Advertisement

2017- ഇന്ത്യൻ സിനിമയുടെ മാറുന്ന ട്രെൻഡുകളുടേയും സെൻസർ ബോർഡിന്റെ വെട്ടിത്തിരുത്തലുകളുടേയും വർഷം

December 31, 2017
Google News 1 minute Read
changing trends in indian cinema 2017
പോയവർഷങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ സിനിമയിൽ നിരവധി മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച വർഷമായിരുന്നു 2017. നിരവധി സ്ത്രീ കേന്ദ്രീകൃത സിനിമകൾ, സ്ത്രീകളെ ടൈറ്റിൽ റോളിൽ അവതരിപ്പിക്കൽ, ബോളിവുഡ് മസാല ചിത്രങ്ങൾക്കപ്പുറം പച്ചയായ ജീവിത ചിത്രങ്ങൾ തുടങ്ങി ഒട്ടേറെ നല്ല മാറ്റങ്ങൾക്ക് തുടക്കം കുറിച്ച വർഷമായി മാറി 2017. എന്നിരുന്നാലും സെൻസർ ബോർഡിന്റെ അനാവശ്യ ഇടപെടലുകൾ ഇന്ത്യൻ സിനിമയുടെ നിറം അൽപ്പം കെടുത്തി. ഒരുപക്ഷേ ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഇതാദ്യമായിരിക്കാം സിനിമാ പ്രവർത്തകരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ സെൻസർ ബോർഡ് ഇത്രയധികം ഇടപെടലുകൾ നടത്തുന്നത്.
മാറുന്ന ട്രെൻഡുകൾ  :
  • സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളുടെ വർഷം
changing trends in indian cinema 2017
നായക കഥാപാത്രത്തെ പ്രണയിക്കുന്നതിനും, വീട്ടിൽ വരുന്ന ഭർത്താവിന് ചായ നൽകുന്നതിലും മാത്രം ഒതുങ്ങാതെ പെൺവിചാരങ്ങളെയും, വികാരങ്ങളെയും തുറന്നുകാണിക്കുകയും, സ്ത്രീയെ വ്യക്തിയായി കണ്ട് അവളുടെ വ്യക്തിജീവിതത്തെ ആസ്പദമാക്കി ചിത്രീകരിച്ച നിരവധി സിനിമകൾ ഈ വർഷം പിറവി കൊണ്ടു.
തുമ്ഹാരി സുലു, ഏറെ ചർച്ച ചെയ്യപ്പെട്ട ലിപ്‌സറ്റിക് അണ്ടർ മൈ ബുർഖ, സീക്രട്ട് സൂപ്പർ സ്റ്റാർ, എന്നിങ്ങനെ നിരവധി ചിത്രങ്ങൾ റിലീസിനെത്തി. ഇത്തരം ചിത്രങ്ങൾക്ക് പ്രേക്ഷ മനസ്സിൽ ഇടം പിടിക്കാനായി എന്നതും ഇന്ത്യൻ ജനതയുടെ മാറുന്ന മനസ്ഥിതിയുടെ ലക്ഷണമായി കാണാം.
ഉദാഹരണം സുജാത, കെയർ ഓഫ് സൈറ ബാനു, മിന്നാമിനുങ്ങ് , ടേക്ക് ഓഫ്, എന്നിവയാണ് മലയാളത്തിലെ സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങൾ. തമിഴിൽ നിന്ന് അറം, മഗിളർമട്ടും എന്നിവയായിരുന്നു ഈ ഗണത്തിൽപ്പെടുത്താവുന്ന ചിത്രങ്ങൾ.
  • സ്ത്രീകൾ ടൈറ്റിൽ റോളിൽ
changing trends in indian cinema 2017
ഇന്ത്യൻ ചിത്രങ്ങളുടെ കണക്കെടുത്താൽ സ്ത്രീകൾ ടൈറ്റിൽ റോളിലെത്തിയ ഏതാനും ചിത്രങ്ങൾ മാത്രമേ കാണാൻ സാധിക്കുകയുള്ളു. എന്നാൽ ഈ വർഷം
സ്ത്രീകളെ ടൈറ്റിൽ റോളിൽ അവതരിപ്പിച്ച് പുറത്തിറങ്ങിയത് പതിനഞ്ചോളം ചിത്രങ്ങളാണ്.
