Advertisement

സംസ്ഥാന കലോത്സവം; കപ്പുകളുടെ കണക്കില്‍ മുന്‍പന്‍ കോഴിക്കോട്

January 8, 2018
Google News 1 minute Read
Kalolsavam Trophy

58-ാമത് സംസ്ഥാന കലോത്സവം തൃശൂരില്‍ പൊടിപൊടിക്കുകയാണ്. കുട്ടി കലാകാരന്‍മാര്‍ വേദികളില്‍ നിറഞ്ഞാടുമ്പോള്‍ എല്ലാവരും കണ്ണ് വെക്കുന്നത് കലോത്സവ വിജയികള്‍ക്കുള്ള സ്വര്‍ണ്ണകിരീടത്തിലാണ്. കൂടുതല്‍ പോയിന്റ് നേടി ഏറ്റവും മുന്നിലെത്തുന്ന ജില്ലയാണ് സ്വര്‍ണ്ണകപ്പിന് അവകാശി. ആദ്യമായി കലോത്സവത്തിന് വേദിയുണര്‍ന്നത് 1957ല്‍ എറണാകുളത്താണ്. അന്ന് സ്വര്‍ണ്ണകപ്പില്‍ മുത്തമിട്ടത് മലബാര്‍ ആണ്. തുടര്‍ന്ന് എല്ലാ വര്‍ഷവും കലോത്സവത്തിന് അരങ്ങുണര്‍ന്നു. നാല് വര്‍ഷങ്ങളില്‍ മാത്രമാണ് കലോത്സവം നടക്കാതെ പോയത്. 1966,1967,1972,1973 എന്നീ വര്‍ഷങ്ങളില്‍ സംസ്ഥാന കലോത്സവം നടക്കാതെ പോയിട്ടുണ്ട്. കഴിഞ്ഞ 57 വര്‍ഷങ്ങളിലായി ഏറ്റവും കൂടുതല്‍ തവണ സ്വര്‍ണ്ണകപ്പില്‍ മുത്തമിട്ടത് കോഴിക്കോട് ജില്ലയാണ്. 19 തവണയാണ് കോഴിക്കോട് ജില്ല സ്വര്‍ണ്ണകപ്പ് നേടി ചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. അതില്‍ പതിനൊന്ന് തവണയും തുടര്‍ച്ചയായ കിരീടനേട്ടങ്ങളായിരുന്നു. 2007 മുതല്‍ 2017 വരെയുള്ള വര്‍ഷങ്ങളില്‍ കോഴിക്കോടിന്റെ മണ്ണില്‍ നിന്ന് ആ കിരീടം നഷ്ടമായിട്ടില്ല. 1959 ലാണ് കോഴിക്കോടിന്റെ ആദ്യ കിരീടനേട്ടം. 2017ല്‍ കണ്ണൂരില്‍ നടന്ന കലോത്സവത്തിലും കോഴിക്കോട് മുത്തമിട്ടു. നിലവിലെ ജേതാക്കള്‍ ഇന്ന് തൃശൂരില്‍ ചിലങ്കയണിഞ്ഞിരുക്കുന്നതും തങ്ങളുടെ കിരീടം കൈവിടാതിരിക്കാനാണ്. കിരീടനേട്ടത്തില്‍ കോഴിക്കോടിന് തൊട്ടുതാഴെ തിരുവനന്തപുരം നില്‍ക്കുന്നു. 1958ല്‍ ആദ്യ കിരീടം നേടിയ തിരുവനന്തപുരം ആകെ 17 തവണയാണ് കിരീടം സ്വന്തമാക്കിയിരിക്കുന്നത്. 1980 മുതല്‍ 1989 വരെയുള്ള കാലഘട്ടത്തില്‍ തുടര്‍ച്ചയായി 10 തവണ തിരുവനന്തപുരം കിരീടം കൈവിടാതെ മുറുകെപിടിച്ചു. എന്നാല്‍ 1989 ന് ശേഷം ഒരിക്കല്‍ പോലും തിരുവനന്തപുരത്തിന് സ്വര്‍ണ്ണകപ്പില്‍ മുത്തമിടാന്‍ കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്തിന്റെ കലോത്സവത്തിലെ പ്രാതിനിധ്യം പിന്നീടുള്ള വര്‍ഷങ്ങളില്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ കുറഞ്ഞു. ഇത്തവണ 58-ാമത് സംസ്ഥാന കലോത്സവത്തിന്റെ കൊട്ടികലാശത്തില്‍ ശക്തന്റെ തട്ടകത്തില്‍ നിന്ന് ആര് സ്വര്‍ണ്ണകിരീടം ഉയര്‍ത്തുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മറ്റ് ജില്ലകളും ശക്തമായി മത്സരരംഗത്ത് ഉണ്ടെങ്കിലും കോഴിക്കോടിന് കൂടുതല്‍ സാധ്യതകള്‍ കല്‍പിക്കപ്പെടുന്നത് കലോത്സവ കിരീടങ്ങളുടെ പട്ടികയില്‍ കോഴിക്കോടിനുള്ള അപ്രമാദിത്വംകൊണ്ട് തന്നെയാണ്. രണ്ട് ദിവസങ്ങള്‍ക്കപ്പുറം അറിയാം ആരായിരിക്കും സ്വപ്‌നകിരീടത്തില്‍ മുത്തംവെക്കുകയെന്ന്…?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here