Advertisement

മഞ്ജു വാര്യര്‍ ആ മകന്റെ കൈപിടിച്ച് ‘സുജാത’യെ കാണാന്‍ കട്ടപ്പനയിലേക്ക് പോകണം

November 20, 2017
Google News 1 minute Read

ഒരു കഥയുണ്ട് …, വായിച്ച കഥകളിലെ കഥാപാത്രങ്ങൾ വേട്ടയാടുന്ന ഒരു വായനക്കാരന്റെ അമ്പരപ്പിക്കുന്ന കഥ ! ഭാവനയാണത്; ഒരൽപം മാനസികവും. പക്ഷെ ധന്യ ചന്ദ്രൻ എന്ന അധ്യാപികയെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അമ്പരപ്പിക്കുന്നത് ഒരു യഥാർത്ഥ കഥാപാത്രമാണ്. ഒരു സിനിമയിൽ നിന്നും അടർന്നു മാറി സഞ്ചരിക്കുന്ന ഒരു യഥാർത്ഥ കഥാപാത്രം ധന്യയുടെ നെഞ്ച് തകർത്ത് കളഞ്ഞു. അതുകൊണ്ടാണ് ഒരു സാധാരണ ഫേസ്ബുക്ക് പോസ്റ്റ് പോലെ അതങ്ങ് മാഞ്ഞു പോകാത്തതും. ഒരു സിനിമയുടെ നിഴലും വെളിച്ചവും വെള്ളിത്തിരയിൽ കഥപറയുമ്പോൾ ആ തീയറ്ററില്‍ ധന്യ ചന്ദ്രൻ ഒരു ജീവിതത്തിന്റെ ചൂടും ചൂരും തൊട്ടറിയുകയായിരുന്നു. ഉദാഹരണം പോലും ആയിത്തീരാത്ത ഒരു നൂറ് സുജാതമാരുടെ വിയര്‍പ്പിലും കണ്ണീരിലും കുതിര്‍ന്ന ഒരു നാട്, അവരുടെ ആവലാതികള്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍.. അതെല്ലാം ധന്യാ ചന്ദ്രന്‍ എന്ന അധ്യാപികയുടെ പോസ്റ്റില്‍ വായിക്കാം..

ധന്യയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് ഒരു വലിയ ക്യാന്‍വാസിലേക്ക് പകര്‍ത്തിയാല്‍ അത്  ഇങ്ങനെയായിരിക്കും

മെര്‍സലും, രാമനുമൊക്കെ തകര്‍ത്തെറിഞ്ഞ പൂരപ്പറമ്പിലേക്കെന്ന പോലെയെണ് കട്ടപ്പനയില്‍ ഉദാഹരണം സുജാത എത്തിയത്. റിലീസ് ദിനം തന്നെ തീയറ്റര്‍ വരാന്തയില്‍ ആദ്യ ഷോ കാണാന്‍ ഉദാഹരണമൊന്നും ആയിട്ടില്ലെങ്കിലും കേരളത്തിലെ പല സുജാതകളില്‍ ഒന്ന്.  മഴയില്‍ നനഞ്ഞൊട്ടിയ സാരി കൊണ്ട്  പ്രാരാബ്ധം തളര്‍ത്തിയ മുഖം തുടച്ച് തീയറ്റര്‍ വരാന്തയില്‍ ഒതുങ്ങി നില്‍ക്കുന്നു. മഴത്തുള്ളികളാണോ കണ്ണീരാണോ കവിളിലൂടെ ഒലിച്ചിറങ്ങുന്നതെന്ന് തിരിച്ചറിയാനാകാത്ത വിധം നനഞ്ഞ് ഒട്ടിയ ഒരു രൂപം. റീലിസ് ദിനത്തിലെ പുരുഷാരത്തിനിടെ ഈ സ്ത്രീയുടെ നില്‍പ്പിലേക്ക് പല കണ്ണുകള്‍ സംശയത്തോടെ ആഴ്ന്നിറങ്ങിക്കാണണം. ഈ ആള്‍ക്കൂട്ടവും, ഈ പരിസരത്തിലെ അപരിചിതത്വവും ചേര്‍ന്ന് ആശങ്കതീര്‍ത്ത കണ്ണുകള്‍ അതൊന്നും ശ്രദ്ധിക്കാതെ ആരെയൊ പുറത്തേക്ക് നോക്കി നില്‍ക്കുകയായിരുന്നു. ആ വെളിച്ചം പകര്‍ന്നുകൊണ്ടാണ് അവിടേയക്ക് ധന്യയും രണ്ട് കുഞ്ഞുങ്ങളും കടന്നവന്നത്. തനിക്ക് പുറമെ മറ്റൊരു സ്ത്രീ കൂടി ഇങ്ങോട്ടെത്തിയ ആശ്വാസത്തോടെ അവര്‍ക്കരികിലേക്ക് ആ സ്ത്രീ ചേര്‍ന്ന് നിന്നു, ടിക്കറ്റെടുക്കാന്‍ കൗണ്ടറില്‍ അവര്‍ക്ക് പിന്നില്‍ നിലയുറപ്പിച്ചു. നില്‍പ്പിലും നടപ്പിലും ഒരു സിനിമാ തീയറ്ററില്‍ തീരെ യോജിക്കാതെ രൂപം പിന്നില്‍ നിന്നിട്ടാവും ധന്യയും കുഞ്ഞുങ്ങളും തിരിഞ്ഞ് നോക്കി. ഒറ്റയ്ക്കുള്ള വരവിന് മേല്‍ നൂറ് ചോദ്യങ്ങള്‍ ചോദിക്കാതെ ചോദിച്ചു,  ഇവരടക്കം അവിടെയുണ്ടായ പലരും. അപരിചിത്വം നിറഞ്ഞതാണെങ്കിലും ഒരു ചിരി ചിരിച്ച് നിങ്ങളുടെ കൂടെ ഇരിക്കാമല്ലോ എന്ന് പറഞ്ഞ് നിറുത്തി അവരോട് ഈ സ്ത്രീ ചേര്‍ന്നു നിന്നു. പുറത്തേക്ക് വന്ന അനിഷ്ടം പുറത്ത് കാണിക്കാതെയാണെങ്കിലും ധന്യ അവരെ അവരൊപ്പമിരുത്തി. സ്ക്രീനില്‍ വെളിച്ചം വച്ചപ്പോള്‍ കസേരയില്‍ ഒന്ന് മുന്നോട്ടാഞ്ഞിരുന്നു. സുജാതയും മകളും കാഴ്ചക്കാരുടെ കണ്ണിലൂടെ മനസിലേക്ക് കയറി ഇറങ്ങി. തീയറ്ററിന് പുറത്തെ അതേ ആകാംക്ഷയോടെ സ്ക്രീനിലേക്ക് ഉറ്റ് നോക്കി ഒരേയിരുപ്പാണ്. പെട്ടെന്നാണ് ആ അമ്മ ഉറക്കെ പറഞ്ഞത് എന്റെ മോനാ… എന്റെ മോനാ അത്…

