം ഉണ്ടായി. ആറ് കോടിയിലേറെ രൂപയിലേറെ നഷ്ടമുണ്ടായിരുന്ന കമ്പനിയാണ് ഒരു വർഷംകൊണ്ട് 18 രൂപയിലേറെ ലാഭം ഉണ്ടാക്കിയത്. 2015-16 സാമ്പത്തിക വർഷത്തിൽ ലാഭം 80.5 കോടി രൂപയായി. 18000 രൂപയിൽനിന്ന് 80 കോടിയിലേറെ രൂപയുടെ ലാഭമാണ് ഒരു വർഷംകൊണ്ട് കമ്പനിയുണ്ടാക്കിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

രണ്ടാം യുപിഎ ഭരണ കാലയളവിൽ സോണിയാഗാന്ധിയുടെ മരുമകൻ റോബർട്ട് വദ്ര ഉൾപ്പെട്ട ഡിഎൽഎഫ് ഭൂമി ഇടപാട് കേസ് അന്ന് ബിജെപി ഭരണ പക്ഷത്തിനെതിരായ ശക്തമായ ആയുധമായി ഉപയോഗിച്ചിരുന്നു. അന്ന് അതേ കേസ് പുറത്തുകൊണ്ടുവന്ന രോഹിണി സിംഗ് തന്നെയാണ് ജയ് ഷായ്‌ക്കെതിരെയും വാർത്തകൾ പുറത്തുകൊണ്ടുവന്നത്.

അമിത് ഷായെ കൈവിടില്ലെന്ന് ആവർത്തിച്ച് ബിജെപി

bjp jay shaഅഴിമതി ആരോപണങ്ങൾക്കെതിരെ പ്രചാരണം നടത്തിയും അഴിമതിക്കാരെ തുരത്തുമെന്ന് പ്രഖ്യാപിച്ചും അധികാരത്തിലെത്തിയ മോഡി സർക്കാർ അഴിമതിക്കാരെ പിടികൂടിയില്ലെന്ന ആരോപണം ഉയരുന്നതിനിടെയാണ് ബിജെപി ദേശീയ അധ്യക്ഷന് നേരെ തന്നെ വ്യക്തമായ തെളിവുകളോടെ ആരോപണം ഉയരുന്നത്. സ്വന്തം ഭാര്യയെ പോലും അഗ്നി ശുദ്ധി വരുത്തിയ ശ്രീരാമന്റെ പേരിൽ അഭിമാനം കൊളളുന്ന പാർട്ടി എന്നാൽ അമിത് ഷായ്‌ക്കെതിരെ അന്വേഷണം നടത്തുമെന്ന് പറയാനുള്ള ആർജ്ജവം പോലും കാണിച്ചില്ല. പകരം പിന്തുണയ്ക്കുകയും മകന് വേണ്ടി കേസ് നൽകാൻ പ്രധാനമന്ത്രിയുടെ അഭിഭാഷകനെ ഏർപ്പാടാക്കുകയുമായിരുന്നു.

സർക്കാർ അഭിഭാഷകനായ തുഷാർ മെഹ്തതന്നെയാണ് താൻ ജയ് ഷായെ പിന്തുണച്ച് കോടതിയിൽ ഹാജരായേക്കുമെന്ന് വ്യക്തമാക്കിയത്. മോഡി സർക്കാരിന്റെ അഡീഷണൽ സോളിസിറ്റർ ജനറലാണ് മെഹ്ത.

പിന്നാലെ ജെയ് ഷായെ പിന്തുണച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയാലും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും രംഗത്തെത്തിയിരുന്നു.

ജയ് ഷാ യ്‌ക്കെതിരെ ഉയരുന്ന ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന് പരിഹാസമായിരുന്നു നിതീഷ് കുമാറിന്റെ മറുപടി. ഞാൻ ഇന്ന് രാവിലത്തെ പത്രം വായിച്ചിട്ടില്ല, അതുകൊ ണ്ട് മറുപടി പറയുന്നത് ശരിയല്ല എന്ന് പറയാനുള്ള നർമ്മ ബോധം ബിജെപിയ്‌ക്കൊപ്പം ബീഹാർ ഭരിയ്ക്കുന്ന മുഖ്യമന്ത്രി നിതീഷ് കുമാർ കാണിച്ചു.

 

ജയ് ഷായ്ക്കായി വായ്പയിലും തിരുമറി

ജെയ് ഷായുടെ ടെംപിൾ എന്റർപ്രൈസസ് എന്ന കമ്പനിയ്ക്ക് ലഭിച്ച വായ്പയിൽ 4000 ശതമാനം വർദ്ധനവ് ഉണ്ടായെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. മോഡി സർക്കാർ അധികാരത്തിലെത്തിയ 2014 ന് ശേഷമാണ് ഈ വർദ്ധനവുണ്ടായിരിക്കുന്നത്. 2013-14 കാലഘട്ടത്തിൽ 1.3 കോടി രൂപയായിരുന്നു ജെയ് ഷായുടെ കമ്പനിയ്ക്ക് നൽകിയ വായ്പ. 2015 ൽ ഇത് 53.4 കോടി രൂപയായി. 4000 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്.

രോഹിണി സിംഗിനെതിരെ ഭീഷണി

Rohini_Singhജെയ് ഷായുടെ കമ്പനിക്കെതിരെ വാർത്തകൊണ്ടുവന്ന രോഹിണിയ്ക്ക് നേരെ അപമാനശ്രമങ്ങളും ഭീഷണികളും വരുന്നതായി അവർ തന്നെയാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചത്. 2011ൽ വദ്രയ്‌ക്കെതിരെ വാർത്ത കൊടുത്ത കാലത്ത് ഇല്ലാത്ത പ്രതികരണങ്ങളും അപവാദ പ്രചരണങ്ങളുമാണ് തനിയ്‌ക്കെതിരെ ഉയരുന്നത്. അന്ന് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും രോഹിണി പറയുന്നു.

മാധ്യമപ്രവർത്തകരെ ഭയപ്പെടുത്തി വാർത്തകൾ പിടിച്ചുവയ്ക്കാനുള്ള ശ്രമം കേന്ദ്രം ഭരിയ്ക്കുന്ന പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതിന്റെ തെളിവുകളാണ രോഹിണിയ്‌ക്കെതിരെ സോഷ്യൽ മീഡിയയിലും മറ്റും നടക്കുന്ന പ്രചാരണങ്ങളും ഭീഷണികളും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here