Advertisement

കേരളം നടന്ന വഴികള്‍

December 31, 2017
Google News 2 minutes Read
major happenings in kerala 2017

2017-ലെ പ്രധാന സംഭവങ്ങള്‍

1.ഫോണ്‍ കെണിയില്‍ കുടുങ്ങി രാജി

major happenings in kerala 2017

മംഗളം ചാനലിന്റെ ഫോണ്‍ കെണിയില്‍ കുടുങ്ങിയ മന്ത്രി എ കെ ശശീന്ദ്രന്‍ മാര്‍ച്ചില്‍ രാജിവച്ചു.ലൈംഗിക ചുവയോടെ ഫോണില്‍ സംസാരിച്ചു എന്ന വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ശശീന്ദ്രന്‍ രാജി പ്രഖ്യാപിക്കുകയായിരുന്നു. സഹായം അഭ്യര്‍ത്ഥിച്ച് എത്തിയ സ്ത്രീയോട് മന്ത്രി ലൈംഗികച്ചുവയോടെ സംസാരിച്ചു എന്ന മംഗളംവാര്‍ത്ത കള്ളമെന്ന് പിന്നീട് തെളിഞ്ഞു. ചാനലിലെ തന്നെ ഒരു മാധ്യമപ്രവര്‍ത്തകയാണ് കെണി ഒരുക്കിയതെന്ന് വ്യക്തമായതോടെ പൊലീസ് നിയമനടപടിയിലേക്ക് നീങ്ങി.ചാനല്‍ സിഇഒ ഉള്‍പ്പെടെ അറസ്റ്റിലായി. സര്‍ക്കാര്‍ നിയോഗിച്ച ജ. ആന്റണി കമ്മീഷന്‍  ഫോണ്‍കെണി യെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കി.ശശീന്ദ്രന്‍ കുറ്റക്കാരനല്ല എന്നാണ് കമ്മീഷന്‍ കണ്ടെത്തിയത്

2.കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റില്‍

if party asks will contest at malappuram says kunjalikutty kunjalikutty will be league candidate

ഇ.അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ലീഗ് റെക്കോര്‍ഡ് ജയം നേടിയത് ഏപ്രില്‍ മാസത്തില്‍. 55.04 ശതമാനം വോട്ട് നേടിയാണ് പി കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റില്‍ എത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി ഫൈസല്‍ വോട്ടുവിഹിതം വര്‍ദ്ധിപ്പിച്ചപ്പോള്‍ ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. കുഞ്ഞാലിക്കുട്ടി എംഎല്‍എ സ്ഥാനം രാജിവച്ചപ്പോള്‍ വേങ്ങര നിയമസഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടന്നു. ലീഗ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍ വിജയിച്ചെങ്കിലും ഭൂരിപക്ഷത്തില്‍(23,310) വലിയ കുറവുണ്ടായി

3. കേരളത്തിന്റെ സ്വപ്‌നം ട്രാക്കില്‍

kochi metro palarivattom to maharajas inaguration on oct 3 kochi metro second phase AFD team to visit today

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോ  പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.ജൂണ്‍ 17 ന് നടന്ന ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയായിരുന്ന വെങ്കയ്യ നായിഡുവും പങ്കെടുത്തു. മെട്രോ യാത്രയില്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഒപ്പം ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഇടിച്ചുകയറിയത് വിവാദമായി. മെട്രോയുടെ രണ്ടാംഘട്ടം(പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളെജ് വരെ) പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംം ചെയ്തു.പേട്ട വരെയുള്ള മെട്രോറീച്ചിന്റെ നിര്‍മ്മാണം അതിവേഗത്തില്‍ പുരോഗമിക്കുകയാണ്

