Advertisement

സോളാറിൽ ഉരുകി ടീം കോൺഗ്രസ്; സംഭവങ്ങൾ ഇതുവരെ

October 12, 2017
Google News 0 minutes Read

ഉമ്മൻചാണ്ടി സർക്കാരിന്റെ തലയിൽ വീണ ഇടുത്തീയായിരുന്നു സോളാർ തട്ടിപ്പ് കേസ്. സൂര്യന്റെ ചൂടേറ്റ് ഉരുകിയൊലിച്ച കോൺഗ്രസ് സർക്കാരിനെയായിരുന്നു പിന്നീടുള്ള നാളുകളിൽ കേരളം കണ്ടത്.

ടീം സോളാർ എന്ന പേരിൽ യാതൊരുവിധ അംഗീകാരവുമില്ലാത്ത കമ്പനി സൗരോർജ്ജ പദ്ധതിയുടെ പേരിൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരമുണ്ടെന്ന് കാണിച്ച് തട്ടിയത് കോടികളായിരുന്നു. ബിജു രാധാകൃഷ്ണൻ, സോളാർ പ്രതിയായ സ്ത്രീ എന്നിവരെ കേന്ദ്രീകരിച്ച് ഉയർന്നുവന്ന ആരോപണം യുഡിഎഫ്‌ മന്ത്രിസഭയെയും മന്ത്രിസഭയ്ക്ക് പുറത്തെ മിക്ക നേതാക്കളെയും ബാധിച്ചു.

തട്ടിപ്പ് കേസിൽ പിടിയ്ക്കപ്പെട്ട് ജയിലിലെത്തിയതോടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെ ഗുരുതര ആരോപണവുമായി മുഖ്യപ്രതികളിലൊരാളായ സോളാർ വിവാദ നായിക രംഗത്തെത്തുകയായിരുന്നു.

കേസന്വേഷിക്കുന്ന സോളാർ കമ്മീഷന് മുമ്പിൽ സോളാർ പ്രതിയായ സ്ത്രീ നൽകിയ മൊഴി പ്രകാരം ഉമ്മൻചാണ്ടിയ്ക്ക് 1.9 കോടി രൂപ കോഴയായി നൽകിയിട്ടുണ്ട്.

എന്താണ് സോളാർ കേസ്‌

സംസ്ഥാനത്ത് സൗരോര്‍ജ്ജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്നു വാഗ്ദാനം ചെയ്ത് ബിജു രാധാകൃഷ്ണന്‍ സി.എം.ഡിയായ ‘ടീം സോളാര്‍’ കമ്പനി പലരില്‍ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസാണ് സോളാര്‍ അഴിമതിക്കേസ്. എഴുപതോളം പേരില്‍ നിന്നായി 50 ലക്ഷം രൂപ വരെയാണ് തട്ടിയെടുത്തിട്ടുള്ളത്. കേസില്‍ ബിജു രാധാകൃഷ്ണന്‍ ഒന്നാം പ്രതിയും സോളാർ വിവാദ നായിക രണ്ടാം പ്രതിയുമാണ്. തട്ടിപ്പ് നടത്താനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് ദുരുപയോഗം നടത്തിയെന്ന ആരോപണം പുറത്ത് വന്നതോടെയാണ് കേസ് രാഷ്ട്രീയ ശ്രദ്ധ നേടിയത്.

solar case (2)

സോളാർ കേസിന്റെ ആരംഭം

2013 ജൂൺ 3 ന് സോളാർ തട്ടിപ്പ് കേസിൽ പ്രതിയായ സ്ത്രീ പിടിയിലാകുന്നതോടെയാണ് വിവാദം ഇന്നും കെട്ടടങ്ങിയിട്ടില്ലാത്ത ആരോപണ പരമ്പരകളുടെ തുടക്കം. ജൂൺ 4ന് കേസ് അന്വേഷിക്കാൻ കോടതി ഉത്തരവിട്ടു. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിനും കേസിൽ ബന്ധമുണ്ടെന്ന ആരോപണം ഉയർന്നു വന്നു. ഇത് പ്രതിപക്ഷം നിയമസഭയിൽ ആയുധമാക്കി. മുഖ്യമന്ത്രിയ്‌ക്കെതിരായ ആരോപണങ്ങളിൽ നിയമസഭ കലുഷിതമായി. ഇതോടെ കേസ് അന്വേഷണം എഡിജിപിയ്ക്ക് കൈമാറി. എന്നാൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