അദിതി ഇനാംദാറിന്റെ പൂർണ, വിദ്യാബാലൻ കേന്ദ്രകഥാപാത്രത്തിൽ എത്തിയ തുമ്ഹാരി സുലു, ബീഗം ജാൻ, തപ്‌സീ പന്നുവിന്റെ നാം ഷബാന, സൊനാക്ഷിയുടെ നൂർ, ശ്രദ്ധ കപൂറിന്റെ ഹസീന, കങ്കണ റണൗട്ടിന്റെ സിമ്രാൻ, ശ്രീദേവിയുടെ മോം, ദീപിക പദുക്കോണിന്റെ പത്മാവതി, എന്നിവയാണ് അവയിൽ ചിലത്.
  • സൂപ്പർ താരപദവിയല്ല വിജയത്തിന്റെ ഫോർമുല
Box-Office-Record-1-1
പൊതുവെ യുവനടന്മാരുടെ വർഷമായിരുന്നു 2017. വരുൺ ധവാൻ പ്രധാനവേഷത്തിൽ എത്തിയ ജുഡ്വാ 2 139 കോടി വാരിയപ്പോൾ ഷാറുഖ് കേന്ദ്രകഥാപാത്രത്തിൽ എത്തിയ റയീസിന് 137 കോടിയും, അക്ഷയ് കുമാറിന്റെ ടോയിലറ്റിന് 134 കോടിയും, ഹൃത്തിക് റോഷന്റ കാബിലിന് 116 കോടിയുമാണ് കളക്ഷനായി നേടാൻ കഴിഞ്ഞത്.
മലയാളത്തിൽ മമ്മൂട്ടിയുടെ മാസ്റ്റർപീസ്, പുള്ളിക്കാരൻ സ്റ്റാറ, പുത്തൻ പണം, മോഹൻലാലിന്റെ വില്ലൻ, വെളിപാടിന്റെ പുസ്തകം, എന്നീ ചിത്രങ്ങൾ ഫാൻസ് ഒഴികെയുള്ള മലയാളി പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചില്ല. മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറും, മോഹൻലാലിന്റെ മുന്തിരിവള്ളികൾ തളിർക്കുമ്പോഴും മാത്രമാണ് ഇരുവരുടേതുമായി പ്രേക്ഷകർ നെഞ്ചേറ്റിയ ചിത്രം.
changing trends in indian cinema 2017
അതേസമയം യുവതാരങ്ങളുടെ ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. പുതുമുഖങ്ങളെ മാത്രംവെച്ച് ചിത്രീകരിച്ച അങ്കമാലി ഡയറീസ്, യുവതാരങ്ങളുടെ പറവ, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഗോദ, മായാനദി എന്നിവ ജനഹൃദയങ്ങൾ കീഴടക്കി. വ്യത്യസ്ത പ്രമേയവും അവതരണശൈലയിലും കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടംപിടിക്കാൻ രാമന്റെ ഏദൻതോട്ടത്തിനും കഴിഞ്ഞു.
സൂര്യയുടെ സിംഗം 3 യും, വിജയുടെ മെർസലും ഇറങ്ങിയെങ്കിലും വിക്രം വേദ തന്നെയായിരുന്നു ബ്ലോക്ബസ്റ്റർ ഹിറ്റ്. ഇതിന് പുറമെ തീരൻ, അറം, വേലൈക്കാരൻ എന്നീ ചിത്രങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തെലുങ്ക് ചിത്രങ്ങളിൽ മുൻനിര താരങ്ങളെ തള്ളി വിജയ് കേന്ദ്രകഥാപാത്രത്തിലെത്തിയ അർജുൻ റെഡ്ഡി ഹിറ്റ് സൃഷ്ടിച്ചിരുന്നു.
സ്റ്റാർ വാല്യൂ എന്ന ഘടകത്തിനുമപ്പുറം തിരക്കഥയുടെ വിജയവും, മികച്ച അഭിനയവുമാണ് സിനിമയുടെ വിജയ ഫോർമുല എന്ന് ഈ വിജയങ്ങൾ
സാക്ഷ്യപ്പെടുത്തു.