4.വില്ലനായ നായകന്‍ അഴിക്കുള്ളില്‍

dileep dileep case round up major irregularity in dileep jail visit

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ജൂലൈയില്‍ അറസ്റ്റിലായി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ദിലീപ് അറസ്റ്റിലായത്. കോടതികള്‍ പലവട്ടം ജാമ്യം നിഷേധിച്ചതോടെ എണ്‍പത്തിയാറ് ദിവസം ദിലീപിന് ജയിലില്‍ കഴിയേണ്ടി വന്നു. ഉപാധികളോടെ ഹൈക്കോടതിയാണ് ദിലീപിന് ജാമ്യം നല്‍കിയത്.നവംബറില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.കുറ്റപത്രത്തിലെ വിവരങ്ങള്‍ പൊലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി എന്നതുള്‍പ്പെടെ പല ആരോപണങ്ങളും ദിലീപ് മുന്നോട്ടുവച്ചു. ദിലീപിന് എതിരായ മൊഴികളുടെ വിശദാംശങ്ങള്‍ പല ഘട്ടങ്ങളിലായി പുറത്തുവരികയും ചെയ്തു

5.ഷാര്‍ജ ഭരണാധികാരി കേരളത്തില്‍

major happenings in kerala 2017

ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീംകൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരളം സന്ദര്‍ശിച്ചത് വലിയ നേട്ടമായി.ഷാര്‍ജാ ജയിലില്‍  ഉണ്ടായിരുന്ന 140 ഇന്ത്യന്‍ പൗരന്‍മാരെ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് അദ്ദേഹം മോചിപ്പിച്ചു.സെപ്റ്റംബര്‍ 24 മുതല്‍ 27 വരെയായിരുന്നു ഷാര്‍ജ ഭരണാധികാരി കേരളത്തില്‍ ഉണ്ടായിരുന്നത്.കൊച്ചിയിലും തിരുവനന്തപുരത്തും അദ്ദേഹം സന്ദര്‍ശനം നടത്തി. പ്രവാസി മലയാളികള്‍ക്ക് തൊഴില്‍ സുരക്ഷയും മികച്ച ശമ്പളവും ഉറപ്പുനല്‍കിയാണ് ഷാര്‍ജ ഭരണാധികാരി മടങ്ങിയത്

6.സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി

major happenings in kerala 2017

സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ചത് സെപ്റ്റംബറിലാണ്.മുഖ്യമന്ത്രി പിണറായി വിജയനാണ് ജ. ശിവരാജന്‍ റിപ്പോര്‍ട്ട് കൈമാറിയത്. സരിതയുടെ തട്ടിപ്പുകള്‍ക്ക് ഉമ്മന്‍ചാണ്ടിയും പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും കൂട്ടുനിന്നു എന്ന് കമ്മീഷന്‍ കണ്ടെത്തി.റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അംഗീകരിച്ച് സര്‍ക്കാര്‍ നടപടി പ്രഖ്യാപിച്ചത് ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടിയായി.നവംബറില്‍ പ്രത്യേകമായി നിയമസഭ ചേര്‍ന്ന് സോളാര്‍ റിപ്പോര്‍ട്ട് മേശപ്പുറത്ത് വച്ചു. തുടര്‍ന്ന്,റിപ്പോര്‍ട്ടിലെ കൂടുതല്‍ പരാമര്‍ശങ്ങള്‍ പുറത്തുവന്നതോടെ ഉമ്മന്‍ചാണ്ടി പ്രതിരോധത്തിലാകുന്നതും കേരളം കണ്ടു

7.പുനത്തില്‍ ഓര്‍മ്മയായി

Punathil Kunjabdullah major happenings in kerala 2017

പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ മരണം മലയാള സാഹിത്യത്തിന് തീരാനഷ്ടമായി.ഒക്ടോബര്‍ 27-നായിരുന്നു പുനത്തിലിന്റെ മരണം.മലയാള സാഹിത്യത്തിലെ ആധുനികതയ്ക്ക് തുടക്കം കുറിച്ച എഴുത്തുകാരില്‍ പ്രമുഖനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുല്ല.’സ്മരാകശിലകള്‍’ എന്ന നോവല്‍ മലയാള സാഹിത്യത്തിന് വേറിട്ട വായനാനുഭവമാണ് പകര്‍ന്നത്. ഇതേ കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.’മരുന്ന് ‘,വോള്‍ഗയില്‍ മഞ്ഞ് പെയ്യുമ്പോള്‍’,’പരലോകം’,’കന്യാവനങ്ങള്‍’ എന്നിവയാണ് പുനത്തിലിന്റെ പ്രധാന കൃതികള്‍

