Advertisement

രജനിയുടെ രാഷ്ട്രീയ പ്രവേശനം; ജനം കാത്തിരുന്നത് ലിംഗയിൽ നൽകിയ സൂചനയെ !

December 31, 2017
Google News 0 minutes Read
Rajanikanth

സ്റ്റെല്‍ മന്നന്റെ രാഷ്ട്രീയ പ്രവേശനം തമിഴ്‌നാട് രാഷ്ട്രീയത്തെ ഇളക്കിമറിക്കുമ്പോൾ ഏറെനാളായി അന്തരീക്ഷത്തിൽ പാറി നടന്ന ഊഹാപോഹങ്ങള്‍ക്ക്‌ വിരാമം. ഏറെ കാലമായി വളഞ്ഞ വാക്കുകളിൽ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് സംസാരിച്ചിരുന്ന രജനികാന്ത് ഇന്ന് കൂടുതല്‍ വ്യക്തതയോടെ തന്റെ രാഷ്ട്രീയ നിലപാടും ഭാവിയിലെ രാഷ്ട്രീയ പ്രവേശനവും ആരാധകര്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്തി. നിലവിൽ സിനിമയിലെ അമാനുഷികനായ രജനിയുടെ ആരാധകരുടെ ആർപ്പുവിളികൾക്കപ്പുറം ഒരു ജനത അതിനെ എങ്ങനെ സ്വീകരിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടി വരും.
Copy of 24 site image (22)