മുഖ്യമന്ത്രിയുടെ പി എ ടെന്നി ജോപ്പൻ, ഗൺമാൻ സലീം രാജ് എന്നിവർക്ക് സോളാർ വിവാദ നായികയുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് ഇരുവരെയും 2013 ജൂൺ 14 ന് തൽ സ്ഥാനങ്ങളിൽനിന്ന് മാറ്റി.

ഉമ്മൻ ചാണ്ടിയുടെ ഓഫീസിൽ തെളിഞ്ഞ സോളാർ

കോൺഗ്രസ് നേതാക്കൾ നിയമ ചൂഷണം നടത്തിയ സ്ത്രീയും ബിജു രാധാകൃഷ്ണനും ഡയറക്ടപർമാരായ ടീം സോളാർ കമ്പനിയുടെ പ്രധാന വ്യാവസായി ഇടപാടുകൾ നടന്നതെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നുവെന്ന നകണ്ടെത്തലിനെ തുടർന്ന് 2013 ജൂൺ 14 ന് മുഖ്യമന്ത്രിയുടെ പി എ ടെന്നി ജോപ്പൻ, ഗൺമാൻ സലീം രാജ് എന്നിവരെ തൽസ്ഥാനത്തുനിന്ന് മാറ്റി.

പിന്നീട് ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവർക്കും പുറമെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജിക്കു ജേക്കബ്, ആർ കെ എന്നിവരും ടീം സോളാറിന്റെ അധികൃതരുമായി ഒരു വർഷത്തോളം ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് സോളാർ തട്ടിപ്പിന്റെ പ്രധാന കേന്ദ്രമായിരുന്നുവെന്ന് ഏതാണ്ട് ഉറപ്പായി.

ഉമ്മൻചാണ്ടിയ്ക്കും കേസിൽ പങ്കുണ്ടെന്നും മുഖ്യമന്ത്രി അറിയാതെ സ്റ്റാഫ് അംഗങ്ങൾക്ക് ഇത്തരത്തിലൊരു നീക്കം നടത്താനാകില്ലെന്നും പ്രതിപക്ഷം ആരോപിച്ചെങ്കിലും തനിയ്ക്ക് ഒന്നും അറിയില്ലെന്നും യുഡിഎഫ് ആണ് സോളാർ തട്ടിപ്പ് പുറത്തുകൊണ്ടുവന്നതെന്നുമായിരുന്നു അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ നിലപാട്.

joppan-stillപ്രതിപക്ഷ ബഹളവും അന്വേഷണത്തിന് പ്രത്യേക സംഘവും

2013 ജൂൺ 15 ഓടെ പ്രതിപക്ഷം യുഡിഎഫിനെതിരെ പ്രക്ഷോഭം ആരംഭിച്ചു. കേസ് അന്വേഷിക്കാൻ എഡിജിപി എ ഹേമചന്ദ്രന്റെ കീഴിൽ പ്രത്യേക സംഘം രൂപീകരിച്ചതും ജൂൺ 15നാണ്.