8.തോമസ് ചാണ്ടിയും പുറത്തായി

thomas chandy thomas chandy files complaint against justice devan ramachandran

ഭൂമി കയ്യേറ്റ,നിയമലംഘന വിവാദത്തിന് ഒടുവില്‍ തോമസ് ചാണ്ടിയും മന്ത്രിസഭയ്ക്ക് പുറത്തായി.നവംബറിലായിരുന്നു രാജി.തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ട് ഒട്ടേറെ നിയമലംഘനങ്ങള്‍ നടത്തി എന്ന മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് കളക്ടര്‍ റവന്യൂ വകുപ്പിന് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. തോമസ് ചാണ്ടിക്ക് എതിരായ ഹൈക്കോടതി പരാമര്‍ശം വന്നതോടെ നിലപാട് കടുപ്പിച്ച സിപിഐ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനിന്നു. പിടിച്ച് നില്‍ക്കാന്‍ കഴിയാതെ വന്നതോടെ തോമസ് ചാണ്ടി രാജിവച്ചു. പിന്നീടുണ്ടായ സിപിഐഎം-സിപിഐ വാക്‌പോര് മൂന്നാര്‍ വരെ നീണ്ടു. മന്ത്രി എംഎം മണി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് സിപിഐ അതേ നാണയത്തില്‍ മറുപടി നല്‍കിയതോടെ ഇടതുരാഷ്ട്രീയം പ്രക്ഷുബ്ധമായി. സിപിഐഎം,സിപിഐ സമ്മേളനങ്ങളിലും വാക്‌പോര് തുടരുകയാണ്

9.ഓഖി:കണ്ണീര്‍ക്കടലായി കേരളം

major happenings in kerala 2017

ഓഖി ദുരന്തത്തിന്റെ ഞെട്ടലിലാണ് കേരളത്തിന്റെ തീരപ്രദേശം. ന്യൂനമര്‍ദ്ദം അപ്രതീക്ഷിത ചുഴലിക്കാറ്റായി മാറിയപ്പോള്‍ കടലില്‍ അന്നം തേടിയിറങ്ങിയ നിരവധി മത്സ്യത്തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമായി. കേരളം കൃത്യസമയത്ത് മുന്നറിയിപ്പ് നല്‍കിയില്ലെന്ന വിവാദം പടര്‍ന്നു. ഒടുവില്‍,കൃത്യസമയത്ത് മുന്നറിയിപ്പ് നല്‍കാന്‍ കേന്ദ്രസംവിധാനത്തിന് കഴിഞ്ഞില്ലെന്ന ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ വെളിപ്പെടുത്തലോടെ കേരളം പറഞ്ഞത് ശരിയെന്ന് തെളിഞ്ഞു.ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം എണ്‍പത്  പിന്നിട്ടു. നൂറ്റി അന്‍പതിലേറെ ആളുകളെ കാണാതായെന്ന് സര്‍ക്കാരിന്റെ കണക്കുകള്‍.മരിച്ചവരുടേയും കാണാതായവരുടേയും കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വന്‍ ധനസഹായം പ്രഖ്യാപിച്ചു.പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും  കേരളത്തില്‍ എത്തി ഓഖി ദുരിതബാധിതരെ ആശ്വസിപ്പിച്ചു. കേരളം സന്ദര്‍ശിച്ച കേന്ദ്രസംഘം കേരളത്തിന് 404 കോടിയുടെ അടിയന്തര ധനസഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു

10.കൊടുംക്രൂരതയ്ക്ക് വധശിക്ഷ

major happenings in kerala 2017

പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ അമീറുല്‍ ഇസ്‌ലാമിന് കോടതി വധശിക്ഷ വിധിച്ചത് ഡിസംബറില്‍.സമാനകളില്ലാത്ത കൊടുംകുറ്റകൃത്യമാണ് പ്രതി ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു.ഏറെക്കാലം കേരളത്തെ പിടിച്ചുലച്ച കേസിന് ശുഭപര്യവസാനം എന്ന് വിലയിരുത്തലുകളുണ്ടായി.പ്രതിയെ പിടിച്ചത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമായിരുന്നു എന്നതുകൊണ്ട് ശിക്ഷാവിധി സര്‍ക്കാരിനും നേട്ടമായി.

major happenings in kerala 2017

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here