ഇനിയങ്ങോട്ട് സജീവ രാഷ്ട്രീയത്തില്‍ താന്‍ ഉണ്ടാകുമെന്ന പ്രഖ്യാപനം രജനികാന്ത് നടത്തിയപ്പോള്‍ അദ്ദേഹത്തിന്റെ സിനിമകളിലൂടെ നൽകിയ ചില സൂചനകളെ ചേർത്തുവായിക്കണം. പലപ്പോഴായി തന്റെ സിനിമകളിലൂടെ രജനി ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയ നിലപാടുകളും രാഷ്ട്രീയ പ്രവേശന സാധ്യതകളും പ്രകടിപ്പിച്ചിട്ടുണ്ട്. അത്തരം ഒരു രാഷ്ട്രീയ സാധ്യതകളിലേക്ക് പ്രേക്ഷകരെ നയിച്ച സിനിമയാണ് ലിംഗ. ഒരു ഗ്രാമത്തിന്റെ രക്ഷകനായി പൂര്‍വ്വിക പാരമ്പര്യത്തിന്റെ ആവര്‍ത്തനമായി അവതരിക്കുന്ന നായകനാണ് രാജ ലിങ്കേശ്വരന്‍. രാജ ലിങ്കേശ്വരന്‍ എന്ന നായക വേഷത്തില്‍ രജനി ഒരു നാടിന്റെ മുഴുവന്‍ രക്ഷകനായി തിളങ്ങിയപ്പോള്‍ അതിലെ സംഭാഷണങ്ങൾ പലതും രാഷ്ട്രീയമായി വിലയിരുത്താന്‍ പ്രേക്ഷകന് തോന്നിയാല്‍ അതില്‍ തെറ്റുപറയാനാകില്ല. എന്നും രക്ഷക പ്രഭാവത്തെ അതിരറ്റ് ആരാധിക്കുന്നവരാണ് തമിഴ്‌നാട് ജനത. അവര്‍ക്കിടയിലേക്ക് തന്റെ രക്ഷകസാന്നിധ്യത്തെ ഊട്ടിയുറപ്പിക്കുവാന്‍ സിനിമകളിലൂടെ ആവുന്നതെല്ലാം അയാള്‍ ചെയ്തിട്ടുമുണ്ട്. അദ്ദേഹത്തിന്റെ സിനിമകളും കഥാപാത്രങ്ങളും അത്തരത്തിലൊരു വീരപരിവേഷം നേടിയെടുത്തിട്ടുള്ളതുമാണ്. ഏറ്റവുമൊടുവിൽ കബാലിയിലും രജനി മുന്നോട്ട് വയ്ക്കുന്നത് ജനനേതാവ് എന്ന ഇമേജിനെ തന്നെ. എന്നാല്‍ ആ രക്ഷകപ്രഭാവം കൊണ്ടുമാത്രം സാധാരണക്കാരായ ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ അടിത്തറ പാകാമെന്ന രജനിയുടെ ആഗ്രഹം എത്രത്തോളം ഫലവത്താകും
Copy of 24 site image (23)
ഏതാണ്ട് എല്ലാ തമിഴ് നായകരും രക്ഷകര്‍ തന്നെയാണ്. ചിലർ സംസ്ഥാനത്തെ രക്ഷിക്കുമ്പോൾ ചിലർ രാജ്യത്തെ തന്നെയും ചിലപ്പോൾ ലോകത്തെയും രക്ഷിക്കുന്നതാണ് സമീപകാല തമിഴ് നായക സങ്കല്പം. രജനികാന്ത് ഇനിയും നേരിടേണ്ടി വരുന്ന സമവാക്യങ്ങളാണ് പ്രസക്തം. നോട്ടയ്ക്കും പിന്നിൽ നിലയുറപ്പിച്ച ദേശീയ ഭരണ പാർട്ടിയായ ബി ജെ പി യോടും അവരുടെ നേതാക്കളോടും കഴിഞ്ഞ കാലയളവിൽ രജനികാന്ത് സൂക്ഷിച്ച അടുപ്പം ഇനി മുന്നോട്ട് പോയേക്കില്ല. സ്വദേശി നേതാവ് എന്ന ചിന്തയൊന്നും തമിഴ് ജനതയ്ക്കില്ല. എം ജി ആർ , ജയലളിത , ജാനകി രാമചന്ദ്രൻ തുടങ്ങിയവരൊന്നും രജനിയെ പോലെ തന്നെ തമിഴ്‌നാട് സ്വദേശികൾ അല്ല. പക്ഷെ ഒരു കാര്യത്തിൽ ഈ ജനതയ്ക്ക് വാശിയുണ്ട്. അത് ദ്രാവിഡ രാഷ്ട്രീയം എന്നതാണ്. സവർണ്ണ രാഷ്ട്രീയം മുഖമുദ്രയായ ബി ജെ പി യുടെ സഖ്യകക്ഷിയെ ആണ് രജനികാന്ത് അണിയറയിൽ ഒരുക്കിയെടുക്കുന്നതെങ്കിൽ സിനിമാപ്രേമികൾ മാത്രമായ ഒരാൾക്കൂട്ടവുമായി രാഷ്ട്രീയത്തിലെ പിൻബെഞ്ചിൽ ആകും രജനിയുടെ ഇരിപ്പിടം എന്ന് നിലവിലെ  രാഷ്ട്രീയ സാഹചര്യം കൊണ്ട് വിലയിരുത്താം. മറിച്ച് അണ്ണാ , എം ജി ആർ , കരുണാനിധി , ജയലളിത തുടങ്ങി വിജയകാന്ത് വരെയുള്ളവരൊക്കെ വിലസുന്ന ദ്രാവിഡ രാഷ്ട്രീയമാണ് തുടരുന്നതെങ്കിൽ രജനിയുടെ ആരാധകരും ഒപ്പം ചേർന്ന് പിടിച്ചാൽ നാട് രജനീനാടാകും.
Copy of 24 site image (24) കരുത്തനായ/യായ ഒരു നേതാവിന് പിന്നിൽ വിധേയരാവാനാണ് തമിഴ്‌നാട് ജനതയുടെ ബഹുഭൂരിപക്ഷത്തിന്റെയും ആഗ്രഹം. ആ നേതാവ് കരുത്തു തെളിയിച്ചാൽ പിന്നെ അവർ ചോദ്യങ്ങൾ പോലും ഉന്നയിക്കില്ല. പക്ഷെ അവരുടെ ആ നേതാവാകാൻ അത്ര എളുപ്പമല്ല. അങ്ങനെ അധികം പേരും ഇല്ല. സിനിമകളിൽ രജനി അവതരിപ്പിച്ച കഥാപാത്രങ്ങളിൽ രാഷ്ട്രീയ നേതാവിന്റെ വേഷങ്ങൾ ഇല്ല എന്ന് തന്നെ പറയാം. പക്ഷെ താൻ രാഷ്ട്രീയത്തിൽ തല്പരനാണ് എന്ന സന്ദേശം പകർന്നു തുടങ്ങിയത് 2014 ലെ ലിംഗ എന്ന സിനിമ മുതലാണ് എന്ന് പറയാം. കബാലിയുടെ ഡോൺ പരിവേഷത്തിന് പിന്നിൽ ഒളിപ്പിച്ചു കടത്തിയ ഒരു നേതാവിന്റെ മുഖവും സംഭാഷണങ്ങളും ഒരാവർത്തി കൂടി കണ്ടും കേട്ടും
നോക്കിയാൽ മനസിലാവും തലൈവൻ മനസ്സിൽ കണ്ട മുതലമയ്ച്ചർ പദവി അത്ര ആകസ്മികവും അപ്രതീക്ഷിതവും അല്ല എന്ന് !

Rajanikanth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here