മൊബൈൽ ഉപയോഗിക്കാത്ത മുഖ്യമന്ത്രിയും പേഴ്‌സണൽ സ്റ്റാഫുകളുടെ ഫോൺ വിളിയും

ജോപ്പനടക്കമനുള്ളവർ കോൺഗ്രസ് നേതാക്കൾ നിയമ ചൂഷണം നടത്തിയ സ്ത്രീയും നടിയും നർത്തകിയുമായ ശാലുമേനോനും അടക്കമുള്ള ഈ കേസിലെ പ്രതികളുമായി നിരന്തരം ഫോൺ വഴി ബന്ധപ്പെട്ടിരുന്നുവെന്നതിന്റെ തെളിവായി ടെലിഫോൺ രേഖകൾ പുറത്തുവന്നു. ഇതിനെ ഖണ്ഡിക്കാൻ മുഖ്യമന്ത്രി മൊബൈൽ ഫോൺ ഉപയോഗിക്കാറില്ലെന്ന വാദം യുഡിഎഫ് ഉയർത്തി. എന്നാൽ ആ കാലയളവിൽ മുഖ്യമന്ത്രി ആരോപണ വിധേയരായ പേർസണൽ സ്റ്റാഫുകളുടെ ഫോൺ ആണ് സ്ഥിരമായി ഉപയോഗിച്ചിരുന്നത്.

മന്ത്രിമാരും എംഎൽഎമാരും മറ്റുജനപ്രതിനിധികളും സഹപ്രവർത്തകരും ഉൾപ്പെടെയുള്ളയുള്ളവരെല്ലാം ഇവരുടെ ഫോൺ വഴിയാണ് മുഖ്യമന്ത്രിയെ ബന്ധപ്പെട്ടിരുന്നത്. ആയതിനാൽ പ്രതികൾ ഈ ഫോൺ വിളികൾ വഴി മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടും സംസാരിച്ചിരുന്നു എന്ന ആരോപണം ശക്തമായി. ഉമ്മൻചാണ്ടി ഇത് നിഷേധിച്ചെങ്കിലും ജോപ്പനും ജിക്കുവും സലിം രാജും ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിയുടെ കൂടെ ഉള്ള സമയത്താണ് ഫോൺ വിളികൾ മിക്കവയും നടത്തിയിരുന്നത് എന്നത് ഉമ്മൻചാണ്ടിയ്‌ക്കെതിരായ ആരോപണങ്ങൾ ബലപ്പെടുത്തി.

solar case (3)
വ്യവസായി ശ്രീധരൻ നായരുടെ വെളിപ്പെടുത്തൽ

ഈ കേസിൽ തട്ടിപ്പിനിരയായി ലക്ഷങ്ങൾ നഷ്ടപ്പെട്ടെന്ന പ്രമുഖ വ്യവസായി ശ്രീധരൻനായരുടെ വെളിപ്പെടുത്തൽ ഉമ്മൻചാണ്ടിയ്ക്ക് കുരുക്ക് മുറുക്കി. താൻ സോളാർ വിവാദ നായികയോടൊപ്പം മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫീസിൽ വച്ച് നേരിട്ട് കണ്ടുവെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതിനാലാണ് ടീം സോളാറിൽ പണം നിക്ഷേപിച്ചതെന്നും ശ്രീധരൻ നായർ കോടതിയിലും മാധ്യമങ്ങൾക്ക് മുന്നിലും വെളിപ്പെടുത്തി.

അപ്പോഴും ശ്രീധരൻ നായരെ കണ്ടിട്ടില്ലെന്ന നിലപാടിലുറച്ച് നിന്ന ഉമ്മൻചാണ്ടി പിന്നീട് ശ്രീധരൻനായർ ഓഫീസിൽ വന്നിരുന്നെന്നും ക്വാറി ഉടമകളുടെ പ്രശ്‌നം ചർച്ച ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും തിരുത്തി.

ഉമ്മൻചാണ്ടി നിലപാടിൽ മലക്കം മറിഞ്ഞതോടെ കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ആവശ്യമുയർന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ച് വയ്ക്കാറില്ലെന്നായിരുന്നു ഉമ്മൻചാണ്ടി അടക്കമുള്ളവരുടെ മറുപടി. കേരളത്തിലെ ഏറ്റവും സുപ്രധാന ഭരണ കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ച് വയ്ക്കാറില്ലെന്ന വാക്കുകൾ കേസിൽ ഉമ്മൻചാണ്ടിയെ സംശയത്തിന്റെ നിഴലിൽ നിർത്താൻ മാത്രമാണ് ഉപകരിച്ചത്.