തീയറ്ററിനകത്തെ നിശബ്ദ്തയെ ഭഞ്ജിച്ച് കൊണ്ടാണ് എല്ലാവരേയും ഞെട്ടിച്ച് ആ സ്ത്രീ ഉറക്കെ പറഞ്ഞത്. തൊട്ടടുത്തിരുന്ന ധന്യയും കുഞ്ഞുങ്ങളും നോക്കിയപ്പോഴേക്കും ആ രംഗം കഴിഞ്ഞിരുന്നു. ഇടവേള വന്നപ്പോഴേക്കും അനിഷ്ടം എല്ലാം മാറ്റി വച്ച് ധന്യ ഇവരോട് ചേര്‍ന്നിരുന്നു. പത്ത് മിനുട്ട് കൊണ്ട് സ്ക്രീനില്‍ കണ്ടതിനേക്കാന്‍ വലിയ കഥകളാണ് ആ അമ്മയ്ക്ക് ധന്യയോട് പറയാനുണ്ടായിരുന്നത്.

മകന് മൂന്നു മാസം പ്രായമുള്ളപ്പോൾ ഭർത്താവ് ഓട്ടോ അപകടത്തിൽ മരിച്ചു. ഒന്നാം ക്ലാസ് മുതൽ മകൻ തിരുവനന്തപുരത്ത് നിന്നു പഠിക്കുകയാണ്. കട്ടപ്പനയില്‍ ഇവർ ഹോംനേഴ്സായി ജോലി നോക്കുന്നു. മകൻ ഇപ്പോൾ ഒൻപതാം ക്ലാസിൽ ആയി. മകന്റെ സ്കൂളിലെ കുട്ടികളാണ് ‘സുജാത’ യിലെ കുട്ടികൾ. ഏതാനും സെക്കന്റുകൾ മാത്രം മിന്നി മായുന്ന മകനെ കാണാൻ തനിയെ വന്നതായിരുന്നു അവർ.

മകനെ പിരിഞ്ഞ് മൈലുകൾക്കകലെ എന്നോ ഇരുൾമൂടിപ്പോയ ജീവിതത്തിനു ഒരൽപം വർണം പകരാൻ എല്ലുമുറിയെ പണിയെടുക്കുന്ന അമ്മ… കൗമാരത്തിലേക്ക് കടന്ന് മകന്റെ നല്ല നിമിഷങ്ങളെല്ലാം ഫോണിലൂടെ അറിയാന്‍ മാത്രം ‘സൗകര്യം’ ഒരുക്കുന്ന ജീവിത സാഹചര്യങ്ങള്‍. ഒരു നോക്കെങ്കില്‍ ഒരു നോക്ക് മകനെ കാണാന്‍ ഓടിയെത്തിയതാണീ അമ്മ.

കഥയും കഥാപാത്രവും മാറ്റിവച്ച് മറ്റൊരു വേഷപ്പകർച്ചയിലേക്ക് തെന്നിമാറിയില്ലങ്കിൽ മഞ്ജുവാര്യരും , ജോജുവും, മാർട്ടിൻ പ്രക്കാട്ടും ഈ അമ്മയെ ഒന്ന് കാണാൻ കട്ടപ്പനയിലേക്ക് ഒരു യാത്ര നടത്തണം. ആ മകനെ കൂടി തിരുവനന്തപുരത്തു നിന്നും കൂടെ കൂട്ടണം. സിനിമയിലെ സുജാതയെ ഓരോ ഘട്ടത്തിലും കൈപിടിച്ച് നടത്തിയവരെ പോലെ മഞ്ജു ഈ ജീവിക്കുന്ന സുജാതയ്ക്ക് സാന്നിധ്യം കൊണ്ട് സ്നേഹം പകരണം. മകന്റെ മിന്നിമറയുന്ന ഒരു ഷോട്ടല്ല; അവനെ കൈപിടിച്ച് കൊണ്ട് വന്ന് അമ്മയുടെ മുന്നിൽ നിർത്തണം… കൺകുളിർക്കെ കാണട്ടെ !

ധന്യയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here