  • നായകനൊപ്പം വില്ലനും
changing trends in indian cinema 2017
ദക്ഷിണേന്ത്യൻ സിനിമാ ലോകത്ത് തരംഗം സൃഷ്ടിച്ച വിക്രം വേദയാണ് ഈ ഗണത്തിൽപ്പെടുന്നത്.  നായക കഥാപാത്രത്തോട് അസൂയ മൂത്ത് പണിയും പാരയും മാത്രം നൽകുന്ന ക്ലീഷേ വില്ലന്മാരിൽ നിന്നും മാറി ‘വില്ലന്മാർക്കും ജീവിതമുണ്ട് ഹേ’ എന്ന് ഉറക്കെ പ്രഖ്യാപിച്ച ചിത്രമായിരുന്നു വിക്രം വേദ. വിക്രമായി മാധവനും വേദയായി വിജയ് സേതുപതിയും ഒന്നിനൊന്ന് മികച്ചതായി തിളങ്ങിയപ്പോൾ പ്രേക്ഷകർ ചിത്രത്തിന് നൽകിയത് നൂറിൽ നൂറ് മാർക്ക്.
  • ബോളിവുഡിലെ മലയാളി സാനിധ്യം
changing trends in indian cinema 2017
ബോളിവുഡിലെ മലയാളിയായി ജോൺ എബ്രഹാം മാത്രമാണ് നമുക്ക് ഉണ്ടായിരുന്നത്. എന്നാൽ ഈ വർഷം നിരവധി മലയാള സിനിമാ താരങ്ങളാണ് ബോളിവുഡിൽ തിളങ്ങിയത്. ഷെഫിൽ സെയ്ഫിനൊപ്പം പദ്മപ്രിയയും ദിനേഷ് പ്രഭാകറും എത്തി. നാം ഷബാനയിൽ പൃഥ്വിരാജ് വില്ലനായി എത്തി. ഖരീബ് ഖരീബ് സംഗിളിൽ പ്രധാന വേഷത്തിലാണ് പാർവതി എത്തിയത്.
സാധാരണ തെന്നിന്ത്യൻ സിനിമാ ലോകത്ത് നിന്നാണ് ബോളിവുഡിലേക്കുള്ള ചേക്കേറൽ കൂടുതലായി കണ്ടുവരുന്നത്. എന്നാൽ മലയാള സിനിമാ താരങ്ങൾക്കും ബോളിവുഡിൽ അവസരം ലഭിക്കുന്നത് ഈ വർഷത്തെിൽ കാണാൻ കഴിഞ്ഞു.
സെൻസർ ബോർഡും കേന്ദ്ര സർക്കാരും
changing trends in indian cinema 2017
 
ഒരു രാഷ്ട്രീയ പാർട്ടി അധികാരത്തിൽ വരുന്നതോടെ അവർക്കെതിരായി ചിത്രീകരിച്ചത് എന്ന്  തോന്നുന്ന ചിത്രങ്ങളെ നിഷ്‌കരുണം കൊല്ലുക എന്നത് ഇന്ത്യൻ സിനിമ ലോകത്ത് പതിറ്റാണ്ടുകളായി തുടർന്നുവരുന്ന പ്രതിഭാസമാണ്. 1975 ലെ ആനന്ദി മുതലാണ് ഈ പ്രതിഭാസം കണ്ടുവരുന്നത്.
എന്നിരുന്നാലും ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഇന്ത്യൻ സിനിമയിൽ സർക്കാർ പദ്ധതികൾക്കെതിരെയെന്നാരോപിച്ചോ, ഹൈന്ദവ മതത്തെ അവഹേളിച്ചുവെന്നാരോപിച്ചോ നിരവധി ചിത്രങ്ങളെയാണ് തിയറ്ററിൽ നിന്നും പുറത്താക്കാൻ ശ്രമിച്ചത്. ഇതിന് പുറമെ സദാചാരത്തിന്റെ പേരിലും നിരവധി ചിത്രങ്ങൾ പ്രതിസന്ധി നേരിട്ടു. ഇത്തരം വാദങ്ങളിലൂടെ ഇന്ത്യൻ സിനിമ ലോകത്തിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ തന്നെയാണ് സെൻസർ ബോർഡ് കത്രികവെച്ചത്.
സനൽകുമാർ ശശിദരൻ സംവിധാനം ചെയ്ത എസ് ദുർഗ, സഞ്ജയ് ലീല ബൻസാലിയുടെ പദ്മാവതി, ആലംകൃത ശ്രീവാസ്തവയുടെ ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ, അറ്റ്‌ലിയുടെ മെർസൽ എന്നിവ അത്തരം വിവാദങ്ങളിൽപ്പെട്ട ചില ചിത്രങ്ങൾ മാത്രം.
changing trends in indian cinema 2017

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here