അതേ സമയം കേസിൽ ഇതടക്കമുള്ള ആരോപണങ്ങളിൽ അന്വേഷണം നടത്താൻ പോലീസ് തയ്യാറായില്ല. ഉമ്മൻചാണ്ടിയ്‌ക്കെതി ആരോപണങ്ങൾ ശക്തമായതോടെ മുഖ്യമന്ത്രി സ്ഥാനം രാജി വച്ച് ആരോപണത്തെ നേരിടണമെന്ന ആവശ്യം ശക്തമായി. എന്നാൽ മനസ്സാക്ഷിയ്ക്ക് ശരിയെന്ന് തോനുന്ന നിലപാട് സ്വീകരിക്കുമെന്ന വിചിത്രവാദമാണ് ഉമ്മൻചാണ്ടിയും യുഡിഎഫ് ഘടകകക്ഷികളും സ്വീകരിച്ചത് (ആദ്യം ഉമ്മൻചാണ്ടി രാജി സന്നദ്ധത അറിയിച്ചെങ്കിലും വേണ്ട നിലപാടിലായിരുന്നു യുഡിഎഫ് സ്വീകരിച്ചത് ).

Kerala December 19ഉമ്മൻചാണ്ടിയ്‌ക്കെതിരെ എൽഡിഎഫ് പ്രക്ഷോഭം

മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കുന്നതുവരെ ഉമ്മൻചാണ്ടിയെ എല്ലാ പൊതുപരിപാടികളിൽനിന്നും ബഹിഷ്‌കരിക്കാൻ പ്രതിപക്ഷം തീരുമാനിച്ചു. ജൂൺ 20 ന് അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ഉമ്മൻചാണ്ടിയ്ക്ക് തുറന്ന കത്ത് എഴുതി. കേസ് സിബിഐയ്ക്ക് വിടാൻ നീക്കം നടക്കുന്നതിനെതിരെയു ം എൽഡിഎഫ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ഇതിനിടെ നിയമസഭയിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. തുടർന്ന് നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. സോളാർ കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് 2013 ജൂലായ് 9 ന് എൽഡിഎഫ് സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ചിനെതിരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. ഗ്രനേഡ് ആക്രമണത്തിൽ വിഎസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ജൂലായ് 10 ന് ഇടതുമുന്നണി ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താൽ.

ഓഗസ്റ്റ് 12ന് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് എൽഡിഎഫ് സെക്രട്ടേറിയേറ്റ് ഉപരോധം ആരംഭിച്ചു. തുടർന്ന് 13ന് മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ഇതോടെ ഇടതുമുന്നണി ഉപരോധം അവസാനിപ്പിച്ചു. അതേസമയം സിറ്റിംങ് ജഡ്ജിയെകൊണ്ട് ജുഡീഷ്യൽ അന്വേഷണം നടത്താമെന്ന് മന്ത്രിസഭ തീരുമാനിച്ചു. ഒപ്പം ജൂഡീഷ്യൽ അന്വേഷണത്തിൽ തന്നെയും തന്റെ ഓഫീസിനെയും ഉൾപ്പെടുത്താൻ മുഖ്യമന്ത്രി സന്നദ്ധത പ്രഖ്യാപിച്ചു. എന്നാൽ ജുഡീഷ്യൽ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ വിട്ടുകൊടുക്കേണ്ടെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്.

