Advertisement

വിജയനും ദാസനും, ചിരിയുടെ മൂന്ന് പതിറ്റാണ്ട്

November 6, 2017
Google News 1 minute Read
nadodikkattu

നമുക്കെന്താ വിജയാ ഈ ബുദ്ധി ആദ്യം തോന്നാഞ്ഞത്, കണ്ണ പഴുത്ത് ചീഞ്ഞ് ഇരിക്കുകയാണ് സാര്‍, അവസാനം പവനായി ശവമായി, ഗഫൂര്‍ക്കാ ദോസ്ത്
ഈ ഡയലോഗില്‍ ഏതെങ്കിലും ഒന്നെങ്കിലും പറയാതെ മലയാളികളുടെ ഒരു ദിവസം കഴിഞ്ഞ് പോകുന്നുണ്ടോ? ഇന്നെന്നല്ല കഴിഞ്ഞ മുപ്പത് കൊല്ലമായി മലയാളികളുടെ ഒരു ദിവസത്തില്‍ എവിടെയങ്കിലും വച്ച് ഈ ‘നാടോടിക്കാറ്റ്’ ‘അടി’യ്ക്കാതെ പോകില്ല. കാരണം ഒരു ശരാശരി മലയാളികളുടെ സര്‍വ്വ ഭാവങ്ങളും, അവസ്ഥകളും വരച്ച് കാട്ടിയാണ് ബികോം ഫസ്റ്റ് ക്ലാസ് വിജയനും, ദാസനും മലയാള സിനിമയില്‍ അവതരിച്ചത്.

അന്നത്തെ മലയാളികള്‍ മാത്രമല്ല ഇന്നത്തെ ന്യൂജന്‍ പിള്ളേര്‍ വരെ ‘ഗഫൂര്‍ക്കാ ദോസ്ത്’ എന്നു പറഞ്ഞാണ് പരിചയപ്പെടുന്നത് എന്നത് തന്നെ അതിന്റെ നേര്‍സാക്ഷ്യം. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നത്തെ തലമുറയെ വരെ രസിപ്പിക്കുന്ന നര്‍മ്മത്തിന്റെ ഏതോ രസക്കൂട്ട് ഈ ചിത്രത്തില്‍ ഇന്നും ചേരുംപടി ചേര്‍ന്ന് കിടപ്പുണ്ട്. അത് കൊണ്ടാണല്ലോ ഇന്നും ഈ ചിത്രം ടെലിവിഷനില്‍ വരുമ്പോള്‍ ഒരു കുടുംബത്തിലെ എല്ലാ പ്രായക്കാരും ഒത്ത് അത് കാണാന്‍ നിരന്ന് ഇരിക്കുന്നത്.  വിജയനും ദാസനും വഴി ഈ നാടോടിക്കാറ്റ് മലയാളക്കരയില്‍ അടിച്ച് തുടങ്ങിയിട്ട്  മുപ്പത് വര്‍ഷമായി.1987ലാണ് ചിത്രം തീയറ്ററുകളില്‍ എത്തിയത്. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ഇന്നും പൊട്ടിച്ചിരിയുടെ ഒരംശം പോലും കുറയാതെ ഈ സിനിമ  കാണുന്ന മലയാളികളാണ് നമ്മളോരോരുത്തരും.

maxresdefaultകേരളത്തെ ബാധിച്ചുകൊണ്ടിരുന്ന തൊഴിലില്ലായ്മയേയും ദാരിദ്ര്യത്തെയും ചിരിയുടെ തിരക്കഥയില്‍ പൊതിഞ്ഞാണ് നാടോടിക്കാറ്റ് മലയാളികളെ തേടിയെത്തിയത്. സിദ്ദിഖ്-ലാൽ പറഞ്ഞ ഒരു രേഖാച്ചിത്രമാണു ഈ ചിത്രത്തിലെ ദാസന്റെയും വിജയന്റെയും കഥയ്ക്ക് ആധാരമായത്. സത്യൻ അന്തിക്കാട് ഇത് ശ്രീനിവസനോട് പറയുകയും, ശ്രീനിവാസൻ അതിന് തിരക്കഥ ഒരുക്കുകയുമായിരുന്നു. വിജയനും ദാസനും കൂട്ടുകെട്ട് പട്ടണപ്രവേശത്തിലും, അക്കരയക്കരെയക്കരെയിലൂടെയും മലയാളികളെ രസിപ്പിക്കാനെത്തി. അഭിനയിക്കുകയാണെന്ന് ഒരു നിമിഷം പോലും തോന്നിപ്പിക്കാതെ മോഹന്‍ലാല്‍- ശ്രീനി കൂട്ടുകെട്ട് കാണിച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ അടിസ്ഥാന വിജയ ഘടകം.

70

തിലകന്റെ അനന്തന്‍ നമ്പ്യാരും, ഇന്നസെന്റിന്റെ ബാലേട്ടനും, ക്യാപ്റ്റര്‍ രാജുവിന്റെ പവനായിയും, ശോഭനയും രാധയുമെല്ലാം മലയാളികള്‍ക്കെന്നും ഒളിമങ്ങാത്ത രസചരടിലെ അംഗങ്ങളാണ്. ചിരി മാത്രമല്ല ഈ ചിത്രത്തിലെ കരകാണാ കടലലമേലെ,  വൈശാഖ സന്ധ്യേ എന്നീ ഗാനങ്ങളും ഇന്നും മലയാളികളുടെ മനസിലെ ഹിറ്റ് ചാര്‍ട്ടിലെ ഒന്നാം നിരയില്‍ തന്നെയാണ്. ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് യൂസഫലി കേച്ചേരിയാണ്. ശ്യാമിന്റെയായിരുന്നു സംഗീതസംവിധാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here