0408Insight1സോളാർ പ്രതിയായ സ്ത്രീയ്ക്ക് പിന്നാലെ ബിജുവും ശാലുവും ജയിലിലേക്ക്‌

കേരളത്തിൽ മാത്രമല്ല സോളാർ പ്രതിയായ സ്ത്രീ തമിഴ്‌നാട്ടിലും കോടികളുടെ തട്ടിപ്പ് നടത്തിയതായി പോലീസ് കണ്ടെത്തി. അതിനിടയിൽ ബിജി രാധാകൃഷണന്റെ ഭാര്യ രശ്മിയുടെ മരണം കൊലപാതകമാണെന്ന് 2013 ജൂൺ 16ന് ക്രൈബ്രാഞ്ച് സ്ഥിരീകരിച്ചു. തുടർന്ന് ബിജുവിന്റെയും കോൺഗ്രസ് നേതാക്കൾ ലൈംഗിക ചൂഷണം നടത്തിയ വനിതയുടെയും ഓഫീസുകളിൽ പോലീസ് റെയ്ഡ് നടത്തി. ജൂൺ 17 ന് കോയമ്പത്തൂരിൽ വച്ച് ബിജു രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു.

ജൂൺ 26ന് ആരോപണ വിധേയനായ മുഖ്യമന്ത്രിയുചെ പേഴ്‌സണൽ സ്റ്റാഫ് അംഗം ജിക്കുമോൻ ജേക്കബ് രാജി വയ്ക്കുകയും ജൂൺ 28ന് മുൻ പി എ ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. റിമാൻഡ് റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ സോളാർ തട്ടിപ്പിന് ഉപയോഗിച്ചുവെന്ന് വ്യക്തമാക്കിയിരുന്നു. 2013 ജൂലായ് 2 ന് ബിജു രാധാകൃഷ്ണനെയും കോൺഗ്രസ് നേതാക്കൾ നിയമ ചൂഷണം നടത്തിയ സ്ത്രീയെയും പോലീസ് കസ്റ്റഡിയിൽ വീട്ടു. ജൂലായ് 5 ന് നടി ശാലു മേനോനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനിടയിൽ ഒക്ടോബർ 27 ന് കണ്ണൂരിൽ ഇടതുമുന്നണി ആഹ്വാനം ചെയ്ത പ്രതിഷേധത്തിനിടെ ഉമ്മൻചാണ്ടിയ്ക്ക് നേരെ കല്ലേറ് നടന്നു. സംഭവത്തിൽ മുഖ്യമന്ത്രിയ്ക്ക് പരിക്കേറ്റു. സെപ്തംബർ 10ന് മുഖ്യമന്ത്രിയുടെ ഗൺമാൻ സലിം രാജിനെ അറസ്റ്റ് ചെയ്തു. 2013 ജൂലായ് 30 ന് സ്ത്രീയ്ക്കും ബിജുവിനുമെതിരെ ആദ്യ കുറ്റപത്രം സമർപ്പിച്ചു.

solar case (1)
കോൺഗ്രസ് നേതാക്കൾ ലൈംഗിക ചൂഷണം നടത്തിയ വനിതയുടെ വെളിപ്പെടുത്തൽ

ടെനി ജോപ്പന് രണ്ട് ലക്ഷം രൂപ നൽകിയെന്ന് സോളാർ പ്രതിയായ സ്ത്രീ മൊഴി നൽകി. ഇതിനിടെ ശ്രീധരൻ നായരും സോളാർ പ്രതിയായ സ്ത്രീയും കഞ്ചിക്കോട്ട് സ്ഥലം സന്ദർശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

ഉന്നതർ തന്നെ ഉപയോഗിച്ചുവെന്ന് നിരന്തര ആരോപണം ഉന്നയിച്ച സോളാർ വിവാദ നായിക എന്നാൽ 2013 ജൂലായ് 29 ന് നൽകിയ പരാതിയിൽ ഉന്നതരുടെ പേര് ഉണ്ടായിരുന്നില്ല.

ഇതിനിടെ 2013 ഓഗസ്റ്റ് 23 ന് ടെന്നി ജോപ്പനും ശാലു മേനോനും ജാമ്യം ലഭിച്ചു.

മന്ത്രിമാരും പ്രമുഖ നേതാക്കളും കോൺഗ്രസ് നേതാക്കൾ ലൈംഗിക ചൂഷണം നടത്തിയ വനിതയുമായി ബന്ധപ്പെട്ടതിന്റെ ദൃശ്യങ്ങൾ കയ്യിലുണ്ടെന്ന് അഭിഭാഷകർ അറിയിച്ചത് ഏറെ വിവാദമായിരുന്നു. മാധ്യമങ്ങൾക്ക് ബിജു രാധാകൃഷ്ണൻ തുറന്ന കത്തെഴുതിയതും വിവാദമായി.

പണം നഷ്ടപ്പെട്ടെന്ന പരാതിയിൽ സോളാർ പ്രതിയായ സ്ത്രീ പരാതിക്കാരുടെ തർക്കം തീർത്തു. ഇതിന് പണം എവിടെ നിന്ന് ലഭിച്ചെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി സർക്കാരിനെ അറിയിച്ചു.

അതിനിടെ അട്ടക്കുളങ്ങര ജയിലിൽ കഴിഞ്ഞിരുന്ന സോളാർ വിവാദ നായികയുടെ വസ്ത്ര ധാരണം പോലും ചർച്ചയായി. സോളാർ വിവാദ നായിക കോടതിയിൽ ഹാജരാകുന്നത് വിലകൂടിയ പുതിയ സാരി ഉടുത്താണെന്നുള്ള റിപ്പോർട്ടുകൾ മാധ്യമങ്ങൾ പുറത്തുവിട്ടു. തുടർന്ന് സോളാർ പ്രതിയായ സ്ത്രീയ്ക്ക് ജയിലിൽ ബ്യൂട്ടീഷനുണ്ടോ എന്നും ഇത്തരം വസ്ത്രങ്ങൾ ജയിലിൽ എവിടെ നിന്ന് ലഭിക്കുന്നുവെന്നും കോടതി ചോദിച്ചു.

biju-radhakrishnan-arrested-source-deccanchronicle-comഭാര്യ രശ്മിയെ വധിച്ച കേസിൽ ബിജു രാധാകൃഷ്ണനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2014 ഫെബ്രുവരി 21 ന് കോൺഗ്രസ് നേതാക്കൾ ലൈംഗിക ചൂഷണം നടത്തിയ വനിത മോചിതയായി. തുടർച്ചയായി ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടിരുന്നു.

രശ്മി വധക്കേസ് മുടീവയ്ക്കാൻ മുൻ എംഎൽഎ ഐഷ പോറ്റി ബിജു രാധാകൃഷ്ണനെ സഹായിച്ചുവെന്നതായിരുന്നു ആദ്യ വെളിപ്പെടുത്തൽ. പിന്നീട് എ പി അബ്ദുള്ള കുട്ടി എംഎൽഎയ്‌ക്കെതിരെയും ആരോപണങ്ങൾ ഉന്നയിച്ചു. അബ്ദുള്ള കുട്ടി നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും ഹോട്ടലിലേക്ക് ക്ഷണിച്ചതായും കോൺഗ്രസ് നേതാക്കൾ നിയമ ചൂഷണം നടത്തിയ സ്ത്രീ വെളിപ്പെടുത്തിയത് 2014 മാർച്ച് 3നാണ്.

ഇതിനിടെ ഗണേഷ് കുമാറുമായി സോളാർ വിവാദ നായികയ്ക്ക് ബന്ധമുണ്ടെന്ന് ആരോപണമുയർന്നു. സോളാർ കേസ് വിവരങ്ങൾ വ്യക്തമായി ഗണേഷിന്റെ പിതാവും കേരള കോൺഗ്രസ് ബി നേതാവുമായ ആർ ബാലകൃഷ്ണ പിള്ളയ്ക്ക് അറിയാമെന്ന് സോളാർ പ്രതിയായ സ്ത്രീ അറിയിച്ചു.

സോളാർ വിവാദ നായിക പത്തനംതിട്ട ജയിലിൽ വച്ച് എഴുതിയതെന്ന് പറയുന്ന കത്ത് 2015 ഏപ്രിൽ 7 ന് പുറത്തുവന്നു.

സോളാർ കമ്പനി നടത്താൻ നിലവിലെ എം പി കെ സി വേണുഗോപാൽ , അന്നത്തെ മന്ത്രി ആര്യാടൻ മുഹമ്മദ്, കെ ബി ഗണേഷ് കുമാർ, എന്നിവർ പണം ആവശ്യപ്പെട്ടതായി ബിജു രാധാകൃഷ്ണൻ മൊഴി നൽകി.

സോളാർ കേസിൽ ജുഡീഷ്യൽ അന്വേഷണം

മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉൾപ്പെടുത്തിക്കൊണ്ട് ജുഡീഷ്യൽ അന്വേഷണ നടത്താൻ മന്ത്രിസഭ തീരുമാനിച്ചു. എന്നാൽ കേസ് അന്വേഷിക്കാൻ സിറ്റിംഗ് ജഡ്ജിയെ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി സമർപ്പിച്ച അഭ്യർത്ഥന ഹൈക്കോടതി ജഡ്ജിമാരുടെ യോഗം തള്ളി. പകരം റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി ശിവരാജനെ 2013 ഒക്ടോബർ 23ന് ജുഡീഷ്യൽ അന്വേഷണ കമ്മീഷനായി നിയമിച്ചു.

കമ്മിഷൻ ഒഫ് എൻക്വയറി ആക്ട് അനുസരിച്ചാണ് ജുഡീഷ്യൽ കമ്മീഷൻ വിസ്താരങ്ങളും വാദങ്ങളും തെളിവ് ശേഖരണവുമെല്ലാം നടത്തിയത്. 2015 ജനുവരി 12ന് ആരംഭിച്ച സാക്ഷി വിസ്താരം 2017 ഫെബ്രുവരി 15നാണ് അവസാനിച്ചത്. ഇതിനിടെ 216 സാക്ഷികളെ വിസ്തരിക്കുകയും 893 രേഖകൾ അടയാളപ്പെടുത്തുകയും ചെയ്തു. ഏപ്രിൽ ആദ്യം വരെ വിസ്താരത്തിന്മേലുള്ള വാദം നീണ്ടു.

solar-COMMISSION

കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എം.എൽ.എമാർ, എം.പിമാർ, സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, പരാതിക്കാർ തുടങ്ങി പ്രമുഖരായ നിരവധി പേരെയാണ് കമ്മിഷൻ വിസ്തരിച്ചത്. മുൻ കേന്ദ്രമന്ത്രി കെ.സി വേണുഗോപാൽ, ജോസ് കെ. മാണി എം.പി, മുൻ മന്ത്രിമാരായ ഷിബു ബേബി ജോൺ, ആര്യാടൻ മുഹമ്മദ്, എ.പി അനിൽകുമാർ, അടൂർ പ്രകാശ്, എം.എൽ.എമാരായ പി.സി വിഷ്ണുനാഥ്, ഹൈബി ഈഡൻ, മോൻസ് ജോസഫ്, ബെന്നി ബെഹ്നാൻ, യു.ഡി.എഫ് കൺവീനർ പി. പി തങ്കച്ചൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പൊലീസ് മേധാവിയായിരുന്ന കെ.എസ് ബാലസുബ്രഹ്മണ്യം, മുൻ എ.ഡി.ജി.പി എ. ഹേമചന്ദ്രൻ, കെ. പത്മകുമാർ എന്നിവരെയും കമ്മിഷൻ വിസ്തരിച്ചിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ, സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ തുടങ്ങിയവരും കമ്മിഷന് മുന്നിലെത്തി തെളിവ് നൽകിയിരുന്നു.

ഉമ്മൻചാണ്ടിയ്‌ക്കെതിരായ ലൈംഗികാരോപണം

അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിൽ വച്ച് തന്നെ പീഡിപ്പിച്ചുവെന്ന് സോളാർ പ്രതിയായ സ്ത്രീ വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട സിഡികൾ കയ്യിലുണ്ടെന്നും ബിജു രാധാകൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു. ഈ തെളിവുകൾ ഹാജരാക്കണമെന്ന് സോളാർ കമ്മീഷൻ ആവശ്യപ്പെട്ടു. എന്നാൽ അതിന് മുമ്പ് സി ഡി സർക്കാർ പിടിച്ചെടുക്കരുതെന്നും കമ്മീഷൻ വ്യക്തമാക്കി.

solar case

2015 ഡിസംബർ 10 നായിരുന്നു മാധ്യമങ്ങൾക്കും പോലീസും വരെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന സിഡി പിടിച്ചെടുക്കൽ യാത്ര. പ്രത്യേക പോലീസ് സംഘം കോയമ്പത്തൂരിലേക്ക് തിരിച്ചത് മാധ്യമങ്ങൾ ലൈവ് ആയാണ് വാർത്ത നൽകിക്കൊണ്ടിരുന്നത്. ഇരുകൂട്ടരും സംഭവം ആഘോഷിക്കുകയായിരുന്നുവെന്ന് കമ്മീഷൻ വിമർശിച്ചു. കമ്മീഷനെ മണ്ടനായി കാണരുതെന്നും ജസ്റ്റിസ് ശിവരാജൻ വ്യക്തമാക്കിയിരുന്നു.

ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട്

പത്തനംതിട്ട ജയിലിൽ വച്ചെഴുതിയ വിവാദ കത്ത് കമ്മീഷന് മുന്നിൽ ഹാജരാക്കാൻ കഴിയില്ലെന്ന് സോളാർ പ്രതിയായ സ്ത്രീ കമ്മീഷനെ അറിയിച്ചിരുന്നു. 2016 ജനുവരി 25നാണ് സോളാർ കമ്മീഷൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിസ്തരിച്ചത്. ജനുവരി 27 ന് മുഖ്യമന്ത്രിയ്ക്ക് കോഴ നൽകിയതായി സോളാർ കമ്മീഷനിൽ സോളാർ വിവാദ നായിക മൊഴി നൽകി. ആര്യാടൻ മുഹമ്മദിന് 40 ലക്ഷം രൂപ നൽകിയെന്നും സോളാർ പ്രതിയായ സ്ത്രീ വെളിപ്പെടുത്തി.

പിന്നീട് തുടർച്ചായായി ന്ന വിസാതരങ്ങൾക്കൊടുവിൽ ഉമ്മൻചാണ്ടിയെ 14 മണിക്കൂർ കമ്മീഷൻ വിസ്തരിച്ചു.

ആറ് മാസ കാലാവധിയ്ക്ക് നിയമിച്ചതായിരുന്നു കമ്മീഷനെ.
നിരവധി തവണ സമയപരിധി നീട്ടി നൽകിയതിന് ശേഷം ഈ മാസം 27 ന് കാലാവധി അവസാനിക്കാനിരിക്കെയാണ് ശിവരാജൻ കമ്മീഷൻ ഇന്ന് റിപ്പോർട്ട് സമർപ്പിക്കുന്നത്.

2017 സെപ്തംബർ 26 ന് സമർപ്പിച്ച സോളാർ കമ്മീഷൻ റിപ്പോർട്ടിൽ ഒക്ടോബർ 11 ന് മന്ത്രിസഭ അംഗീകരിച്ചു. ഒപ്പം ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കൾക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. ഉമ്മൻചാണ്ടിയ്ക്ക് പുറമെ ബെന്നി ബെഹ്നാൻ, ആര്യാടൻ മുഹമ്മദ് തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്കെതിരെയും ക്രിമിനൽ കേസെടുക്കാനും തീരുമാനമായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here